Current Date

Search
Close this search box.
Search
Close this search box.

സിയാവുദ്ദീൻ സർദാരിനെ പോലുള്ളവരുടെ വിമർശം?

ഉമ്രക്കു പോയ സമയത്ത് മദീന പള്ളിയിൽ വെച്ചാണ്‌ സ്വാലിഹിനെ പരിച്ചയെപ്പെട്ടത്‌. ജോർദ്ദാൻ നിവാസി. ഉമ്മുൽ ഖുറാ സർവകലാശാലയിൽ പഠനം. പള്ളിയുടെ ഒഴിഞ്ഞ മൂലയിലിരുന്നു ഞങ്ങൾ കുറെ നേരം സംസാരിച്ചു. ചർച്ചയിൽ സയ്യിദ് മൌദൂദിയും കടന്നു വന്നു. സംസാര മധ്യേ സയ്യിദ് മൌദൂദിയെ കുറിച്ച് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങിനെ വായിക്കാം “ യാഥാസ്ഥിതിക, നവീന വാദം എന്നീ ചിന്തകൾ എല്ലാ കാലത്തും ഇസ്ലാം നേരിടേണ്ടി വന്നിട്ടുണ്ട്. രണ്ടിനെയും സമന്വയിപ്പിക്കുക എന്നതാണ് സയ്യിദ് മൌദൂദി ചെയ്ത കാര്യം. ഒരു കൂട്ടർ ഇസ്ലാമിനെ അക്ഷരത്തിൽ വായിക്കാൻ ശ്രമിച്ചു. മറ്റൊരു വിഭാഗം ഇസ്ലാമിൻറെ ധാർമിക നിർദ്ദേശങ്ങൾ മാത്രമാണ് പ്രസക്തം എന്ന് വാദിച്ചു. ഇസ്ലാം മുന്നോട്ട് വെക്കുന്ന സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ നിലപാടുകളെ അവഗണിച്ചു. ജനാധിപത്യ മതേതരത്വ കാഴ്ചപ്പാട് ലോകത്തെ ഗ്രസിച്ച കാലത്താണ് അദ്ദേഹം രംഗത്ത്‌ വരുന്നത്. മതം ഒരു ക്ഷമാപണമായി മാറിയ കാലം. മുസ്ലിം ലോകത്തേക്ക് പടിഞ്ഞാറൻ വിദ്യാഭ്യാസം കടന്നു കയറിയ കാലം. ആ കാലത്ത് ഖുർആൻ പറഞ്ഞത് പോലെ “ ദൈവിക മാർഗത്തിലേക്ക് ആളുകളെ വിളിക്കുകയും ഞാൻ മുസ്ലിമാണ് എന്ന് ഉറക്കെ പറയുകയും” ചെയ്തു എന്നതാണ് മൌദൂദിയുടെ എക്കാലത്തെയും പ്രാധാന്യം”

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത്‌ ഒരു ചോദ്യം ഉന്നയിച്ചു “എന്ത് കൊണ്ട് സിയാവുദ്ദീൻ സർദാരിനെ പോലുള്ള ഇസ്ലാമിക ചിന്തകർ സയ്യിദ് മൌദൂദിയെ വിമർശിക്കുന്നു?”താൻ വായിച്ചു കൊണ്ടിരിക്കുന്ന desperately seeking paradise എന്ന പുസ്തകത്തെ ഉദ്ദരിച്ച്‌ കൊണ്ടാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്. മൌദൂദിയെ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരും നേതാക്കളും കൂടിയ ആദരവോടെ കാണുന്നു എന്നതാണ് സർദാർ മുന്നോട്ട് വെച്ച ഒരു ആരോപണം. മൌദൂദിയുമായി നേരിട്ട് സംസാരിച്ച കാര്യം സർദാർ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. “…ബ്രിട്ടനിലെ മുസ്ലിം പ്രവാസികളുടെ പങ്കിനെ കുറിച്ച്, പാകിസ്ഥാനിലെ സോഷ്യലിസത്തെക്കുറിച്ച്, ദേശീയതയെക്കുറിച്ച്, ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ച് വിദ്യാർഥി ശക്തിയെക്കുറിച്ച്, റമദാൻ മാസത്തിലെ മാസപ്പിറവിയെക്കുറിച്ച്, ഏറ്റവും പ്രാധാന്യമായി സായുധ കലാപത്തെക്കുറിച്ച് അദ്ദേഹത്തോട് ഞാൻ ചോദ്യങ്ങൾ ചോദിച്ചു………..ഒരിക്കലും അംഗീകരിച്ചില്ല. വിപ്ലവം ആദ്യം നടക്കേണ്ടത്‌ മനസ്സുകളിലാണ് എന്നതാണ് മൌദൂദി മുന്നോട്ടു വെച്ച വിപ്ലവം.

സർദാർ അന്നൊന്നും മൌദൂദിയെ വായിച്ചിരുന്നില്ല. പിന്നീടുള്ള കാലം അദ്ദേഹം മൌദൂദി രചനകൾ വായിക്കാൻ തുടങ്ങി . ഇസ്ലാമിനെ മനുഷ്യരുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയായി മൌദൂദി കണ്ടിരുന്നു. അങ്ങിനെ മൌദൂദി ഇസ്ലാമിനെ കണ്ടു എന്നതാണ് സർദാർ വലിയ അപരാധമായി പറയാൻ ശ്രമിച്ചത്. മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യനെ ഭൂമിയിലേക്ക്‌ അയക്കുമ്പോൾ നൽകിയ വാഗ്ദാനമാണ് മനുഷ്യർക്ക്‌ സാന്മാർഗം നൽകാൻ പ്രവാചകന്മാരെയും ഗ്രന്ഥങ്ങളും അയക്കുമെന്നത്. സാന്മാർഗം എന്നതിനെ ലോകം തെറ്റിദ്ധരിച്ചു എന്ന് വേണം പറയാൻ. സന്മാർഗം എന്നത് കൊണ്ട് വിവക്ഷ നല്ല വഴി എന്നത് തന്നെയാണ്. അതിൽ ആരാധനക്കുള്ള വഴികൾ ദൈവം നൽകും മറ്റെല്ലാ വഴികളും മനുഷ്യർ സ്വയം കണ്ടെത്തണം എന്ന് വരില്ല. മനുഷ്യന് ജീവിക്കാൻ വേണ്ട വഴികൾ എന്നതാണ് അതിന്റെ നേർക്ക് നേരെയുള്ള മാനം. അങ്ങിനെയാണ് മതത്തെ ഖുർആൻ പരിചയപ്പെടുത്തിയതും പ്രവാചകൻ പ്രവർത്തിച്ചു കാണിച്ചു തന്നതും. കാലം മറന്നു പോയ കാര്യത്തെ ഇരുപതാം നൂറ്റാണ്ടിൽ മൌദൂദി പരിജയപ്പെടുത്തി. ഇസ്ലാം മനുഷ്യന് സൃഷ്ടാവ് നൽകിയ ഒരു അനുഗ്രഹവും ജിവിത രീതിയുമാണ്. മതത്തെ ആ രീതിയിൽ ഉൾക്കൊള്ളാൻ ആധുനിക പടിഞ്ഞാറിന് കഴിഞ്ഞിട്ടില്ല. അത് കൊണ്ട് അവർ മതത്തെ പൂർണമായി അരികുവൽക്കരിക്കാൻ ശ്രമിക്കുന്നു. യൂറോപ്യൻ സമൂഹത്തിലെ പ്രമുഖ മതമായ കൃസ്തു മതത്തെ ആ രീതിയിൽ അവർ വളച്ചു കഴിഞ്ഞു. കാര്യമായ എതിർപ്പൊന്നും അവർ നേരിട്ടില്ല. അവിടെ സീസറും ദൈവവും രണ്ടു വഴിക്ക് സഞ്ചരിച്ചു.

ആധുനിക ലോകത്തിനു പറ്റിയതല്ല ഇസ്ലാം എന്നതിൽ നിന്നും കുറച്ചു മയപ്പെടുത്തി ആധുനിക ലോകത്തിൻറെ വിഷയങ്ങൾക്ക്‌ പറ്റിയതല്ല ഇസ്ലാം എന്ന രൂപത്തിലാണ് പടിഞ്ഞാറൻ ചിന്തകർ ഇസ്ലാമിനെ പരിചയപ്പെടുത്താൻ ശ്രമിച്ചത്. മൌദൂദി അതിനെ ചോദ്യം ചെയ്തു. അത് കൊണ്ട് തന്നെ ജോർദാൻ സുഹൃത്ത്‌ പറഞ്ഞത് പോലെ ഒരേ സമയം യാഥാസ്ഥികരും പുരോഗമനക്കാരും മൌദൂദിയെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചു. ആധുനിക ലോകത്തെ ഇസ്ലാമിക പസ്ഥാനങ്ങളും പറയാൻ ശ്രമിക്കുന്നതും അത് തന്നെ. അത് കൊണ്ട് പലരുടെയും ഈർഷ്യ മൌദൂദിയിൽ നിൽക്കില്ല. ഇസ്ലാമിനെ മുഖ്യമായി കാണുന്ന എന്തിനെയും അവർ വിമർശിക്കും. ആ വിമർശനത്ത ഏറ്റുപിടിക്കാൻ സമുദായത്തിന്റെ അകത്തു നിന്ന് തന്നെ ആളുകളെ കിട്ടുന്നു എന്നതാണ് ശത്രുവിന്റെ വിജയത്തിന് കാരണം. സ്ത്രീ വിഷയത്തിൽ മൌദൂദി കൈകൊണ്ട നിലപാടുകളും സർദാർ വിമർശിക്കുന്നുണ്ട്. ആധുനികത മുസ്ലിം ലോകത്തേക്ക് കടന്നപ്പോൾ ആദ്യമായി നഷ്ടമായത് സ്ത്രീകളുടെ അന്തസ്സായിരുന്നു. സ്ത്രീയെ വിൽപ്പന ചരക്കാക്കുന്ന കാര്യത്തിൽ അവർ മത്സരിച്ചു. അപ്പോൾ സയ്യിദ് മൌദൂദിക്ക് സ്ത്രീകളെ കുറിച്ച് പറയേണ്ടി വന്നു. സ്ത്രീയുടെ പൊതു പ്രവേശത്തെ എതിർത്തെന്നു പറയപ്പെടുന്ന അതെ മൌദൂദി തന്നെ പാകിസ്താൻ രാഷ്ട്രീയത്തിൽ ഫാത്തിമ ജിന്നയെ പിന്തുണച്ച ചരിത്രം വിമർശകർ കാണാതെ പോകുന്നു.

ശരീഅത്തിനെ ഖുർആനിൽ നിന്നും അടർത്തി മാറ്റാനുള്ള ശ്രമം ആധുനിക കാലത്ത് ദൃശ്യമാണ്. ശരീഅത്തിനു നിയതമായ രൂപമില്ല എന്നതായിരുന്നു അവരുടെ നിലപാട്. അതെ സമയം ഇസ്ലാമിലെ നിയമനിർമ്മാണത്തിനുള്ള അവകാശം എന്നും അല്ലാഹുവിനാണ്. പുതിയ കാലവും വിഷയവും ആർക്കും തോന്നിയത് പോലെ കാര്യങ്ങൾ തീരുമാനിക്കാനുള്ള കാരണമായി ഇസ്ലാം കാണുന്നില്ല. ഖുർആൻ എങ്ങിനെ വായിക്കണം മനസ്സിലാക്കണം എന്നതും ആധുനികതയും സയ്യിദ് മൌദൂദിയും തമ്മിൽ കലഹിച്ച കാര്യമാണ്. വിദ്യാഭ്യാസം ഏതു സമൂഹത്തിനും അനുഗ്രഹമാണ്. മുസ്ലിം സമൂഹത്തിനും അത് അങ്ങിനെയാണ്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടിൽ മുസ്ലിം സമുദായത്തിലേക്ക് പടിഞ്ഞാറൻ വിദ്യാഭ്യാസം കടന്നു കയറിയപ്പോൾ അത് മുസ്ലിം സമുദായത്തിൽ പുതിയ ചിന്തകൾക്ക് കാരണമായി. അതിലൂടെ പലരും മുസ്ലിം സമുദായത്തിലെ ചിന്തകളെ വഴിതെറ്റിക്കാൻ ശ്രമിച്ചു. അലിമിയാൻ പറഞ്ഞത് പോലെ സയ്യിദ് മൌദൂദിയുടെ പ്രസക്തി അവിടെയാണ്. ഇസ്ലാം ഒരു ക്ഷമാപണ സ്വരത്തിലേക്ക് മാറാൻ തുടങ്ങുന്ന സമയത്ത് അഭിമാനത്തോടെ ഞാൻ ഒരു മുസ്ലിമാണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു എന്നതാണ് മൌദൂദി ചെയ്ത സുകൃതം.

വിമർശകർ എന്നും ഒരു സത്യമാണ്. പ്രാവചകന്മാർ പോലും അതിൽ നിന്നും മുക്തരല്ല. മക്കയിൽ പ്രവാചകൻ വിമർശനം ഏറ്റു വാങ്ങിയിരുന്നത് ശത്രുക്കളുടെ കയ്യിൽ നിന്നാണെങ്കിൽ മദീനയിൽ അത് സ്വന്തം സമുദായത്തിൽ നിന്നും കൂടിയായി. അവരെ നാം കപടന്മാർ എന്ന് വിളിക്കുന്നു. ഒരു പരിഷ്കർത്താവും പൂർണമായി സ്വീകരിക്കപ്പെട്ട ചരിത്രം നാം എവിടെയും വായിച്ചിട്ടില്ല. ഗാന്ധിജിയെ കൊന്നത് സ്വന്തം നാട്ടുകാരനും സ്വന്തം മതക്കാരനും തന്നെയായിരുന്നു. സ്വർഗം നിരാശയോടെ തേടേണ്ട ഒന്നല്ല. അത് ഒരു പ്രതീക്ഷയാണ്. അതാണ്‌ കൊലക്കയറിനു മുന്നിലും സയ്യിദ് മൌദൂദി പ്രകടിപ്പിച്ചത്. ഇന്നും ഇസ്ലാമിക ലോകത്തെ ചർച്ചകളെ നിയന്ത്രിക്കാൻ കഴിയുന്നു എന്നിടത്താണ് മൌദൂദി വിജയിക്കുന്നത്. നമ്മിൽ അധികം പരിഷ്കർത്താക്കളും മഹത്തുക്കളും ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരാണ്‌. മരണത്തിനു ശേഷവും ജീവിച്ചിരിക്കാൻ മഹാന്മാർക്ക് മാത്രം കഴിയുന്നു. അവിടെയാണ് സ്വാലിഹ് നടത്തിയ വിശകലനം നമുക്ക് വെളിച്ചം നൽകുന്നത്. മൌദൂദിയെ തീവ്രവാദത്തിന്റെ “മാസ്റർ ബ്രെയിൻ” എന്നാണു ചിലരുടെ വാദം. അതെ സമയം മൌദൂദിയെ നേരിൽ അനുഭവിച്ച സിയാവുദ്ദീൻ സർദാർ ആ രീതിയിലല്ല മൌദൂദിയെ വായിച്ചത്. മതത്തെ കൂടുതൽ യാഥാസ്ഥിതികമാക്കി എന്നാണു അദ്ദേഹം പറയാൻ ശ്രമിച്ചത്. ആധുനികതക്ക് അങ്ങിനെ മാത്രമേ കാര്യങ്ങളെ കാണാൻ കഴിയൂ എന്നത് മൌദൂദിയുടെ കുറ്റമല്ല. വിമർശകരുടെ പരിമിതി മാത്രമാണ്.

Related Articles