Your Voice

കോണ്‍ഗ്രസും മോദി സ്തുതിപാടകരും

കോണ്‍ഗ്രസ്സിന് ഇത് നല്ല കാലമല്ല. ഭരണകക്ഷിയെക്കാള്‍ കൂടുതല്‍ പലപ്പോഴും കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ് വിഷമ ഘട്ടത്തില്‍ പെട്ട് പോകുന്നത്. ഒരിടത്ത് പാര്‍ട്ടിക്ക് ദേശീയ നേതൃത്വമില്ല എന്നത് പോലെ തന്നെ അണികള്‍ക്ക് ദിശാബോധവും നഷ്ടമാകുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഭരണ കക്ഷിയെ പൂര്‍ണമായി എതിര്‍ക്കുക എന്നതാണ് നമ്മുടെ ജനാധിപത്യ രീതി. ഇന്നുവരെ അത് തന്നെയായിരുന്നു തുടര്‍ന്ന് പോന്നതും. മോഡിയുടെ രണ്ടാം വരവ് കാര്യങ്ങളെ ആകെ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു. ഇന്ത്യയില്‍ പ്രതിപക്ഷത്തിന്റെ തന്നെ സാധുത ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു രണ്ടാം മോദി സര്‍ക്കാരിന്റെ വരവ്.

ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പ് അവലോകനം നടത്താന്‍ പോലും കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല എന്നതാണ് സത്യം. തിരഞ്ഞെടുപ്പിന് ശേഷം നാം കണ്ടത് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ രാജി പ്രഖ്യാപിക്കുന്നതാണ്. സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയിലൂടെ കോണ്‍ഗ്രസ്സ് കടന്നു പോകുന്നു. അതിനിടയില്‍ പലയിടത്തും കോണ്‍ഗ്രസ്സില്‍ നിന്നും പലരും സംഘപരിവാര്‍ പാളയത്തിലേക്കുള്ള ഒഴുക്കായിരുന്നു, ആ കൂട്ടത്തിലാണ് കോണ്‍ഗ്രസ്സിന് കര്‍ണാടക നഷ്ടമായത്. തലമുതിര്‍ന്ന നേതാക്കള്‍ വരെ മറുകണ്ടം ചാടുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിഞ്ഞുള്ളു. അതിനിടയില്‍ പാര്‍ലിമെന്റില്‍ പല സുപ്രധാന ബില്ലുകളും മോഡി സര്‍ക്കാര്‍ കൊണ്ട് വന്നു. അവിടെയും വിഷയങ്ങളെ കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നും നയിക്കാന്‍ നാം അധികം ആരെയും കണ്ടില്ല. ഒരു തിരിച്ചുവരവിനെ കുറിച്ച് ഈ അവസരത്തില്‍ സ്വപ്നം കാണുന്നത് പോലും പാര്‍ട്ടിക്ക് അന്യമായി തോന്നി. മോഡി പ്രഭാവം എന്ന പ്രചാരണ തന്ത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് പകച്ചു നിന്ന് എന്ന് വേണം മനസ്സിലാക്കാന്‍.

പാര്‍ട്ടിയെയും സര്‍ക്കാരിനെയും വ്യക്തിയെയും എങ്ങിനെ വിലയിരുത്തണം എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത വിഷയം. മോദിയെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും നല്ല കാര്യങ്ങള്‍ അംഗീകരിക്കുക കൂടി വേണം എന്നതാണ് പുതിയ സിദ്ധാന്തം. അതിനു കുറച്ചു പഴക്കമുണ്ട്. അത് സമര്‍ത്ഥമായി നടപ്പാക്കിയ വ്യക്തിയാണ് നമ്മുടെ അബ്ദുള്ളക്കുട്ടി. പാര്‍ട്ടിയില്‍ നിന്നും ഒരു പുറത്താക്കല്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് നടക്കുകയും എഴുതി ഉണ്ടാക്കിയ തിരക്കഥ പോലെ അദ്ദേഹം സംഘ പരിവാര്‍ തട്ടകത്തിലേക്കു കൂടു മാറുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ തല മുതിര്‍ന്ന നേതാവ് ജയറാം രമേശാണ് പുതിയ സംഭവ വികാസങ്ങളുടെ തുടക്കക്കാരന്‍. ഒരു പുസ്തക പ്രകാശന സദസ്സില്‍ വെച്ച് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സ്ഥാനത്തും അസ്ഥാനത്തും മോഡി വിമര്‍ശനം ഗുണത്തെക്കാളെറെ ദോഷം മാത്രമേ ചെയ്യൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോഡി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മോശം കാര്യങ്ങള്‍ വിമര്‍ശിക്കുന്നതില്‍ കാര്യമുള്ളൂ. മോദിയുടെ ജനങ്ങളുമായി സംവദിക്കുന്ന രീതി കണ്ടു പഠിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജയറാം രമേശ് ഉന്നയിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പിന്തുണച്ചു പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്‌വി രംഗത്തെത്തുകയും ചെയ്തു. കേരളത്തിന് പുറത്തായത് കൊണ്ട് ആ പ്രഖ്യാപനങ്ങള്‍ കാര്യമായ ചര്‍ച്ചയായില്ല.

അതിനിടയിലാണ് നേരത്തെ പറഞ്ഞ രണ്ടു പേരെയും പിന്താങ്ങി കോണ്‍ഗ്രസ്സിന്റെ പ്രശസ്ത പാര്‍ലമെന്റേറിയന്‍ ശശി തരൂര്‍ രംഗത്തു വന്നത്. അത് കേരളത്തിലായ കാരണത്താല്‍ വലിയ ചര്‍ച്ചക്ക് കാരണമായി. ഇടതുപക്ഷം പ്രസ്തുത പ്രസ്താവനയെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നിടത്ത് നിന്നാണ് കാര്യങ്ങള്‍ ആരംഭിക്കുന്നത്. തരൂരിനെതിരെ നടപടി വേണമെന്ന് പല കോണുകളില്‍ നിന്നും മുറവിളി ആരംഭിച്ചിരിക്കുന്നു. കെ പി സി സി വിശദീകരണം ചോദിക്കുന്നു. പ്രസ്തുത വിഷയത്തില്‍ തന്നെ വിമര്‍ശിച്ച നേതാക്കളെ രൂക്ഷമായി തന്നെ തരൂരും തിരിച്ചു വിമര്‍ശിച്ചു.

സര്‍ക്കാരുകളോടുള്ള നിലപാടുകളുടെ പേരിലാണ് നടപടി സ്വീകരിക്കേണ്ടത്. അത് മോദിയുടെ കാര്യത്തില്‍ സാധ്യമാണ് എന്ന് തോന്നുന്നില്ല. മോഡി സര്‍ക്കാര്‍ പലപ്പോഴും ചോദ്യം ചെയ്യുന്നത് ഭരണ ഘടനയുടെ അടിസ്ഥാന മൂല്യങ്ങളെയാണ്. പാര്‍ലമെന്റിനു അകത്തും പുറത്തും ഫാസിസ്റ്റു പ്രവണത അധികരിച്ചു വരുന്നു. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നിന്നും രാജ്യനിവാസികളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ കാണാന്‍ ശ്രമിക്കുന്നു. നോട്ടു നിരോധനം പോലുള്ള കാര്യങ്ങള്‍ നാടിന്റെ സാമ്പത്തിക നട്ടെല്ല് തന്നെ തകര്‍ക്കുന്നു. പ്രതിപക്ഷത്തെ നോക്ക് കുത്തിയാക്കി സഭകളില്‍ ബില്ലുകള്‍ ചുട്ടെടുക്കുന്നു. ബി ജെ പി ഇതര സര്‍ക്കാരുകളെ അധികാരം ഉപയോഗിച്ച് ഇതാക്കാന്‍ ശ്രമിക്കുന്നു. അങ്ങിനെ തീര്‍ത്തും പ്രതിലോമപരമായ രീതിയിലാണ് മോഡി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതിനിടയില്‍ പ്രശംസിക്കാന്‍ മാത്രം എന്തുണ്ട് എന്നതാണ് ചോദ്യം. നാട്ടിലെ മാധ്യങ്ങളെ ഉപയോഗിച്ച് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇമേജ് ഒന്ന് കൊണ്ട് മാത്രം എല്ലാം സത്യമാകണമെന്നില്ല. നാട്ടിലെ മാധ്യമങ്ങള്‍ തന്നെ മോഡി സ്തുതി കാര്യമായി ചെയ്യുന്നുണ്ട്. അതിനിടയില്‍ പ്രതിപക്ഷം കൂടി അതേറ്റെടുത്താല്‍ പിന്നെ ഒരു വെളിച്ചവും നാട്ടില്‍ കാണില്ല എന്നുറപ്പാണ്.

അത് കൊണ്ട് തന്നെ പ്രതിപക്ഷം എന്ന നിലയില്‍ സര്‍ക്കാരിനെ എങ്ങിനെ വിലയിരുത്തണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ശക്തമായ അഭിപ്രായ അന്തരം നിലനില്‍ക്കുന്നു എന്നുറപ്പാണ്. സാധാരണ മറുകണ്ടം ചാടാനുള്ള സൂചനയാണ് ഈ മോഡി സ്തുതി. പക്ഷെ ഇന്ത്യന്‍ മതേതത്വത്തെ അംഗീകരിക്കുന്ന നേതാക്കള്‍ അതിനുള്ള പുറപ്പാടാണെന്നു കരുതാന്‍ പ്രയാസമാണ്. പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പൊതു വേദിയില്‍ ചര്‍ച്ച ചെയ്യുക വഴി കോണ്‍ഗ്രസ്സ് നേതാക്കള്‍ ദുര്‍ബലമായ പാര്‍ട്ടിയെ ഒന്ന് കൂടി ദുര്ബലമാക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം കരുതാന്‍. തരൂരിനെതിരെ എന്ത് നടപടി എന്നതല്ല കാര്യം. സംഘ പരിവാര്‍ പക്ഷത്തേക്ക് മതേതര പക്ഷത്തെ കൊണ്ടെത്തിക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ കൊണ്ട് ആത്യന്തികമായി ഫലമുണ്ടാകൂ.

Author
as
Facebook Comments
Related Articles
Close
Close