Current Date

Search
Close this search box.
Search
Close this search box.

അവര്‍ക്ക് നിരുപാധികം മാപ്പ് നല്‍കുക എന്നതായിരുന്നു പ്രവാചക നടപടി

“അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ (ഹറമിലോ പുറത്തോ) എവിടെക്കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക“ . ഇങ്ങിനെ ഒരു വചനം ഖുര്‍ആനിലുണ്ട്. ഹിജറ ഒമ്പതാം വര്‍ഷമാണു ഈ വചനം ഇറങ്ങിയത്‌. പിന്നെയും ഒന്നര വര്ഷം പ്രവാചകന്‍ ജീവിച്ചു കാണണം. മക്കാ വിജയ സമയത്ത് തന്റെ മുന്നില്‍ കൂട്ടമായി മേല്‍ പറഞ്ഞ “ മുശ്രിക്കുകളെ” കൊണ്ട് വന്നു. അവരെ കണ്ടിടത്ത് വെച്ച് കൊല്ലണം എന്ന വചനം അപ്പോഴും ഖുര്‍ആനില്‍ ഉണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് നിരുപാധികം മാപ്പ് നല്‍കുക എന്നതായിരുന്നു പ്രവാചക നടപടി. പിന്നെയും മക്കയില്‍ അവര്‍ ജീവിച്ചിരുന്നു, കാഫിറിനെ കൊല്ലണം എന്നത് ഒരു നടപടിയായി ഇസ്ലാം അംഗീകരിക്കുന്നില്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത് .

അത് കൊണ്ട് തന്നെ ഒരു കാരണം നമുക്ക് ബോധ്യമാകുന്നു. കാര്യങ്ങളെ വിശദീകരിക്കാന്‍ അതിന്റെ സാഹചര്യം കൂടി പരിഗണിക്കണം. സയ്യിദ് മൌദൂദി ദാറുല്‍ ഇസ്ലാമില്‍ ആയുധ ശേഖരണവും ആയുധ പരിശീലനവും നടത്തുകയും അതിനു അണികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നത് ഈ സമയത്ത് തന്നെ ചിലര്‍ പുറത്തു കൊണ്ട് വന്നത് അത് കൊണ്ട് തന്നെ പ്രസക്തമാണ്‌. ഇന്ത്യ പാകിസ്ഥാന്‍ വിഭജന കാലത്ത് വര്‍ഗീയ വാദികളുടെ ആക്രമണം ഉണ്ടായ സമയത്ത് അങ്ങിനെ ഒരു തീരുമാനം ഉണ്ടായിരുന്നു. അത് സാധാരണയായ പ്രവര്‍ത്തനം. ആക്രമിക്കാന്‍ വരുന്നവരുടെ നേരെ കയ്യും കെട്ടി നില്‍ക്കണം എന്നാരും പറയില്ല. സ്വയം രക്ഷ എന്നത് എല്ലാ വ്യവസ്ഥകളും അംഗീകരിച്ച കാര്യമാണ്.

സയ്യിദ് മൌദൂദി ജീവിച്ചതും തന്റെ ഗ്രന്ഥ രചന നടത്തിയതും ഒരു പ്രത്യേക സാഹചര്യത്തിലാണ്. ഹിന്ദു വര്‍ഗീയ വാദികള്‍ സംഘടന രൂപീകരണം നടത്തി. ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ടു. ഇന്ത്യയില്‍ മുസ്ലിം നേതാക്കള്‍ മൌനികളായി. വര്‍ഗീയ കലാപങ്ങള്‍ സ്ഥിരം സംഭവങ്ങളായി. മുസ്ലിം മനസ്സിനെ സാമുദായികമായി വശീകരിക്കാന്‍ അദ്ദേഹത്തിന് ഈ സമയത്ത് കഴിയുമാരുന്നു. പക്ഷെ അദ്ദേഹം ഒരേ സമയം വംശീയത, തീവ്ര ദേശീയത, സമുദായീകത എന്നിവയെ ശക്തമായി എതിര്‍ത്തു. ഇതെല്ലാം ഇസ്ലാം എന്ന ആദര്‍ശത്തിന്റെ എതിരിലാണെന്ന് അദ്ദേഹം സ്ഥാപിച്ചു.
ഇസ്ലാം വൈകാരിമായി ഒരിക്കലും സംസാരിച്ചില്ല.

Also read: ഗാസ; പറഞ്ഞു തീരാത്ത കഥകൾ

ഉഹദ് യുദ്ധത്തില്‍ ഇസ്ലാമും പ്രവാചകനും നേരിട്ട ദുരന്തം നമ്മുടെ മുന്നിലുണ്ട്. ഹസ്രത്ത്‌ ഹംസയുടെ ദാരുണമായ കൊല അത്രമാത്രം പ്രവാചകനെ വ്യക്തിപരമായി ബാധിച്ചിരുന്നു. കൊലയാളി വഹശി പിന്നീട് സത്യപാതയിലെത്തി . വഹ്ഷി തന്റെ നേരെ വരുന്നത് പോലും പ്രവാചകന് മാനസിക വിഷമം ഉണ്ടാക്കി. ആ യുദ്ധത്തെയും വിശകലനം ചെയ്തു ഖുര്‍ആന്‍ അവതീര്‍ണ്ണമായി. പക്ഷെ ഹസ്രത്ത് ഹംസയുടെ കൊല അതില്‍ സൂചിപ്പിച്ചില്ല. നിങ്ങളുടെ പ്രവാചകന്റെ മൂത്താപ്പയെ കൊന്ന സത്യനിഷേധികള്‍ എന്നൊരു പ്രയോഗം ഒരു പ്രബോധക സംഘത്തിനു ചേരില്ല എന്ന് ഖുര്‍ആന്‍ മനസ്സിലാക്കുന്നു. പ്രവാചകന്റെ ദേഹത്ത് നിന്നും ഉഹദിന്റെ മണ്ണില്‍ രക്തം വീഴുന്നുണ്ട്‌. രംഗം കണ്ട് അവരെ ശപിക്കാന്‍ അനുചരന്മാര്‍ ഒരുങ്ങുന്നു. പ്രവാചകന്‍ അവരെ തിരുത്തുന്നു. ചുരുക്കത്തില്‍ ഇസ്ലാം ചില സമയത്തെ വൈകാരികത കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല.

തന്റെ ചുറ്റും വര്‍ഗീയ കലാപങ്ങള്‍ നടക്കുമ്പോഴും അതിനെ വൈകാരികമായി സമീപിക്കാന്‍ സയ്യിദ് മൌദൂദി സന്നദ്ധമായില്ല. വര്‍ഗീയ കലാപങ്ങള്‍ കൊടുമ്പിരി കൊണ്ടിട്ടും, പാകിസ്താന്‍ എന്ന സമുദായികത മുതലാക്കാന്‍ ശ്രമിച്ചിട്ടും ഇന്ത്യന്‍ മണ്ണില്‍ അടുത്ത കാലം വരെ സംഘ പരിവാരിനു കാലുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നും ഇന്ത്യന്‍ മണ്ണില്‍ അവര്‍ കാലുറപ്പിച്ചത്‌ അവരുടെ മിടുക്ക് എന്നതിനേക്കാള്‍ മതേതര പാര്‍ട്ടികളുടെ കഴിവുകേട് എന്നത് കൊണ്ടാണ്. അത് കൊണ്ട് തന്നെ ഇന്ത്യന്‍ മണ്ണില്‍ നിന്നും അവരെ മാറ്റാനുള്ള പരിഹാരം മതേതര കക്ഷികള്‍ക്ക് ബോധം വെക്കുക എന്നതാണ്.

ഒരു വൈകാരിക പ്രതികരണമാണ് സംഘ പരിവാര്‍ ആഗ്രഹിക്കുന്നത്. ഉത്തരേന്ത്യയില്‍ മിക്കവാറും വാര്‍ത്താ മാധ്യമങ്ങള്‍ അവരുടെ കയ്യിലാണ്. ആ കാലത്ത് നുണ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് മറ്റു വഴികള്‍ ആലോചിക്കേണ്ട ആവശ്യം വരില്ല. സംഘ പരിവാരിനെതിരെയുള്ള പ്രതിരോധം ആദ്യം ആരംഭിക്കേണ്ടത് അവിടെ നിന്നാണ്. ഇന്ന് യുദ്ധത്തിലെ വലിയ ആയുധം മാധ്യമങ്ങളാണ്. മതേതര പക്ഷത്തിന്റെ ആയുധങ്ങള്‍ തേഞ്ഞു പോകുകയും ശത്രുവിന്റെ ആയുധങ്ങള്‍ മൂര്‍ച്ച കൂടുകയും ചെയ്യുന്നത് അവിടെയാണ്. സാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി ആര്‍ക്കും എന്തും പറയാം. അത് തന്നെയാണ് സംഘ പരിവാറും പടിഞ്ഞാറും ഖുര്‍ആനിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നതും പ്രചരിപ്പിക്കുന്നതും. അത് തന്നെ നാമും തുടര്‍ന്നാല്‍ പിന്നെ അവരില്‍ നിന്നും നാം എവിടെയാണ് വ്യത്യസ്തമാകുന്നത്.

Related Articles