Current Date

Search
Close this search box.
Search
Close this search box.

പിശുക്കനായ പിതാവിനും ഗുണം ചെയ്യുക

സ്വന്തം മാതാപിതാക്കള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ ഗുണം ചെയ്യുന്നത് ഒരിക്കലും ആത്മ പ്രശംസയായി കണക്കിലെടുക്കാനാകില്ല. കാരണം സാമൂഹികമായും വ്യക്തിപരമായും ശറഈ നിയമ പ്രകാരം തന്നെയും അത് അവന്റെ ബാധ്യതയാണ്. എല്ലാ മതവും എല്ലാ സമൂഹവും അത്തരത്തില്‍ തന്നെയാണ് അതിനെ സമീപിച്ചിട്ടുള്ളത്. അതുവഴി മാത്രമാണ് മതപരമായും സാംസ്‌കാരികമായും ബുദ്ധിപരമായും ഒരാള്‍ എത്ര പിന്നിലുള്ളവനാണെങ്കിലും അവന്റെ ജീവിതത്തില്‍ അവന് പ്രത്യേകമായൊരു ഐശ്വര്യം കൈവരുന്നത്. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നതില്‍ വെച്ച് ഏറ്റവും ഭംഗിയാര്‍ന്നതാണ് ഒരാള്‍ തന്റെ മകന്റെ വിവാഹ ചടങ്ങുകള്‍ സ്വന്തം മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വെച്ച് നടത്തുന്നത്. സ്വന്തം കൂട്ടുകുടുംബത്തെ മാത്രം വിളിച്ച് നടത്തുന്ന ഈ ചടങ്ങ് അവരെ കൂടുതല്‍ സന്തുഷ്ടരാക്കും. ഇവിടെ സാധാരണ ജനങ്ങളെ പരിപാലിക്കുന്നതിന്നു മുമ്പ് അവര്‍ക്ക് അവരുടെ മാതാപിതാക്കളെ പരിപാലിക്കാന്‍ സാധിക്കുന്നു. അതവരില്‍ മക്കളോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കും.

മക്കള്‍ പിതാവിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവാരണെങ്കില്‍ അവരവരുടെ പിതാവിനോട് കൂടുതല്‍ വാത്സല്യവും സ്‌നേഹവും കാണിക്കാന്‍ അവര്‍ ബാധ്യസ്ഥരാകും. അവര്‍ക്കെപ്പോഴും നഷ്ടം വരുത്തിവെക്കുന്ന പിതാവാണെങ്കില്‍ പോലും അപ്രകാരം തന്നെയാണ് ചെയ്യേണ്ടത്. പിതാവ് തങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് സ്‌നേഹവും നന്മയുമാണ് മക്കള്‍ പ്രത്യുപകാരമായി നല്‍കേണ്ടത്. കാരണം, അത് അവരുടെ പിതാവാണ്.
പിശുക്കനായ തന്റെ പിതാവിന് ഗുണം ചെയ്യുന്ന ഒരുപാട് മക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ദീനിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടില്‍ പിശുക്ക് ഏറ്റവും മോശപ്പെട്ട സ്വഭാവമാണ്. ചരിത്രപരമായി പിശുക്കന്മാരെന്ന് വിളിക്കപ്പെട്ട ഒരുപാട് പേര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അത്തരത്തിലുള്ളവരെ കുറിച്ച് ജാഹിള് അല്‍-ബുകലാഅ്(പിശുക്കന്മാര്‍) എന്ന ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. പിശുക്കും അത്യാഗ്രഹവും തമ്മില്‍ വലിയ വ്യത്യാസം തന്നെയുണ്ട്. പിശുക്ക് എല്ലായിപ്പോഴും ആക്ഷേപാര്‍ഹവും അത്യാഗ്രഹം അമിതമാവാത്ത കാലത്തോളം പ്രശംസനീയവുമായിരിക്കും. പിശുക്ക് തന്നെ രണ്ട് രീതിയിലുണ്ട്. അതിലൊന്ന് മറ്റുള്ളവരോട് കാണിക്കുന്ന പിശുക്കാണ്. അത്യാഗ്രഹത്തിനും പിശുക്കിനുമിടയില്‍ അവനങ്ങനെ പോരടിച്ച് കൊണ്ടിരിക്കും. മറ്റൊന്ന്, മറ്റുള്ളവരോടെന്ന പോലെ തന്നെ സ്വന്തത്തോടും കാണിക്കുന്ന പിശുക്കാണ്. അല്ലാഹുവില്‍ നിന്നുള്ള ഹിദായത്തോ മരണമോ അല്ലാതെ അതിന് മറ്റു ചികിത്സകളൊന്നുമില്ല.

പിശുക്കനായ ഒരാള്‍ക്ക് ഒരിക്കലും താനൊരു പിശുക്കനാണെന്ന ഭാവം ഉണ്ടാവുകയെ ഇല്ല. കാരണം തന്റെത്തന്നെ കാരണമായോ സാമൂഹിക ഇടപെടലിന്റെ ഫലമായോ ചെറുപ്പം തൊട്ട് തന്നെ അതവന്റെ സ്വഭാവത്തിന്റെ ഒരു സ്വാഭാവിക ഭാഗമായി മാറിയിട്ടുണ്ടാകും. എന്നാല്‍ അവരില്‍ ചിലരെ ദാരിദ്ര്യമായിരിക്കും അത്തരിത്തില്‍ ആക്കിത്തീര്‍ത്തത്. അഥവാ പിശിക്കിന് ഒരുപാട് രൂപങ്ങളുണ്ട്. ചില പിശുക്കന്മാര്‍ ആരാണ് അവരിലെ അറുപിശുക്കന്മാരെന്ന് അന്വേഷിക്കുന്നത് അതില്‍ പെട്ടതാണ്.

പിശുക്കനോ അത്യാഗ്രഹിയോ ആയ പിതാവിനോട് മക്കള്‍ ഗുണം ചെയ്യുന്ന രൂപത്തില്‍ പെട്ടതാണ്, മക്കള്‍ അവര്‍ക്ക് വിലയേറിയ വസ്ത്രങ്ങളും വാച്ചും പേനയുമെല്ലാം വാങ്ങിച്ചു കൊടുക്കുന്നത്. പിതാവപ്പോള്‍ വിലയുടെ നാലിലൊന്ന് താന്‍ നല്‍കാമെന്ന് ഏല്‍ക്കും. അപ്പോള്‍ മക്കള്‍ തങ്ങള്‍ക്ക് വിലയില്‍ കിഴിവ് ലഭിച്ചുവെന്ന് പറഞ്ഞ് പിതാവിന്റെ കാശ് സ്‌നേഹപൂര്‍വ്വം നിരസിക്കും. മാത്രമല്ല, ചിലപ്പോള്‍ മുഴുവന്‍ ബില്ലും അവര്‍ തന്നെ അടക്കും.

യാത്ര ചെയ്യുന്ന സമയത്ത് മക്കള്‍ പിതാവിന് ബിസിനസ് ക്ലാസില്‍ തന്നെ ടിക്കറ്റ് എടുത്തു കൊടുക്കുന്നു. ആഢംബര ഹോട്ടലുകളില്‍ താമസിപ്പിക്കുന്നു. മക്കളുടെ കാശാണെങ്കില്‍ പോലും വിലയേറിയ ഹോട്ടലുകളൊന്നും താമസത്തിനെടുക്കാന്‍ പിതാവ് സമ്മതിക്കില്ല. അപ്പോള്‍ അത് യാത്രയുടെ ഭാഗമായി ലഭിച്ച പ്രത്യേക ഓഫറാണെന്ന് അവര്‍ പിതാവിനോട് പറയും. വീട്ടില്‍ സല്‍ക്കാരങ്ങള്‍ ഒരുക്കുന്ന സമയത്ത് വിവിധ ഭക്ഷണ സാധനങ്ങള്‍ അവര്‍ കൊണ്ടുവരും. പിതാവ് ചോദിക്കുമ്പോള്‍ അതവര്‍ക്ക് കുറഞ്ഞ വിലക്ക് ലഭിച്ചതാണെന്ന് പറയും. അല്ലെങ്കില്‍ പിതാവിനെ കാണാന്‍ പോകുന്ന സമയത്ത് എല്ലാവരും ചേര്‍ന്ന് വസ്ത്രങ്ങളും വിലകൂടിയ ചെരുപ്പുകളും വാങ്ങുന്നത് പോലെത്തന്നെ തങ്ങള്‍ എല്ലാവരും ചേര്‍ന്ന് വാങ്ങിയതാണെന്ന് പറയും. മറ്റുള്ളവര്‍ക്കു മുമ്പില്‍ പിതാവ് ഭംഗിയായിരിക്കാനല്ല അവരിത് ചെയ്യുന്നത്, മറിച്ച് ഇത്തരത്തിലുള്ള കാര്യത്തില്‍ പിതാവിനെ സന്തുഷ്ടനാക്കാനാണ്. അതുവഴി ചെറുപ്പകാലത്ത് എല്ലാം നിഷിദ്ധമാക്കി നടന്നതിനും യുവത്വ കാലത്ത് സമ്പത്ത് കുറയുന്നത് പേടിച്ച് നടന്നതിനും ഇതൊരു പ്രായശ്ചിത്തമാക്കി അവരിത് മാറ്റുന്നു. ഇത്തരം പ്രവര്‍ത്തികളെ പിശുക്കനായ പിതാവിനെ പതിയെ പതിയെ ക്രിയാത്മകമായി അതിന്റെ വിടാ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചേക്കാം. മക്കള്‍ പിതാവിനോട് ചെയ്യുന്ന ഗുണത്തിന്റെ എത്ര സൂന്ദരമായ രൂപമാണിത്.

ഇതിന് നേര്‍ വിപരീതമായി ചില മക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരൊരിക്കലും തങ്ങളുടെ പിതാവിന് അര്‍ഹമായ പരിഗണ നല്‍കുകയില്ല. പിതാവിന്റെ പിശുക്ക് അത് അദ്ദേഹം സ്വേഷ്ട പ്രകാരം തിരഞ്ഞെടുത്തതാണെന്ന് അവര്‍ ധരിച്ച് വെക്കുന്നു. തങ്ങളുടെ കീശയിലെ സമ്പാധ്യം കുറയുമെന്ന് പേടിച്ച് അത് തടയാനുതകുന്ന ഒരു തരത്തിലുള്ള നടപടികള്‍ക്കും അവര്‍ മുന്നിട്ടിറങ്ങുകയില്ല.

ഒരു സ്ത്രീ പറയുകയുണ്ടായി: ഞങ്ങളുടെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. മരണ ശേഷം അദ്ദേഹം ഒരുപാട് സമ്പത്തിന്റെ ഉടമയായിരുന്നെന്ന് അറിഞ്ഞതിന് ശേഷവും ഞങ്ങളത് തുടര്‍ന്ന് കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ പിശുക്ക് കാരണം ഞങ്ങള്‍ക്ക് ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങളുടെ വാത്സല്യ നിധിയായ മാതാവിന് പ്രത്യേകിച്ചും അതിന്റെ അതിശക്തമായ കയ്പ്പ് അറിയേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഞങ്ങളെ വിവാഹം കഴിച്ച് വിട്ടപ്പോള്‍ ജീവതത്തിന്റെ ഞെരുക്കം കാരണം കടങ്ങള്‍ അധികരിച്ചു. അപ്പോഴും പിതാവ് ഒരാളോടും സഹായമഭ്യര്‍ത്ഥിച്ചില്ല. ഇത്രയൊക്കെയായിട്ടും ആ പെണ്‍മക്കള്‍ തങ്ങളുടെ മരണപ്പെട്ട പിതാവിന് പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു.

ദാരിദ്ര്യം പിശുക്ക് കൊണ്ട് വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു ധനാഢ്യനും സാധാരണ ജീവിതം നയിക്കുന്നവനും തന്റെ പിശുക്കിനെ ന്യായീകരിക്കാനാവില്ല. ഇവരെല്ലാം തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ ആനന്ദങ്ങളെ സ്വയം നിഷിദ്ധമാക്കുന്നു. മാത്രമല്ല, ധനം ചിലവഴിക്കാതെ അതിന് ‘കാവല്‍’ നില്‍ക്കാന്‍ ലജ്ജകരമായ ഒഴിവുകഴിവുകളും അവര്‍ കണ്ടെത്തുന്നു. അത്തരത്തിലുള്ളവരുടെ മരണത്തെയായിരിക്കും ജനം കാത്തിരിക്കുക. അല്ലാഹുവേ, പിശുക്ക്, ഭീരുത്വം, കടാധിക്യം എന്നവയില്‍ നിന്നെല്ലാം ഞങ്ങള്‍ക്ക് നീ കാവല്‍ നല്‍കേണമേ.

 

അവലംബം. mugtama.com
വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലുര്‌

Related Articles