മദീനയിലെ പ്രബല ഗോത്രങ്ങലായിരുന്നു ഔസ് ഖസരജ്. ഇവർക്കിടയിലുള്ള കുടിപ്പക പ്രസിദ്ധമാണ്. ഒരു നൂറ്റാണ്ടിനു മേൽ അവർ പരസ്പരം യുദ്ധം ചെയ്ത ചരിത്രവും നാം വായിക്കുന്നു. പ്രവാചകൻ മദീനയിൽ എത്തിയപ്പോൾ അവർക്കിടയിൽ സമാധാനം കൊണ്ട് വന്നു. എല്ലാ ശത്രുതയും തീർന്നു അവർ സഹോദരങ്ങളെ പോലെയായി. അന്നത്തെ ഇസ്ലാമിന്റെ ശത്രുക്കൾക്ക് ഇതത്ര സുഖകരമായ കാര്യമായി തോന്നിയില്ല. സമയം കിട്ടുമ്പോഴൊക്കെ അവർ പഴയ കഥകൾ പറഞ്ഞു അവർക്കിടയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കും. പ്രവാചകൻ ജീവിച്ചിരിക്കെ തന്നെ ഒരിക്കൽ ശത്രു അക്കാര്യത്തിൽ വിജയിച്ചു. ശത്രുവിന്റെ നീക്കങ്ങളിൽ അതീവ ജാഗ്രത കൈക്കൊള്ളാൻ പ്രവാചകനിലൂടെ ദൈവിക കൽപ്പനയുണ്ടായി. ഖുർആൻ അതിനെ ഇങ്ങിനെ വിശേപ്പിച്ചു “ ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുവിൻ. ഭിന്നിച്ചുപോകരുത്. അല്ലാഹു നിങ്ങളിൽ ചൊരിഞ്ഞ അനുഗ്രഹത്തെ സ്മരിക്കുകയും ചെയ്യുവിൻ. നിങ്ങൾ പരസ്പരം വൈരികളായിരുന്നു. അപ്പോൾ അവൻ നിങ്ങളുടെ ഹൃദയങ്ങളെ തമ്മിലിണക്കി. അവന്റെ മഹത്തായ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു. ഒരഗ്നികുണ്ഡത്തിന്റെ തെല്ലിലായിരുന്നു നിങ്ങൾ. അവൻ അതിൽനിന്നു നിങ്ങളെ രക്ഷിച്ചു……………”.
വിശ്വാസികൾ ഒന്നിക്കുന്നത് മറ്റൊരാൾക്കും എതിരായിട്ടല്ല. കാരണം നന്മയിൽ മാത്രമാണ് ഒന്നിക്കാനുള്ള ദൈവ കൽപ്പന വരുന്നത്. അത് കൊണ്ട് തന്നെ മറ്റാരുടെയും ഉറക്കം കെടുത്താൻ അത് കാരണമാകില്ല. അഭിപ്രായ വ്യത്യാസം എന്നത് മാനുഷികമാണ്. മനുഷ്യൻ ഉണ്ടായ അന്ന് മുതൽ അത് തുടങ്ങിയിട്ടുണ്ട്. അടിസ്ഥാനങ്ങളിൽ ഊന്നി നിന്നുകൊണ്ട് ശാഖകളിൽ ഭിന്നിക്കാൻ മതം അനുവാദം നൽകുന്നു. ഒരു വിഷയത്തിൽ ഒരാളുടെ അറിവും കഴിവുമാണ് അതിന്റെ അടിസ്ഥാനം. കേരള മുസ്ലിംകൾക്കിടയിലും അത് സാധ്യമാണ്. കേരള മുസ്ലിം സമുദായത്തിൽ അടുത്ത കാലത്തുണ്ടായ ഭിന്നതകൾക്ക് കാരണം പലപ്പോഴും രാഷ്ട്രീയം കൂടിയാണ്. മുസ്ലിം സംഘടനകളിൽ രാഷ്ട്രീയക്കാർക്ക് കയറിക്കളിക്കാൻ അവസരം കൈവന്നു എന്നത് ഒരു യാഥാർഥ്യമായി നമ്മുടെ മുന്നിലുണ്ട്. അത് കൊണ്ട് മതത്തിലെ ഒരു വിഭാഗത്തെ ഉപയോഗിച്ച് മറ്റൊരു വിഭാഗത്തിനെതിരെ രംഗത്ത് വരുത്തിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.
ഇസ്ലാമോഫോബിയ നമ്മുടെ നാട്ടിൽ അത്ര സുപരിചിതമായിരുന്നില്ല. ആദർശ പരമായി മതങ്ങൾ സംവാദങ്ങളിൽ ഏർപ്പെട്ട ചരിത്രം നമ്മുടെ മുന്നിലുണ്ട്. അപ്പോഴും അവർക്കിടയിൽ അവിശ്വാസം ഉണ്ടായിരുന്നില്ല. സംഘ പരിവാർ എന്നും ഒന്നാം ശത്രുവായി പ്രഖ്യാപിച്ച മുസ്ലിംകൾ ആധുനിക കേരളത്തിൽ ഉണ്ടാക്കുന്ന മുന്നേറ്റം അവരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിനെ തടയിടാൻ നല്ലത് ഇസ്ലാമോഫോബിയ തന്നെ എന്ന് സംഘ പരിവാർ മനസ്സിലാക്കിയതിൽ തെറ്റ് പറയാൻ കഴിയില്ല. തങ്ങൾക്കു മാത്രമായി അത് ചെയ്യാൻ കഴിയില്ല എന്ന അറിവിൽ നിന്നാണ് കൃസ്ത്യൻ സമൂഹത്തെ കൂടെ കൂട്ടുക എന്ന കാര്യത്തിൽ അവർ തീരുമാനമെടുത്തത്. നല്ല മുസ്ലിം മോശം മുസ്ലിം എന്നൊന്നില്ല. മുസ്ലിം എന്നത് നല്ലതിന്റെ പേരാണ്. നന്മയിൽ മതത്തെ കാണുന്നതിനു പകരം ഇസ്ലാമിനെ തിന്മയുടെ പര്യായമാക്കുന്നതിൽ “ ക്രിസംഘി ടീം” കാര്യമായി ശ്രമിച്ചു. കേരള മുസ്ലിം പൊതു സമൂഹത്തിൽ മത വിശ്വാസികൾ ചെയ്തു കൊണ്ടിരിക്കുന്ന നന്മ ആർക്കും മനസ്സിലാവും. ജാതി മത വ്യത്യാസമില്ലാതെ അതിന്റെ ഗുണം സമൂഹത്തിലെ എല്ലാവരും അനുഭവിക്കുന്നു. അതെ സമയം മാന്യമായി ഒരു തെളിവ് പോലും കൊണ്ട് വരാൻ പറ്റാത്ത കാര്യങ്ങളാണ് ബിഷപ്പ് ലോബി മുന്നോട്ട് കൊണ്ട് വരുന്നതും.
കഴിഞ്ഞ ദിവസങ്ങളിൽ ചില അച്ചന്മാരുടെ ഭാഗത്തു നിന്നും പല പോസ്റ്റുകൾ കാണാൻ ഇടയായി. ബിഷപ്പ് ചോദ്യം ചെയ്തത് ഇസ്ലാമിക വിശ്വാസത്തെ തന്നെയാണ് എന്ന കാര്യത്തിൽ കേരള മുസ്ലിം സമുദായം ഒന്നിച്ചു. അതിലവർ ഒന്നിച്ചു പ്രതികരിച്ചു എന്നത് പലരെയും ദുഖിപ്പിക്കുന്നു. അപ്പൊഴാണവർ പ്രവാചക കാലത്ത് ശത്രുക്കൾ പയറ്റിയ മാർഗം തിരയുന്നത്. ഭരണ കക്ഷിയുടെ സഹായം കൂടിയായപ്പോൾ അതിനു കൂടുതൽ സ്വീകാര്യത ലഭിക്കുന്നു എന്ന് മാത്രം. സാധാരണ പോലെ മുസ്ലിം സമുദായം ഈ വിഷയത്തിലും ഭിന്നിക്കും എന്നായിരുന്നു സി പി എം മനസ്സിലാക്കിയത്. ബിഷപ്പിന്റെ പ്രസ്താവനയുടെ പിന്നിലുള്ള ദുരുദ്ദേശം മനസ്സിലാക്കുന്നതിൽ കേരളത്തിലെ മതേതര ചേരിക്കും മുസ്ലിം സംഘടനകൾക്കും തെറ്റ് പറ്റിയില്ല. അതിനെ ഫലമെന്നോണം അവസാനം മുഖ്യമന്ത്രിക്ക് നിലപാട് വ്യക്തമാക്കേണ്ടി വന്നു. അപ്പോഴും ബിഷപ്പ് പ്രസ്ഥാവന പിൻവലിക്കണം എന്ന് പറയാൻ ഇടതും വലതും തയ്യാറായില്ല.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL