പ്രശസ്തനായ അറബ് യാത്രികനായിരുന്ന ഇബ്നു ബത്വൂത്വ തന്റെ വർഷങ്ങൾ നീണ്ട യാത്രക്കിടയിൽ ഇന്ത്യയിൽ സന്ദർശിച്ച ഒരു സൂഫിയെ കുറിച്ച് എഴുതിയിട്ടുണ്ട്. ഇന്ത്യയുടെ ആത്മീയ നേതാവായാണ് ഫരീദുദ്ദീൻ ഗംജ്ശാകർ എന്ന ആ സൂഫിയെ ഇബ്ൻ ബത്വൂത്വ രേഖപ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തിലെ അരോദാൻ എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത് . അദ്ദേഹത്തിന്റെ പിൻഗാമികൾ ഫരീദികൾ , ഫരീദീസ എന്നിങ്ങനെ അറിയപ്പെടുന്നവർ രാജ്യത്തിനകത്തും പുറത്തും ഇന്നുമുണ്ട്.
ശൈഖ് ഫരീദിയെ കുറിച്ച് പല കഥകളും പ്രസിദ്ധങ്ങളാണ്. അതിലൊന്ന് ഇങ്ങനെയാണ് : ഒരു രാജാവ് (അക്ബറായിരുന്നു എന്ന് റിപ്പോർട്ടുണ്ട് ) അദ്ദേഹത്തെ കാണാൻ ഖാൻഗാഹിലെത്തി. അദ്ദേഹത്തിന് വേണ്ടി വിലപ്പെട്ട ഒരു സമ്മാനവും കൊണ്ടുവന്നിരുന്നു. വജ്രം പതിച്ച, സ്വർണ്ണ നിറത്തിലുള്ള മനോഹരമായ ഒരു ജോഡി കത്രികകളായിരുന്നു ആ സമ്മാനം. വളരെ വിലപ്പെട്ടതും അതിനേക്കാൾ അപൂർവവും അങ്ങേയറ്റം അതുല്യവുമായ ആ വസ്തു ഫരീദിന് സമ്മാനിക്കാൻ പരിചാരകരോടൊപ്പമാണ് രാജാവ് എഴുന്നള്ളിയത് . ശൈഖ് ഫരീദ് അവ എടുത്ത് നോക്കി ഉടനെ, രാജാവിന് തിരികെ നൽകിക്കൊണ്ട് പറഞ്ഞു:“, താങ്കൾ കൊണ്ടുവന്ന സമ്മാനത്തിന് വളരെ നന്ദി. സംഗതി മനോഹരം . പക്ഷേ എനിക്കത് തീർത്തും ഉപയോഗശൂന്യമാണ്. എനിക്ക് കത്രിക ആവശ്യമില്ല; ഒരു സൂചി തന്നാൽ നന്നായിരിക്കും. എനിക്ക് കത്രിക ഒരിക്കലും വേണമെന്നില്ല. രാജാവ് പറഞ്ഞു: “ ശൈഖ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. സൂചി വേണമെങ്കിൽ കത്രികയും വേണ്ടി വരുമല്ലോ?!”
ശൈഖ് പറഞ്ഞു: “ഞാൻ സംസാരിക്കുന്നത് ആത്മീയ രൂപകങ്ങളിലാണ്. എനിക്കൊരിക്കലും കത്രിക ആവശ്യമില്ല, കാരണം കത്രിക കാര്യങ്ങൾ വേർപെടുത്താൻ മാത്രമുള്ളതാണ്. എനിക്ക് വേണ്ടത് സൂചിയാണ്, സൂചി ചേർക്കാനുള്ളതാണ്. ഞാൻ ലോകത്ത് സ്നേഹം പഠിപ്പിക്കുന്നു. എന്റെ പഠിപ്പിക്കൽ മുഴുവനും എപ്പോഴും സ്നേഹത്തിൽ അധിഷ്ഠിതമാണ്. കാര്യങ്ങൾ ഒരുമിച്ച് ചേർക്കുന്നതാണ് ഞാനാളുകളെ ഇതുവരെ പഠിപ്പിച്ചിട്ടുത്. അതാണ് ഭൂമിയിൽ സൂചി നിർവഹിക്കുന്ന ധർമവും. എനിക്ക് കത്രിക ഉപയോഗശൂന്യമാണ്; അവ മുറിക്കാൻ മാത്രമുളളതാണ്. താങ്കൾ അടുത്ത തവണ വരുമ്പോൾ ഒരു സാധാരണ സൂചി കൊണ്ട് വന്നാൽ മതി.”
രാജാവ് ആ ഉപദേശം കേട്ടോ ഇല്ലേ എന്നറിയില്ല. ഏതായാലും ശൈഖന്മാർ / പണ്ഡിതന്മാർ സമൂഹത്തിൽ നിർവഹിക്കേണ്ട ധർമം കത്രികയുടേതാവരുത് എന്ന ലളിത സത്യം വ്യക്തമാക്കുന്ന ഒരു ചരിത്രം / കഥയാണിത്. ഇസ്ലാമാവുന്ന സമൂഹഗാത്രത്തിൽ നിന്നും
താനിഷ്ടപ്പെടാത്തവരെയെല്ലാം മുറിച്ചു മാറ്റുന്ന കത്രികകളായി മാറുന്ന പണ്ഡിതന്മാർ ഉള്ളപ്പോൾ ശൈഖ് ഫരീദ് പറഞ്ഞതുപോലെ നമുക്ക് വേണ്ടത് സൂചികളാണ്. മുറിഞ്ഞു പോയതും പിന്നിയതും തുന്നിചേർക്കേണ്ട ധർമമാവണം പണ്ഡിതർ നിർവഹിക്കേണ്ടത് ..
ഈയിടെയായി മുസ്ലിംകൾക്കിടയിൽ പരസ്പരം കുഫ്ർ , ബിദ്അത്, ശിർക്ക് ,ഫിസ്ഖ് ആരോപിക്കുന്ന പ്രതിഭാസം വ്യാപകമായി കണ്ടു വരുന്നു. കുറേ ആളുകൾ ആ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല. കാഫിർ വിളി തന്മൂലം സാധാരണ ജനങ്ങൾക്കിടയിൽ പതിവായിപ്പോയിരിക്കുന്നു. പണ്ഡിതന്മാരിൽ പോലും കാണപ്പെടുന്ന ലാഘവത്വം നിറഞ്ഞ ഈ കാഴ്ചപ്പാട് കുഴപ്പങ്ങൾക്കും പരസ്പരം ചോര ചിന്തുന്നതിനും പലപ്പോഴും വഴിവെച്ചിട്ടുണ്ട്. മാനഹാനിവരുത്തൽ, മാതാപിതാക്കളെ അവഹേളിക്കൽ, കുടുംബ ബന്ധം മുറിക്കൽ തുടങ്ങിയ എത്രയോ മത വിരുദ്ധ പ്രവത്തനങ്ങൾ ഇതിനെ പ്രതി നാട്ടിൽ വ്യാപിച്ചിരിക്കുന്നു. ഇസ്ലാമിക വിശ്വാസം ശരിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഇതെല്ലാം നടമാടുന്നത്. ദീനിനെ ശരിയായി മനസ്സിലാക്കാത്തതും ഇസ്ലാമിനെക്കുറിച്ചുള്ള പ്രാഥമിക നിരക്ഷരതയും ആണ് ഇതിന്റെ മൂല കാരണങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നു.
നബി (സ്വ) പറയുന്നു: “ഒരാൾ തന്റെ സഹോദരനെ കാഫിറെന്നു വിളിച്ചാൽ രണ്ടിലൊരാൾ ആ വിളിയുടെ ശാപം മൂലം അഭിശപ്തരായി. വിളിക്കപ്പെട്ടവൻ ശാപത്തിന് അർഹനെങ്കിൽ അവൻ, അല്ലെങ്കിൽ വിളിച്ചവന് ശാപം തിരിച്ചു പതിക്കുന്നതാണ്. അബൂദർർ (റ) ,അബൂ സഈദിൽ ഖുദ്റി (റ) എന്നിവരിൽ നിന്നെല്ലാം ഈ അർഥത്തിലുള്ള ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (ബുഖാരി , മുസ്ലിം). ഇസ്ലാമിൽ നിന്നും നമ്മളിഷ്ടപ്പെടാത്തവരെ പടിയടച്ച് പിണ്ഡം വെയ്ക്കാൻ ആരാണ് നമുക്ക് അധികാരം തന്നിട്ടുള്ളത് ?! മുറിക്കാനെളുപ്പമാണ് , തുന്നിച്ചേർക്കാനാണ് പ്രയാസം എന്ന ലളിത സത്യം നമ്മുടെ ശൈഖന്മാർ അറിഞ്ഞിരുന്നെങ്കിൽ !
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW