Current Date

Search
Close this search box.
Search
Close this search box.

ഹിജാമ ദൈവിക ചികിത്സയോ?

hijama.jpg

ഹിജാമ എന്ന ചികില്‍സാ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ കണ്ടു. ഹിജാമ എന്ന അറേബ്യന്‍ ചികില്‍സാമുറയുടെ ശാസ്ത്രീയതയെ കുറിച്ച് അഭിപ്രായം പറയാനുള്ള വൈദ്യശാസ്ത്ര ജ്ഞാനം ഇല്ലാത്തത് കൊണ്ട് അതിനു തുനിയുന്നില്ല. എന്നാല്‍ ഈ വിവാദം ഉയര്‍ത്തുന്ന അടിസ്ഥാനപരമായ ഒരു വിഷയത്തെ കുറിക്കാനാണ് ഈ കുറിപ്പ്.

മുഹമ്മദ് നബി ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ ജീവിച്ച ഒരു മനുഷ്യനായിരുന്നു. ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതത്തെ അന്നത്തെ ഭൗതിക സാഹചര്യത്തില്‍ നിന്നാണു നോക്കിക്കാണേണ്ടത്. അദ്ദേഹം യാത്ര ചെയ്തത് ഒട്ടകപ്പുറത്താണു എന്നത് കൊണ്ട് ഒട്ടകപ്പുറത്ത് ഇന്നും യാത്ര ചെയ്യുന്നതിനു പുണ്യമോ പ്രസക്തിയോ ഇല്ല. അദ്ദേഹം ആടിനെ മേച്ചാണ് ജീവിച്ചതെങ്കില്‍ ആ തൊഴിലിനു പ്രത്യേക പ്രാധാന്യമില്ല. അദ്ദേഹം യുദ്ധത്തില്‍ കുന്തവും അമ്പും വില്ലുമാണു ഉപയോഗിച്ചത് എന്നത് കൊണ്ട് ഇന്നും യുദ്ധത്തില്‍ ആ പ്രാചീന ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രാധാന്യമോ പുണ്യമോ ഇല്ല. അതുപോലെ, അദ്ദേഹം അറേബ്യയില്‍ പ്രചാരത്തിലുള്ള ചികില്‍സകള്‍ ആണു ഉപയോഗിച്ചിരിക്കുക. അതു കൊണ്ട് ആ ചികില്‍സകള്‍ ദൈവികമോ പുണ്യകരമോ ആണെന്ന് പറയാനാകില്ല. പ്രവാചകന്‍ അനുശീലിച്ച ഭാഷയും വസ്ത്രവും ഭക്ഷണങ്ങളും അങ്ങനെ തന്നെ.

യുദ്ധരംഗത്ത് നബി പേര്‍ഷ്യന്‍ സങ്കേതങ്ങള്‍ പ്രയോഗിച്ചിരുന്നു. കാര്‍ഷിക രംഗത്ത്, അന്ന് നിലവിലുള്ള സമ്പ്രദായങ്ങളെ അദ്ദേഹം അംഗീകരിക്കുകയാണ് ചെയ്തത്. മനുഷ്യന്റെ ഭൗതിക വളര്‍ച്ചയുടെ വിഷയങ്ങളില്‍ അതാതുകാലത്തിന്റെ വിജ്ഞാനങ്ങളെയും സാങ്കേതിക വിദ്യകളെയും സ്വീകരിക്കുകയാണു വേണ്ടത് എന്നാണു അതില്‍ നിന്ന് മനസ്സിലാക്കാവുന്നത്. നീതി, നന്മ, ധര്‍മ്മം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളാണു പ്രവാചക അധ്യാപനത്തിന്റെ കേന്ദ്ര പ്രമേയങ്ങള്‍. മറിച്ച്, മാറിക്കൊണ്ടിരിക്കുന്ന ജീവിത രംഗങ്ങളിലെ ഭൗതിക സങ്കേതങ്ങളല്ല.

ചില രോഗങ്ങള്‍ക്ക് അറേബ്യയില്‍ നടപ്പുണ്ടായിരുന്ന നാടന്‍ ചികില്‍സകളും ഒറ്റമൂലികളും പ്രവാചകന്‍ നിര്‍ദ്ദേശിച്ചിരിക്കാം. അതിലും മികച്ച ചികില്‍സകളും മരുന്നും ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ഉള്ളത് അദ്ദേഹം അറിഞ്ഞിരിക്കില്ല. അതിനാല്‍ അത് നിര്‍ദ്ദേശിച്ചിട്ടുമുണ്ടാകില്ല. അതുകൊണ്ട് തന്നെ, അറേബ്യന്‍ ഒറ്റമൂലികള്‍ ദൈവികമാണെന്ന് പറയാനാകില്ല. പ്രവാചകനെ മനസിലാക്കുമ്പോള്‍, അദ്ദേഹം ജീവിച്ച കാലവും ദേശവും സാഹചര്യങ്ങളും കേവല വ്യക്തി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളുമെല്ലാം ചേര്‍ത്തു വെച്ചില്ലെങ്കില്‍ മുരത്ത അന്ധവിശ്വാസങ്ങളില്‍ ആകും ചെന്ന് വീഴുക.

Related Articles