Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ സ്വത്വ നിര്‍മിതിയിലെ വികാസ ഘട്ടങ്ങള്‍

femin.jpg

സ്ത്രീ സ്വത്വ വായനകള്‍ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്.  ചരിത്രത്തില്‍ ഇതപര്യന്തം അതു കാണാന്‍ കഴിയും.  ഒരു കാലത്ത് ഇത്തരം പ്രവണതകളോടു മൗനം പാലിക്കേണ്ടി വന്നെങ്കിലും കാലം പിന്നീട് അതിനെ തിരുത്തി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉയര്‍ന്നു വന്ന ഫെമിനിസ്റ്റ് സൈദ്ധാന്തികത സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുത്തന്‍ വെളിച്ചമായിരുന്നു. ഈ കാലഘട്ടത്തില്‍ പ്രധാനമായ ഊന്നല്‍ ഉണ്ടായത് സ്ത്രീ പുരുഷര്‍ക്കിടയിലെ അന്തരം ഇല്ലാതാകാനും വിവേചനം അവസാനിപ്പിക്കാനുമായിരുന്നു. തുടര്‍ന്നുള്ള ഘട്ടത്തില്‍ പുരുഷന്റെ ആധിപത്യ മനോഭാവത്തോടുള്ള സംഘര്‍ഷമായിട്ടാണ് ഫെമിനിസം വികസിക്കുന്നത്. പുരുഷന്റെ ചോദ്യം ചെയ്യപെടാത്ത അധികാരത്തെ പ്രശ്‌നവല്‍കരിക്കുകയും സ്ത്രീ ശബ്ദത്തെ പുറത്തു കൊണ്ടുവരാന്‍ പ്രയത്‌നികുകയും ചെയ്തു.  ഈയൊരു ഘട്ടം അവസാനിക്കുന്നത് പരിപൂര്‍ണ്ണ സ്വാതന്ത്രവാദത്തിലാണ്. സ്ത്രീ പൂര്‍ണ സ്വതന്ത്രയാവുകയാണ് വിമോചനത്തിന്റെ അടിസ്ഥാനം എന്നവര്‍ വിശ്വസിച്ചു.  ഇങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കാലത്തോട് സംവദിച്ചാണ് സ്ത്രീ ചരിത്രത്തില്‍ നിലനിന്നിട്ടുള്ളത് എന്നാല്‍ ഏതൊരു ആശയത്തിനും സംഭവിക്കുന്നതു പോലെ ഫെമിനിസത്തിനും ചില അപചയങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

പാശ്ചാത്യ പ്രതലത്തില്‍ ജന്മം കൊണ്ടതിനാല്‍ ഈ ആശയത്തിന്‍ ലിബറല്‍ മതേതര സ്വഭാവം ഉണ്ടാകുന്നത് സ്വാഭാവികമാണ്.  എന്നാല്‍ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തിടത്ത് അവ പരാജയപ്പെടുന്നു.  മതേതര യുക്തിയാല്‍ സമ്പന്നമായ ഈ ആശയത്തിനു പക്ഷേ മതത്തോടു ഒരു രീതിയിലും സംവദിക്കാന്‍ കഴിഞ്ഞില്ല.  സ്ത്രീ വിമോചന പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചടിയായിരുന്നു.  ഈ പരിതസ്ഥിതി പുതിയൊരു ചുവടുവെപ്പിലേക്ക് ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ നയിച്ചു.  പടിഞ്ഞാറന്‍ പ്രതലത്തില്‍ നിന്നും മാറി കൊണ്ടുള്ള മതാത്മക ചിന്തകള്‍ വെളിച്ചം കാണുന്നതും ഈ പശ്ചത്തലത്തിലാണ്. ഏറെ പ്രസിദ്ധിയാര്‍ജിച്ച ഒന്നാണ് ഇസ്‌ലാമിക ഫെമിനിസം ഒരേ സമയം വിമര്‍ശനങ്ങള്‍ക്കും പ്രകീര്‍ത്തനങ്ങള്‍ക്കും വിധേയമായിട്ടുണ്ട് ഈ ആശയം.  മറ്റിതര മതതത്വ ശാസ്ത്രങ്ങളെക്കാള്‍ ഇസ്‌ലാമിക ഫെമിനിസം ചര്‍ച്ചയായത് അതിനോടുള്ള വിമര്‍ശനം കൊണ്ടു മാത്രമല്ല അനിഷേധ്യമായ അതിന്റെ വിമോചന മുല്യം കൊണ്ടു കൂടിയാണ്.  മതത്തെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പുരോഹിതാധിപത്യത്തെ പ്രമാണിക അടിത്തറയില്‍ നിന്നു കൊണ്ടു തന്നെ പ്രഹരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.  ഈ അര്‍ത്ഥത്തില്‍ പ്രസിദ്ധിയാര്‍ജിച്ച ഒരു കൃതിയാണ് ആമിന വദൂദിന്റെ ഖുര്‍ആന് ഒരു പെണ്‍വായന. പൂര്‍ണാര്‍ത്ഥത്തില്‍ ഇത്തരമൊരുവായനയെ അംഗീകരിക്കുന്നില്ലെങ്കിലും സാമൂഹികമായ അതിന്റെ പ്രസക്തിയെ ചോദ്യംച്ചെയ്യുന്നില്ല.  നമ്മള്‍ ജീവിക്കുന്ന ബഹുസ്വര പശ്ചാത്തലത്തില്‍ ഒരു പ്രത്യായശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ നിലനില്‍ക്കുക എന്നത് ഒരേ സമയം പ്രയാസ കരവും പ്രതിസന്ധിദായകവുമാണ്.  ഇവിടെ സഹിഷ്ണുതയുടെ പ്രചാരകരാവുകയാണ് വേണ്ടത്.  ‘തന്നില്‍ നിന്നും വ്യത്യസ്തമായ ഒരാശയം സ്വീകരിക്കാനുള്ള സന്നദ്ധതയല്ല സഹിഷ്ണുത. വ്യത്യസ്തമായ ആശയങ്ങള്‍ക്ക് ഇടമനുവദിക്കുന്നതിലൂടെ തങ്ങളുടെ ആശയങ്ങളെ അതുമായി ഒത്തു നോക്കാനും സ്വന്തം ആശയത്തിന്റെ വികസിത സ്വഭാവം  സാക്ഷാത്കരിക്കാനും കഴിയുമെന്നുള്ള ഒരു സ്വയം ബോധ്യമാണ് ‘ (കെ.ഇ.എന്‍).  ഇടതുപക്ഷ ചിന്തകനായ കെ. ഇ. എന്‍ ബഹുസ്വര സംവാദങ്ങളില്‍ പ്രസിദ്ധനാണ്. അദ്ദേഹം മുന്നോട്ട് വെക്കുന്ന പരിഹാര മാര്‍ഗം ആരോഗ്യപരമായ സംവാദമാണ്.  ‘ചിലതി’നോടുള്ള അസഹിഷ്ണുതയും മറ്റു ‘ചിലതി’നോടുള്ള ആരാധനയും നിലനില്‍ക്കുന്ന സാമൂഹിക പശ്ചാത്തലം സംവാദങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നുണ്ട്.  

മതേതരോത്തര വായനയുടെ പ്രസക്തി
രണ്ടു കാരണങ്ങളാണ് പുതിയ വായനക്ക് ആക്കം കൂട്ടുന്നത്.  ഒന്ന്, മതത്തെ നിര്‍വചിക്കുന്നിടത്തേ മതേതരത്വത്തിന്റെ സൈദ്ധാന്തിക ദാരിദ്ര്യം. രണ്ട്, മതത്തിന്റെ വ്യതിരിക്തമായ കാഴ്ച്ചപ്പാടും.  കാമ്പസുകളെ മുന്‍നിര്‍ത്തി മതേതരത്വത്തിന്റെ പോരായ്മയെ ചൂണ്ടിക്കാട്ടുന്ന കെ. അഷ്‌റഫിന്റെ ലേഖനം (ക്ലാസ്‌മേറ്റ്‌സ്, പ്രസാധനം എസ്.ഐ.ഒ കേരള) പ്രസക്തമാണ്.  ഒരു കാലത്ത് ഉയര്‍ന്നു വന്ന മഫ്ത വിവാദത്തിന്റെ മതേതര വായനയെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ‘മഫ്ത ഒരു വ്യക്തിയുടെ അവകാശത്തിന്റെ പൂര്‍ത്തീകരണമാണ്.  ഇതാണ് മഫ്ത അനുകൂലമായി ഉയര്‍ന്നു വന്ന പ്രധാന വാദഗതി.  ഇത് ലിബറല്‍ സെക്കുലര്‍ അവകാശത്തിന്റെ പൂര്‍ത്തീകരണമാണ്. മിക്ക വിദ്യാര്‍ത്ഥി സംഘടനകളും ഈ ആംഗിളില്‍ നിന്നു കൊണ്ടാണ് മഫ്ത പ്രശ്‌നത്തെ സമീപിച്ചത്. ഇവിടെ ഇങ്ങനെ ഇടപെടുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിക്കുന്ന അവകാശം എന്ന പ്രശ്‌നം (Right discourse) മഫ്ത ധരിക്കുന്ന ഒരു ഇസ്‌ലാമിക പ്രവര്‍ത്തകയുടെയോ അല്ലെങ്കില്‍ സാധാരണ മുസ്‌ലിം സ്ത്രീയുടെയോ താല്‍പ്പര്യത്തെ പൂര്‍ത്തികരിക്കുന്നില്ല.  ഇവിടെ സംഭവിക്കുന്നത് മതത്തെ സെക്കുലറിസം നിര്‍വചിക്കുന്നതാണ്’.  മാത്രമല്ല ചിരിത്രത്തില്‍ സെക്കുലറിസം നിലനിന്നിരുന്നത് അവര്‍ക്ക് സൗകര്യമുള്ള മുഖത്തെ കുറിച്ച് സംസാരിച്ചാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. മറുഭാഗത്ത് സബാ മഹ്മൂദിന്റെ (Politics of pitey) നീരിക്ഷണം സൂചിപ്പിക്കുന്നത് ഇങ്ങനെ: മുസ്‌ലിം സ്ത്രീക്ക് മഫ്ത എന്നുള്ളത് കേവലമായ വ്യക്തി അവകാശത്തിന്റെ പൂര്‍ത്തികരണം മാത്രമല്ലെന്നും മറിച്ച് ദൈവവും മനുഷ്യനും തമ്മിലുള്ള വിശുദ്ധ ബന്ധത്തിന്റെ  പൂര്‍ത്തീകരണം കൂടിയാണ്. ഇത് ലിബറല്‍ വ്യക്തി അവകാശത്തിന്റെ പരിധിയില്‍ നിന്നും പുറത്ത് പോകുന്നു.

Related Articles