Current Date

Search
Close this search box.
Search
Close this search box.

ശില്‍പങ്ങളായി വിരിഞ്ഞ വിമോചന സ്വപ്‌നങ്ങള്‍

വിമോചന പ്രതീകങ്ങളാണ് സാമി മുഹമ്മദിന്റെ ശില്‍പങ്ങളോരോന്നും. തന്നെ വരിഞ്ഞു മുറുക്കുന്ന ചങ്ങലക്കെട്ടുകളുടെ ബന്ധനത്തില്‍ നിന്ന്, അടിമത്തത്തിന്റെ പീഡനങ്ങളില്‍ നിന്ന്, മോചനം തേടുന്ന മനുഷ്യന്‍. ലോകമെങ്ങും അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, വിമോചനത്തിന്റെ സ്വപ്നങ്ങള്‍ അവയില്‍ നിറഞ്ഞു നില്‍ക്കുന്നു. അളവുകളില്‍ വ്യത്യാസമുണ്ടാകാമെന്നതിലപ്പുറം, മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സ്ഥലകാല വ്യത്യാസമില്ലെന്ന്, മര്‍ദകന് ലോകമെമ്പാടും സമാന സ്വഭാവമാണെന്ന്, ഒരേ മുഖമാണെന്ന്, കാഴ്ച്ചക്കാരനെ അവ ഓര്‍മപ്പെടുത്തുന്നു. മര്‍ദിതന്റെ കണ്ണുനീരിന് എല്ലായിടത്തും ഉപ്പുരസം തന്നെയാണല്ലോ.

ശില്‍പകലയില്‍ രചനയുടെ അമ്പതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ട കുവൈത്തിലെ പ്രമുഖ ശില്‍പിയാണ്, 72കാരനായ സാമി മുഹമ്മദ് എന്ന ശില്‍പവിദ്യയിലെ കുലപതി. വൈവിധ്യമാര്‍ന്ന ശില്‍പങ്ങളും പെയിന്റിങ്ങുകളും ചിത്രങ്ങളും ഉള്‍പ്പടെ തന്റെ 120 ലേറെ സൃഷ്ടികളുടെ പ്രദര്‍ശശനം ‘Sami Mohammed – A retrospective’ എന്ന പേരില്‍ കുവൈത്തില്‍ നടന്നുവരുന്നു. ശുവൈഖിലെ ‘Contemporary Art Platform’ ആര്‍ട്ട് ഗ്യാലറിയില്‍. അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ട കലാസപര്യയുടെ, ഉദാത്ത രചനകളുടെ പ്രദര്‍ശം. അവയിലെല്ലാം മുഴച്ചു നില്‍ക്കുന്നത്, മുമ്പ് സൂചിപ്പിച്ച പോലെ ചവിട്ടിയരക്കപ്പെട്ട മനുഷ്യരുടെ വിമോചനത്വരയാണതില്‍ പ്രകടമാവുന്നത്.

മരത്തടിയിലോ സിറാമിക്കിലോ വെങ്കലത്തിലോ തീര്‍ത്തവയാണ് സാമി മുഹമ്മദിന്റെ ശില്‍പങ്ങള്‍. തന്റെ കരവിരുതുകളിലേറെയും  പ്രമേയാധിഷ്ടിതവും വിഷയാധിഷ്ടിതവുമായ സൃഷ്ടികളാക്കി മാറ്റിയിരിക്കുകയാണ് ശില്‍പി. സംഘട്ടനങ്ങളുടെയും പ്രതിരോധത്തിന്റെയും മനസംഘര്‍ഷങ്ങളഉടെ തീഷ്ണത നിറഞ്ഞുനില്‍ക്കുന്നവയാണവ. സ്വാതന്ത്ര്യമെന്നത് അപ്രാപ്യവും അസാധ്യവുമെന്ന് പ്രത്യക്ഷത്തില്‍ തന്നെ തോന്നും വിധം സാഹചര്യങ്ങളെ അക്ഷീണ പരിശ്രമത്തിലൂടെ തളരാത്ത മനോവീര്യത്തോടെ നേരിടുന്ന മനുഷ്യര്‍. ജീവിതമെന്നത് അവര്‍ക്ക്  നിരന്തരമായ അദ്ധ്വാനമാണ്, സാഹസമാണ്, പോരാട്ടമാണ്.

മനുഷ്യന്റെല വേദനകള്‍ സഹനത്തിന്റെള നെല്ലിപ്പടി കടന്നാല്‍, സാധ്യമാവുംവിധം അതിജീവിക്കാനുള്ള ത്വരയാണ് അതവനിലുണ്ടാക്കുക. തങ്ങളെ ബന്ധിച്ചിരിക്കുന്ന അടിമത്വത്തിന്റെന വിലങ്ങുകള്‍ പൊട്ടിച്ചെറിയാന്‍, തടവറകള്‍ ഭേദിക്കാന്‍, അവന്‍ തുനിയും. കൈകാലുകള്‍ അസ്വതന്ത്രമാകുമ്പോള്‍ ശരീരം കൊണ്ടാവും അവന്റെ പോരാട്ടം.

1989-ല്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ‘ബന്ധിത’നില്‍ (The Tied Man), ശരീരവും കൈകാലുകളും തലയും തൂണുകളാല്‍ ബന്ധിക്കപ്പെട്ട മനുഷ്യന്‍, തന്റെ ഏക സ്വതന്ത്രാവയവമായ കാലുകള്‍ കൊണ്ട് ആ തൂണുകളെ ചവിട്ടിപ്പൊളിക്കുകയാണവന്‍. സ്വതന്ത്രമാവാനുള്ള തീവ്രശ്രമത്തില്‍ ബോക്‌സ് തകര്‍ത്തു  പുറത്തു വന്ന രണ്ടു കൈകള്‍ മാത്രം വെളിയില്‍ കാണുന്ന ‘An Attempt to Get Out’ഉം, മതില്‍ തകര്‍ത്തും തുരന്നും പുറത്തു കടക്കാന്‍ ശ്രമിക്കുന്ന Penteration-ഉം The moment of getting out-ഉം ‘Challenge’ഉം ‘ഞെരുക്ക’വും (Pressure), എല്ലും തൊലിയും മാത്രമായ അമ്മയും മകനുമുള്ള ‘വിശപ്പ്’ഉം (Hunger), ‘രക്തസാക്ഷിക’ളും തലയില്‍ കയറു വരിഞ്ഞുമുറുക്കി, വായയും കണ്ണും മൂടിക്കെട്ടിയ ശില്‍പവുമെല്ലാം വേദനയുടെയും വിശപ്പിന്റെയും പീഡനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകങ്ങളാണ്. ദുരന്തത്തിന്റെ ദൈന്യത പൂര്‍ണ്ണമായും ഒപ്പിയെടുത്ത 1982ലെ ‘Sabra and Shatila’യും ശ്രദ്ധേയമായ ശില്‍പമാണ്.

‘Stop’ സീരീസിലുള്ള സൃഷ്ടികള്‍, അനുവാചകനോടുള്ള ‘അരുത്’കളാണ്. 2000ന് ശേഷം അറബ് ലോകത്ത് കടന്ന് വന്ന സൂയിസൈഡ് ബോംബുകള്‍ വരെ ഇതില്‍ വിഷയമാകുന്നുണ്ട്. ശില്‍പങ്ങള്‍ കൂടാതെ ഇതേ ഇതിവൃത്തവുമായി അദ്ദേഹം വരച്ച നിരവധി ചിത്രങ്ങളും പെയിന്റിങ്ങുകളും പ്രദര്‍ശനത്തിലുണ്ട്.

ഇവയൊക്കെയും രചിക്കുമ്പോള്‍ കുവൈത്തായിരുന്നോ മനസ്സിലുണ്ടായിരുന്നത് എന്ന എന്റെ  ചോദ്യത്തിന്, സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ലോകമെമ്പാടുമുള്ള മനുഷ്യരുടെ സംഘര്‍ഷങ്ങളാണ് തന്റെ രചനകളിലുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് കുവൈത്താവാം, ഇന്ത്യയാവാം, ആഫ്രിക്കന്‍ – അമേരിക്കന്‍ രാജ്യങ്ങളാവാം, ലോകത്തെ ഏതു രാജ്യവുമാകാം. രാജ്യമേതെന്നത് അപ്രസക്തമാണ്.

1943-ല്‍ കുവൈത്തില്‍ ജനിച്ച സാമി മുഹമ്മദ്, ഈജിപ്തിലെ ഫൈന്‍ ആര്‍ട്‌സ് കോളേജിലും, തുടര്‍ന്ന് ശില്‍പകലയില്‍ യു.എസിലുമായിരുന്നു പഠനം. 1960 മുതല്‍ നിരവധി അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ കുവൈത്തിനെ പ്രതിനിധീകരിച്ചു വരുന്നു. 1984-ല്‍ International Cairo Biennaleയില്‍ ഒന്നാം സമ്മാനവും, 2010-ല്‍ Arab Thought Foundation’ന്റെ ‘Artistic Creativtiy Award’ഉം അടക്കമുള്ള നിരവധി അവാര്‍ഡുകളും ഈ ശില്‍പിയെ തേടിയെത്തിയിട്ടുണ്ട്. ശൈയിഖ് അബ്ദുള്ള അല്‍സാലിമിന്റേ വെങ്കലത്തില്‍ തീര്‍ത്ത ശിരസ്സും (1971) പ്രദര്‍ശനത്തിലുണ്ട്. മൂന്നു മാസങ്ങള്‍ നീളുന്ന പ്രദര്‍ശനം ജൂണ്‍ 14 വരെ ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.

Related Articles