Current Date

Search
Close this search box.
Search
Close this search box.

വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍

trgkj.jpg

കേരളത്തില്‍ പ്രായമായ ഹിന്ദു സ്ത്രീയെ മുസ്‌ലിംകള്‍ അക്രമിക്കുന്നെന്നും ഹിന്ദു വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുന്നുവെന്നുമുള്ള തരത്തില്‍ വ്യാപകമായ പ്രചാരണങ്ങളാണ് കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നത്.

‘ശംഖ്‌നാഥ്’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാപകമായി കള്ളങ്ങളും വ്യാജ വാര്‍ത്തകളും മന:പൂര്‍വം പ്രചരിപ്പിക്കുന്നത്. നിരന്തരം പ്രകോപനപരമായ പോസ്റ്റുകളും ചിത്രങ്ങളും നല്‍കുന്നതില്‍ കുപ്രസിദ്ധി നേടിയ ശംഖ്‌നാഥ് കേരളത്തില്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ച് വര്‍ഗീയ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഇത്തരം തട്ടിപ്പുവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ വികാരം ഇളക്കിവിടുകയാണ് ഇവരുടെ ലക്ഷ്യം.

ബംഗ്ലാദേശിലെ ചിറ്റഗോങ് ജില്ലയിലെ ജല്‍ദി ഗ്രാമത്തില്‍ നടന്ന ഒരു സംഭവത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം പൊള്ളയായ പ്രചാരണം നടത്തുന്നത്. പ്രായമുള്ള ഹിന്ദു സത്രീയെ ക്രൂരമായി മര്‍ദിച്ചുവെന്നും ക്ഷേത്രവും വിഗ്രഹങ്ങളും തകര്‍ക്കപ്പെട്ടുവെന്നും മതേതര കേരളത്തിലെ മുസ്‌ലിംകളാണ് ഇതിന് പിന്നിലെന്നുമാണ് സംഘം പ്രചാരണം നടത്തുന്നത്. ബോളിവുഡ് എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്നും ആസിഫ,ഇസ്‌ലാം എന്നീ ഹാഷ് ടാഗോടുകൂടിയാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്.

ആറു മാസം മുന്‍പ് ബംഗ്ലാദേശിലുള്ള ഫേസ്ബുക്ക് പേജായ സപ്‌റ്റോദിശ 2017 ഒക്‌റ്റോബറില്‍ പുറത്തുവിട്ട വാര്‍ത്തയും ചിത്രവുമാണ് ഇവര്‍ ഇതിനായി ഉപയോഗപ്പെടുത്തിയത്. പാവപ്പെട്ട ഒരു സ്ത്രീയെ അവരുടെ അയല്‍വാസിയായ പ്രദീപ് ഘോഷും അയാളുടെ മകനായ ബിശ്വജിത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു എന്നാണ് സപ്‌റ്റോദിശ ഇതിനു താഴെ വിവരണം നല്‍കിയത്. ഇവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ് ഇവരെ സഹായിക്കാനോ പരിചരിക്കാനോ ആരും ഇല്ലെന്നും അതിനാല്‍ ദയവായി ഇത്് ഷെയര്‍ ചെയ്യൂ എന്നുമായിരുന്നു പോസ്റ്റ്.

ഇതേ വാര്‍ത്തകള്‍ നേരത്തെ ബി.ജെ.പി എം.പിയായ പരേഷ് റാവളിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബാബു ഭയ്യ എന്ന വ്യക്തി ഹിന്ദിയില്‍ പ്രചരിപ്പിച്ചിരുന്നു. വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിച്ച് വസ്തുതാപരമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമമായ അള്‍ട്ട് ന്യൂസ് ആണ് വ്യാജ പ്രചാരണം പൊളിച്ചടുക്കിയത്.

ചിത്രത്തിലുള്ള കുട്ടിയുടെ ടീഷര്‍ട്ടില്‍ ബംഗാളി അക്ഷരങ്ങള്‍ കാണാം. തുടര്‍ന്ന് അള്‍ട്ട് ന്യൂസ് കേരള പൊലിസുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സംഭവം കേരളത്തിലെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നു അന്വേഷിച്ചു. എങ്കിലും ചിത്രത്തിന്റെ യഥാര്‍ത്ഥ ഉറവിടം എവിടെ നിന്നാണെന്ന് സ്ഥിതീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തിലേതല്ലെന്ന് വ്യക്തമാണ്. കത്വ വിഷയവുമായി ബന്ധപ്പെട്ടുള്ളതല്ല ഈ ചിത്രങ്ങള്‍ എന്നും അള്‍ട്ട് ന്യൂസ് ഉറപ്പു വരുത്തി.

പിന്നീട് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചെന്നാരോപിച്ച് കേരള പൊലിസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തതോടെ ശംഖ്‌നാദും ബാബു ഭയ്യയും ട്വിറ്ററില്‍ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ 2500ലധികം തവണയായി നിരവധി പേരാണ് ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതും റീപോസ്റ്റ് ചെയ്തതും. 26 ലക്ഷം മെമ്പര്‍മാരുള്ള ‘വീ സപ്പോര്‍ട്ട് നരേന്ദ്ര മോദി’ എന്ന ഗ്രൂപ്പിലും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

‘ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടത്തുന്നുവെന്നും ആസിഫക്കു വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്നും ഹിന്ദുക്കള്‍ അജ്ഞരാവുകയും മതേതരത്വം തുടരുകയും ചെയ്താല്‍ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നുമാണ്’ മറ്റൊരു പോസ്റ്റില്‍ പറയുന്നത്. ഇതിനായി ഉപയോഗിച്ച ചിത്രം അമ്പലത്തിന്റെ മതിലില്‍ ജസ്റ്റിസ് ഫോര്‍ ആസിഫ, ഇസ്‌ലാം എന്നിങ്ങനെ എഴുതിയതായിരുന്നു. എന്നാല്‍, ഇത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ ചെയ്തതാണെന്ന് തെളിഞ്ഞിരുന്നു.

ട്വിറ്ററില്‍ നിരന്തരമായി വ്യാജ-തട്ടിപ്പു വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിച്ച് വര്‍ഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന രണ്ടു അക്കൗണ്ടുകളാണ് ശംഖ്‌നാദും ബാബു ഭയ്യയുടെതും. ഇക്കാര്യത്തില്‍ കുപ്രസിദ്ധി നേടിയ മറ്റു നിരവധി അക്കൗണ്ടുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും കാണാം. നിജസ്ഥിതിയറിയാതെ നിരവധി പേരാണ് ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ വഴി സത്യമാണെന്ന് ധരിച്ച് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ പൊലിസും അധികൃതരും നടപടി കൈകൊള്ളുന്നില്ല. അധികാരത്തിലിരിക്കുന്നവരുടെ സംരക്ഷണയിലാണ് ഇവര്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഇതു തന്നെയാണ് ഇവര്‍ക്ക് സഹായകരമാവുന്നതും.

കടപ്പാട്: altnews.in

 

 

Related Articles