Current Date

Search
Close this search box.
Search
Close this search box.

മുഫ്തി ഇസ്മാഈല്‍ മെങ്ക്: മുസ്‌ലിം യുവതയുടെ പ്രഭാഷകന്‍

എല്ലാ വെള്ളിയാഴ്ചകളിലെയും പോലെ പള്ളിയിലേക്കെത്തുമ്പോള്‍, ഇന്ന് (13.11.2015) ഖതീബ് മിമ്പറില്‍ കയറിയിരുന്നു. ഹംദും സ്വലാതും ചൊല്ലുന്ന ശബ്ദം ചിരപരിചിതമാണ്. ഇന്ന് പതിവിലും കവിഞ്ഞ തിരക്കുണ്ട് പള്ളിയില്‍. അകത്ത് കയറാനാകാത്തവിധം കുറേ പേര്‍ പള്ളിവരാന്തയില്‍ തന്നെ നില്‍ക്കുന്നു. (മലേഷ്യന്‍ ഇന്റര്‍നാഷനല്‍) യൂണിവേഴ്‌സിറ്റിയുടെ വിശാലമായ പള്ളി മുറ്റത്ത് കുറേ വിദ്യാര്‍ത്ഥികളും സംഘാടകരും  ഇസ്രയേല്‍ ഫലസ്തീന്‍ പോരാട്ടത്തിന്റെ ദൈനംദിന കാഴ്ചകളുടെ ഒരു ചിത്രീകരണം സംഘടിപ്പിച്ചിട്ടുണ്ട്. ജുമുഅ നമസ്‌കാര ശേഷം നടക്കാനിരിക്കുന്ന ആ പരിപാടിയുടെ അവസാനവട്ട ഒരുക്കത്തിലാണവര്‍. ഖതീബിന്റെ ശബ്ദം ഇപ്പോള്‍ ശരിക്കും കേള്‍ക്കാം. സ്ഫുടമായ ഇംഗ്ലീഷില്‍ ഖുതുബ ആരംഭിച്ചുകഴിഞ്ഞു. ഭൂരിഭാഗവും വിദ്യാര്‍ത്ഥികളടങ്ങുന്ന വിശ്വാസി സമൂഹം ആ ഖുതുബയിലേക്ക് കാതോര്‍ത്തിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കേവര്‍ക്കും സുപരിചതനായ പ്രഭാഷകനായ മുഫ്തി ഇസ്മായില്‍ മെങ്കാണ് ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. വാട്‌സ് ആപിലൂടെയും യൂട്യൂബിലൂടെയും മലയാളി മുസ്ലിംകള്‍ക്കിടയിലും പ്രസിദ്ധനാണദ്ദേഹം. ആംഗലേയഭാഷയില്‍ ഇസ്‌ലാമിക് ക്ലാസുകള്‍ നിര്‍വഹിക്കുന്ന ലോകത്തിലെ മികച്ച പ്രഭാഷകരിലൊരാള്‍. അദ്ദേഹമാണ് എന്ന് മനസ്സിലാക്കിയിട്ടാകണം യൂണിവേഴ്‌സിറ്റികളിലെ അധിക വിദ്യാര്‍ത്ഥികളും നേരത്തേ തന്നെ പള്ളിയില്‍ സ്ഥാനമുറപ്പിച്ചത്. യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കുന്ന പല ആഗോള പണ്ഡിതന്‍മാരും ഈ പള്ളിയില്‍ ഖുതുബകള്‍ നിര്‍വഹിക്കാറുണ്ട്. ലോക മുസ്‌ലിം ഉമ്മത്തിന്റെ ഒരു പരിഛേദമാണ് യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍. നൂറില്‍പരം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന വിദ്യാര്‍ത്ഥികള്‍. ലോകത്തിലെതന്നെ മികച്ച ഇസ് ലാമിക പണ്ഡിതന്‍മാരും പ്രൊഫസര്‍മാരും ഗവേഷകരും, യുവപണ്ഡിതരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന പ്രബുദ്ധ സദസ്സ്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഒരര്‍ത്ഥത്തില്‍, നനാത്വത്തില്‍ ഏകത്വത്തെ പ്രതിനിധാനം ചെയ്യുന്നു. അത്തരമൊരു സദസ്സിനെ അഭിമുഖീകരിക്കുന്നതിന്റെ ഗൗരവം അദ്ദേഹത്തിന്റെ സംസാരത്തിലും പറയുന്ന വിഷയത്തിലുമുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകര്‍ക്കും തീര്‍ത്തും ഈമാനികാമായ ആവേഷം പകരുന്നതായിരുന്നു എന്നത്തെയും പോലെ അദ്ദേഹത്തിന്റെ ഖുതുബ.

ബാല്യവും വിദ്യാഭ്യാസവും
സിംബാബ്‌വേ തലസ്ഥാനമായ ഹരാരേയിലാണ് മുഫ്തി ഇസ്മാഈല്‍ മെങ്കിന്റെ ജനനം. സെക്കണ്ടറി തലം വരെ ഹരാരെയില്‍ നിന്നുതന്നെ വിദ്യാഭ്യാസം നേടിയ മെങ്ക് പിതാവ് മൂസാ മെങ്കില്‍ നിന്ന് ഇക്കാലയളവില്‍ ഇസ്‌ലാമികവിജ്ഞാനീയങ്ങളിലും പഠനമാരംഭിച്ചു. ചെറുപ്രായത്തിലെ ഖുര്‍ആന്‍ മനപ്പാഠമാക്കിയ മെങ്ക് അറബി ഉര്‍ദു ഭാഷകളും പിതാവില്‍ നിന്ന് പഠിച്ചു. സൗദിയിലെ മദീനായൂണിവേഴ്‌സിറ്റിയില്‍ നിന്നും ശരീഅ കോഴ്‌സില്‍ ബിരുദവും ഗുജറാതിലെ ദാറുല്‍ ഉലൂം, കന്താരിയ (ബറൂച്) നിന്ന് ഇഫ്താഇല്‍ (Islamic Jurisdiction) സ്‌പെഷലൈസേഷന്‍ ബിരുദവും കരസ്ഥമാക്കി. സിംബാബ് വേയിലെ മജ്‌ലിസുല്‍ ഉലമായിലെ ഫത്‌വാ വിഭാഗത്തിന്റെ തലവനും ഹരാരെയിലെ മസ്ജിദുല്‍ ഫലാഹിലെ ഇമാമുമാണ്.

കാലഘട്ടത്തിന്റെ പ്രബോധകന്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക് ലെക്ചറുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇദ്ദേഹം അഭ്യസ്തവിദ്യരായ യുവതലമുറയില്‍ ഏറെ സ്വാധീനമുള്ള യുവപ്രഭാഷകനാണ്. യു എസില്‍ നിന്നുള്ള നുഅ്മാന്‍ അലിഖാനൊപ്പം, മെങ്കിന്റെ പ്രഭാഷണങ്ങള്‍ക്കും ഏറെ ശ്രോതാക്കളുണ്ട് യൂട്യൂബില്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശിഷ്യാ യൂട്യൂബിലൂടെ പ്രബോധനം നിര്‍വഹിക്കുന്ന ആഗോള പണ്ഡിതരില്‍ മുന്‍പന്തിയില്‍ മെങ്കുമുണ്ട്. ആധുനിക കാലഘട്ടത്തില്‍ മുസ്‌ലിമിന്റെ പ്രശ്‌നങ്ങളും അവയ്ക്കുള്ള ലളിതമായ പരിഹാര നിര്‍ദേശങ്ങളുമാണ് ഇദ്ദേഹത്തിന്റെ ക്ലാസുകളുടെ മുഖ്യപ്രമേയം. പ്രശ്‌നസങ്കീര്‍ണ്ണമായ ലോകത്തില്‍ ഒരു വിശ്വാസിക്കു മുമ്പില്‍, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍, ഇസ്‌ലാമിനെ തെളിമയോടെ അവതരിപ്പിക്കുകയാണ് മെങ്ക് തന്റെ പ്രഭാഷണങ്ങളിലൂടെ. വിശ്വാസിയുടെ വ്യക്തി സംസ്‌കരണങ്ങളില്‍ ഊന്നിയുള്ളതാണ് അദ്ദേഹത്തിന്റെ അധിക പ്രഭാഷണങ്ങളും. മുസ്‌ലിം തീവ്രവാദം, ഇസ്‌ലാമോഫോബിയ, മുസ്‌ലിം ഐക്യം തുടങ്ങിയ വിഷയങ്ങളിലും മെങ്ക് ധാരാളം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിം ഐക്യമായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ നിര്‍വഹിച്ച ഖുതുബയിലെയും പ്രധാന വിഷയം. മുമ്പും പലവട്ടം മലേഷ്യയില്‍ വരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലാസ്സുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സ്വവര്‍ഗരതിയ്‌ക്കെതിരെയുള്ള ഇസ്‌ലാമിന്റെ ശക്തമായ നിലപാട് അവതരിപ്പിച്ച മുഫ്തിക്കെതിരില്‍ ബ്രിട്ടനിലെ ആറു പ്രമുഖ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധം നിമിത്തം 2013 ല്‍ ഓക്സ്‌ഫോര്‍ഡ്, ലീഡ്‌സ്, ലൈസസ്റ്റര്‍, ലിവര്‍പൂള്‍, കാര്‍ഡിഫ് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റികളില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര റദ്ദാക്കപ്പെടുകയുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മുജാഹിദ് സ്റ്റുഡന്‍്‌റ്‌സ് മൂവ്‌മെന്റ് നടത്തിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി മുഫ്തി ഇസ്മാഈല്‍ മെങ്ക് കേരളത്തിലും എത്തിയിരുന്നു.  

Related Articles