Current Date

Search
Close this search box.
Search
Close this search box.

മിഴിവാര്‍ന്ന ഓര്‍മകളുണര്‍ത്തുന്ന ‘മധുരമെന്‍ മലയാളം’

ഇലക്ട്രോണിക്ക് മീഡിയകളുടെ അതിപ്രസരം നമ്മുടെ പുസ്തക വായനയെ സാരമായി ബാധിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ പ്രത്യേക സ്ഥിതിവിവര കണക്കുകളുടെ ആവശ്യമില്ല. മലയാളികളുടെ ചരിത്ര സംസ്‌കാരം വിലയിരുത്തിയാല്‍ ‘വായന’ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു എന്ന് കാണാന്‍ കഴിയും. സോഷ്യല്‍ മീഡിയകളുടെ രംഗപ്രവേശത്തിന് മുമ്പ് വരെ നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഗ്രന്ഥാലയങ്ങള്‍ സജ്ജീവമായിരുന്നു. എന്നാല്‍ ഇന്ന് ഗ്രന്ഥാലയങ്ങള്‍ പലയിടത്തും ഉണ്ടെങ്കിലും പുസ്തകങ്ങള്‍ നെഞ്ചേറ്റി വായന ലോകത്തേക്ക് കടന്ന് വരുന്നവര്‍ വിരളമായി കൊണ്ടിരിക്കുന്നു. വൈജ്ഞാനിക വളര്‍ച്ച നല്ല നിലയില്‍ നടക്കണമെങ്കില്‍ നല്ല പുസ്തക വായന ഒരു അനിവാര്യ ഘടകമാണ് എന്നതില്‍ രണ്ടഭിപ്രായമില്ല. മാതൃഭാഷയും പുസ്തക വായനയും അവഗണിച്ച് ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ക്ക് പിറകെ നടക്കുന്ന പുതുതലമുറയുടെ സമീപനത്തില്‍ കാലോചിതമായ മാറ്റം വരുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പിറന്ന നാട്ടില്‍ ജീവിക്കുന്ന കുട്ടികള്‍ മാതൃഭാഷയെയും സംസ്‌കാരത്തെയും കുറേകൂടി നെഞ്ചേറ്റുവാന്‍ മുന്നോട്ടുവരുന്നുവെങ്കില്‍ പ്രവാസികളായ നമ്മുടെ കുട്ടികള്‍ ഇവയില്‍ നിന്നൊക്കെ ബഹുദൂരം പിന്നാക്കം പോകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മാതൃഭാഷയുടെയും സംസ്‌കാരത്തിന്റെയും മധുരം പ്രവാസിയുടെ ഗൃഹാതുരസ്മരണകളില്‍ മാത്രം ഒതുങ്ങുന്ന ഒരു കാലവും അധിവിദൂരമല്ല!

ഈ സന്ദര്‍ഭത്തിലാണ് ഗള്‍ഫ് മാധ്യമം പ്രാവാസി മലയാളി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ‘മധുരമെന്‍ മലയാളം’ പദ്ധതി ഏറെ പ്രസക്തമാകുന്നത്. കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും സാഹിത്യവുമെല്ലാം മാതൃഭാഷയുടെ മധുരം ചേര്‍ത്ത് പകരുന്ന അക്ഷരയാത്ര പ്രവാസി മലയാളി സമൂഹം ഇതിനകം നെഞ്ചേറ്റിക്കഴിഞ്ഞു. പിറന്ന നാടിന്റെ സ്വരമധുരിമ തിരിച്ചു പിടിക്കാന്‍ നടത്തുന്ന ഈ ശ്രമത്തിന് വിദേശ രാജ്യങ്ങളില്‍ വമ്പിച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. മലയാളഭാഷ പഠനമത്സരവും സാഹിത്യ പ്രചാരണ പരിപാടികളും അടങ്ങുന്ന വലിയ പദ്ധതിയാണ് ഇതിനായി ഗള്‍ഫ് മാധ്യമം ഒരുക്കിയിട്ടുള്ളത്. കേരള സാംസ്‌കാരിക വകുപ്പും, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും, മലയാളം മിഷനും, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് ഈ പദ്ധതി ഒരുക്കുന്നത് എന്നതും ഏറെ സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

പ്രവാസ ജീവിതത്തിന്റെ വേവും നോവും അനുഭവിക്കുമ്പോള്‍ അല്‍പം കുളിരും സമാധാനവും അനുഭവിക്കുന്നത് രസകരമായ വായന ശീലം സാധ്യമാകുമ്പോഴാണ്. ഫ്‌ലാറ്റുകളില്‍ സോഷ്യല്‍ മീഡിയകളില്‍ സായൂജ്യമടയുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ‘മധുരമെന്‍ മലയാളം’ നല്ല വായനയെ തിരിച്ചുപിടിക്കാന്‍ നിമിത്തമായതായി വിലയിരുത്തപ്പെടുന്നു. അനിയന്ത്രിതവും അലക്ഷ്യവുമായ ജീവിതം പ്രവാസി മക്കളെ കര്‍മവിമുഖരും നിഷ്‌ക്രിയരുമാക്കി മാറ്റിയിട്ടുണ്ട്.

ഭാഷയെയും സംസ്‌കാരത്തെയും തിരസ്‌കരിക്കുന്ന ഒരു പ്രവണത പ്രവാസി മക്കളില്‍ ഏറിവരുന്നു എന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നു. ‘ മടിയിലിരുത്തി കഥകള്‍ പറഞ്ഞ് കൊടുത്ത മുത്തശ്ശിമാര്‍ അന്യം നിന്ന് പോയ ഈ കാലഘട്ടത്തില്‍ ഗള്‍ഫ് മാധ്യമം ഒരുക്കുന്ന ‘മധുരമെന്‍ മലയാള’ത്തിന് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമെന്ന് ഈ ലേഖകന്‍ ജോലി ചെയ്യുന്ന സൗദിയിലെ സ്‌കൂളില്‍ സഹപ്രവര്‍ത്തകനായ മലയാളം വിഭാഗം തലവന്‍ സന്തോഷ് കുമാര്‍ ഒരു പരിപാടിയില്‍ പ്രസ്താവിച്ചത് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമായി തോന്നുന്നു. ഭാഷയെ സ്‌നേഹിക്കുന്നവരൊക്കെ ഇത്തരം നല്ല പരിപാടികളുമായി മുന്നോട്ടു പോയാല്‍ വമ്പിച്ച മാറ്റങ്ങള്‍ ഈ രംഗത്ത് നമുക്ക് പ്രതീക്ഷിക്കാം. സ്വന്തം ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശുദ്ധി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. ഭാഷയുമായി നമ്മുടെ മക്കളെ ബന്ധിപ്പിക്കാനും പ്രവാസ ജീവിത തിരക്കിനിടയില്‍ വായനക്കും എഴുത്തിനുമൊക്കെ സമയം കണ്ടെത്താന്‍ ശ്രമിക്കേണ്ടതും അനിവാര്യമാണ്. മലയാളിയുടെ ധന്യമായ ഭാഷ കൈവിട്ടു പോകാതെ സൂക്ഷിക്കാന്‍ വായന തീര്‍ച്ചയായും വഴിവെക്കുന്നു. ജീവിതത്തിന്റെ സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ തലങ്ങളെ കൂടുതല്‍ പുഷ്ടിപ്പെടുത്താന്‍ വായനയും പഠനവും ജീവിതത്തില്‍ കൈവിടാതെ സൂക്ഷിക്കാന്‍ നിര്‍ബന്ധമായും നാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പുതു തലമുറക്ക് കൈമോശം വരുന്ന പുസ്തക വായനയെ പരിപോഷിപ്പിക്കാനും മാതൃഭാഷയുടെ മധുരം കുട്ടികള്‍ക്ക് തിരിച്ചെത്തിക്കാനും ഗള്‍ഫ് മാധ്യമം നടത്തുന്ന ഉദ്യമങ്ങള്‍ അത് കൊണ്ട് തന്നെയാണ് നെഞ്ചോട് ചേര്‍ത്ത ഒരു ഹൃദയഭേരിയായി പ്രവാസലോകം അംഗീകരിച്ചത്.

Related Articles