Current Date

Search
Close this search box.
Search
Close this search box.

നന്മകള്‍ എടുത്ത് പറയുമ്പോള്‍

clapping741.jpg

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അനുശോചന യോഗത്തില്‍ പങ്കെടുക്കാനിടയായി. അതില്‍ സംസാരിച്ചവരെല്ലാം മരണപ്പെട്ട വ്യക്തിയിലുണ്ടായിരുന്ന വിവിധ നന്മകള്‍ എടുത്തു പറയുകയുണ്ടായി. അദ്ദേഹത്തോട് ചിലരെങ്കിലും മുഖം ചുളിച്ചു നടന്നിരുന്നതു പോലും സത്യത്തിന്റെ പാതയില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാത്തത് കൊണ്ട് മാത്രമാണെന്നും വിവിധ സംഭവങ്ങള്‍ നിരത്തി ചിലര്‍ വിവരിച്ചു. പക്ഷെ അദ്ദേഹം ഇത്രക്കും ഉയര്‍ന്ന നീതിയും സംസ്‌കാരവും മുറുകെ പിടിച്ച വ്യക്തിയാണെന്നുള്ളത് മരണ ശേഷം മാത്രമാണ് എന്നെ പോലെ അവിടെ കൂടിയ പലരും അറിയുന്നത് തന്നെ.

ജീവിച്ചിരിക്കുമ്പോള്‍ ഏതൊരു വ്യക്തിയും കേള്‍ക്കാനാഗ്രഹിക്കുന്നതാവുമല്ലോ തന്നെക്കുറിച്ച് അടുപ്പമുള്ളവരെങ്കിലും നല്ലത് പറയുക എന്നത്. അത് ചെയ്യുന്ന പ്രവൃത്തികളില്‍ ആത്മവിശ്വാസം പകരുകയും കൂടുതല്‍ നന്മകള്‍ ചെയ്യാനുള്ള ആവേശം നല്‍കുകയും ചെയ്യും. അത് ഒരു മാനുഷിക സവിശേഷതയാണ്. മറിച്ച് എന്ത് ചെയ്താലും കുറ്റപ്പെടുത്തലും അംഗീകരിക്കാതിരിക്കലുമെല്ലാം ഒരു സ്വാഭാവിക മടുപ്പിന് കാരണമാവുകയും ചെയ്യും.

ഏതൊരു ജോലിയാണെങ്കിലും ചെയ്യുന്ന മികച്ച പ്രവൃത്തികള്‍ക്കുള്ള അംഗീകാരവും പ്രോത്സാഹനവും ആ വ്യക്തിയെ സംബന്ധിച്ചേടത്തോളം കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു കൊടുക്കും. ഇവിടെ ഈ വ്യക്തിയും ഒരുപാട് ചെയ്‌തെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ കൂടുതലാരും അത് മനസ്സിലാക്കിയില്ല. അറിയുന്നവര്‍ തന്നെ പറഞ്ഞതുമില്ല. അതിനാല്‍ തന്നെ ഏറെ പഴി കേട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരു പക്ഷെ, ചെറിയ പ്രോത്സാഹനവും പിന്തുണയും കൊടുക്കാനായിരുന്നെങ്കില്‍ ആ നന്മകള്‍ ഇരട്ടികളായി വര്‍ധിച്ചേനെ.

കഴിഞ്ഞ ദിവസം ഒരു യാത്രയയപ്പ് യോഗത്തിലും പങ്കെടുക്കുകയുണ്ടായി. അവിടെ ആ യാത്രയയക്കപ്പെടുന്ന വ്യക്തിയിലെ ചില സദ്ഗുണങ്ങള്‍ പലരും പങ്കുവെച്ചു. അത് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നതോടൊപ്പം കേള്‍ക്കുന്നവരില്‍ അത്തരം നന്മകള്‍ പകര്‍ത്താന്‍ പ്രേരകവും ആയേക്കാം. ഈ വിഷയത്തില്‍ പലര്‍ക്കും വിവിധ അഭിപ്രായങ്ങളുണ്ടായേക്കാം. എങ്കിലും ഒരാളിലെ നന്മകള്‍ അംഗീകരിക്കപ്പെടണം എന്നാണ് എന്റെ പക്ഷം. അതിന് പിന്തുണയും പ്രോത്സാഹനവും കൊടുക്കുകയും വേണം. അത് അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ.

Related Articles