Current Date

Search
Close this search box.
Search
Close this search box.

ഒരു മഴ പെയ്താല്‍…

മഴക്കാലത്ത് മഴ കിട്ടിയില്ലെങ്കില്‍ ഇനി അടുത്ത വേനല്‍ പതിവിലും കനക്കും എന്ന് പറയുന്നവര്‍…
മഴ കനക്കുമ്പോഴേക്കും കിടപ്പാടം മാറ്റി മേയാന്‍ തിരക്കുകൂട്ടുന്നവര്‍…
കുടകളും കോട്ടുകളും വലകളും മാര്‍ക്കറ്റിലെത്തിക്കാനും വാങ്ങാനും ഒരുങ്ങുന്നവര്‍…
മഴ പെയ്യാതിരിക്കട്ടെ എന്ന് മനസ്സില്‍ പറഞ്ഞുപോകുന്ന ചിലരുണ്ട്, അത് ഇഷ്ടികക്കളത്തിലെയോ ഓട്ടുകമ്പനിയിലെയോ തൊഴിലാളിയോ കുശവനോ ഒന്നുമല്ല. ഇന്നത്തെ പച്ച മലയാളി തന്നെയാണ്. അവനെങ്ങനെ മഴയെ ശപിക്കാതിരിക്കും? മഴവെളളം വന്നാല്‍ കാലു നിലത്തുവെക്കാതെ നടക്കാന്‍ പഠിക്കണം. വേനല്‍ മുഴുവന്‍ പണിപ്പെട്ട് ശേഖരിച്ചുവെച്ച  മാലിന്യക്കൂമ്പാരമെല്ലാം ഓവുചാലുകളും പാതയോരങ്ങളും വിട്ട് പിണങ്ങിയിറങ്ങാന്‍ തുടങ്ങും. ചിലപ്പോള്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനുളള കടക്ക് തൊട്ടപ്പുറം നിന്ന് കടയിലേക്ക് നോക്കി നിര്‍വൃതിയടയേണ്ടി വരും. പോസ്പിറ്റലിന്റെ മുന്നില്‍ സെക്യൂരിറ്റി സിസ്റ്റം കണക്കെ നിന്ന് അകത്തേക്ക് കടത്തിവിടാതെ മണവും വിത്തുഗുണവും പ്രദാനം ചെയ്ത് ഓവുചാല്‍ കൊഞ്ഞനംകുത്തും.
എന്തായാലും രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ വീടണയാതെ പറ്റില്ലല്ലോ എന്നതിനാല്‍ എല്ലാം ഒന്നില്‍ കല്‍പിച്ച് ഒഴുക്കിനെതിരെ മൂക്കുപൊത്തി വീടണയുമ്പോഴേക്ക് ചൊറിയാന്‍ സമയം വേറെ കാണേണ്ടി വരും.

വോട്ടുകൊടുത്ത് ജയിപ്പിച്ചവരൊന്നും റോഡിലെ ഈ മാലിന്യക്കൂമ്പാരങ്ങളൊന്നും കാണുന്നില്ലേ എന്ന് വേവലാതിപ്പെടുമ്പോള്‍ ഓര്‍ത്തുപോവാറുണ്ട് സംസ്ഥാനത്തിന്റെ തെക്കെ അറ്റത്തുള്ള നേതാക്കളൊന്നും വടക്കേ അറ്റത്ത് വന്ന് നിറക്കുന്നതല്ലല്ലൊ മാലിന്യ സംഭരണികള്‍. എന്നാലും അവര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളില്‍ ദാഹമകറ്റാന്‍ കൊടുക്കുന്ന വെള്ളക്കുപ്പിയുടെ കണക്ക് മുതലങ്ങോട്ട് നോക്കിയാല്‍ ഒരുദിവസം ഒരു നേതാവിനു കീഴില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തന്നെ ധാരാളമാണ്. സാധാരണക്കാരന്റെ പോലും കല്യാണ വീടുകളില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന കെങ്കേമരീതികള്‍ അവശേഷിപ്പിക്കുന്നത് ഭക്ഷണത്തിന്റെയും ഡിസ്‌പോസിബ്ള്‍ സാധനങ്ങളുടെയും വൈവിധ്യങ്ങളാണ്.

കുടിവെള്ളത്തിന്റെ പൈപ്പ് തിരിച്ചാല്‍ മിക്കപ്പോഴും കാറ്റ് വന്ന് മറുപടി പറയുന്ന അവസ്ഥ കാരണം പട്ടിണിയോട് പോലും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കേണ്ടി വരുന്നവരാണ് പലരും. ഇത്തരമൊരു വീട്ടില്‍ കഴിഞ്ഞദിവസം കോഴിക്കോട് കോര്‍പറേഷന്റെ കീഴില്‍ പി.വി.സി പൈപ്പുപയോഗിച്ചുള്ള മാലിന്യനിര്‍മാജനരീതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ ഓരോ വീടും സന്ദര്‍ശിച്ച കൂട്ടത്തില്‍ മുറ്റം നിറയെ ടൈല്‍സ് പാകിയ ഒരു വീട്ടിലെത്തി. പൈപ്പ് ഫിറ്റ് ചെയ്യണമെങ്കില്‍ ടൈല്‍ ഇളക്കി മാറ്റേണ്ടി വരില്ലേ എന്ന് അവര്‍ ചോദിച്ചതിന്റെ പിന്നാമ്പുറം പെട്ടെന്ന് മനസ്സിലാവും. പത്രങ്ങള്‍ക്ക് ദിവസവും ഏതെങ്കിലുമൊരു പ്രകൃതിഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്ത കിട്ടാതിരിക്കില്ല. ആദ്യമൊക്കെ നഗരവാസികള്‍ക്ക് മാത്രം ചിരപരിചിതമായിരുന്ന ഡെങ്കി, മലമ്പനി, മന്ത്, ചികുന്‍ഗുനിയ പോലുളള രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകള്‍ ഇപ്പോള്‍ അതിരുകള്‍ ഭേദമില്ലാതെ മൂളിപ്പറക്കുകയാണ്.

മഴക്കാലം കൊതുകുശല്യവും രോഗഭീഷണിയും കനത്തില്‍ വ്യാപിപ്പിക്കുമെന്ന ആശങ്ക ആഗോഗ്യ വകുപ്പുദ്യോഗസ്ഥരെപ്പോലെ എല്ലാവര്‍ക്കുമുണ്ട്. എന്നാലും ഇതൊക്കെ ഓരോരുത്തനും മനസ്സുവെച്ചാല്‍ കുറച്ചു കൊണ്ടുവന്ന് ക്രമേണ ഇല്ലാതാക്കാന്‍ കഴിയുന്ന ശീലങ്ങളല്ലേ. പരിസരശുചീകരണത്തിന്റെ കാര്യത്തില്‍ ആളുകള്‍ വെച്ചുപുലര്‍ത്തുന്ന അലംഭാവമാണ് കൊതുകുകളും പെരുച്ചാഴിയുമെല്ലാം നാടുവാഴാന്‍ കാരണം.

ഓടകള്‍ എന്നും റോഡിന് അരികുകീറിയും നടുവെ കീറിയും പുതിയത് ഉണ്ടാക്കിക്കൊണ്ടുമിരിക്കുന്നതിനേക്കാള്‍ നന്നാവുക, നിലവിലുള്ള ഓടകളില്‍ കെട്ടിനില്‍ക്കുന്ന മാലിന്യങ്ങളും മണ്ണും നീക്കംചെയ്യുകയും ലാര്‍വകളെ നശിപ്പിക്കുകയും ചെയ്യുന്നതായിരിക്കും. വീടുകളിലെ ശുചിത്വമില്ലായ്മയും കണക്കിലെടുക്കണം.  
മഴ പെയ്യുമ്പോള്‍ ഉള്‍കുളിര് ചോര്‍ന്നുപോവാതെ മനസ്സിലത് ഏറ്റുവാങ്ങി തണുപ്പിനെ നെഞ്ചോട് ചേര്‍ക്കാം. നിന്നെ പേടിയാണെന്ന് പറഞ്ഞ് മനസ്സറിഞ്ഞ് പെയ്യാന്‍ വരുന്ന അവളെ മടക്കി അയക്കാതിരിക്കുക.

Related Articles