Current Date

Search
Close this search box.
Search
Close this search box.

ആരാധനയുടെ സുഗന്ധവും ആദരവിന്റെ സൗകുമാര്യവും

namaz.jpg

അനുഷ്ഠാനങ്ങളായി കല്‍പിക്കപ്പെട്ട ആരാധനകളിലെ നമസ്‌കാരത്തെ കുറിച്ച് മനസ്സിരുത്തി ഒന്നു വിലയിരുത്തി നോക്കിയിട്ടുണ്ടോ്? സ്രഷ്ടാവ് സൃഷ്ടികള്‍ക്കായി അനുവദിച്ച സമാഗമ സമയം. അശുദ്ധികളില്‍ നിന്നെല്ലാം ശുദ്ധിയായി സ്രഷ്ടാവായ തമ്പുരാന്റെ മുമ്പില്‍ നിശ്ചിത സമയത്ത് ഹാജറാകുന്ന നിമിഷം. ഏകാഗ്ര ചിത്തനായി സാഷ്ടാംഗത്തിന്റെ കേന്ദ്ര ബിന്ദുവിലേയ്ക്ക് മിഴികളും മനസ്സും പതിപ്പിച്ചു നില്‍ക്കുന്ന മുഹൂര്‍ത്തം. നാഥാ നീ തന്നെയാണ് അത്യുന്നതന്‍ എന്നുദ്‌ഘോഷിച്ച് കൊണ്ട് ഇരു കൈകളും കീഴടങ്ങലിന്റെ മാതൃകയില്‍ ഉയര്‍ത്തി ജീവന്‍ മിടിക്കുന്ന താളത്തിലേയ്ക്ക് ചേര്‍ത്ത് വെയ്ക്കുന്നു. എന്നിട്ട് പ്രതിജ്ഞ പുതുക്കുന്നു. ആകാശങ്ങള്‍ക്കും ഭൂമിക്കും അധിപനായ പരിപാലകനിലേയ്ക്ക് മുഖം തിരിച്ചിരിക്കുന്നു എന്ന ബോധ്യത്തെ അടിവരയിട്ട് അടയാളപ്പെടുത്തി വിശ്വാസ ദാര്‍ഢ്യം ആവര്‍ത്തിക്കുന്നു. പ്രാര്‍ഥനയും, കര്‍മ്മങ്ങളും, ജിവിതവും, മരണവും ദൈവ സരണിയിലായിരിക്കും എന്നു ആണയിടുന്നു. ദിവ്യത്വത്തില്‍ പങ്കാളികളെ ചേര്‍ക്കാതെ ശാസനകള്‍ ശിരസ്സാ വഹിച്ചു കൊണ്ട് നിസ്വാര്‍ഥനായ അനുസരണ ശീലനാണെന്നു സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരത്തിലൊരു പ്രതിജ്ഞയ്ക്ക് ശേഷം ഖുര്‍ആനിലെ ആമുഖ പ്രാര്‍ഥന നടത്തുന്നു. സ്‌ത്രോത്രങ്ങളും, സങ്കീര്‍ത്തനങ്ങളും, സദ്‌വിചാരങ്ങളും സമന്വയിപ്പിച്ച ഹൃദയഹാരിയായ വചനസുധ. ഇസ്‌ലാമിന്റെ സാങ്കേതിക ശബ്ദത്തില്‍ പറഞ്ഞാല്‍ ദിക്‌റും, ശുക്‌റും, ഫിക്‌റും ഇഴചേര്‍ന്ന സൂക്തം. അനുഗ്രഹിച്ചരുളപ്പെട്ടവരില്‍ ചേര്‍ക്കണേ എന്ന പരിദേവനത്തോടെ പ്രാര്‍ഥനക്ക് വിരാമം കുറിക്കുന്നു.

പിന്നീടുള്ള ഒരോ ശരീര ഭാഷയും ഭാവവും അതിലുള്ള മന്ത്രങ്ങളും ഏറെ ശ്രേഷ്ഠം തന്നെ. ഒരോ ഭാവത്തിലേയ്ക്ക് പ്രവേശിക്കുമ്പോഴും ദൈവത്തെ വാഴ്ത്തുന്നു. രണ്ട് കൈകളും കാല്‍ മുട്ടില്‍ തൊട്ട് കുനിഞ്ഞു നിന്നു കൊണ്ട് ദൈവത്തിന്റെ മഹത്വത്തെ വാഴ്ത്തുന്നു. വീണ്ടും കൈകളുയര്‍ത്തി സ്‌ത്രോത്രങ്ങളും സങ്കീര്‍ത്തനങ്ങളും. സാഷ്ടാംഗത്തില്‍ ദൈവത്തിന്റെ അത്യുന്നതിയെ വാഴ്ത്തുന്നു. സാഷ്ടാംഗത്തിന്റെ ഇടയിലുള്ള ഇരുത്തത്തില്‍ ജിവിതത്തിലെ വളരെ നിര്‍ണ്ണായകമായ സപ്ത സൗഭാഗ്യങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു. പാപമോചനം, കാരുണ്യം, ഐശ്വര്യം, അഭിമാനം, ജിവിത വിഭവം, മാര്‍ഗ്ഗ ദര്‍ശനം, ജീവിത സാഫല്യം തുടങ്ങിയവ സംക്ഷിപ്തമായി ദൈവ സന്നിധിയില്‍ അവതരിപ്പിച്ച് അഭ്യര്‍ഥിക്കുന്നു. ഇതു പോലെ തന്നെ സകല തിരുമുല്‍ കാഴ്ചകളും ദൈവത്തിനു സമര്‍പ്പിച്ചുള്ള ഇടയിലെ വിശ്രമ ഇരുത്തവും നമസ്‌കാരാന്ത്യത്തിലെ ഇരുത്തവും തേട്ടവും ഹൃദയാവര്‍ജ്ജകം തന്നെ.

എല്ലാ തിരുമുല്‍ കാഴ്ചകളും പ്രകീര്‍ത്തനങ്ങളും പ്രാര്‍ഥനകളും മറ്റു സല്‍കര്‍മങ്ങളും എല്ലാം ദൈവത്തിനാകുന്നു. പ്രവാചകരെ അങ്ങയുടെ മേല്‍ ദൈവത്തിന്റെ സമാധാനവും സൗഖ്യ സൗഭാഗ്യവുമുണ്ടാകട്ടെ. ഞങ്ങള്‍ക്കും ദൈവത്തിന്റെ സജ്ജനങ്ങളായ ദാസന്മാര്‍ക്കും ദൈവത്തിന്റെ സമാധാനവും സൗഖ്യ സൗഭാഗ്യവുമുണ്ടാകട്ടെ. ദൈവമല്ലാതെ ആരാധ്യനില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. തീര്‍ച്ചയായും മുഹമ്മദ് നബി(സ) ദൈവത്തിന്റെ ദൂതനാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നാഥാ ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി(സ) യുടെ മേല്‍ നീ അനുഗ്രഹം ചൊരിയണേ.

മുഹമ്മദ് നബി(സ) ക്കും കുടുംബത്തിനും നീ അനുഗ്രഹം വര്‍ഷിക്കണേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും അനുഗ്രഹം വര്‍ഷിപ്പിച്ചതു പോലെ. മുഹമ്മദ് നബിക്കും കുടുംബത്തിനും നീ ഐശ്വര്യം പ്രധാനം ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ഐശ്വര്യം പ്രധാനം ചെയ്തത് പോലെ. തീര്‍ച്ചയായും നീ ലോകരില്‍ നിന്നും പ്രകീര്‍ത്തനതിന് അര്‍ഹനും അത്യുന്നതിയിലുള്ളവനുമാകുന്നു.

നാഥാ ഞാന്‍ മുമ്പ് ചെയ്തതും പിന്നീട് ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. അവയെപ്പറ്റി എന്നേക്കാള്‍ നന്നായി അറിയുന്നവന്‍ നീയാണ് . നീയാണ് മുന്തിക്കുന്നവന്‍. നീ തന്നെയാണ് പിന്തിക്കുന്നവന്‍. നീയല്ലാതെ ഒരാരാധ്യനുമില്ല. നാഥാ ഞാന്‍ നിന്നോട് കാവല്‍ തേടുന്നു. ഖബര്‍ ശിക്ഷയില്‍ നിന്നും നരക ശിക്ഷയില്‍ നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും നാശങ്ങളില്‍ നിന്നും മസീഹുദ്ധജ്ജാലിന്റെ കുതന്ത്രങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് കാവല്‍ തേടുന്നു.

ഈ മനോഹരമായ ഹൃദയ മന്ത്രണത്തില്‍ ദൈവത്തിന്റെ ഔന്നത്യവും, പ്രവാചകന്റെയും കുടുംബത്തിന്റെയും പദവികളും, സജ്ജനങ്ങളുടെ സ്ഥാനമാനങ്ങളും കൃത്യമായി നിര്‍ണ്ണയിക്കപ്പെടുന്നുണ്ട്. അര്‍ച്ചനകളും അര്‍ഥനകളും ആത്മാര്‍പ്പണവും ദൈവത്തിനു സമര്‍പ്പിക്കുന്നു. ദൈവപ്രീതി നേടിയവരോടുള്ള ആദര സൂചകമായി അവര്‍ക്ക് വേണ്ടി പ്രാര്‍ഥനകള്‍ നടത്തുന്നു. അഥവാ ആരാധനയുടെ സുഗന്ധവും ആദരവിന്റെ സൗകുമാര്യവും അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കുന്നു.

ദൈവ സങ്കല്‍പത്തിന്റെ മര്‍മ്മവും നൈര്‍മല്യവും ഇവിടെ പാഠം നല്‍കുന്നുണ്ട്. ഇതര അനുഷ്ഠാനങ്ങളില്‍ നിന്നും എല്ലാ അര്‍ഥത്തിലും വ്യതിരിക്തത പുലര്‍ത്തുന്ന നമസ്‌കാരം അതി മനോഹരമായ ഒരു സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നു. ദൈവ ഭവനങ്ങളില്‍ നിന്നും സമയാ സമയങ്ങളിലെ ഓര്‍മ്മപ്പെടുത്തലുകളായ ബാങ്ക് വിളിയും അതിനുള്ള പ്രത്യുത്തരവും തുടങ്ങി ഈ മഹത്തായ കര്‍മ്മത്തിന്റെ രൂപത്തിലും ഭാവത്തിലും അനുഷ്ഠാനത്തിലും നമസ്‌കാരത്തെ ഉള്‍കൊള്ളാനാകുന്നവനാണ് സൗഭാഗ്യവാന്‍.

Related Articles