Current Date

Search
Close this search box.
Search
Close this search box.

ഉടുമുണ്ട് പൊക്കുന്ന ഇന്ത്യന്‍ ജനാധിപത്യം

എൻ ഡി ടി വി  ജേർണലിസ്റ്റ് NIDIN RAZDAN തന്റെ ട്വീറ്ററിൽ ഇങ്ങിനെ കുറിച്ചു ” എന്റെ രണ്ട് സഹപ്രവർത്തകരായ അരവിന്ദ് ഗുണശേഖരെയും ഒപ്പം സൗരബ് ശുക്ലയെയും ദില്ലിയിൽ ഒരു ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചു, അവർ “നമ്മുടെ ജനത- ഹിന്ദുക്കൾ” ആണെന്ന് തിരിച്ചറിഞ്ഞതിനുശേഷം മാത്രമാണ് അവരെ അടിക്കുന്നത് നിർത്തിയത്. തികച്ചും നിന്ദ്യമായ കാര്യമാണിത്.

കലാപത്തെ കുറിച്ചു ദേശീയ മാധ്യമങ്ങൾ എന്ത് പറയുന്നു എന്നതായിരുന്നു എന്റെ ആകാംക്ഷ. രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി എന്ന രീതിയിലാണ് അധികവും വാർത്തകൾ. മലയാള പത്രങ്ങളും ആ രീതിയിൽ തന്നെ വാർത്തകൾ കൈകാര്യം ചെയ്യുന്നു. അതെ സമയം എല്ലാവരും ഒന്നിക്കുന്ന കാര്യം ഈ കലാപം ഇത്ര രൂക്ഷമാകുന്നതിൽ പോലീസിന്റെ പങ്കാണ്. പലപ്പോഴും പോലീസ് അക്രമികളുടെ മുന്നിൽ നിസ്സംഗനായി നില കൊണ്ടു. രണ്ടു മുസ്ലിം പള്ളികൾ നശിപ്പിക്കപ്പെട്ട വാർത്ത അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമികൾ ” ജയ് ശ്രീറാം” എന്ന് ഉറക്കെ വിളിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നു.

ഇതിനെ ഒരു ഹിന്ദു മുസ്ലിം കലാപം എന്ന രീതിയിൽ ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. കിഴക്കു വടക്കൻ ഡൽഹിയിൽ നിന്നും തുടങ്ങിയ ഏകപക്ഷീയ കലാപം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് കടന്നു ചെന്നതിന്റെ പിന്നിലെ ഗൂഢ ഉദ്ദേശം മനസ്സിലാക്കാൻ കഴിയുന്നതാണ്. CAA ക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന സമരം വാസ്തവത്തിൽ സംഘ പരിവാറിനെ വല്ലാതെ വിഷമിപ്പിക്കുന്നു. ദൽഹി ദേശീയ തലസ്ഥാനമാണ് എന്നത് പോലെ തന്നെ ഈ സമരവും അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സമരം ചെയ്യാനുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചതാണ്. കുഴപ്പമുണ്ടാക്കുന്ന ഒന്നും ഇതുവരെ സമരക്കാരിൽ നിന്നും രാജ്യത്ത് ഒരിടത്തും നാം കണ്ടില്ല. തികച്ചും സമാധാന പരവും ജനാധിപത്യ രീതിയിലുമുള്ള സമരങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അത് തന്നെയാണ് സർക്കാരിനെയും സംഘ പരിവാറിനെയും വിഷമിപ്പിക്കുന്നതും. അതെ സമയം സമരങ്ങളെ കലാപവുമായി ബന്ധിപ്പിച്ചാൽ പെട്ടെന്ന് തന്നെ അവ നിർത്തലാക്കാൻ കഴിയും. അപ്പോൾ കലാപം ഒരു സംഘ പരിവാർ അജണ്ടയാണ്.

ബി ജെ പി നേതാവ് കപിൽ മിശ്ര ഒരു കാരണമാണ് എന്നെ പറയാൻ കഴിയൂ. ” മൂന്ന് ദിവസം കൊണ്ടു ജാഫ്രാബാദിൽ നിന്നും ചന്ദ്‌ബാഗിൽ നിന്നുമുള്ള സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരെ ഒഴിപ്പിക്കുക അല്ലെങ്കിൽ‌ അതിന്റെ അനന്തരഫലങ്ങൾ‌ നേരിടുക” എന്നതായിരുന്നു അദ്ദേഹം നൽകിയ നിർദ്ദേശം. ” ജനങ്ങൾ നിങ്ങളെ കേൾക്കില്ല” എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കലാപത്തിനുള്ള ആഹ്വാനമായി ബി ജെ പി നേതാക്കൾ തന്നെ സമ്മതിക്കുന്നു. അവരുടെ തന്നെ എം പി യായ ഗൗതം ഗംഭീർ തന്നെ കപിൽ മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം കലാപ കാരണം മറച്ചു വെച്ച് കൊണ്ടാണ് പലരും വാർത്ത നൽകുന്നത്. CAA അനുകൂലികളും എതിരാളികളും എന്ന രീതിയിലാണ് നമ്മുടെ അധികം മാധ്യമങ്ങളും വാർത്ത നൽകുന്നത്. അക്രമത്തിലൂടെയല്ല ജനാധിപത്യത്തിലൂടെ മാത്രമേ ഈ കാടത്ത നിയമത്തെ കൈകാര്യം ചെയ്യാൻ കഴിയൂ എന്നുറപ്പാണ്.

Also read: ഇമാം ബന്നയും സാമൂഹിക പരിഷ്‌കരണ മാതൃകയും

CAA വിരുദ്ധ സമരത്തിന്റെ അടുത്തപടി എങ്ങിനെയാകുമെന്നതിന്റെ ഉദാഹരണാമായി പുതിയ സംഭവ വികാസങ്ങളെ മനസ്സിലാക്കാം. ഇരുപതു ജീവനുകൾ ഇതുവരെ നഷ്ടമായിട്ടുണ്ട്. നൂറു കണക്കിന് പേര് പരിക്കുകളോടെ ആശുപതത്രികളിൽ കഴിയുന്നു. അവർക്കു കൃത്യമായ ചികിത്സ നൽകണമെന്നു കോടതി നിർദ്ദേശിച്ചിരിക്കുന്നു. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന പദ്ധതി തന്നെയാണ് സംഘ് പരിവാർ ഡൽഹിയിലും നടപ്പാക്കാൻ ശ്രമിക്കുന്നത്. പള്ളികൾ നശിപ്പിക്കുക എന്നതു ജനതയുടെ ആത്മ വിശ്വാസം തകർക്കുക എന്നതിന്റെ കൂടി ഭാഗമാണ്. കടകൾ കത്തിക്കുക വീടുകൾ നശിപ്പിക്കുക എന്നതും മുൻ കൂട്ടി തീരുമാനിച്ച കാര്യങ്ങൾ തന്നെ. ഹിന്ദു മുസ്ലിം എന്ന വംശീയ ചേരിതിരിവിലാണ് സംഘ് പരിവാർ എന്നും ലക്ഷ്യമിടുന്നത്. ആരാണെന്നു പറഞ്ഞില്ലെകിൽ തുണിയഴിച്ചു പരിശോധിക്കും എന്ന ഭീഷണി ഇന്ത്യ നേരിടുന്ന പുതിയ ദുരന്തമായി കണക്കാക്കാം.

മതേതര സമൂഹവും ഭരണ കൂടങ്ങളും നിസ്സംഗരാകുന്ന കാഴ്ച കൂടി ഡൽഹിയിൽ നാം കണ്ടു. ട്രംപ് ഇന്ത്യൻ തലസ്ഥാനത്തുള്ള ദിവസം തന്നെയാണ് ഈ ദുരന്തങ്ങൾ അരങ്ങേറിയത്. കൈ നിറയെ പണവുമായാണ് ട്രംപ് മടങ്ങി പോയത്. അത് കൊണ്ടു തന്നെ ഡൽഹിയിൽ നടന്ന കലാപം അദ്ദേഹത്തിന് ഇന്ത്യയുടെ ആഭ്യന്തര കാര്യമായി തന്നെ തോന്നണം. പാകിസ്ഥാനെ പിണക്കാതിരിക്കാൻ കാശ്മീർ അദ്ദേഹം സജീവമായി നിർത്തി. മോദിയെ പ്രീണിപ്പിക്കാൻ CAA യും അനുബന്ധ സംഭവങ്ങളും ഇന്ത്യയുടെ മാത്രം കാര്യമായി മാറുകളും ചെയ്തു. ഇന്ത്യയിൽ മതങ്ങൾ നല്ല നിലയിൽ മുന്നോട്ടു പോകുന്നു എന്നിടത്തു നിന്നും അത് മുണ്ട്‌ പൊക്കി നോക്കിയാണ് തീരുമാനിക്കുന്നത് എന്നിടത്തേക്കു മാറിപ്പോയ വിവരം ലോകം അറിഞ്ഞിട്ടും ട്രംപും മോദിയും അറിഞ്ഞില്ല എന്നത് വെറുതെ സംഭവിച്ചതാവില്ല എന്നുറപ്പാണ്.

Related Articles