Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം; ഇസ്ലാമോഫോബിയയുടെ മാറുന്ന മുഖം

യൂഫ്രട്ടീസിന്റെ കിഴക്കുള്ള സിറിയന്‍ പ്രവിശ്യയായ ‘അല്‍ബാഗൂറി’ലെ ‘ഇസ്‌ലാമിക് സ്‌റ്റേറ്റിന്റ’ അവസാന താവളവും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം ഉപരോധിച്ചതിന് ശേഷം, ഐ.എസിന്റെ കഥകഴിക്കാനായി നടത്തുന്ന യുദ്ധം അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയൊരു പ്രതിഭാസം ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അങ്ങേയറ്റം അപകടകരമായ ഒന്നാണത്. ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മസ്ജിദുകളില്‍ ഒരു കടുത്ത വലതുപക്ഷ തീവ്രവാദി നടത്തിയ ആക്രമണത്തില്‍ നമസ്‌കരിക്കാനെത്തിയ നിരായുധരായ അമ്പതിലേറെ പേരാണ് മരിച്ചുവീണത്.

ഇസ്‌ലാമോഫോബിയ അഥവാ മുസ്‌ലിം വിരോധം യൂറോപിലും പാശ്ചാത്യ ലോകത്തും ഒട്ടും പുതുമയില്ലാത്ത സാധാരണ കാര്യമാണ്. എന്നാല്‍ അത് സായുധ ഭീകരവാദത്തിന്റെ രൂപം സ്വീകരിച്ചിരിക്കുന്നുവെന്നതാണ് അതിലെ പുതുമ. പ്രസ്താവനകളില്‍ നിന്നും വിദ്വേഷ കുറിപ്പുകളില്‍ നിന്നും രക്തരൂക്ഷിത ആക്രമണങ്ങളിലേക്കത് വഴിമാറിയിരിക്കുന്നു. വ്യക്തികളുടെ പരിമിതമായ പ്രവര്‍ത്തനങ്ങളില്‍ നിന്നത് ആസൂത്രിതവും ആശയപിന്തുണയുള്ളതുമായ വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളിലേക്കത് മാറിയിരിക്കുകയാണ്. അതിലുണ്ടായിരിക്കുന്ന അപകടകരമായ വളര്‍ച്ചയാണ് ആ രണ്ട് മസ്ജിദുകളിലുണ്ടായിരിക്കുന്ന കൂട്ടകശാപ്പ് വെളിപ്പെടുത്തുന്നത്. കൂറ്റന്‍ മഞ്ഞുമലയുടെ ഒരു അറ്റം മാത്രമായിരിക്കാം അത്. പാശ്ചാത്യലോകം ‘ഇസ്‌ലാമിക ഭീകരത’യെന്ന പ്രതിഭാസത്തില്‍ ശ്രദ്ധയൂന്നുകയും മുസ്‌ലിംകള്‍ക്ക് മേല്‍ മാത്രമായി ആ ലേബലൊട്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ശക്തിപ്പെട്ടുവരുന്ന ഒരു ഘടനയുണ്ട്. പാശ്ചാത്യ സമൂഹത്തെ ഇരകളായിട്ടാണത് ചിത്രീകരിക്കുന്നത്.

വളരെയേറെ മുന്നൊരുക്കങ്ങളോടെയാണ് ബ്രെന്‍ഡന്‍ ടറാന്റ് ഈ കൂട്ടകശാപ്പ് നടത്തിയത്. വീട്ടില്‍ നിന്നും പുറപ്പെട്ട് മസ്ജിദില്‍ കടന്ന് നമസ്‌കരിക്കുന്നവരെ ഒന്നൊന്നായി വെടിയുതിര്‍ക്കുന്നതിന്റെ ഓരോ നീക്കവും ചിത്രീകരിക്കാനുള്ള സംവിധാനം കൊലയാളി ഒരുക്കിയിരിക്കുന്നു. 73 പേജുകളുള്ള മാനിഫെസ്റ്റോയിലൂടെ ഈ വംശീയ ഭീകരന്‍ താന്‍ മുന്നോട്ട് വെക്കുന്ന ആശയം വ്യക്തമാക്കുന്നുണ്ട്. വെളുത്ത വംശജര്‍ക്ക് വേണ്ടിയും മുസ്‌ലിംകള്‍ യൂറോപ്പില്‍ നടത്തിയ ആക്രമങ്ങളോടുള്ള പ്രതികാരവുമാണിതെന്ന് അതിലദ്ദേഹം വെളിപ്പെടുത്തുന്നു. അഭയാര്‍ഥി വിരുദ്ധതതയില്‍ നിന്നാണത് വരുന്നത്. അവരുടെ എണ്ണത്തിലെ വര്‍ധനവ് വെളുത്തവരായ പാശ്ചാത്യ സമൂഹങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിട്ടാണത് അവതരിപ്പിക്കുന്നത്. അവരുടെ കഥകഴിക്കാനെത്തിയെ അധിനിവേശകരും പോരാളികളുമായിട്ടാണ് അഭയാര്‍ഥികളെയത് പരിഗണിക്കുന്നത്.

ഈ കൊടും ഭീകരന്‍ തന്റെ മാതൃകയായി സ്വീകരിച്ചിരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രസാധനാലയങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും അമേരിക്കകത്തും പുറത്തും കടുത്ത വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരെയുമാണെന്നതും ശ്രദ്ധേയമാണ്.

ഇത്തരം വംശീയ സംഘങ്ങള്‍ രാജ്യത്തിനും അതിന്റെ സുസ്ഥിരതകക്കും നേരെയുയര്‍ത്തുന്ന അപകടത്തെ പറ്റി പാശ്ചാത്യ ഭരണകൂടങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടന്നത് നേരാണ്. പൗരത്വത്തിലെ സമത്വവും അഭയാര്‍ഥികള്‍ക്കും അവരുടെ ജീവനും താല്‍പര്യങ്ങള്‍ക്കുമുള്ള സംരക്ഷണവും അതാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം ഭീകരര്‍ക്കുള്ള ഇന്‍ക്യുബേറ്ററായി വര്‍ത്തിക്കുന്ന സംഘടനകളുടെയും കക്ഷികളുടെയും ആശയങ്ങളുടെയും വളര്‍ച്ചയിലാണ് അപകടം പതിയിരിക്കുന്നത്. അവരുട പ്രവര്‍ത്തനങ്ങളെ പ്രതികാരത്തിന്റെയും തിരിച്ചടിയുടെയും പട്ടികയിലാണവ എണ്ണുക. ഭരണകൂടങ്ങളെ സംബന്ധിച്ചടത്തോളം വ്യക്തമായ വെല്ലുവിളിയാണത്.

ഈ രക്തരൂക്ഷിത ചിന്തയെ പിന്തുണക്കുകയും അതിന് ഔദ്യോഗിക മറനല്‍കുകയും ചെയ്ത അതിന്റെ ആത്മീയാചാര്യനാണ് പ്രസിഡന്റ് ട്രംപ്. ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം വിലക്കിയതിലൂടെ മാത്രമല്ലിത്. ഇരകളുടെ ബന്ധുക്കളോട് പൊള്ളയായ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ന്യൂസിലാന്‍ഡ് ഭീകരാക്രമണം നടത്തിയ കൊലയാളിയെ ഭീകരനെന്ന് വിശേഷിപ്പിക്കാന്‍ മുഴുധാര്‍ഷ്ട്യത്തോടെയും വിസമ്മതിക്കുക കൂടി ചെയ്തു.

ഐ.എസ്, അല്‍ഖാഇദ പോലുള്ള മുസ്‌ലിം ഭീകരസംഘടനകള്‍ക്ക് വീണു കിട്ടിയിരിക്കുന്ന ഒരു സമ്മാനമാണ് ഈ കൂട്ടകൊല. പാശ്ചാത്യ നാടുകളില്‍ വലതുപക്ഷ വംശീയതയുടെ ഇരകളാക്കപ്പെട്ടവരും നിരാശരുമായ ആയിരക്കണക്കിന് യുവാക്കളെ തങ്ങളിലേക്ക് അണിചേര്‍ക്കാനുള്ള അവരുടെ പ്രവര്‍ത്തനം എളുപ്പമാക്കിയിരിക്കുകയാണ് ഈ കൂട്ടകശാപ്പ്.

യൂഫ്രട്ടീസിന്റെ കിഴക്കുള്ള ഐ.എസിന്റെ അവസാന താവളമായ അല്‍ബാഗൂര്‍ നഗരം സിറിയന്‍ ജനാധിപത്യ സേനയുടെ നിയന്ത്രണത്തിലാകുന്നതോടെ ആ സംഘടന അവസാനിക്കുകയില്ല. ശക്തിപ്രകടനത്തിന്റെ ഘട്ടത്തില്‍ നിന്നും രഹസ്യ പ്രവര്‍ത്തനത്തിന്റെ ഘട്ടത്തിലേക്ക് മാറുക മാത്രമായിരിക്കും അത് ചെയ്യുക. അഥവാ ചെലവ് കുറഞ്ഞതും അതേസമയം കൂടുതല്‍ രക്തരൂക്ഷിതവും പ്രതിഫലനമുണ്ടാക്കുന്നതുമായ ഭീകരാക്രമണങ്ങളിലായിരിക്കും അവ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത്തരം ഭീകരപ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും രംഗപ്രവേശനത്തിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. പാശ്ചാത്യ സൈനിക കടന്നുകയറ്റങ്ങള്‍, അരികുവല്‍കരണവും അവമതിക്കലും, വിഭാഗീയത, ശരിയായ ഭരണത്തിന്റെ അഭാവം തുടങ്ങിയവ അതില്‍ പ്രധാനമാണ്. പ്രസ്തുത കാരണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നന്നും ഓര്‍ക്കേണ്ടതുണ്ട്.

ഇസ്‌ലാമോഫോബിയയെന്ന പ്രതിഭാസത്തെ ഗൗരവത്തില്‍ പരിഗണിക്കാത്ത പാശ്ചാത്യ ഭരണകൂടങ്ങള്‍ കടുത്ത അപരാധമാണ് ചെയ്തിരിക്കുന്നത്. ‘സെമിറ്റിക് വിരുദ്ധത’യെന്ന പ്രതിഭാസത്തെ കൈകാര്യം ചെയ്യുന്നതിന് സ്വീകരിച്ചത് പോലുള്ള നിയമനടപടികളൊന്നും അതിനെ നേരിടാന്‍ അവര്‍ സ്വീകരിച്ചില്ല. മുന്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സന്റെ പ്രസ്താവനകള്‍ മറക്കാന്‍ നമുക്കാവില്ല. നിഖാബ് ധരിച്ച മുസ്‌ലിം സ്ത്രീകളെ ‘പോസ്റ്റ് ബോക്‌സുകളെ’ന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ട്രംപ് നടത്തിയ പ്രസ്താവനകളും മറക്കാന്‍ നമുക്ക് സാധിക്കില്ല. കുടിയേറ്റം പാശ്ചാത്യ നാടുകളിലെ സാമൂഹ്യഘടനയെ മാറ്റാന്‍ തുടങ്ങിയിരിക്കുന്നു, വേഗത്തില്‍ അതിനെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ഇസ്‌ലാം നമ്മെ വെറുക്കുന്നു’ എന്നും ട്രംപ് കൂട്ടിചേര്‍ത്തു. എന്നാല്‍ വടക്കേ അമേരിക്ക ആക്രമിച്ച് പ്രദേശവാസികളായ ലക്ഷക്കണക്കിന് ജനങ്ങളെ ഉന്മൂലനം ചെയ്ത് അവിടത്തെ സാമൂഹ്യഘടനയെ ഒന്നടങ്കം മാറ്റിയത് വെള്ളക്കാരായ യൂറോപ്യന്‍മാരാണെന്നത് അദ്ദേഹം സൗകര്യപൂര്‍വം മറക്കുകയാണ്.

ഇസ്‌ലാമോഫോബിയയെന്ന പ്രതിഭാസം വിപുലപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ മിക്ക മുസ്‌ലിം ഭരണകൂടങ്ങളും അതിന് നേര്‍ക്ക് മൗനം അവലംബിക്കുകയാണെന്നത് ദുഖകരമാണ്. പാശ്ചാത്യഭരണകൂടങ്ങളോട് അതിനെതിരെ രംഗത്ത് വരാനോ അതിന് തടയിടാനോ ആവശ്യപ്പെട്ടു കൊണ്ട് ഒരു നീക്കവും അവയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. അമേരിക്കയും പാശ്ചാത്യരും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നേരിടാനുള്ള പാശ്ചാത്യ ഹ്വാനങ്ങളെ സസന്തോഷം സ്വീകരിക്കുന്നവരാണ് ഈ രാഷ്ട്രങ്ങളെന്നതും ശ്രദ്ധേയമാണ്.

ഇരകളുടെ പെരുപ്പം കൊണ്ടും ആക്രമി പ്രകടിപ്പിച്ചിട്ടുള്ള വംശീയവിദ്വേഷം കൊണ്ടും ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകളിലെ ആക്രമണം ഒരുപക്ഷേ ഒന്നാമത്തേതായിരിക്കാം. എന്നാല്‍ അറബ് മുസ്‌ലിം നേതാക്കളുടെ നിര്‍ബാധമായ പിന്തുണയും സൗഹൃദവും നേടിയ ട്രംപിനെ പോലുള്ള പാശ്ചാത്യ നേതാക്കള്‍ യാതൊരു മടിയുമില്ലാതെ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം വമിച്ചു കൊണ്ടിരിക്കെ ഇതൊരിക്കലും അവസാനത്തേതായിരിക്കില്ലെന്നുറപ്പാണ്.

മൊഴിമാറ്റം: അബൂഅയാശ്

Related Articles