Current Date

Search
Close this search box.
Search
Close this search box.

സ്വിസ്ബാങ്കിലെ കള്ളപ്പണ നിക്ഷേപകര്‍ ഖലീഫ ഉമറിനെ കണ്ട് പഠിക്കട്ടെ

ആറാം നൂറ്റാണ്ടില്‍ നടന്നസംഭവമാണ്. പ്രശസ്തനായ ഒരു ഭരണാധികാരിയുടെ പത്‌നിക്ക് ഹലുവ തിന്നാല്‍ ആഗ്രഹം ജനിച്ചു. തന്റെ  പ്രിയതമനോട് അവരിക്കാര്യം പറഞ്ഞു. പൊതുഖജനാവ് സമ്പന്നമാണ്. ഭാര്യ ആവശ്യപ്പെട്ടതാണെങ്കില്‍ നിസ്സാരകാര്യവും. തെല്ലും ആലോചിക്കാതെ തന്നെ വാങ്ങിക്കൊടുക്കാവുന്നതേയുള്ളൂ. പക്ഷേ ആ ഭരണാധികാരി ഭാര്യയോട് പറഞ്ഞു:
 ‘പൊതുഖജനാവില്‍ നിന്ന് മൂന്ന് നാണയമാണ് നമ്മുടെ ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. അത്യാവശ്യങ്ങള്‍ നടത്തി ജീവിക്കുവാനേ നമുക്ക് നിര്‍വാഹമുള്ളൂ. അതുകൊണ്ട് അധികച്ചെലവ് വരുന്ന കാര്യങ്ങളൊന്നും ആഗ്രഹിക്കാതിരിക്കുക.’ 
ഭരണാധികാരിയുടെ ഭാര്യയായിരുന്നിട്ടു പോലും അവരാ വാക്കുകള്‍ ഉള്‍ക്കൊണ്ടു. കാരണം ആ നാട്ടിലെ ഏറ്റുവും സാധാരണക്കാരുടെ ജീവിതമായിരുന്നു അവര്‍ നയിച്ചത്.
മാസങ്ങള്‍ കഴിഞ്ഞു. ‘നമുക്കിത്തിരി ഹലുവ വാങ്ങാം’ ഭരണാധികാരിയുടെ ഭാര്യ പഴയ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചു.   ‘നമുക്കതു സാധിക്കില്ല എന്നു ഞാന്‍ പറഞ്ഞില്ലേ?’ ഭരണാധികാരി സൗമ്യതയോടെയും ഗൗരവത്തോടെയും ചോദിച്ചു.
 ‘പണത്തിന്റെ കാര്യത്തില്‍ വിഷമിക്കേണ്ട. നമുക്കനുവദിച്ചു തന്ന മൂന്നു നാണയങ്ങളില്‍ നിന്ന് ചെലവ് ചുരുക്കി ഒരു നാണയത്തിന്റെ ഒരംശം ഞാന്‍ ഓരോ മാസവും മിച്ചം പിടിച്ചു. ഇപ്പോള്‍ ഹലുവ വാങ്ങാനുള്ള സംഖ്യ ആയിട്ടുണ്ട്.’
ഭരണാധികാരി ഭാര്യയുടെ മുഖത്തേക്ക് സവിസ്തരം ഒന്നുനോക്കി അനന്തരം അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അപ്പോള്‍ ഇതുവരെ നാം നമ്മുടെ അത്യാവശ്യ ചെലവിനുള്ളതിനപ്പുറം  പൊതുഖജനാവില്‍നിന്ന് പറ്റിക്കൊണ്ടിരിക്കുകയായിരുന്നു എന്നര്‍ത്ഥം. മിച്ചംവന്ന ആ സംഖ്യ പൊതുഖജനാവില്‍ തിരിച്ചടക്കണം. മാത്രമല്ല ഇനിയുള്ള നമ്മുടെ ശമ്പളത്തില്‍ കുറവു വരുത്തുകയും വേണം.’

നീതിയുടെ പര്യായമായി ലോകത്തെ അറിയപ്പെട്ട ഖലീഫ ഉമറുബ്‌നുല്‍ ഖത്താബ് (റ) ആയിരുന്നു ആ ഭരണാധികാരി. പൊതുഖജനാവ് യഥേഷ്ഠം കൊള്ളയിടിക്കുന്ന നമ്മുടെ രാജ്യത്ത് ഉമര്‍(റ)വിനെപ്പോലെയുള്ള ഒരു ഭരണാധികാരിയെ സ്വപ്‌നം കാണാന്‍ പോലും സാധ്യമല്ലെന്നാണ് വസ്തുത. 2ജി സ്‌പെക്ട്രം, ശവപ്പെട്ടി കുംഭകോണം, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങിയ അഴിമതിക്കഥകള്‍ നമ്മോട് ഇക്കാര്യം വിളിച്ചു പറയുന്നുണ്ട്.

പൊതുഖജനാവ് കൊള്ളയടിക്കുക ഇന്ന് ഭരണാധികാരികളുടെ ഹോബിയായി മാറിയിരിക്കുകയാണ്. ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാഷ്ട്രങ്ങളിലൊന്നായിരിക്കുമ്പേള്‍ തന്നെ അഴിമതിയുടെയും പൊതുഖജനാവ് കൊള്ളയടിക്കുന്നതിന്റെയും കാര്യത്തിലും വളരെ മുന്‍പന്തിയിലാണ്. രാജ്യത്തെയും രാജ്യത്തെ പൗരന്മാരെയും സേവിക്കാന്‍ ബാധ്യതപ്പെട്ടവര്‍ പൊതുഖജനാവ് കൊള്ളയടിച്ച് സ്വന്തത്തെയും കുടുംബത്തെയും സേവിക്കുന്ന ദുരവസ്ഥ.

സ്വിസ്ബാങ്കിലെ കള്ളപ്പണങ്ങള്‍ക്കും പറയാനുണ്ടാവുക പൊതുഖജനാവ് കൊള്ളയടിച്ച ഇത്തരം കഥകള്‍ തന്നെയാണ്. സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്നത് മോദിയുടെയും സംഘത്തിന്റെയും തെരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാല്‍ ഭരണത്തിലേറിയപ്പോള്‍ അവര്‍ വാഗ്ദാനം ലംഘിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. രാജ്യത്തെ ഭരണ, രാഷ്രീയ രംഗത്തെ പ്രമുഖര്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് മുഖ്യകാരണം.

രാജ്യത്തിന്റെ പൊതുഖജനാവ് കൊള്ളയടിക്കുന്ന ഇത്തരം വ്യക്തികള്‍ക്ക് മാതൃകയാകേണ്ട ജീവചരിത്രമാണ് ഉമര്‍(റ) വിന്റേത്. സമൂഹത്തിന്റെ മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. തങ്ങളുടെ മേല്‍ ഏല്‍പിക്കപ്പെടുന്ന ഏതൊരു പദവിയും സ്വന്തത്തിന്റെയോ കുടുംബത്തിന്റെയോ ആഗ്രഹങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യാതിരിക്കുക എന്നത് വിശ്വാസത്തിന്റെ തേട്ടമാണ്. അത്തരം സൂക്ഷ്മമായ ഇടപെടലുകളെയാണ് യഥാര്‍ത്ഥത്തില്‍ തഖ്‌വ  (ഭയഭക്തി) എന്ന് വിവക്ഷിക്കുന്നത്. മുഹമ്മദ് നബി(സ)യുടെയും സച്ചരിതരായ ഖലീഫമാരുടെയും ഭരണനിര്‍വ്വഹണകാര്യങ്ങളിലെ സൂക്ഷ്മത ഇതിന് നമുക്ക് മാതൃകയാണ്.

Related Articles