Current Date

Search
Close this search box.
Search
Close this search box.

ഷോപ്പിംഗ് ഫെസ്റ്റിവെലുകള്‍ നമ്മോട് ആവശ്യപ്പെടുന്നത്

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇനി വരുന്ന 46 നാളുകള്‍ കേരളത്തില്‍ ഷോപ്പിംഗ് മാമാങ്കമാണ്. മനുഷ്യന്റെ അതിരുകടന്ന ഉപഭോഗ തൃഷ്ണയെക്കുറിച്ച സൂചകനകളാണ് ഷോപ്പിംഗ് ഫെസ്സിവെലുകള്‍ നമുക്ക് നല്‍കുന്നത്. എന്നാല്‍ ഇത്തരം ഉപഭോഗ സംസ്‌കാരത്തിന് അടിപ്പെട്ടവരില്‍ നല്ലൊരു ശതമാനം മുസ്‌ലിംകളാണെന്നത് ഒരു ദുഃഖ സത്യമാണ്. മുസ്‌ലിം സ്ത്രീകളാണ് ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്. പൊങ്ങച്ചത്തിന്റെയും ആഢംബരത്തിന്റെയും പ്രതിരൂപങ്ങളായി അവര്‍ മാറുന്നു. സമൂഹത്തില്‍ വലിയവനായിച്ചമയാനും ആളുകളുടെ മുമ്പില്‍ ഞെളിഞ്ഞുനടക്കാനുമുള്ള ദുരാഗ്രഹമാണ് ഇത്തരം അമിതമായ ഉപഭോഗത്തിന് ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. വലിയര്‍, ചെറിയവര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ഈ തിന്മ വ്യാപിച്ചിരിക്കുകയാണ്. കുട്ടികള്‍ ഷോപ്പിംഗ് ഫെസ്റ്റുവലുകളുടെ മുഖ്യ ഉപഭോക്താക്കളായി മാറിയത് ഇതിന്റെ ലക്ഷണമാണ്.

വേലി വിളതിന്നുന്ന പ്രതീതിയാണ് മുസ്‌ലിംകളുടെ അതിരുകടന്ന ഉപഭോഗസംസ്‌കാരം ഉണ്ടാക്കിത്തീര്‍ക്കുന്നത്. സമൂഹത്തില്‍ വളര്‍ന്നു വരുന്ന ഇത്തരം ദുരാചാരങ്ങളെയും തിന്മകളെയും ഉച്ഛാടനം ചെയ്യേണ്ടവര്‍ അവയുടെ വക്താക്കളും പ്രചാരകരുമായിത്തീരുന്ന ദുരവസ്ഥ. പണം യഥാര്‍ത്ഥ വഴിയില്‍ ചിലവഴിക്കാതെ തങ്ങളുടെ ഇച്ഛകളുടെ പൂര്‍ത്തീകരണത്തിനായി ധൂര്‍ത്തടിക്കുന്നവരാണ് ഇവരിലധികപേരും. വ്യവസായ ഭീമന്മാരുടെ മോഹന സമ്മാനങ്ങളില്‍ കണ്ണുതള്ളി ആവശ്യമില്ലാത്തതെല്ലാം വാരിക്കൂട്ടുന്നവരാണിവര്‍. രാജ്യത്തെ നല്ലൊരു ശതമാനം പൗരന്മാരും ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഈ ധൂര്‍ത്ത് മേളങ്ങളില്‍ ഇവര്‍ അഭിരമിക്കുന്നത്. പുതുതലമുറയെയും കൂടെക്കൂട്ടി ഇത്തരം ദുഷിച്ച സംസ്‌കാരങ്ങള്‍ അവരിലേക്കും പകര്‍ന്നു നല്‍കുകയാണിവര്‍ ചെയ്യുന്നത്. മൂല്യബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ നിര്‍മ്മാണമാണ് ഇതിലൂടെ സംഭവിക്കുന്നത്.

ഇത്തരം ധൂര്‍ത്തന്‍ സംസ്‌കാരങ്ങളെ ശക്തമായി നിരാകരിച്ച പാരമ്പര്യമാണ് ഇസ്‌ലാമിന്റേത്. പണത്തിന്റെ അനിയന്ത്രിതമായ വിനിയോഗത്തെ ഇസ്‌ലാം ശക്തമായി വിലക്കുന്നു. ദൂര്‍ത്തന്മാരെ പിശാചിന്റെ കൂട്ടാളികളെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്: ‘ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു'(17:27)  ഭൂമിയിലുള്ളതെല്ലാം മനുഷ്യന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടതെന്നും എന്നാല്‍, അതില്‍ അത്യാവശ്യമുള്ളത് മാത്രമേ മനുഷ്യന്‍ ഉപയോഗിക്കാവൂ എന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ‘ഒഴുകുന്ന പുഴയില്‍ നിന്നാണ് വുദു ചെയ്യുന്നതെങ്കില്‍ പോലും വെള്ളം അമിതമായി ഉപയോഗിക്കരുതെന്ന്’ പ്രവാചകന്‍(സ) നിര്‍ദ്ദേശിച്ചത് വെറുതെയല്ല. നബി(സ)യുടെയും സ്വഹാബിമാരുടെയും ലളിതമായ ജീവിതം ഇതിന്റെ മികച്ച മാതൃകകളാണ്. വലിയ ധനാഢ്യരായ സ്വഹാബിമാര്‍ പോലും തങ്ങളുടെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ ധനം വിനിയോഗിച്ചിരുന്നുള്ളൂ.

ധനത്തിന്റെ പരമമായ ഉടസ്ഥാവകാശം അല്ലാഹുവിനാണെന്നും ഓരോ മനുഷ്യനും തന്റെ കഴിവനുസരിച്ച് ധനം നന്മയുടെ മാര്‍ഗത്തില്‍ ചെലവഴിക്കണമെന്നും അനാവശ്യ കാര്യങ്ങള്‍ക്ക് വിനിയോഗിക്കെരുതെന്നും ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു : അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ ധനത്തില്‍നിന്ന് അവര്‍ക്കു നല്‍കുക.’ (വി.ഖു 24:33) ‘ക്ഷേമമുള്ളവന്‍ തന്റെ ക്ഷേമമനുസരിച്ച് ചെലവ് ചെയ്യണം. ധനശേഷികുറഞ്ഞവന്‍, അല്ലാഹു തനിക്കേകിയിട്ടുള്ളതെന്തോ അതില്‍നിന്ന് ചെലവഴിക്കട്ടെ'(വി.ഖു 65:7)  സമൂഹത്തിലെ അധസ്ഥിതര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും അവരുടെ ധനത്തില്‍ അവകാശമുണ്ട്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി ധനവിനിയോഗത്തില്‍ സൂക്ഷ്മത പാലിക്കാനും ഉപഭോഗ സംസ്‌കാരത്തിന്റെ അടിമത്വത്തില്‍ നിന്നും മോചനം നേടാനും മുസ്‌ലിംകള്‍ തയ്യാറാകേണ്ടതുണ്ട്.

Related Articles