Current Date

Search
Close this search box.
Search
Close this search box.

വിവാഹ മാമാങ്കം ; വേണം ഒരു സമഗ്ര തിരുത്ത്

 

സമൂഹത്തില്‍ വിവാഹ രംഗത്ത് ഉണ്ടായികൊണ്ടിരിക്കുന്ന ധൂര്‍ത്തും മറ്റ് പേക്കൂത്തുകളും ഇസ്‌ലാമിന്റെ അന്തസ്സിനെ തന്നെയാണ് നശിപ്പിക്കുന്നത്. അതിനെതിരില്‍ ആര് നടത്തുന്ന ബോധവല്‍കരണ പരിപാടിയും ശ്ലാഘനീയമാണ്. ഇസ്‌ലാമിലെ വളരെ ലളിതവും പരിപാവനവുമായ ഒരു കര്‍മത്തിന്റെ ചൈതന്യം കളഞ്ഞു കുളിക്കുന്ന തരത്തിലുള്ള നിരവധി അനാചാരങ്ങളും ആഭാസങ്ങളുമാണ് ഇത്തിക്കണ്ണി കണക്കെ വിവാഹരംഗത്തെ ചുറ്റി വളഞ്ഞിരിക്കുന്നത്. കല്യാണാലോചന മുതല്‍ പുതിയാപ്ലയുടെ മരണം വരെ അതിന്റെ മാമൂലുകള്‍ നീണ്ടു പരന്നു കിടക്കുന്നു. എല്ലാറ്റിലും സംഭവിക്കുന്നത് ധൂര്‍ത്തും പൊങ്ങച്ച പ്രകടനവും. വിവാഹത്തോടനുബന്ധിച്ച് ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുക്കള്‍ എന്നിവരെയെല്ലാം വിളിച്ചു ചേര്‍ത്ത് വിവാഹസദ്യ നല്‍കുന്നത് നബിചര്യയില്‍ പെട്ടതാണ്. പക്ഷെ ഭൂരിപക്ഷം ആളുകളും സമൂഹത്തില്‍ തന്റെ നിലയും വിലയും പ്രകടിപ്പിക്കാനുള്ള വേദിയാക്കുകയാണതിനെ. ജനത്തിനിടയില്‍ തനിക്കു കിട്ടാതെ പോയത മാന്യത കല്യാണത്തിലൂടെ ഉണ്ടാക്കി കളയാം എന്ന് ചിന്തിച്ച് സമ്പത്ത് നശിപ്പിക്കുന്നവര്‍ പിശാചിന്റെ കൂട്ടാളികളാണ്. പിശാചാകട്ടെ സര്‍വശക്തനോട് നന്ദികെട്ടവനും.

ഇന്ന് സമ്പന്നമാരുടേയും കടം വാങ്ങി അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നവരുടെയും വിവാഹങ്ങള്‍ നാട്ടിലെ സ്വസ്ഥത നശിപ്പിക്കുന്ന ഏര്‍പാടായി മാറിയിട്ടുണ്ട്. കല്യാണം പ്രദേശത്തിന്റെ ഉത്സവമാക്കി മാറ്റുകയാണവര്‍. ഭക്ഷണം, വസ്ത്രം, പന്തല്‍ നിര്‍മാണം, ഡാന്‍സുകള്‍ തുടങ്ങി എല്ലാറ്റിലും അവര്‍ തിമിര്‍ത്താടുകയാണ്. മൂന്നും നാലും ദിവസം നീളുന്ന ആഘോഷങ്ങള്‍. അതില്‍ പങ്കെടുക്കാന്‍ മത-രാഷ്ട്രീയ -സാംസ്‌കാരിക രംഗത്തെ പ്രശ്‌സ്തരുടെ നീണ്ട നിരയും എങ്ങും കാണാം.

വിവാഹത്തില്‍ സമുദായത്തെ ഗ്രസിച്ച മറ്റൊരു പ്രവണതയാണ് സ്വര്‍ണ ഭ്രമം. സമ്പന്നര്‍ മക്കളെ സ്വര്‍ണം കൊണ്ട് പൊതിയുമ്പോള്‍ പിരിവെടുത്തും കടം വാങ്ങിയും നടത്തപ്പെടുന്ന കല്യാണത്തിനും വേണം സ്വര്‍ണ പണ്ടത്തിന്റെ അകമ്പടി. ചിലര്‍ അങ്ങനെ കല്യാണം നടത്താന്‍ കിടപ്പാടം വരെ വില്‍ക്കുകയാണ്. അവസാനം മക്കളുടെ വിവാഹകടം പെരുകി ആത്മഹത്യയില്‍ അഭയം തേടുന്ന കുടുംബങ്ങളും വിരളമല്ല. സ്ത്രീധനം അതിന്റെ രൂപവും കോലവും മാറി വില്ലനായി വിവാഹത്തെ നശിപ്പിക്കുന്നുണ്ട്. കാറും, ഫഌറ്റും, ബിരുദവുമൊക്കെയായാണ് ഇപ്പോഴത് അരങ്ങ് വാഴുന്നത്. ഗള്‍ഫില്‍ പോയി അധ്വാനിച്ചത് മുഴുവന്‍ മക്കളുടെ വിവാഹത്തിന് ചെലവിട്ട് പാപ്പരാവുന്ന നിരവധി പ്രവാസികള്‍ വേറെയുണ്ട്. വിവാഹ നടത്തിപ്പിന് ഇവന്റ് മാനേജ്‌മെന്റുകളെ ഏല്‍പിക്കുന്നതാണ് മറ്റൊരു പുത്തന്‍ പ്രവണത. വിവാഹവും ലാഭം കൊയ്യാവുന്ന ബിസിനസ്സാക്കിയിരിക്കുന്നു കമ്പോള സംസ്‌കാരം.

അതിനാല്‍ ഒറ്റക്കെട്ടായി പൊരുതേണ്ട സാമൂഹ്യതിന്മയാണിത്. പ്രാദേശിക മഹല്ലുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഈ പേക്കൂത്തുകളെ നിലക്കു നിര്‍ത്താനാവും. വിശിഷ്യാ, കേരളത്തിലെ ഭൂരിപക്ഷം മഹല്ലുകളും സമസ്ത ഇ.കെ വിഭാഗത്തിന്റെ കീഴിലാണ്. മുസ്‌ലിം ലീഗിന്റെ അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ അവര്‍കള്‍ തന്നെയാണ് സമസ്തയുടെയും അമരക്കാരന്‍. അതിനാല്‍ മഹല്ലുകള്‍ക്കു പഴുതടച്ച പെരുമാറ്റചട്ടം രൂപപ്പെടട്ടെ. എല്ലാ പള്ളികളും അവ വ്യക്തമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. അതിനെ സംബന്ധിച്ച് മഹല്ല് നിവാസികളെ മുഴുവന്‍ ആദ്യം ബോധവാന്‍മാരാക്കുകയും വേണം. പ്രസ്തുത പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ ആരായിരുന്നാലും അവരെ ശിക്ഷണ നടപടികള്‍ക്കു വിധേയരാക്കാന്‍ കൂടി കെല്‍പുറ്റതായിരിക്കണം മഹല്ല് നേതൃത്വം. അഥവാ മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ഖത്വീബ് എന്നിവരുള്‍പ്പെടുന്ന ഒരു ബോഡി നിഴല്‍ പോലെ ഈ ചട്ടം നടപ്പാക്കുന്നുവെന്ന് ശ്രദ്ധിച്ചാല്‍ മതി. പെരുമാറ്റചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അന്ന് തന്നെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാവുന്നതാണ്. അങ്ങനെയൊക്കെ നടന്നാല്‍ ഒരു വമ്പനും ഈ രംഗത്ത് നിലംവിട്ട് പറക്കില്ല. അതിന് സമുദായത്തിന്റെ രാഷ്ട്രീയ – മത നേതൃത്വം ഈ രംഗത്ത് മാതൃക കാട്ടുകയാണ് വേണ്ടത്.

വിവാഹം ഒറ്റ ദിവസത്തില്‍ ചുരുക്കുക, വിവാഹത്തോടനുബന്ധിച്ച് ദീനിന്റെ ഇസ്സത്ത് തകര്‍ക്കുന്ന ഒരു നീക്കവും അനുവദിക്കാതിരിക്കുക (ഉദാ: വരന്റെ പുതിയാപ്ല പോക്കിലെ കോപ്രായങ്ങള്‍, വധുഗൃഹത്തിലെ  അറയില്‍ വരന്റെ കൂട്ടുകാര്‍ നടത്തുന്ന ആഭാസങ്ങള്‍..), ആര്‍ഭാഢ വിവാഹങ്ങള്‍ക്ക് മഹല്ല് നേതൃത്വം നല്‍കുന്നതല്ല തുടങ്ങിയ കാര്യങ്ങള്‍ പെരുമാറ്റചട്ടത്തില്‍ ഉള്‍പ്പെടുത്തണം. അതിന്റെ പ്രയോഗവതകരണം ഇടക്കിടെ അവലോകനം ചെയ്യുകയും വേണം. എങ്കില്‍ ‘നിങ്ങള്‍ ഉത്തമ സമൂഹമാണ്, ജനങ്ങള്‍ക്ക് വേണ്ടിയാണ് നിങ്ങളെ നിയോഗിച്ചിരിക്കുന്നത്, നിങ്ങള്‍ നന്മ കല്‍പിക്കുന്നവരും തിന്മ വിലക്കുന്നവരുമാവുക’ എന്ന ഖുര്‍ആന്‍ ആഹ്വാനത്തിലേക്ക് ഉയര്‍ന്നു നില്‍ക്കാന്‍ ഖൈറുഉമ്മത്തിനു സാധിക്കുന്നതാണ്.

Related Articles