Current Date

Search
Close this search box.
Search
Close this search box.

മോദി ഭക്തിയും ഹിന്ദു രാഷ്ട്ര നിര്‍മാണവും

modi-idn.jpg

ചരിത്രം ഒരിക്കലും ആവര്‍ത്തിക്കുകയില്ല എന്ന ഒരു സാര്‍വത്രിക വിശ്വാസം ആധുനിക ചരിത്രകാരന്‍മാര്‍ക്കും, പൊളിറ്റിക്കല്‍ സയന്റിസ്റ്റുകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഈയൊരു വിശ്വാസത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സംഭവങ്ങളാണ് ‘ഏറ്റവും വലിയ’ ജനാധിപത്യരാജ്യമായ ഇന്ത്യയിലും, ‘മഹത്തായ’ ജനാധിപത്യ രാജ്യമായ അമേരിക്കയിലും നടന്നു കൊണ്ടിരിക്കുന്നത്.  20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ജര്‍മനിയിലെ നാസിസം, ഇറ്റലിയിലെ ഫാസിസം പോലെയുള്ള ഏകാധിപത്യ പ്രത്യയശാസ്ത്രങ്ങളുടെ പിറവിക്ക് ലോകം സാക്ഷിയായത്. ഒരുപാടാളുകളുടെ മരണത്തിനും, വന്‍നാശനഷ്ടങ്ങള്‍ക്കും കാരണമായ രണ്ടാം ലോക മഹായുദ്ധം ഉണ്ടാവുന്നതിലേക്ക് നയിച്ച ഹിറ്റലറുടെയും, മുസോളിനിയുടെയും നേതൃത്വത്തില്‍ ഉയര്‍ന്ന് വന്ന ഈ രണ്ട് മൂല്യരഹിത, അധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എങ്ങനെയാണ് അധികാരത്തിലേറിയതെന്നതിനെ സംബന്ധിച്ച് നമുക്ക് ഒരു സാമാന്യവിവരമുണ്ട്. പക്ഷെ അധികമൊന്നും അറിയപ്പെടാത്ത മറ്റൊരു വസ്തുതയുണ്ട്, അതായത് ജര്‍മനിയിലെ ഹിറ്റ്‌ലറും, ഇറ്റലിയിലെ മുസോളിനിയും അവരുടെ രാഷ്ട്രങ്ങളില്‍ നിലനിന്നിരുന്ന ഭരണഘടനാനുസൃതമായ വ്യവസ്ഥിതിയിലൂടെ തന്നെയാണ് അധികാരത്തിലേറിയത്. അവരുടെ രാഷ്ട്രങ്ങളിലെ ഭരണഘടനാ വ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവരിരുവര്‍ക്കും സാധിച്ചു. ഭരണകൂടത്തെ ഏകാധിപത്യത്തിലേക്ക് തിരിച്ചുവിട്ട അവര്‍ സ്വയം ദൈവങ്ങളായി, കള്‍ട്ടുകളായി മാറി.

ഇന്ത്യയും അമേരിക്കയും ഒരേ പ്രക്രിയയിലൂടെയും തന്നെയാണ് കടന്ന് പോയതും, ഒരേ അന്ത്യത്തിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രമുഖനായ ഒരു ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് ‘ഉണ്ടായി വരുന്ന ഫാസിസ്റ്റ്’ എന്ന് വിശേഷിപ്പിച്ച, 2002-ലെ ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് വിധേയനായ, ആര്‍.എസ്.എസ്സിന്റെ മുഴുസമയ പ്രവര്‍ത്തകന്‍ (പ്രചാരക്) നരേന്ദ്ര ഭായ് മോദി, കേവലം 30 ശതമാനം വോട്ടുകളുമായി 2014-ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറി. അമേരിക്കയില്‍ നിന്നും എല്ലാ മുസ്‌ലിംകളെയും തുടച്ച് നീക്കുമെന്നും, മുസ്‌ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്നും, എല്ലാ ഹിസ്പാനിക്കുകളെയും പ്രത്യേകിച്ച് ദരിദ്രരായ ക്രിസ്തുമതവിശ്വാസികളായ മെക്‌സിക്കന്‍ വംശജരെ ജയിലിലടക്കുമെന്നും, യുണൈറ്റഡ് നാഷന്‍സ് അടച്ചു പൂട്ടുമെന്നും, ശല്യക്കാരായ മാധ്യമങ്ങളെ നിരോധിക്കുമെന്നും പ്രതിജ്ഞ ചെയ്ത, സ്വയം പ്രഖ്യാപിത ഏകാധിപതിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 45-ാം പ്രസിഡന്റായി സ്ഥാനമേറ്റു കഴിഞ്ഞു. സാന്ദര്‍ഭികമായി ഒരു കാര്യം ഉയര്‍ത്തട്ടെ, ട്രംപിന്റെ തെരഞ്ഞെടുപ്പ് എതിരാളിയും തോറ്റ സ്ഥാനാര്‍ത്ഥിയുമായ ഹിലാരി ക്ലിന്റണ് 65,316,724 വോട്ടുകള്‍ നേടിയപ്പോള്‍, ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചത് 62,719,568 വോട്ടുകള്‍ മാത്രമാണ്. മോദിയും ട്രംപും അവരവരുടെ രാജ്യങ്ങളുടെ ഭരണാധികാരികളായി മാറിയത്, രണ്ട് രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ സഹജമായ ദൗര്‍ബല്യങ്ങള്‍ കാരണമാണ്.

ഇരുവരെയും തെരഞ്ഞെടുത്ത പ്രക്രിയയുടെ പിടിപ്പ് കേടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല മോദിയും ട്രംപും തമ്മിലുള്ള സാമ്യത. നിയന്ത്രണങ്ങളേതുമില്ലാത്ത അധികാരത്തെ സ്‌നേഹിക്കുന്നവരും, എതിര്‍പ്പിന്റെ ഒരു ചെറിയ ശബ്ദത്തെ പോലും വെറുക്കുന്നവരുമാണ് ഇരുവരും. എന്നാല്‍, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് തന്റെ മുന്‍നിലപാടുകളില്‍ അല്‍പ്പം അയവ് വരുത്തിയിട്ടുണ്ട്. മുസ്‌ലിംകളെ അമേരിക്കയില്‍ നിന്നും തുടച്ചു നീക്കില്ല, അവര്‍ക്ക് പ്രവേശനാനുമതി തടയില്ല, ഹിസ്പാനിക്കുകളിലെ ക്രിമിനലുകളെ മാത്രമേ ജയിലിലടക്കുകയുള്ളു, കൂടാതെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ആദരിക്കപ്പെടുകയും ചെയ്യും.

എന്നാല്‍, ‘ഏറ്റവും വലിയ’ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ, മോദിക്ക് കീഴില്‍ വ്യത്യസ്തമായ മറ്റൊരു പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു മുഴുസമയ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു മോദിയെ ഒരു രാഷ്ട്രീയ നേതാവാക്കി രൂപപ്പെടുത്തുന്നത് ആര്‍.എസ്.എസ്സിന്റെ രണ്ടാം തലവനും, പ്രമുഖ സൈദ്ധാന്തികനുമായ എം.എസ് ഗോള്‍വാള്‍ക്കറാണ്. ഈ ഗോള്‍വാള്‍ക്കറെ ‘വെറുപ്പിന്റെ ഗുരു’ എന്നാണ് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിശേഷിപ്പിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തോടും, ഇന്ത്യയുടെ ജനാധിപത്യ-മതേതര ഭരണഘടന മാറ്റി പകരം മനുസ്മൃതി കൊണ്ടുവരാനുള്ള ശ്രമങ്ങളോടും മോദി പ്രതിജ്ഞാബദ്ധനാണ്. 2002 ഗുജറാത്ത് വംശഹത്യയില്‍ മോദി വലിയ പങ്ക് തന്നെ വഹിച്ചിരുന്നു. 2013-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത്, റോയിട്ടേഴ്‌സ് കറസ്‌പോണ്ടറ്റുമായുള്ള സംഭാഷണത്തിനിടെ, ഞാനൊരു ‘ഹിന്ദു ദേശീയവാദിയാണ്’ എന്നാണ് മോദി സ്വയം വിശേഷിപ്പിച്ചത്.

മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി മാറിയപ്പോള്‍, ജനാധിപത്യ-മതേതര ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം തന്റെ ഭരണഘടനാബാഹ്യ ഹിന്ദുത്വ രാഷ്ട്രീയ സ്‌നേഹം അവസാനിപ്പിക്കുമെന്നും, ഹിന്ദു ദേശീയവാദി പട്ടം ഒഴിവാക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഞാനൊരിക്കലും ഒരു ‘രാജാവ്’ ആവുകയില്ല, മറിച്ച് ഇന്ത്യന്‍ ജനതയുടെ ‘സേവകന്‍’ ആയിരിക്കും ഞാന്‍ എന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും പുരോഗതിക്ക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. സ്ഥാനാരോഹണത്തിന് ശേഷം പ്രധാനമന്ത്രിയെന്ന നിലയില്‍ ആദ്യമായി പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതില്‍ മുമ്പ്, പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്ന് വിശേഷിപ്പിച്ചു കൊണ്ട് മോദി അതിന്റെ വാതില്‍ക്കല്‍ ചുംബിച്ചിരുന്നു. മോദിയും അദ്ദേഹത്തിന്റെ സംഘവും ജനാധിപത്യവല്‍ക്കരിക്കപ്പെടുമെന്നും പ്രതീക്ഷിക്കപ്പെട്ടു.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, എല്ലാ പ്രതീക്ഷകളും പൂര്‍ണ്ണമായും അസ്ഥാനത്തായി. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തില്‍, ഒരു വ്യക്തിക്ക് ചുറ്റും ഭക്ത സാഗരം നിര്‍മിക്കപ്പെട്ടതിന് ഒരു ഉദാഹരണം മാത്രമേ നമുക്ക് മുന്നിലുള്ളു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തായിരുന്നു അത്. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിനും, അവരുടെ തന്നെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും എന്തൊക്കെ നാശങ്ങളാണ് വരുത്തി വെച്ചത് എന്ന് ഇപ്പോഴും നമ്മുടെ ഓര്‍മകളിലുണ്ട്. നിലവില്‍, മോദിയാണ് ഇന്ത്യ, ഇന്ത്യയെന്നാല്‍ മോദിയാണ്. പ്രശ്‌നം, എല്ലാ അധികാരവും മോദിയില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. മോദിയുടെ സാന്നിധ്യമില്ലാത്ത ഒന്നും തന്നെ ഇന്ന് ഒരു ഇന്ത്യക്കാരന്റെ ജീവിതത്തില്‍ ഇല്ല. ഹൈവേകള്‍, ബസ് സ്റ്റാന്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, ഗവണ്‍മെന്റ്/കോര്‍പറേറ്റ് ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മോദി നിങ്ങളെ നോക്കി കൊണ്ടിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അച്ചടി മാധ്യമങ്ങള്‍ക്കും, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും ഒരു മുഖം മാത്രമേയുള്ളു; നമ്മുടെ മോദി (ബാബ രാം ദേവ് മാത്രമാണ് മോദിയോട് ഏറ്റുമുട്ടാന്‍ മത്സരരംഗത്തുള്ളത്)

മോദി ഭക്തസമൂഹ നിര്‍മാതാക്കള്‍ അദ്ദേഹത്തിന്റെ മുഖം സര്‍വവ്യാപിയാക്കുന്നതിനുള്ള പുതിയ രീതികള്‍ പ്രയോഗത്തില്‍ വരുത്തി കൊണ്ടിരിക്കുകയാണ്. എല്ലാ മന്ത്രിസഭ/സര്‍ക്കാര്‍ പരസ്യങ്ങളിലും ഒരു മുഖം മാത്രമേയുള്ളു, അത് നമ്മുടെ പ്രധാനമന്ത്രിയുടേതാണ്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ മന്ത്രിമാരുടെ മുഖങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഈ ഫോട്ടോകളുടെ മറ്റൊരു പ്രധാന സവിശേഷത എന്താണെന്നാല്‍ ഓരോ ഫോട്ടോയിലും മോദി വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഒരിക്കല്‍ ധരിച്ച വസ്ത്രം അദ്ദേഹം പിന്നീട് ധരിക്കാറില്ലെന്ന് അദ്ദേഹത്തെ ദിവസവും നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. പ്രധാനമന്ത്രിക്ക് വേണ്ടി ഒരു വസ്ത്രനിര്‍മാണ യൂണിറ്റ് തന്നെ സര്‍ക്കാര്‍ നടത്തുന്നുണ്ടാവണം (ഇതുതന്നെയായിരുന്നു ബ്രിട്ടീഷ് ഭരണകാലത്തെ പ്രാദേശിക ഭരണാധികാരികളുടെ അവസ്ഥ). നമ്മുടെ ഓര്‍മ ശരിയാണെങ്കില്‍, പ്രധാനമന്ത്രിയായതിന് ശേഷം അദ്ദേഹം ധരിച്ച 500000-ത്തിന് മുകളില്‍ വില വരുന്ന വസ്ത്രം വിവാദം സൃഷ്ടിച്ചിരുന്നു. അതൊരു വ്യതിചലനല്ലെന്നും, മറിച്ച് മതപരമായി പിന്തുടരേണ്ട ഒരു നടപടിക്രമമാണെന്നും പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിച്ചു.

നമ്മുടെ പ്രധാനമന്ത്രി എന്താണ് ധരിക്കുന്നത് എന്നത് വലിയ വിഷയമാക്കേണ്ട കാര്യമൊന്നുമില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത കോടികണക്കിന് ഇന്ത്യക്കാര്‍ വസിക്കുന്ന ഒരു ദരിദ്ര രാജ്യത്ത്, നമ്മുടെ പ്രധാനമന്ത്രിയെങ്കിലും നല്ല വസ്ത്രം ധരിക്കുന്നുണ്ടല്ലോ എന്നും, ‘മികച്ച വസ്ത്രം ധരിച്ച ലോകത്തിലെ പ്രധാനമന്ത്രി’ പട്ടം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്യുമല്ലോ എന്ന് നാം ഇന്ത്യക്കാര്‍ക്ക് സമാധാനിക്കാം. എല്ലാം പ്രധാനമന്ത്രിയില്‍ നിന്ന് തുടങ്ങുകയും, അദ്ദേഹത്തില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും ഗൗരവതരമായ പ്രശ്‌നം.

യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കുന്നതിനായി നമുക്ക് രണ്ട് സമീപകാല ഉദാഹരണങ്ങള്‍ എടുക്കാം. ഓരോ വര്‍ഷവും ഇന്ത്യന്‍ ഭരണകൂടം ഒരു ദേശീയ കലണ്ടര്‍ പുറത്തിറക്കാറുണ്ട്. 2017-ലെ കലണ്ടറില്‍ 12 മാസങ്ങള്‍ക്കൊപ്പം 12 ചിത്രങ്ങളുമുണ്ട്. ഈ 12-ലും പ്രധാനമന്ത്രി മോദിയാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഒരു ചിത്രത്തില്‍ ഒരു സംഘം സ്ത്രീകളോടൊപ്പം ഇരുന്ന് ചര്‍ക്ക കറക്കുന്ന പ്രധാനമന്ത്രിയെ കാണാം. സ്ത്രീകളുടെ അടുത്തല്ല പ്രധാനമന്ത്രി ഇരിക്കുന്നത്, മറിച്ച് അദ്ദേഹത്തിന് പ്രത്യേകമായി തയ്യാറാക്കിയ ഉയര്‍ന്ന ഇരിപ്പിടത്തില്‍ സ്ത്രീകള്‍ക്കെല്ലാം മുന്നിലായിട്ടാണ് അദ്ദേഹം ഇരിക്കുന്നത്. കാമറ വെളിച്ചങ്ങളെല്ലാം അദ്ദേഹത്തില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റവും വൃത്തികെട്ട സംഗതിയെന്താണെന്നാല്‍, പശ്ചാതലത്തിലുള്ള സ്ത്രീകളെല്ലാം ചര്‍ക്ക കറക്കുകയല്ല, മറിച്ച് നമസ്‌തെ എന്ന് കൈകൂപ്പി ഇരിക്കുകയാണ് ചെയ്യുന്നത്.

ഇതിനെല്ലാം അതിന്റേതായ സ്വാധീനഫലങ്ങളുമുണ്ട്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയേക്കാള്‍ ഉയര്‍ന്ന പദവിയില്‍ പ്രധാനമന്ത്രിയെ ഉയര്‍ത്തി വെച്ച മുഖസ്തുതിക്കാരുടെയും, പാദസേവകരുടെയും ഒരു കൂട്ടം തന്നെ ഇവിടെയുണ്ട്. ഹരിയാനയുടെ ആരോഗ്യ മന്ത്രിയായി മാറിയ ഒരു മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍, ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും ഗാന്ധിയുടെ ചിത്രം മാറ്റി പകരം പ്രധാനമന്ത്രി മോദിയുടെ ചിത്രം വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അര-സാക്ഷരനായ (നിരക്ഷരനേക്കാള്‍ അപകടകാരിയാണ് അര-സാക്ഷരന്‍) ആര്‍.എസ്.എസ്/ബി.ജെ.പി നേതാവ് ഞെട്ടിക്കുന്ന മറ്റൊരു പ്രസ്താവനയും നടത്തുകയുണ്ടായി, അതായത്: ‘ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിയുടെ ചിത്രം അച്ചടിച്ച നിമിഷം മുതല്‍ക്കാണ്, ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇടഞ്ഞത്’ എന്ന്. വരുന്ന മാസങ്ങളില്‍, മഹാത്മാ മോദിയുടെ ചിത്രം വെച്ചുള്ള ഇന്ത്യന്‍ കറന്‍സിയുടെ ഒരു സീരീസ് അച്ചടിക്കാന്‍ നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തീരുമാനിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

ഇതെല്ലാം തന്നെ പ്രധാനമന്ത്രിയുടെ വ്യക്തമായ അറിവോടെയും, മേല്‍നോട്ടത്തിലും ആണ് നടക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇത്തരത്തിലുള്ള ഭക്തജന നിര്‍മാണം ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡറും, അരക്ഷിതാവസ്ഥയില്‍ നിന്ന് ഉണ്ടാകുന്നതും ആണെന്നാണ് ചില മനഃശാസ്ത്ര വിദഗ്ദര്‍ വിശദീകരിക്കുന്നത്. ഇത് ചിലപ്പോള്‍ മുഴുവന്‍ സത്യമായിരിക്കണമെന്നില്ല. യാഥാര്‍ത്ഥ്യമെന്താണെന്നാല്‍, ഗുരു ഗോള്‍വാള്‍ക്കറാണ് മോദിയെ ഒരു രാഷ്ട്രീയ നേതാവാക്കി മാറ്റിയത്. ജനാധിപത്യത്തെയും, അധികാര പങ്കുവെക്കലിനെയും വെറുക്കുന്ന ആര്‍.എസ്.എസിന്റെ സൈന്താദ്ധികനാണ് ഈ ഗുരു ഗോള്‍വാള്‍ക്കര്‍. 1940-ല്‍ നാഗ്പൂരിലെ ആസ്ഥാനത്ത് വെച്ച് 1350 ഉന്നതതല ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കായി എം.എസ് ഗോള്‍വാള്‍ക്കര്‍ നടത്തിയ പ്രസംഗത്തില്‍, ഏ്ത് തരത്തിലുള്ള രാഷ്ട്രീയ വ്യവസ്ഥ നടപ്പില്‍ വരുത്താനാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത് എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്: ‘ഒരു പതാക, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം എന്നിവയാല്‍ പ്രചോദിതരായ ആര്‍.എസ്.എസ് ആണ് ഈ മഹത്തായ ഭൂമിയിലെ ഓരോ കോണിലും ഹിന്ദുത്വത്തിന്റെ അഗ്നി നാളങ്ങള്‍ക്ക് വെളിച്ചം പകരുന്നത്.’ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും, ഗുരുവിന്റെ അരുമ ശിഷ്യനും എന്ന നിലക്ക് മോദി അത് നടപ്പാക്കാന്‍ മാത്രമാണ് പരിശ്രമിക്കുന്നത്. യൂറോപ്പില്‍ നാസി, ഫാസിസ്റ്റുകള്‍ നടപ്പാക്കിയ കാര്യങ്ങള്‍ തന്നെയാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ ആര്‍.എസ്.എസ് ഇവിടെ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്.

സര്‍വ്വശക്തിയും-സര്‍വ്വവ്യാപിയും പരമാധികാരവുമുള്ള ‘സൂപ്പര്‍ ലീഡര്‍മാര്‍’ മാനവരാശിക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെച്ചിട്ടുണ്ട് എന്ന വസ്തുതയെ കുറിച്ച് അവര്‍ അജ്ഞരാണ് എന്നത് മാത്രമാണ് പ്രശ്‌നം. ഇക്കാര്യത്തിലെങ്കിലും ചരിത്രം ആവര്‍ത്തിക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ്.

കടപ്പാട്: countercurrents
മൊഴിമാറ്റം: irshad shariathi

Related Articles