Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ലോകത്തിന് പ്രതീക്ഷയേകി സൗദി മാറ്റത്തിന്റെ വഴിയില്‍

മണലാരണ്യവും വിഭവങ്ങളും കൊണ്ട് ദൈവം ഏറെ അനുഗ്രഹം വര്‍ഷിച്ച പരിശുദ്ധ നാടുകളില്‍ തലയെടുപ്പോടെ മുന്നില്‍ നില്‍ക്കുന്ന അപൂര്‍വം ഭൂമികളിലൊന്നാണ് സൗദി അറേബ്യ. ആദം നബി മുതലുള്ള അനേകായിരം പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ ഈ മരുഭൂമിക്ക് ദൈവിക സന്ദേശത്തിന്റെ വാഹകരായ മാലാഖമാരുടെ മഹനീയ സാന്നിധ്യത്തിന്റെയും ചരിത്രമുണ്ട്. ഇസ്‌ലാമിക ചരിത്രതിന്റെമയും പൗരാണിക അറേബ്യന്‍ സംസ്‌കാരത്തിന്റെയും മഹിതമായ അനേകം ശേഷിപ്പുകളും സ്മൃതികളും ഈ പാവനമായ ഭൂമികയിലുണ്ട്. പരിശുദ്ധ മക്കയും മുഹമ്മദ് നബിയുടെ പട്ടണമെന്ന പേരില്‍ അറിയപ്പെടുന്ന മദീനയും ഇതില്‍ മുഖ്യ മായതാണ്. വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി മുഹമ്മദ് നബിക്ക് അവതരിപ്പിച്ച് കൊടുത്ത ജബലുന്നൂറിലെ ഹിറാ ഗുഹ, മുഹമ്മദ് നബിയുടെ മദീന പലായന വേളയില്‍ സുരക്ഷിത താവളമായി കഴിഞ്ഞു കൂടിയ ഥൗര്‍ ഗുഹ, പരിശുദ്ധ ഹജ്ജിന്റെ കര്‍മങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങളായ അറഫ, മിന, മുസ്ദലിഫ, ജബലുറഹ്മ, വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന സമൂദ് ഗോത്ര ത്തിന്റെറ ആവാസ കേന്ദ്രമായിരുന്ന മദാഇന്‍ സ്വാലിഹ്, ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ പ്രധാനപൂര്‍വം പരാമര്‍ശിക്കുന്ന ബദ്ര്‍, ഉഹ്ദ് തുടങ്ങിയ യുദ്ധങ്ങള്‍ക്ക് മൂകസാക്ഷിയായി മാറിയ സ്ഥലങ്ങള്‍ തുടങ്ങി ഒട്ടനവധി ചരിത്ര ശേഷിപ്പുകള്‍ കുടി കൊള്ളുന്ന രാഷ്ട്രമാണ് സൗദി. പെട്രോളും മറ്റു വിവിധയിനം ഊര്‍ജ സ്രോതസ്സുകളാലും അനുഗൃഹീതവും സമ്പന്നവുമാണ് ഈ രാഷ്ട്രം. ലോകത്തെ മൊത്തം എണ്ണ നിക്ഷേപത്തിന്റെ പതിനെട്ട് ശതമാനത്തോളം സ്വന്തമാക്കി എണ്ണ കയറ്റുമതിയില്‍ മികച്ചു നില്‍ക്കുന്ന സൗദിക്ക് അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുത്തനെ കുറയുന്ന പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാന്‍ കഴിയാറുണ്ട്. പ്രവാസികളെ എണ്ണവിലയിടിവുണ്ടാക്കിയ സാഹചര്യം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ സൗദിയില്‍ സ്വദേശികളുടെ ക്ഷേമത്തിനാവശ്യമായ സംവിധാനങ്ങള്‍ ആസൂത്രണത്തോടെ ചെയ്യാനുള്ള തീവ്രശ്രമം നടക്കുന്നതായി കാണാം. വിശാലമായ മരുത്തടങ്ങള്‍ കാര്‍ഷികാഭിവൃദ്ധിയുടെ ഹരിതാഭമായ ഭൂമികയാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഭരണകൂടം. എണ്ണക്ക് വില കുറഞ്ഞാലും ഉല്‍പാദനം മുടങ്ങിയാലും അന്നം മുടങ്ങരുത് എന്ന ഉറച്ച തീരുമാനമാണ് ഇവിടുത്തെ കാര്‍ഷിക പുരോഗതിക്ക് നിദാനം. കൂടാതെ സൗദി ഭരണകൂടം വ്യവസായിക വികസന രംഗത്ത് നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും കൂടുതല്‍ ഉണര്‍വ് കൈവരിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.

സൗദി അറേബ്യ ഇപ്പോള്‍ കാലോചിതമായ മാറ്റത്തിെൈന്റ വേറിട്ട പാതയിലാണ്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അധികാരമേറ്റ ശേഷം വിവിധ മേഖലകളില്‍ വേറിട്ട പരിവര്‍ത്തനങ്ങള്‍ എങ്ങും ദൃശ്യമാണ്. മുമ്പുള്ള പല നയനില പാടുകളിലും സമകാലീന സാഹചര്യങ്ങളും വിലയിരുത്തലുകളും അനുസരിച്ചുള്ള ഭേദഗതികളും സൗദി ഭരണകൂടം ഇപ്പോള്‍ സ്വീകരിച്ചു കാണുന്നതും ഏറെ സ്വാഗതാര്‍ഹമാണ്. ഫെബ്രുവരി മാസം അവസാനത്തില്‍ മക്കയില്‍ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ സല്‍മാന്‍ രാജാവ് നടത്തിയ പ്രഖ്യാപനം പുതിയ പ്രതീക്ഷ നല്‍കുന്നതാണ്. സല്‍മാന്‍ രാജാവിന്റെ പ്രത്യേക താല്‍പര്യത്തോടെയാണ് മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി) മക്കയില്‍ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സന്തുലിത ഇസ്‌ലാമിന്റെ കൂടെ എപ്പോഴും നിലയുറപ്പിച്ച സൗദി എന്നും ഇസ്‌ലാമിന്റെ രാഷ്ട്രമായിരിക്കുമെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി പ്രസ്താവിച്ചു. ദൈവീക ഗ്രന്ഥവും പ്രവാചകചര്യയും സച്ചരിതരായ ഖലീഫമാരുടെ മാര്‍ഗവും അനുധാവനം ചെയ്യുന്ന സന്തുലിത ഇസ്‌ലാമിന്റെ് കൂടെയാണ് സൗദി അറേബ്യ നിലയുറപ്പിച്ചിട്ടുള്ളത്. ഈ രാജ്യത്തിന്റെ ഭരണഘടന വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ്. രാജ്യം തുടക്കം മുതലെ ഇസ്‌ലാമികാടിത്തറയില്‍ പടുത്തുയര്‍ത്തിയതാണ്. മക്കയിലെയും മദീനയിലെയും ഹറമുകളുടെ സേവകന്‍ എന്ന സ്ഥാനപ്പേരാണ് ഞങ്ങള്‍ക്ക് ലഭിച്ചത് എന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. മുസ്‌ലിം ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി രാജാവ് കാണിക്കുന്ന ഔല്‍സുക്യത്തെ ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖരെല്ലാം ശ്ലാഘിച്ചു. ‘അല്ലാഹുവിന്റെ അതിഥികളെ ‘ ആദരിക്കുന്നതിലും അവര്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ഒരുക്കുന്നതിലും സൗദി ഗവണ്‍മെന്റ് കാണിക്കുന്ന ഉദാത്ത മാതൃകകള്‍ എന്നും പ്രത്യേകം സ്മരിക്കപ്പെടും.

ഭരണമാറ്റത്തോടെ തുടക്കം കുറിച്ച പുതിയ ചുവടുവെപ്പുകള്‍ ഇസ്‌ലാമിക സമൂഹത്തിന് നല്ല പ്രതീക്ഷ നല്‍കുന്നതാണ്. മതകാര്യ വകുപ്പിന് പുനരുജ്ജീവനം നല്‍കുന്ന സമീപനവും വൈദേശിക രംഗങ്ങളില്‍ ഉടലെടുത്ത തീവ്രവാദ, ഭീകരവാദ പ്രവണതകളെ അടിച്ചമര്‍ത്താനും ചില കാല്‍വെപ്പുകളും സല്‍മാന്‍ രാജാവ് എടുത്തിട്ടുണ്ട്. ലോക മതങ്ങള്‍ തമ്മിലുള്ള സംവാദവും ഇസ്‌ലാമിലെ മദ്ഹബുകള്‍ക്കിടയിലെ സമന്വയവും ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന മുന്‍ ഭരണാധികാരിയുടെ നയനിലപാടുകള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ സമാധാനവും സൗഹൃദവും കൈവരിക്കാനും മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഭിന്നതയും അനൈക്യവും ഉന്മൂലനം ചെയ്യാനും ശ്രമിക്കുമെന്ന അദ്ദേഹത്തിന്റെസ ദൃഡനിശ്ചയവും ലോകത്തിനാകെ ശുഭപ്രതീക്ഷ നല്‍കുന്നത് തന്നെയാണ്. ഇസ്‌ലാമിക ചരിത്രവും മുസ്‌ലിം ലോകത്തിന്റെ രണ്ട് ആത്മീയത കേന്ദ്രങ്ങളും മനുഷ്യരാശിയുടെ തന്നെ ചരിത്രത്തിന്റെ പ്രഭവ കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന സൗദി അറേബ്യയുടെ നിലനില്‍പ്പും ഭദ്രതയും എവ്വിധമാണെന്ന് ലോകം എപ്പോഴും വിലയിരുത്തി കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. സൗദി അറേബ്യന്‍ ഭൂമികയുടെ നേര്‍ചിത്രം ദര്‍ശിക്കാന്‍ കൊതിക്കുന്നവരാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിം സമൂഹം. കോടിക്കണക്കിന് മനുഷ്യരുടെ അഭിലാഷ ങ്ങളുടെ ദിശയായി വര്‍ത്തിക്കുന്നത് മക്കയിലെ പരിശുദ്ധ കഅ്ബയാണ്. കഅ്ബ ഒരു നോക്ക് കാണാനും പരിശുദ്ധ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനും വേണ്ടി നിരവധി യുഗങ്ങളില്‍ എണ്ണമറ്റ തീര്‍ഥാടകര്‍ സഹിച്ച ത്യാഗപരിശ്രമങ്ങള്‍ ഏറെയാണ്. വിദേശികള്‍ക്ക് മക്കയിലെത്താന്‍ അടഞ്ഞ വാതായനങ്ങള്‍ പലതും മലര്‍ക്കെ തുറന്ന് സ്വാഗതമോതുകയാണ് സൗദി.

Related Articles