Current Date

Search
Close this search box.
Search
Close this search box.

‘ബ്രസൂക്ക’ ഉരുണ്ടു തുടങ്ങുമ്പോള്‍…

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കിനി ആവേശത്തിന്റെ നാളുകളാണ്. ബ്രസീലില്‍ ഉരുളുന്ന ബ്രസൂക്കയുടെ പിന്നാലെ ഓടാന്‍ അവരും തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഒരു കളി ഇഷ്ടപ്പെടുന്നതും അത് കാണുന്നതിനായി സമയം ചെലവഴിക്കുന്നതും ഇസ്‌ലാമികമായി തെറ്റാണെന്ന് പറയാനാവില്ല. വിനോദമെന്നത് മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ഇസ്‌ലാം ഒരിക്കലും അത് നിരാകരിച്ചിട്ടില്ല. ആരാധനേതര കാര്യങ്ങള്‍ നിഷിദ്ധമാണെന്ന് പറയുന്നതിന് വ്യക്തമായി തെളിവുകള്‍ വേണം. അല്ലാഹുവിന്റെയോ അവന്റെ പ്രവാചകന്റെയോ ഭാഗത്തു നിന്നും വ്യക്തമായ തെളിവ് വരാത്ത ഒരു കാര്യം നിഷിദ്ധമാണെന്ന് പറയുന്നതാണ് തെറ്റ്.

ഓരോ കര്‍മങ്ങളെയും വിലയിരുത്തേണ്ടത് അതിന്റെ ഉദ്ദേശ്യമനുസരിച്ചാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ ഒരു വിശ്വാസിയുടെ ജീവിതത്തിലെ സകല കര്‍മങ്ങളും സദുദ്ദേശ്യത്തോടെയായിരിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. വിനോദങ്ങള്‍ ആസ്വദിക്കുന്നതിലും കളികള്‍ കാണുന്നതിലും ഇത് ബാധകമാണ്. ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ള പരിധികളും നിയന്ത്രങ്ങളും പാലിച്ചു കൊണ്ടായിരിക്കണം ഒരു വിശ്വാസിയുടെ എല്ലാ കാര്യങ്ങളും. വിനോദത്തെ കുറിച്ച ഇമാം ഗസ്സാലിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: ‘ഹൃദയത്തിന്റെ അവശതക്കുള്ള മരുന്നാണ് വിനോദം. അപ്പോള്‍ അത് അനുവദനീയമായിരിക്കല്‍ അനിവാര്യമാണ്. എന്നാല്‍ അതൊരിക്കലും അധികമാവാന്‍ പാടില്ല. മരുന്ന് ആരും അധികം കഴിക്കാറില്ലല്ലോ.’ ഇതായിരിക്കണം കളികളോടും അത് കാണുന്നതിലുമുള്ള വിശ്വാസിയുടെ സമീപനം.

എന്നാല്‍ ലോകകപ്പ് കാണുന്നതിനുള്ള ഒരുക്കങ്ങള്‍ പലതും നാം നടത്തി കഴിഞ്ഞു. അതിന് വേണ്ട വലിയ സ്‌ക്രീനും കേബിള്‍ കണക്ഷനും തയ്യാറായി. ഒരു കളിയും നഷ്ടപ്പെടാതെ കാണാനുള്ള സമയ ക്രമീകരണങ്ങളെ കുറിച്ചും നാം ആലോചിക്കുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ നമ്മിലേക്ക് കടന്നു വരുന്ന വിശുദ്ധ മാസത്തെ എതിരേല്‍ക്കാന്‍ എന്ത് മുന്നൊരുക്കമാണ് നടത്തിയിട്ടുള്ളതെന്ന് ഇതോടൊപ്പം ആലോചനാ വിഷയമാവേണ്ടതുണ്ട്. ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ മുന്‍ഗണനാക്രമം പാലിക്കുന്നവനായിരിക്കണം. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ അസുഖമായി കിടക്കുമ്പോള്‍, അവരുടെ സഹായത്തിന് നാം അവിടെയുണ്ടായിരിക്കേണ്ടത് അനിവാര്യമായിരിക്കെ കളി കാണുന്നതിലേറെ മുന്‍ഗണന നല്‍കുന്നത് അവരുടെ പരിചരണത്തിനായിരിക്കുമല്ലോ.. ഇത്തരം ഒരു മുന്‍ഗണന നമ്മുടെ അല്ലാഹുവോടുള്ള ബാധ്യതകളിലും നാം പാലിക്കേണ്ടതുണ്ട്. കളി കാണാന്‍ ഉറക്കമൊഴിക്കുന്നതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് നിര്‍ബന്ധ നമസ്‌കാരം പോലുള്ള കാര്യങ്ങളാണെങ്കില്‍ അതിനെ ഒരിക്കലും ഇസ്‌ലാം വിനോദത്തിന് നല്‍കിയ ഇടത്തിന്റെ പേരില്‍ ന്യായീകരിക്കാനാവില്ല. ഒരു മുസ്‌ലിം ലോകകപ്പിന് നല്‍കുന്നതിലേറെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് റമദാന്‍ മാസം. ആ പ്രധാന്യം ഉള്‍ക്കൊണ്ട് അതിന് വേണ്ട മുന്നൊരുക്കങ്ങളും പ്ലാനുകളും തയ്യാറാക്കാന്‍ നമുക്ക് സാധിക്കണം. ലോകകപ്പ് ഒരിക്കലും റമദാനിലെ ആരാധനകളും രാത്രിനമസ്‌കാരങ്ങളുമായി ഏറ്റുമുട്ടാതിരിക്കാനും അവക്ക് തടസ്സമായി മാറാതിരിക്കാനും വിശ്വാസി ജാഗ്രത കാണിക്കണം.

Related Articles