Current Date

Search
Close this search box.
Search
Close this search box.

ബഷീറിനെ പ്രചോദിപ്പിച്ചത് ഇസ്‌ലാമോ ഷാമനിസമോ?

വൈക്കം മുഹമ്മദ് ബഷീറിനെ സംബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ‘വൃക്ഷച്ചുവട്ടിലെ സഞ്ചാരി’ എന്ന ലേഖനത്തില്‍ അദ്ദേഹം ധാരാളമായി യാത്രചെയ്യാനും പ്രകൃതിയെ സ്‌നേഹിക്കാനും പ്രചോദനമുള്‍ക്കൊണ്ടത് ചരിത്രാതീത കാലത്തിനും മുമ്പ് നിലനിന്നിരുന്ന ഷാമനിസം എന്ന വിശ്വാസ വ്യവസ്ഥയെയാണെന്നവകാശപ്പെടുന്നു(2013 ജൂണ്‍ 30). ‘ഞാന്‍ ഞാന്‍ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്‍മാരും മറ്റുമെവിടെ’ എന്നു ചോദിക്കാന്‍ ബഷീറിനെ പ്രാപ്തനാക്കിയ സഞ്ചാരങ്ങളും ‘മതിലുകളി’ലെ നായകന്‍ ജയില്‍ മുറ്റത്ത് പനിനീര്‍ തോട്ടം വച്ചു പിടിപ്പിച്ചതും ‘ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന് ‘ എന്ന നോവലിലെ നിസാര്‍ അഹമദ്, പട്ടണത്തിലെ സ്വന്തമല്ലാത്ത വീടിന്റെ തൊടിയില്‍ ഒട്ടുമാവുകള്‍, പേരകള്‍, സപ്പോട്ട, ജാതി, ചാമ്പക്ക, മുല്ല, റോസ് എന്നു വേണ്ട പൂവും കായുമുണ്ടാവുന്ന അനേകം വൃക്ഷങ്ങള്‍, ചെടികള്‍, വല്ലികള്‍, തുടങ്ങിയവ നട്ടുപിടിപ്പിക്കുന്നതും ഷാമനിസത്തിന്റെ മൂല്യബോധത്തില്‍ നിന്നാണെന്നാണ് പ്രസ്തുത ലേഖനത്തിലുള്ളത്. ‘ഭൂമിയുടെ അവകാശികള്‍’ എഴുതാന്‍ കാരണവും അതാണെന്നവകാശപ്പെടുന്നു.

എന്നാല്‍ ബഷീറിന്റെ രചനകള്‍ക്കെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടതും അദ്ദേഹം ഊര്‍ജ്ജം സ്വീകരിച്ചതും തന്റെ പാരമ്പര്യത്തില്‍ അലിഞ്ഞു ചേര്‍ന്ന ഇസ്‌ലാമിക വിശ്വാസാദര്‍ശത്തില്‍ നിന്നാണെന്ന് ‘ഓര്‍മയുടെ അറകള്‍’ വായിക്കുന്നവര്‍ക്കൊക്കെ ബോധ്യമാകും. ലേഖനത്തില്‍ പറഞ്ഞ ബഷീര്‍ രചനകളിലുള്ളവയെല്ലാം ഖുര്‍ആനിലും പ്രവാചക ചര്യയിലും പറഞ്ഞ കാര്യങ്ങളുടെ മനോഹരമായ കഥാവിഷ്‌കാരമാണ്.

ഉദാഹരണത്തിന്, ഗതകാല സമൂഹങ്ങളുടെ അവസ്ഥകളറിയാനും പ്രാപഞ്ചിക വിസ്മയങ്ങള്‍ ഉള്‍ക്കൊള്ളാനും നിരവധി സ്ഥലങ്ങളില്‍  ആവശ്യപ്പെടുന്ന ഖുര്‍ആന്‍(31 : 137, 6 : 11, 29 : 20)  കാലം കണ്ട ഏറ്റവും വലിയ കരുത്തനും ക്രൂരനുമായ ഏകാധിപതിയുടെയും കൂട്ടാളികളുടെയും നാശത്തെക്കുറിച്ച് ചോദിക്കുന്നു : ‘എത്രയെത്ര ഉദ്യാനങ്ങളും അരുവികളുമാണവര്‍ വിട്ടേച്ചു പോയത്. കൃഷിയിടങ്ങളും മാന്യമായ മണിമേടകളും!! അവര്‍ ആനന്ദത്തോടെ അനുഭവിച്ചുപോന്ന എന്തെല്ലാം സൗഭാഗ്യങ്ങള്‍. അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അവര്‍ക്കു വേണ്ടി ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തില്ല'(44 : 25-29).

‘ഭൂമിയില്‍ ചരിക്കുന്ന ഏതു ജീവിയും ഇരുചിറകുകളില്‍ പറക്കുന്ന ഏതു പറവയും നിങ്ങളെപ്പോലുള്ള സമൂഹങ്ങളാണെന്ന് ‘ഖുര്‍ആന്‍ പറയുന്നു(6 : 38).

പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിടുന്നത് മഹാപാപമാണെന്നും ദാഹിച്ച പട്ടിക്ക് വെള്ളം കൊടുക്കുന്നത് പുണ്യമാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. കരയുന്ന ഒട്ടകത്തിന്റെ കണ്ണീര്‍ തുടച്ചു കൊടുത്ത പ്രവാചകന്‍, ഉറുമ്പുകള്‍ക്ക് ജീവഹാനി സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നു. ജീവനുള്ള എല്ലാറ്റിനോടും കരുണ കാണിക്കണമെന്ന് കല്‍പിക്കുന്നു.

ചെടി നടുന്നത് പുണ്യമാണെന്നും മരം നടുന്നവന് പരലോകത്ത് മഹത്തായ പ്രതിഫലമുണ്ടെന്നും പഠിപ്പിച്ച പ്രവാചകന്‍, അനാവശ്യമായി മരത്തെപ്പോലും കല്ലെറിയരുതെന്ന് അനുശാസിക്കുന്നു.

ഇതൊക്കെയാണ് ബഷീറിനെ ‘ഭൂമിയുടെ അവകാശികള്‍’ എഴുതാനും ‘നിസാര്‍ അഹമദിന്’ ജന്‍മം നല്‍കാനും പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തെ പഠിക്കുന്നവര്‍ക്കൊക്കെ അറിയാം. പലരും അത് തുറന്നു പറയുന്നില്ലെങ്കിലും!

Related Articles