Current Date

Search
Close this search box.
Search
Close this search box.

ഫാസിസവും മൊബോക്രസിയും

mob-killing.jpg

”ഫാഷിസം ഇന്ന് ഇന്ത്യയില്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞിരിക്കയാണ്. അത്യന്തികമായും അവര്‍ക്ക് ജയമുണ്ടാകില്ലെന്ന് ഉറപ്പാണ്. കാരണം മറ്റ് പലര്‍ക്കുമെന്ന പോലെ അവര്‍ക്കും ഇന്ത്യന്‍ മനസ്സിനെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഫാഷിസത്തെ പ്രതിരോധിക്കുകയെന്നത് സ്വയം രക്ഷപ്പെടുന്നതിന് വേണ്ടി മാത്രമല്ല, മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പിന് വേണ്ടിയുള്ളതാണ്. ഭയമുണ്ടാക്കി പിന്‍വാങ്ങിക്കുക, വശത്താക്കുക, കീഴടക്കുക എന്ന ഫാഷിസ്റ്റ് തന്ത്രത്തെ പ്രതിരോധിക്കാതെ നിര്‍വാഹമില്ല. പ്രതിസന്ധികള്‍ അതിജീവിച്ച് അതിനായി ധീരസ്വരങ്ങള്‍ വരേണ്ടിയിരിക്കുന്നു” – എം.എന്‍ വിജയന്‍, ഭയവും അഭയവും

പെരുന്നാളിന്റെ തലേ ദിവസം പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തീവണ്ടിയില്‍ യാത്ര ചെയ്ത പതിനാറ് വയസ്സുകാരന്‍ ജുനൈദിനെ ഗോ സംരക്ഷ സേനയുടെ പ്രവര്‍ത്തകര്‍ കൊന്ന് തള്ളിയത് ഞെട്ടലോടെയാണ് ഇന്ത്യയിലെ ജനത കേട്ടത്. പച്ച മനുഷ്യരെ അടിച്ച് കൊല്ലുന്ന ഒരു രീതി ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ ശക്തിപ്പെടുത്തിയത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. ഇരുപത്തിയെട്ട് കൊലകള്‍ പശുവിന്റെ പേരില്‍ നടന്നപ്പോള്‍ അതില്‍ ഇരുപത്തിനാലും മുസ്‌ലിം സമുദായത്തില്‍ പെട്ടവരായത് യാദൃശ്ചികമല്ല. ജുനൈദിനൈ ട്രെയിനില്‍ നിന്ന് തല്ലികൊന്ന് വലിച്ചെറിയാന്‍ സംഘ് പരിവാറിനെ പ്രകോപിപ്പിച്ചത് ജുനൈദിന്റെ സ്വത്വം തന്നെയാണ്. ഖുര്‍ആന്‍ മന:പാഠമാക്കിയ തൊപ്പി ധരിച്ച താടിയുള്ളവര്‍ പശുവിനെ തിന്നുന്നവരാണെന്നും അതിനാല്‍ അവരെ കൊന്ന് തള്ളേണ്ടതാണെന്നുമുള്ള പാഠം പഠിപ്പിക്കപ്പെട്ടവര്‍ തീര്‍ച്ചയായും അവരുടെ വീരകൃത്യം നടപ്പിലാക്കിയെന്നെയുള്ളൂ. ഈ ദാരുണമായ അറുകൊല നടക്കുമ്പോള്‍ ട്രെയിനില്‍ ഉണ്ടായിരുന്ന സഹയാത്രികര്‍ നിസ്സഹായതയോടെ കാഴചക്കാരായി നോക്കി നില്‍ക്കുന്ന ഒരു ഗതികേട് രാജ്യം ഏത് ദിശയിലേക്ക് നീങ്ങുന്നു എന്നുള്ളതിന്റെ സൂചനയാണ് നല്‍കുന്നത്. അഥവാ രാജ്യം ഡെമോക്രസിയില്‍ നിന്ന് മൊബോക്രസിയിലേക്ക് മാറികൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത് കൊലകള്‍ നടപ്പിലാക്കുമ്പോള്‍ നിയമപാലകര്‍ ഇടപെടേണ്ടുന്നതിന് പകരം ആള്‍ക്കൂട്ടത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നു. ഇനി ആരുടെയെങ്കിലും പേരില്‍ കേസ് രജിസത്രര്‍ ചെയ്താല്‍ സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ അലിഞ്ഞില്ലാതാവുകയും ചെയ്യും. മാത്രമല്ല ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവര്‍ സ്വൈരവിഹാരം തുടരുക എന്നുള്ളതാണ് ഇതിന്റെ അനന്തരഫലം.

ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്റെ നിലനില്പ് അതിന്റെ വൈവിധ്യത്തിലാണ് നിലകൊള്ളുന്നത് എന്നത് ആരും പ്രത്യേകമായി എഴുതി അറിക്കേണ്ടതില്ല, പച്ചയായ ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്യത്തിന് നേരെയുള്ള സംഘ് പരിവാറിന്റെ കടന്നു കയറ്റത്തെ ചെറുത്ത് തോല്‍പിക്കാന്‍ ഇവിടുത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അമ്പേ പരാജയപ്പെടുന്ന അങ്ങേയറ്റം ദയനീയ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇവിടെ ജനസഞ്ചയത്തിന്റെ പുതിയ രാഷ്ട്രിയം ഉയര്‍ന്നു വരുമെന്നുള്ള ശുഭപ്രതിക്ഷയാണ് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹ പങ്ക് വെക്കുന്നത്. തീര്‍ച്ചയായും അതിന്റെ ചില അനുരണനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കണ്ട് തുടങ്ങിയിരിക്കുന്നു. ഒരു ജനത പാടെ നശിക്കാന്‍ മാത്രം ഇന്ത്യയിലെ ജനതയുടെ സാമൂഹ്യബോധം നഷ്ടപെട്ടിട്ടില്ല എന്നുള്ളതിന്റെ തെളിവുകളാണ് വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന പ്രതിഷേധ സ്വരങ്ങള്‍ കാണിക്കുന്നത്. അസഹിഷ്ണുതയും വര്‍ഗിയതയും ആളിക്കത്തിച്ച് ഈ നാടിന്റെ ബഹുസ്വരതയെ തകര്‍ത്ത് രാജ്യം തന്നെ നശിപ്പിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ഇന്ത്യയിലെ മതേതര വിശ്വാസികള്‍ തിരുമാനിച്ചിട്ടില്ല എന്ന് ചുരുക്കം.

സാംസ്‌കാരികവും രാഷ്ട്രീയപരവുമായ ചെറുത്ത് നില്‍പ് അത്യന്തം അനിവാര്യമായ ഒരു ചരിത്ര സന്ദര്‍ഭത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരാജയം പുതിയ ജനസഞ്ചയ രാഷ്ട്രീയത്തിന് ശക്തി പകരുകയാണ്. ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന ബാനറില്‍ മത ജാതി വിത്യാസമില്ലാതെ ഒരു ജനത തെരുവില്‍ സംഘടിക്കുന്നത് ജനാധിപത്യത്തിന്റെ ശ്വാസം നിലച്ചിട്ടില്ല എന്നുള്ളതിന്റെ തെളിവാണ്. ‘ഈ അറുകൊലകള്‍ ഞങ്ങളുടെ പേരില്‍ അല്ല’ എന്ന മുദ്രാവാക്യമുയര്‍തുമ്പോള്‍ അക്രമി സംഘത്തിനും അതിനെ പിന്തുണക്കുന്ന ഭരണകൂടത്തിനും എതിരെയുള്ള ഉജ്ജ്വല പ്രതിഷേധമായി അത് മാറുന്നു. ഒരു വേള ഒരു ജനതയെ മുഴുവന്‍ മൗനികളാക്കി കൊണ്ട് ഒരു ഭരണ കൂടത്തിനും അധികകാലം മുന്നോട്ട് പോവാന്‍ കഴിയില്ല. ഇന്ത്യയിലെ ജനാധിപത്യ ബോധം അത്രമേല്‍ നാശോന്മമുഖമായി തീര്‍ന്നാല്‍ മാത്രമെ ഫാഷിസത്തിന് അതിന്റെ രഥചക്രം ഉരുട്ടുവാന്‍ കഴിയുകയുള്ളൂ. ജനാധിപത്യത്തിന്റെ എല്ലാ സ്ഥലികളെയും ഇല്ലായ്മ ചെയത് പ്രതിഷേധത്തെയും വിയോജിക്കുവാനുള്ള ഒരു ജനതയുടെ സ്വാതന്ത്ര്യത്തെയും എന്ന് ഇല്ലായ്മ ചെയ്യുന്നുവോ അന്ന് ഫാഷിസം അതിന്റെ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപിക്കും. ആ ദുരന്ത ഘട്ടത്തിലേക്ക് രാജ്യം നീങ്ങുന്നതിനെതിരെ ജനത ജാഗ്രത്താണ് എന്നുള്ള വിളിച്ചു പറയലാണ് ഇത്തരം കുട്ടംചേരലുകള്‍ കാണിക്കുന്നത്. പല ഏകാധിപതികളെയും തൂത്തെറിയാന്‍ ജനതക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യയിലും അത് സംഭവിക്കാതിരിക്കാന്‍ കാരണമില്ല. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ അവര്‍ നിന്ന് കിതക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ് പിരിച്ചുവിട്ടോ, ഇടതുപക്ഷ പാര്‍ട്ടികള്‍ എവിടെയാണ് എന്നെല്ലാമാണ് ജനം ചോദിക്കുന്നത്. അവരുടെ അഖിലേന്ത്യാ സെക്രട്ടറിയെ പാര്‍ട്ടി ആപ്പീസില്‍ കയറി കയ്യേറ്റം ചെയ്തിട്ടും വേണ്ടത്ര പ്രതിഷേധം ഉയര്‍ത്തുവാനോ സംഘപരിവാറിന്റെ കാടത്തരത്തെ തുറന്ന് കാണിക്കാനോ സാധിച്ചിട്ടില്ല. ഇവിടെയാണ് ജനത സ്വയം സംഘടിച്ച് മുന്നോട്ട് വരുന്നത്.

രാഷ്ട്രീയ പാര്‍ടികളുടെ പരമ്പരാഗത പ്രതിഷേധങ്ങള്‍ ചടങ്ങുകളായി അസ്തമിക്കുമ്പോള്‍ സ്വയം ബോധ്യത്തിന്റെ ഉള്ള് പിടച്ചലില്‍ നിന്ന് ഉയിര്‍ കൊള്ളുന്ന പ്രതിഷേധസ്വരങ്ങള്‍ക്ക് തീര്‍ച്ചയായും ശക്തി കൂടുക തന്നെ ചെയ്യും. ആ പ്രതിഷേധം തനിക്കോ തന്റെ പാര്‍ട്ടിക്കോ വേണ്ടിയല്ലാത്തതിനാല്‍ അഥവാ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ എന്റെ സാമൂഹ്യബോധം ഉണരുമ്പോള്‍ ഏതൊരര്‍ഥത്തിലുള്ള പക്ഷം ചേരലുകളെയും ഒഴിവാക്കി കൊണ്ടുള്ള പുതിയ ഒരു ധാര്‍മികത അഥവാ മാനവികത നമുക്കിവിടെ ദര്‍ശിക്കാന്‍ കഴിയും. ഈ ധാര്‍മികതയുടെ മാനവികതയുടെ ഒത്തുചേരലാണ് നോട്ട് ഇന്‍ മൈ നെയിം എന്ന മുദ്രാവാക്യത്തിലൂടെ പുതിയ ജനസഞ്ചയം ചെയ്ത് കൊണ്ടിരിക്കുന്നത്. സത്യത്തില്‍ പശു ഭീകരത ഇന്നലെ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചതല്ല. പതിറ്റാണ്ടുകളായി ആര്‍.എസ്.എസിന്റെ ഹിന്ദുത്വലാബില്‍ വെന്ത് കൊണ്ടിരിക്കുന്ന പശു ഇറച്ചിയാണ് ഇന്ന് തെരുവില്‍ ലാവയായി പൊട്ടി ഒലിക്കുന്നത്. അതിനാല്‍ ഭരണകൂടം ഇതിനെ തടയുമെന്നും നിലക്ക് നിര്‍ത്തമെന്നും ആരും വ്യാമോഹിക്കേണ്ടതില്ല. ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ചില ഔപചാരിക പ്രസ്ഥാവനകള്‍ ഭരണകൂടം നടത്തിയേക്കാം. അതില്‍ കവിഞ്ഞ് നിലവിലെ ഭരണകൂടത്തില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത് കൊലകള്‍ നടപ്പിലാക്കുമ്പോള്‍ മൗനികളായി ഇരിക്കാന്‍ വിസമ്മതിക്കുന്നവരാണ് ഇന്ന് നോട്ട് ഇന്‍ മൈ നെയിം എന്ന ബാനറില്‍ ഒത്ത് കൂടിയിരിക്കുന്നത്. ഇത് പുതിയ ജനാധിപത്യത്തെ സ്വപ്നം കാണുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിയേക്കാം.

ഗുജറാത്ത് കലാപാനന്തരം അവിടം സന്ദര്‍ശിച്ച അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി മോദിയോടും പരിവാരങ്ങളോടും തൊണ്ടയിടറിക്കൊണ്ട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ‘ഈ ഹൃദയഭേദകമായ കാഴചകര്‍ക്ക് ശേഷം ഞാനെങ്ങനെയാണ് എന്റെ മുഖം ലോകത്തിനു മുന്നില്‍ കാണിക്കുക.’ വാജ്‌പേയിയുടെ മുഖം മൂടിക്കും ഒരു ഹൃദയമുണ്ട് എന്ന് നമുക്കാശ്വസിക്കാം. കലാപ സമയത്ത് ഗുജറാത്തില്‍ നിന്നുള്ള എംപി ഇഹ്‌സാന്‍ ജെഫ്രി അന്നത്തെ മുഖ്യമന്ത്രി മോദിയെ സഹായത്തിനായി വിളിച്ചപ്പോള്‍ താനിനിയും ചത്തില്ലേ എന്ന് തിരിച്ച് ചോദിച്ചയാള്‍ പ്രധാനമന്ത്രി കസേരയിലിരിക്കുമ്പോള്‍ ഇനിയും ജുനൈദുമാര്‍ ഉണ്ടാകുമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍ സഹിഷ്ണുതയിലും വൈവിധ്യങ്ങളിലും നിലനിന്ന ഒരു രാജ്യം ലോകത്തിനു മുന്നില്‍ നാണം കെടാതിരിക്കാന്‍, അല്ല രാജ്യം തന്നെ നശിക്കാതിരിക്കാന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ഒന്നിച്ചണിനിരക്കേണ്ടുന്ന അവസാന സന്ദര്‍ഭമാണിത്.

Related Articles