Current Date

Search
Close this search box.
Search
Close this search box.

നാടിന്റെ ഭൂതവും വര്‍ത്തമാനവും അറിയാത്ത ഗീവര്‍ഗീസ്

മതപുരോഹിതന്മാര്‍ എവിടെയും അധികാരി വര്‍ഗത്തിന്റെ അരമനകളില്‍ അപ്പക്കഷണങ്ങള്‍ക്കായി അടയിരിക്കുന്നവരാണ്. അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതിലൂടെ ലഭിക്കുന്ന കൊച്ചു കൊച്ചു നേട്ടങ്ങളില്‍ അഭിരമിക്കുന്നവരും. മോഡി അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ എല്ലാ മതവിഭാഗങ്ങളിലെയും പുരോഹിതന്മാര്‍ അദ്ദേഹത്തെയും സംഘ്പരിവാറിനെയും പ്രശംസിക്കാനും പാടിപ്പുകഴ്ത്താനും തുടങ്ങിയിരിക്കുന്നു.

ഡോക്ടര്‍ ബാബു പോള്‍ തൊട്ട് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് വരെയുള്ളവര്‍ മോഡിക്കും ബി.ജെ.പിക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ചരിത്രത്തെയും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെയും വരെ തീര്‍ത്തും തെറ്റായി അവതരിപ്പിക്കാനും കള്ളക്കഥകള്‍ പ്രചരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഹൈദരാബാദ് ഭരണാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മോഡിയുടെ വികസനത്തെ പ്രശംസിച്ചും കലാപത്തിലെ പങ്കില്‍ നിന്ന് കോടതി മുക്തി നല്‍കിയത് ഉയര്‍ത്തിപ്പിടിച്ചും നടത്തിയ പ്രസ്താവനയില്‍ പറയുന്നു: ‘ഇന്ത്യയില്‍ ആദ്യമായി വര്‍ഗീയമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കിയതും കൂടുതല്‍ ബോംബ് പൊട്ടിച്ചതും ന്യൂനപക്ഷങ്ങളാണ്. കാവിഭീകരതയെ കുറിച്ചുള്ള ആരോപണങ്ങള്‍ പലതും ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. ഇന്നും ഹിന്ദുക്കളുടെ പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ല. ആര്‍.എസ്.എസ് ഏറെ മാറിയിട്ടുണ്ട്. അവരുടെ അജണ്ടകളില്‍ മാറ്റം വന്നിട്ടുണ്ട്.’

ഗീവര്‍ഗീസിന് ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും അറിയില്ലെന്നതാണ് വസ്തുത. വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടിയെന്നത് കൊണ്ടുദ്ദേശിക്കുന്നത് സ്വാഭാവികമായും മുസ്‌ലിം ലീഗായിരിക്കും. അത് വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടിയായല്ല രൂപം കൊണ്ടതെന്ന് ഇന്ത്യാചരിത്രം ഇത്തിരയെങ്കിലും അറിയുന്ന ഏവരും അംഗീകരിക്കുന്ന അനിഷേധ്യ വസ്തുതയാണ്. ഇന്ത്യാ-പാക് വിഭജനമാണെങ്കില്‍ അതിന് തുടക്കം കുറിച്ചത് മുസ്‌ലിം ലീഗോ മുസ്‌ലിം സംഘടനകളോ അല്ല. 1940-ല്‍ ലാഹോറില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് സമ്മേളനം പാകിസ്താന്‍ രൂപീകരിക്കുന്നതിന് മൂന്നര പതിറ്റാണ്ട് മുമ്പാണ് ശ്രീ അരബിന്ദോ ഇങ്ങനെ പറഞ്ഞത്: ‘ഹിന്ദു മുസ്‌ലിം മൈത്രി ഒരു വിഡ്ഢിത്തമാണെന്ന് പറയേണ്ടി വന്നതില്‍ എനിക്കു ഖേദമുണ്ട്. ഒരു ദിവസം ഹിന്ദുക്കള്‍ക്ക് മുസ്‌ലിംകളോട് യുദ്ധം ചെയ്യേണ്ടി വരും. അതിനു തയ്യാറാവുക തന്നെ വേണം.’

തീവ്രഹിന്ദു ദേശീയവാദിയായിരുന്ന സ്വാമി പരമാനന്ദ The story of my life എന്ന തന്റെ ആത്മകഥയിലെഴുതി: ‘സിന്ധിനപ്പുറമുള്ള പ്രദേശങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ലയിപ്പിക്കുക. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ ഭരണം നിലവില്‍ വരിക. ഇതാണ് എന്റെ ആശയം. ഈ പ്രദേശങ്ങളിലുള്ള ഹിന്ദുക്കള്‍ അവിടെ നിന്നും വിട്ടുപോരണം. അതേസമയം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള മുസ്‌ലിംകള്‍ ഈ പ്രദേശങ്ങളിലേക്ക് പോവുകയും അവിടെ താമസിക്കുകയും വേണം.’

1937-ല്‍ അഹമ്മദാബാദ് ഹിന്ദു മഹാസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് വീര്‍സവര്‍ക്കര്‍ പറഞ്ഞു: ‘ഇന്ത്യക്ക് ഒരിക്കലും ഒരൊറ്റ രാഷ്ട്രമാകാന്‍ കഴിയില്ല. നേരെ മറിച്ച് രണ്ട് രാഷ്ട്രങ്ങളാണ് പ്രധാനമായും ഇന്ത്യയിലുള്ളത്. ഹിന്ദുവും, മുസ്‌ലിമും.’ ഹിന്ദു മഹാസഭയുടെ ചരിത്രമെഴുതിയ ഇന്ദ്രപ്രകാശ് ഇതേകുറിച്ച് പറയുന്നു: ‘ദ്വിരാഷ്ട്ര വാദമെന്ന പേരില്‍ പ്രസിദ്ധി നേടിയ ഒരു ദര്‍ശനം രൂപപ്പെടുത്തിയതിന്റെ ബഹുമതി വീര്‍സവര്‍ക്കര്‍ക്കുള്ളതാണ്. ഭാരതത്തിന് ദേശീയാത്മാവ് പകരുകയും ഹിന്ദുക്കള്‍ സ്വയം ഒരു രാഷ്ട്രമാണെന്ന് പറയുകയും ചെയ്തത് സവര്‍ക്കറാണ്.’

മുസ്‌ലിം ലീഗ് പാകിസ്താന്‍ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നും വിഭജനത്തിന് ഉത്തരവാദികള്‍ അവര്‍ മാത്രമല്ലെന്നും, ലീഗുകാര്‍ ഹിന്ദുത്വ ശക്തികള്‍ ഇട്ടുകൊടുത്ത ഇരയില്‍ കൊത്തുകയായിരുന്നുവെന്നും ഇതെല്ലാം വ്യക്തമാക്കുന്നു.

സമകാലിക ഇന്ത്യയിലെ സ്‌ഫോടനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ആരായിരുന്നുവെന്ന് ഗീവര്‍ഗീസ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പ്രജ്ഞാ സിംഗ് ഠാക്കൂര്‍, റിട്ടയേര്‍ട് സുബേദാര്‍ മേജര്‍ രമേഷ് ഉപാധ്യായ, സമീര്‍ കുല്‍ക്കര്‍ണി, റിട്ടയേര്‍ഡ് ലഫ്റ്റനന്റ് കേണല്‍ എസ്.എസ് റായ്ക്കര്‍, ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത്, ദയാനന്ദ പാണ്ഡെ തുടങ്ങിയവരെല്ലാം ബോംബ് സ്‌ഫോടനങ്ങളുടെ പേരില്‍ പിടിയിലായ വിവരം ഗീവര്‍ഗീസ് അറിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന വായിക്കുമ്പോള്‍ തോന്നുന്നത്.

‘ഹിന്ദുക്കളുടെ പേരില്‍ ഇന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്ലെന്ന’ അദ്ദേഹത്തിന്റെ പ്രസ്താവം തികഞ്ഞ സാധുത്തരത്തെയാണ് വിളിച്ചറിയിക്കുന്നത്. അല്ലെങ്കില്‍ അധികാര കേന്ദ്രത്തോടുള്ള അതിരുകളില്ലാത്ത വിധേയത്വത്തെ. രണ്ടായാലും അങ്ങേയറ്റത്തെ സഹതാപം തന്നെ.

Related Articles