Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ രാഷ്ട്രീയ നാടകങ്ങള്‍ ഇനിയും തുടരും

ഒരു കാലത്ത് നമ്മുടെ നാട്ടിലെ ഇഷ്ട കലയായിരുന്നു നാടകം. പക്ഷെ സിനിമയുടേയൊക്കെ കടന്നുവരവിന് ശേഷം അത് തമസ്‌കരിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങള്‍ ഈ നാടകകലയുടെ തിരിച്ചു വരവിനെ ഓര്‍മിപ്പിക്കും വിധമാണ്.  ഇത്തരം നാടങ്ങള്‍ക്കെല്ലാം  രാജ്യത്തെ ഹിന്ദുത്വവല്‍ക്കരിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേയുള്ളൂവെന്നതാണ് വിചിത്രമായ വസ്തുത. ഹിറ്റ്‌ലര്‍ ജര്‍മനി ഭരിക്കുന്ന കാലത്ത് അവിടെയും ഇത്തരം നാടകങ്ങള്‍ അരങ്ങേറിയുന്നു. അന്ന് അതിന് ചുക്കാന്‍ പിടിച്ചത് ജോസഫ് ഗീബല്‍സ് എന്ന ഹിറ്റ്‌ലറിന്റെ മന്ത്രിയായിരുന്നു. ആര്യവംശീയതയിലധിഷ്ഠിതമായ ഒരു രാഷ്ട്രം അദ്ദേഹത്തിന്റെ വിഭാവനയായിരുന്നു.

ഗീബല്‍സിന്റെ നേതൃത്വത്തില്‍ നടന്ന നാസി പ്രചാരണത്തിന്റെ മറ്റൊരു പതിപ്പാണ് ഇന്ത്യയില്‍ കാണാന്‍ കഴിയുന്നത്. ഇന്ന് രാജ്യത്തെ സംഘ്പരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിന് തെളിവാണ്. ‘ഘര്‍ വാപസി'( വീട്ടിലേക്കുള്ള തിരിച്ചു പോക്ക്) എന്ന പേരില്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം ഇതിലെ അവസാന ഉദാഹരണം മാത്രം. ആഗ്രയില്‍ ദരിദ്രരായ ആളുകള്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ശരിയാക്കിക്കൊടുക്കാം എന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു വന്ന് അവരെ പലതരം പേപ്പറുകള്‍ ഒപ്പിടീച്ച് അവര്‍ പോലുമറിയാതെ അവര്‍ മതം മാറിയതായി പ്രഖ്യാപിച്ച അവസ്ഥ. 57 കുടുംബങ്ങളില്‍ പെട്ട 350 പേര്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായാണ്  അവര്‍ പ്രഖ്യാപിച്ചത്. ഭരണഘടനയുടെ 25ാം വകുപ്പില്‍ പറയുന്ന രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഏത് മതത്തില്‍ വിശ്വസിക്കുന്നതിനും മതാചാരങ്ങള്‍ പിന്തുടരുന്നതിനുമുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഈ മതപരിവര്‍ത്തന നാടകം. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്ന ശക്തമായ വിമര്‍ശനങ്ങളെ ഗൗനിക്കാതെ  അടുത്ത ക്രിസ്മസ് ദിനത്തില്‍ അലീഗഢ് മഹേശ്വരി കോളേജ്  മൈതാനിയില്‍ ഇതിലും വലിയ മതപരിവര്‍ത്തന ചടങ്ങ് നടത്തുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ അവര്‍ നടത്തുന്ന ഭരണഘടനാ വിരുദ്ധമായ പ്രസ്താവനകളും ഇതിന്റ ഭാഗം തന്നെയാണ്. രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഗവര്‍ണറും, കേന്ദ്രമന്ത്രിമാരും, എം.പിമാരുമെല്ലാം ഇതില്‍ ഭാഗവാക്കാണ്. കേന്ദ്രമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതിയുടെ പ്രസ്താവനയാണ് ഇതില്‍ ഏറ്റവും വിവാദമായത്. ‘രാജ്യത്തെ ക്രൈസ്തവരും മുസ്‌ലിംകളും രാമന്റെ മക്കളാണ്. ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. രാമനില്‍ വിശ്വസിക്കുന്നവര്‍ക്ക് വോട്ടു ചെയ്യണോ അതോ അവിശ്വസികള്‍ക്ക് വോട്ടു ചെയ്യണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം’ എന്നവര്‍ പ്രഖ്യാപിച്ചു കളഞ്ഞു. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ നാടകീയ രംഗങ്ങള്‍ നാം കണ്ടതാണ്. അവസാനം ചില ഖേദപ്രകടങ്ങളില്‍ അത് ഒടുങ്ങുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഭഗവത്ഗീത ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണം എന്ന കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ പ്രസ്താവനയും ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണം എന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായികിന്റെ പ്രസ്താവനയും ഇത്തരത്തിലുള്ളതാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനങ്ങളാണ് ഇത്തരം പ്രസ്താവനകള്‍. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോദ്‌സെ ദേശാഭിമാനിയായിരുന്നു എന്ന  ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രസ്താവന ഇതിന്റെ മറ്റൊരു പതിപ്പാണ്. തികഞ്ഞ രാജ്യദ്രോഹവും രാഷ്ട്രപിതാവിനെ അപമാനിക്കുന്നതുമായ ഈ  പ്രസ്താവനയും പാര്‍ലമെന്റില്‍ കോലാഹലങ്ങള്‍ക്കിടയാക്കിയെങ്കിലും ഇവയും ചില ഖേദപ്രകടനങ്ങളിലൊതുങ്ങി. ഇന്ത്യയിലെ പൗരന്മാരുടെ ബോധമണ്ഡലങ്ങളില്‍ ഹിന്ദുത്വവികാരം കുത്തിനിറക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ഇനിയും തുടരുന്നതാണ്. പ്രസ്താവകളും ഖേദപ്രകടനങ്ങളുമായി നാടകങ്ങള്‍ പാര്‍ലമെന്റിലും തെരുവിലുമെല്ലാം ഇനിയും തുടരും. നമ്മളറിയാതെ നമ്മുടെ ബോധമണ്ഡലങ്ങള്‍ ഹിന്ദുത്വവല്‍ക്കരിക്കപ്പെടുകയും ചെയ്യും.

Related Articles