Current Date

Search
Close this search box.
Search
Close this search box.

ആത്മഹത്യയിലും അതിവേഗം ബഹുദൂരം

ആഗോളതലത്തില്‍ ഇന്ത്യക്ക് ഒരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്. ആത്മഹത്യകളുടെ തലസ്ഥാനമായി നമ്മുടെ രാജ്യത്തെ ലോകാരോഗ്യ സംഘടന തെരെഞ്ഞെടുത്തിരിക്കുന്ന വാര്‍ത്ത അല്‍പം ഞെട്ടലോട് കൂടിയാണ് പലരും വായിച്ചിട്ടുണ്ടാവുക. 2012-ല്‍ മാത്രം രണ്ടര ലക്ഷത്തിലേറെ പേര്‍ ആത്മഹത്യ ചെയ്തതായും കണക്കുകള്‍ നിരത്തി റിപോര്‍ട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക വരുമാനം കുറവുള്ള രാജ്യങ്ങളിലാണ് ആത്മഹത്യ കൂടുതലുള്ളതെന്ന് റിപോര്‍ട്ട് സൂചിപ്പിക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും പരമ ദരിദ്രരാണെന്ന ധാരണ സൃഷ്ടിച്ചേക്കും. എന്നാല്‍ അതല്ല വസ്തുതയെന്ന് നമുക്ക് ചുറ്റുപാടും നടക്കുന്ന ആത്മഹത്യകള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത യാചകരോ അംഗവൈകല്യം ബാധിച്ചവരോ ആത്മഹത്യ ചെയ്യുന്നതല്ല നാം കാണുന്നത്. മറിച്ച് സമൂഹത്തില്‍ ശരാശരിയോ അതിന് മുകളിലോ ഉള്ള ജീവിത നിലവാരം പുലര്‍ത്തുന്നവരാണ് ആത്മഹത്യയെ തെരെഞ്ഞെടുക്കുന്നവരില്‍ ഭൂരിഭാഗവും. കുടുംബത്തോടെയുള്ള കൂട്ട ആത്മഹത്യകളും പത്രത്താളുകളിലെ സ്ഥിരമായി കാണുന്ന വാര്‍ത്തകളിലൊന്നായി മാറിയിരിക്കുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിലും ഭൗതിക സൗകര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്ന കേരളം ആത്മഹത്യയുടെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നിലാണ്. ആത്മഹത്യയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനം കേരളത്തിനുണ്ട്.

എന്തുകൊണ്ട് ആത്മഹത്യയില്‍ ഇങ്ങനെ ഒരു കുതിച്ചുചാട്ടം എന്ന് ചിന്തിച്ചാല്‍ ജീവിതത്തോട് ആളുകള്‍ വെച്ച് പുലര്‍ത്തുന്ന കാഴ്ച്ചപാടില്‍ വന്ന മാറ്റമാണ് കാരണമെന്ന് വ്യക്തമാകും. മുമ്പ് ആളുകള്‍ക്ക് പരിമിതമായ മോഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവര്‍ പൂര്‍ത്തീകരിക്കപ്പെടുന്നതോടെ അവന്‍ സംതൃപ്തനുമായി മാറി. എന്നാല്‍ ശാസ്ത്ര സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിച്ച ഇക്കാലത്ത് അതോടൊപ്പം മനുഷ്യന്റെ ആഗ്രഹങ്ങളും മോഹങ്ങളും വര്‍ധിച്ചു. പിന്നെ അവ എങ്ങനെയെങ്കിലും സാധിച്ചെടുക്കാനുള്ള ഞെട്ടോട്ടത്തിലാണ് അവന്‍. അതിന് സാധിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന നിരാശയും മനോവിഷമവും ജീവിതത്തോട് തന്നെ വെറുപ്പും വിരോധവുമുള്ളവനാക്കി മാറ്റുന്നു. താന്‍ ആഗ്രഹിക്കുന്നതൊന്നും നേടാന്‍ കഴിയാത്ത ഒരു ജീവിതം തനിക്കെന്തിന് എന്ന് നിഗമനത്തിലാണ് അവസാനം അവന്‍ എത്തിച്ചേരുന്നത്. അതില്‍ നിന്ന് അവനെ തടയുന്ന പ്രത്യയശാസ്ത്രമോ മതദര്‍ശനമോ ഇല്ലാതിരിക്കുമ്പോള്‍ അവന്റെ മുന്നിലുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം ആത്മഹത്യ തന്നെയാണ്.

മുസ്‌ലിം, കാതലിക് ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ ആത്മഹത്യാ നിരക്ക് കുറവാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ടിലെ പരാമര്‍ശം ഏറെ പ്രസക്തമാണ്. ജീവിതം സുഖിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്ന കാഴ്ച്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരാണ് മിക്ക ആളുകളും. അതിലെ ആസ്വാദനങ്ങള്‍ക്കും സുഖത്തിനും അല്‍പം ഭംഗം നേരിടുമ്പോഴേക്കും ജീവിതം മടുത്തവനായി അവന്‍ മാറുന്നു. ഈ ലോകത്തെ ജീവിതം കേവലം പരീക്ഷണ ഘട്ടമാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിമിന് ഒരിക്കലും ആത്മഹത്യ ചെയ്യാനാവില്ല. സമാനസ്വഭാവത്തിലുള്ള പരലോക വിശ്വാസം വെച്ചു പുലര്‍ത്തുന്നവരെയും ആത്മഹത്യയില്‍ നിന്നും അവരുടെ വിശ്വാസം തടയുന്നു. കാരണം ഇവിടത്തെ ജീവിതത്തിന്റെ പ്രയാസങ്ങളും പ്രതിസന്ധികളും താല്‍ക്കാലികം മാത്രമാണ്. ഇവിടത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ രക്ഷാ-ശിക്ഷകള്‍ അനുഭവിക്കാനുള്ള ഒരു ലോകം തന്നെ കാത്തിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നവന് എങ്ങനെ സ്വയം ജീവനൊടുക്കാന്‍ സാധിക്കും. ഐഹിക സൗകര്യങ്ങളുടെ പരിമിതിയില്‍ നിരാശനായവരെ രക്ഷിക്കാന്‍ ഇതല്ലാത്ത മറ്റെന്ത് മരുന്നാണുള്ളത്.

Related Articles