Current Date

Search
Close this search box.
Search
Close this search box.

ആണ്‍കുട്ടികള്‍ മാത്രമാണോ തെറ്റുകാര്‍

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങിന്റെ ‘ആണ്‍ കുട്ടികള്‍ക്ക് തെറ്റുപറ്റുമെന്ന’ പ്രസ്താവന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പുതിയ വകുപ്പ് സ്ത്രീകള്‍ ദുരുപയോഗപ്പെടുത്തുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ലോകസഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുലായം നടത്തിയ പ്രസ്താവന എന്ത് ലക്ഷ്യം വെച്ചാണ്? ബലാല്‍സംഗം ഇന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ചടത്തോളം ഗര്‍ഭപാത്രത്തില്‍ നിന്നാരംഭിക്കുന്ന പീഡനങ്ങളുടെ ഭാഗമാണെന്നാണ് ‘ദ ഹിന്ദു’വില്‍ ഇതിനെ കുറിച്ച് വന്ന കുറിപ്പ് വിശേഷിപ്പിക്കുന്നത്.

ബലാല്‍സംഗങ്ങളും അതിനെ കുറിച്ച വാര്‍ത്തകളും വിവാദമാകുമ്പോള്‍ സജീവമാകുന്ന ചര്‍ച്ച അതിനുള്ള ശിക്ഷയില്‍ മാത്രം പരിമിതപ്പെടുന്നതാണ് പലപ്പോഴും നാം കാണുന്നത്. ബലാല്‍സംഗത്തിന് വധശിക്ഷ തന്നെ കൊടുക്കണമെന്ന് വാദിക്കുമ്പോള്‍ എന്തു കൊണ്ട് ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നു എന്ന ചോദ്യം ഉയരുന്നില്ല. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ദിനംപ്രതി അധികരിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. ലൈംഗികാതിക്രമങ്ങള്‍ അവസരം ഒരുക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ചികിത്സ ലഭിക്കുന്നില്ല എന്ന് മാത്രമല്ല, അതിന് സമൂഹത്തില്‍ പ്രോത്സാഹനം ലഭിക്കുകയും ചെയ്യുന്നു. മാന്യമായി ശരീരം മറക്കുന്ന രൂപത്തില്‍ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞാല്‍ അത്തരക്കാര്‍ക്ക് അടിച്ചമര്‍ത്തലും പിന്തിരിപ്പനുമാണ്. അസ്സമയത്ത് ഒരു സ്ത്രീ അന്യപുരുഷന്റെ കൂടെ പുറത്തു പോകുന്നത് അത്തരക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത്തരത്തില്‍ തെറ്റുകള്‍ക്കുള്ള എല്ലാ സാഹചര്യവും ഒരുക്കിയാണ് പീഢനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത്.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നടത്തുന്നവര്‍ക്ക് താക്കീതാവുന്ന തരത്തിലുള്ള കഠിനമായ ശിക്ഷ നിലനിര്‍ത്തുന്നതോടൊപ്പം തന്നെ തെറ്റിലേക്കുള്ള വഴികള്‍ അടച്ചിടുകയും വേണം. ആളുകളെ തെറ്റില്‍ നിന്ന് തടഞ്ഞു നിര്‍ത്തുന്നതിന് തക്കതായ ശിക്ഷ വേണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ തെറ്റിലേക്കുള്ള എല്ലാ അവസരങ്ങളും തുറന്നു കിടക്കുന്ന സമൂഹത്തില്‍ കടുത്ത ശിക്ഷകള്‍ പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടാക്കുകയില്ലെന്നാണ് വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നത്. ആണ്‍കുട്ടികളാകുമ്പോള്‍ തെറ്റു പറ്റുമെന്നും അതിന് വധശിക്ഷ നല്‍കേണ്ടതില്ലെന്നും പറയുന്നതി പകരം സമൂഹത്തില്‍ അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് മുലായമിനെ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കേണ്ടത്. അത്തരത്തില്‍ ഒരു മാറ്റമാണ് നമ്മുടെ സമൂഹത്തിന് ഇന്നാവശ്യം.

Related Articles