Current Date

Search
Close this search box.
Search
Close this search box.

അറബി; ഭാഷാ ചരിത്രത്തിലെ വിസ്മയം

ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിക്കുകയാണ്. അറബ് ലോകത്ത് 422 മില്യണ്‍ ആളുകള്‍ സംസാരിക്കുന്നതും 1.5 ബില്യണ്‍ മുസ്‌ലിംകള്‍ കൈകാര്യം ചെയ്യുന്നതുമായ ഭാഷയാണ് അറബി ഭാഷ. 1948 ല്‍ ലബനാനിലെ ബൈയ്‌റൂത്തില്‍ ചേര്‍ന്ന യുനസ്‌കോയുടെ മുന്നാമത് പൊതുസമ്മേളനത്തില്‍ വെച്ചാണ് അറബി ഭാഷയെ  മൂന്നാമത്തെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്. അറബി ഭാഷയെക്കുറിച്ച ചര്‍ച്ചകള്‍ ഈ ദിനത്തില്‍ ലോകത്തുടനീളം സജീവമാകേണ്ടതുണ്ട്.

പരിണാമങ്ങള്‍ക്ക് വിധേയമാകുന്നു എന്നത് ഭാഷകളുടെ പൊതുവായ സ്വഭാവമാണ്. ഇംഗ്ലീഷും മറ്റനവധി ഭാഷകളും ഈ ഗണത്തില്‍ പെടുന്നവയാണ്. അതുകൊണ്ടാണ് ഷേക്‌സ്പീരിയന്‍ കൃതികളുടെ വായന ഇക്കാലത്തെ വായനക്കാര്‍ക്ക് പ്രയാസകരമായിത്തീരുന്നത്.  മലയാളത്തിന്റെയും മറ്റിതര ഭാഷകളുടെയും അവസ്ഥയും അതുപോലെത്തന്നെ. 20ാം നൂറ്റാണ്ടില്‍ ജീവിച്ച മക്തി തങ്ങളുടെ കൃതികളിലെ(ഉദാ: കഠോരകുഠാരം)  മലയാളം പോലും ഇന്ന് നമുക്ക് മനസ്സിലാകുന്നില്ല. എന്നാല്‍ അറബി ഭാഷ ഇത്തരം കുറവുളില്‍ നിന്നെല്ലാം മുക്തമായ അതുല്യ ഭാഷയാണ്. 1400ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിച്ച വിശുദ്ധ ഖുര്‍ആന്റെ ഭാഷ ഇന്നും ലളിതമായാണ് അനുഭവപ്പെടുന്നത്. ലോകത്തുടനീളമുള്ള കോടിക്കണക്കിനാളുകള്‍ ദിനേന അത് വായിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നു. അറബി ഭാഷ കാലത്തിനനുസരിച്ച് വികസിക്കുകയും വളരുകയും ചെയ്യുന്നുമുണ്ട്.

ലോക ചരിത്രത്തില്‍ വൈജ്ഞാനകമായ കുതിച്ചു ചാട്ടങ്ങള്‍ക്ക് അറബി ഭാഷ നല്‍കിയ സംഭാവന ചെറുതല്ല. ജാഹിലിയ്യാ കാലത്തെ അറബി കവിതകള്‍ ഉള്‍പ്പെടേയുള്ള അറബി ഭാഷാ സാഹിത്യകൃതികള്‍ ലോകത്തിലെ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും നിരന്തരമായി വായിക്കപ്പെടുകയും ചെയ്യുന്നു. വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങി ലോകം പരിചയിച്ച വൈജ്ഞാനിക ശാഖകളിലധികവും അറബി ഭാഷാ കൃതികളാല്‍ സമ്പന്നമാണ്. ഇബ്‌നു ഖല്‍ദൂന്‍, അല്‍ഗസ്സാലി, ഇബ്‌നു സീന, ഇബ്‌നു റുഷ്ദ് തുടങ്ങിയവര്‍ ചരിത്രം, സാമൂഹികശാസ്ത്രം, തത്വശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ വൈജ്ഞാനിക മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച അറബികളുടെ ചില ഉദാഹരണങ്ങള്‍ മാത്രം. ഇന്ന് യൂറോപ്യന്‍ നാഗരികത കൈവരിച്ച വൈജ്ഞാനിക അഭിവൃദ്ധിയുടെ വേരുകള്‍ പരതുകയാണെങ്കില്‍ അത് എത്തി നില്‍ക്കുക അറബി ഭാഷയിലാണ്. ലോക വൈജ്ഞാനിക ചരിത്രത്തിലെ അത്ഭുതമായ മുസ്‌ലിം സ്‌പെയിന്റെ തകര്‍ച്ചയോടെ അവിടെയുണ്ടായിരുന്ന ലൈബ്രറികളിലെ ഗ്രന്ഥങ്ങള്‍ മോഷ്ടിച്ചുകൊണ്ട് അത് തങ്ങളുടെതാക്കി ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു യൂറോപ്യന്‍ സമൂഹം.

ലോകചരിത്രത്തിലെ കരുത്തരായ പലഭരണാധികാരികളെയും ഭയപ്പെടുത്താന്‍ അറബി ഭാഷക്ക് കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക ഖിലാഫത്തിന്റെ അന്തകനായ കമാല്‍ അത്താത്തുര്‍ക്ക് ഇതില്‍ പ്രധാനിയാണ്. ഖുര്‍ആന്‍ തുര്‍ക്കി ഭാഷയിലോതാന്‍ നിര്‍ദ്ദേശിച്ച അദ്ദേഹം, ബാങ്കും, നമസ്‌കാരവുമെല്ലാം തുര്‍ക്കി ഭാഷയിലാക്കാന്‍ കല്‍പിച്ചു. അറബാ ഭാഷയോട് ചായ്‌വുണ്ട് എന്ന കാരണത്താല്‍ മാത്രം തുര്‍ക്കി ലിപിയെ അദ്ദേഹം ലാറ്റിന്‍ ലിപിയിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. അള്‍ജീരിയയില്‍ അധിനിവേഷം നടത്തിയ ഫ്രഞ്ചുകാരും ഇത്തരം നടപടികള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അറബി ഭാഷ പഠിക്കുന്ന ജൂതന്മാരുടയും കൃസ്ത്യാനികളുടെയുമെല്ലാം എണ്ണം ലോകത്ത് അനുദിനം വര്‍ധിച്ചു വരികയാണ്. അറബി ഭാഷയിലെ പ്രധാന നിഘണ്ടുകളെല്ലാം എഴുതിയത് മുസ്‌ലിംകളായിരുന്നില്ല എന്നത് ഈ ഭാഷയുടെ ആഗോള സ്വീകാര്യതയുടെ പ്രധാന തെളിവാണ്. ‘അല്‍ മുന്‍ജിദ്’ എന്ന വിഖ്യാത നിഘണ്ടു എഴുതിയത് രണ്ട് കാത്തലിക് പുരോഹിതന്മാരാണ്.

അറബി ഭാഷ പഠിക്കല്‍ ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. അല്ലാഹുവിന്റെ ഖലീഫയായ മനുഷ്യനുള്ള മാര്‍ഗദര്‍ശക ഗ്രന്ഥങ്ങളായ വിശുദ്ധഖുര്‍ആനും, നബിചര്യയും അറബി ഭാഷയിലാണെന്നതാണ് മുഖ്യ കാരണം. ഉമര്‍ (റ) പറഞ്ഞു: ‘നിങ്ങള്‍ അറബി ഭാഷ പഠിക്കുക. അത് നിങ്ങളുടെ ദീനിന്റെ ഭാഗമാണ്’. അറബി ഭാഷ പഠിക്കല്‍ നിര്‍ബന്ധബാധ്യതയാണെന്നാണ് ഇമാം ഇബ്‌നു തൈമിയ്യ പറഞ്ഞത് സ്വര്‍ഗത്തിലെ ആശയവിനിമയ ഭാഷയും അറബി ഭാഷയാണ്. മുന്‍കാലത്തെ ആളുകള്‍ പരലോക വിജയം കാക്ഷിച്ചു കൊണ്ട് അറബി ഭാഷ പഠിക്കുന്നതിന് മുന്‍ഗണന നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് പലരും അതിനെ ചില ജോലികള്‍ നേടാനുള്ള മാധ്യമായിട്ട് മാത്രം ഉപയോഗപ്പെടുത്തുന്നുവെന്നത് ദുഃഖകരമാണ്. അത്തരം അജണ്ടകള്‍ മാറ്റിവെക്കാന്‍ നാം ഓരോരുത്തരും തയ്യാറാകേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്റെ ഭാഷ എന്ന നിലക്ക് അറബി ഭാഷ പഠിക്കാന്‍ നമ്മള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതിന് ഈ ദിനം പ്രചോദനമായിത്തീരട്ടെ.

Related Articles