Vazhivilakk

തൽക്കാല ദുനിയാവ് കണ്ടു നീ മയങ്ങാതെ

പരസ്പരം പകയും വിദ്വേഷവും അസൂയയും തോന്നുന്നതിന്റെ യഥാർത്ഥ കാരണം എന്താണ് ?. ഒരാൾ മറ്റൊരാളുടെ വിജയത്തെ സംബന്ധിച്ച് പ്രയാസപ്പെടുകയും , നേട്ടങ്ങളെ സംബന്ധിച്ച് അസ്വസ്ഥപ്പെടുകയും , അപരന്റെ സുഖവും സൗകര്യവും ഇല്ലാതാവണം എന്ന് കരുതുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ് ? ഒരാൾ ഉന്നത വിജയം നേടി ഉയർന്ന പദവികളിലെത്തുന്നത് മറ്റൊരാൾക്ക് മന:ക്ലേശം ഉണ്ടാക്കുന്നത് എന്ത് കൊണ്ടാണ് ?  ഇതിനെ കുറിച്ച് നാം കാര്യബോധത്തോടു കൂടി ചിന്തിക്കുകയാണെങ്കിൽ നമുക്ക് മനസ്സിലാവുന്ന ഒരു യാഥാർഥ്യമുണ്ട് . അത്, ഈ ഐഹിക ജീവിതത്തെ നാം പരമ പ്രധാനമായി കാണുന്നു എന്നതാണ് .

നാം ജീവിക്കുന്ന ലോകം , ഗർഭാശയത്തിൽ നിന്നും ഈ ലോകത്തേക്ക് വന്ന നിമിഷം മുതൽ നാം ഈ ലോകത്തെ കാണുന്നു . ഇവിടെയുള്ള വിഭവങ്ങൾ , വായു, വെള്ളം കാറ്റ് അങ്ങിനെ എല്ലാം ആസ്വദിച്ച് കൊണ്ടിരിക്കുന്നു .ഭൂമിയിൽ നിന്നുള്ള ഭക്ഷണം കഴിക്കുന്നു . ഇവിടെയുള്ള എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്നു . ഒരുനാൾ ഈ ലോകം വിട്ടു പോകുന്നു .
ജനിക്കുന്നത് മുതൽ മരിക്കുന്നത് വരെയുള്ള കാലയളവ്, അതാണ് ഐഹിക ജീവിതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . ഈ ഭൂമിയിലെ ഭൗതികമായ ജീവിതം അവസാനിച്ചു കഴിഞ്ഞാൽ ‘അദ്ദേഹം മരിച്ചു പോയെ’ന്നു നാം പറയും .പിന്നീട് ബാക്കിയാവുന്നത് ഭൗതിക ശരീരമാണ് . ഇന്നയാളുടെ ഭൗതിക ശരീരം ഇന്ന സ്ഥലത്തു സംസ്കരിച്ചു/ സംസ്കരിക്കും എന്നൊക്കെ നാം വാർത്തയിൽ വായിക്കാറുണ്ട് . അതായത് ഇതുവരെ നാം കണ്ടതും ഒടുവിൽ സംസ്കരിച്ചതും ഭൗതിക ശരീരമാണ് എന്ന് നാം വ്യക്തമാക്കിത്തന്നെ പറയുന്നു . അതിനപ്പുറത്തെവിടെയോ മനുഷ്യൻ ബാക്കിയുണ്ട് എന്നർത്ഥം .  ഈ ലോകത്തെ ജീവിതമാകട്ടെ നമുക്ക് നിർണയിക്കാനാവാത്ത ഒരു കാലയളവിലാണ് നാം അനുഭവിക്കുന്നത് . എന്നാണു നാം ഇവിടേക്ക് വരേണ്ടത് എന്ന് നാം തീരുമാനിക്കാത്തത് പോലെ എന്നാണ് ഈ ഭൂമി വിട്ടുപോകേണ്ടത് എന്നും ഈ ഭൂമുഖത്തുള്ള ഒരാളും തീരുമാനിച്ചിട്ടില്ല .

പെട്ടെന്ന് നമുക്ക് ഓർമ വരിക ആത്മഹത്യ ചെയ്യുന്നവരെ സംബന്ധിച്ചാണ് . ആത്മഹത്യ ചെയ്യുന്നവർ അവരുടെ മരണത്തീയതി തീരുമാനിക്കുന്നുണ്ടല്ലോ എന്നാണു നാം കരുതുന്നത് . യഥാർഥ്യം അങ്ങിനെയല്ല . മുമ്പൊരാൾ, ജീവിത നൈരാശ്യം മൂലം, ജീവനൊടുക്കാൻ തീവണ്ടിക്കു മുന്നിൽ ചാടി . പക്ഷെ മരണപ്പെട്ടില്ല .അദ്ദേഹം തീരുമാനിച്ചത് അന്ന് മരിക്കണം എന്നാണ് . എന്നാൽ, മരണം തീരുമാനിക്കുന്നവൻ ആരാണോ അവൻ അദ്ദേഹത്തിന്റെ മരണം അന്ന് സംഭവിക്കണം എന്ന് തീരുമാനിച്ചില്ല . രണ്ടു കാലുകളും മുറിഞ്ഞു പോയ നിലയിൽ അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു . പിന്നീട് അദ്ദേഹം വികലാംഗനായി ദീർഘ കാലം ജീവിച്ചു . വികലാംഗരുടെ ആനുകൂല്യങ്ങ ളൊക്കെ പറ്റി , ഒരു കച്ചവടം തുടങ്ങി , അങ്ങിനെ ജീവിത്തോട് ആഗ്രഹവും ഇഷ്ടവുമൊക്കെ ഉണ്ടാകുന്ന അവസ്ഥയിൽ ഒരു ദിവസം അയാളുടെ മുച്ചക്ര വണ്ടിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ , അർദ്ധരാത്രിയിൽ ഒരു ഓട്ടോറിക്ഷ ഇടിച്ചാണ് അദ്ദേഹം മരണപ്പെടുന്നത് . ഓട്ടോറിക്ഷ ഇടിച്ച് മരിക്കണമെന്നു അദ്ദേഹം ആഗ്രഹിച്ചതല്ല . അഥവാ ആഹ്മഹത്യ ചെയ്യാൻ തീരുമാനിച്ച ആൾക്ക് പോലും മരണ തീയതി തീരുമാനിക്കാൻ അവസരം ലഭിക്കുന്നില്ല എന്ന് ഈ അനുഭവം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട് .

ഗർ ഭാശയത്തിനകത്ത് ഉണ്ടായി വരുന്ന മനുഷ്യക്കോലത്തിലേക്ക് നാലാം മാസത്തിൽ സന്നിവേശിക്കപ്പെടുകയാണ് മനുഷ്യന്റെ ആത്മാവ് . എവിടെ നിന്നാണത് വരുന്നത് ? പിന്നീട് പ്രസവിക്കപ്പെട്ടതിനു ശേഷം ഈ ലോകത് നിശ്ചയിക്കപ്പെട്ട അത്രയും കാലം ജീവിച്ചതിനു ശേഷം മരിച്ചു പോകുന്ന ഒരാൾ ഭൗതിക ശരീരത്തെ ഇവിടെ അവശേഷിപ്പിച്ചു എവിടേക്കാണ് പോകുന്നത് ? മരിച്ചു “പോയി” എന്നാണു നാം പറയുന്നത് എവിടേക്കാണ് പോകുന്നത് ? ഈ ലോക ജീവിതം ശാശ്വതമല്ല നശ്വരമാണ് . ഈ ലോക ജീവിതത്തിനു ശേഷവും മറ്റൊരു ലോകവും ജീവിതവുമുണ്ട് അതാണ് പരലോകം . ഈ ലോകത്തെ നമ്മുടെ കർമ്മങ്ങൾക്കനുസരിച്ചാണ് പരലോകത്ത് സുഖവും ദുഖവും ലഭിക്കുന്നത് . ആ വസ്തുതയെ തിരിച്ചറിയുന്ന ഒരാളെ സമ്പന്ധിച്ചിടത്തോളം ഇഹലോക ജീവിതം താൽക്കാലികമാണ് .

ഒരു പക്ഷി ഒരു മരച്ചില്ലയിൽ വന്നിരിക്കുന്നു . ആ മരച്ചില്ലയെ സംബന്ധിച്ച് പക്ഷിയുടെ വിചാരം എന്താണ് ? ഇത് എന്റേതാണ് , എനിക്ക് മാത്രമുള്ളതാണ്, എല്ലാ കാലത്തേക്കുമുള്ള എന്റെ വാസ സ്ഥലമാണ് എന്നാണെങ്കിൽ ആ പക്ഷിയെക്കാൾ വലിയ വിഡ്ഢി മറ്റാരാണുള്ളത് ? എന്നാൽ ആ പക്ഷിക്ക് നല്ല പോലെയറിയാം ഇത് എന്റെ താൽക്കാലിക താവളം മാത്രമാകുന്നു എന്ന് . അത് നാല് പാടും സദാ നേരവും വീക്ഷിച്ചു കൊണ്ടിരിക്കും .ആരെങ്കിലും തന്നെ ആക്രമിക്കാൻ വരുന്നുണ്ടോ ? കല്ലെറിയുന്നുണ്ടോ ? തന്നെക്കാൾ ശക്തനായ മറ്റു വല്ല ജീവിയും അടുത്ത് വരുന്നുണ്ടോയെന്ന് . പക്ഷിയുടെ ഇരിപ്പു കണ്ടാലറിയാം ഒരു താൽക്കാലിക കേന്ദ്രമായാണ് പക്ഷി ചില്ലയെ കാണുന്നതെന്ന് .പക്ഷിക്ക് മരച്ചില്ലയോടുള്ള ബന്ധം മാത്രമാണല്ലോ മനുഷ്യന് ഈ ലോകത്തോടുള്ളത് ?

ഉറ്റവരും ഉടയവരുമായ ആളുകളോടൊപ്പം സന്തോഷത്തോടെയും ആഹ്ലാദത്തോടെയും കഴിയുമ്പോൾ , സുരക്ഷാ ഭടന്മാർക്കിടയിൽ വളരെ ജാഗ്രതയോടെ ഒരു രാജ്യത്തെ ഭരണാധികാരിയോ ഈ ലോകത്തെ തന്നെ ഏറ്റവും വലിയ നേതാവോ നടന്നു പോകുമ്പോൾ എത്ര ലളിതമായാണ് മരണം കീഴടക്കുന്നത് ? അത്രയും താൽക്കാലികമാണ് ലോകം . ഈ ലോകം അത്രയും താൽക്കാലികമാണെന്നു തിരിച്ചറിയുമ്പോൾ ഒരു മനുഷ്യൻ പിന്നെന്തിനു തന്റെ സഹജീവിയോട് വെറുപ്പ് കാണിക്കണം ? എന്തിനു പകയുള്ളവനാകണം ? എന്തിനുവിദ്വേഷം വെച്ച് പുലർത്തണം ? താൻ മരണപ്പെട്ടു മലർന്നു കിടക്കുമ്പോൾ , നിസ്സഹായനായി കിടക്കുന്ന തന്നെ എടുത്തു കുളിപ്പിക്കാൻ വരുന്ന തന്റെ സഹജീവി , ഒരു അവസാന നോക്ക് കാണുവാൻ , സ്നേഹം പ്രകടിപ്പിക്കാൻ ദൂരെ ദേശത്ത് നിന്നും വന്നു തിരിച്ച് പോകുന്ന സഹപ്രവർത്തകൻ . ഇവരോടൊക്കെ എന്തിനാണ് ജീവിച്ചിരിക്കുമ്പോൾ വെറുപ്പും പകയുമെന്നു ബുദ്ധിയുള്ളവർ ചിന്തിക്കും ഏത് സന്ദർഭത്തിലും വിട്ടു പോകാവുന്ന ഈ ഭൂമിയിലെ സമ്പാദ്യത്തോടു താൽക്കാലിക സ്വഭാവം മാത്രമേ അവർക്കുണ്ടാവൂ . വെറുപ്പും പകയും വിദ്വേഷവും, സ്വസ്ഥതയും വിജയവും നൽകില്ല . നിർമല ഹൃദയമാണ് ശാശ്വത ലോകത്ത് സഹായകമാവുക . ഇതിലേക്കാണ് ദൈവവും ദൈവദൂതരും വിളിക്കുന്നത്.

Facebook Comments
Related Articles
Close
Close