Vazhivilakk

സന്ദർശന മര്യാദ ഇസ് ലാമിൽ

ഇസ് ലാമിന്റെ മേൽനോട്ടവും നിർദ്ദേശവും കടന്നു ചെല്ലാത്ത ഏതെങ്കിലും മേഖലകളുണ്ടോ .. എങ്ങനെ ഭക്ഷണം കഴിക്കണം, എങ്ങനെ ഉറങ്ങണം, എങ്ങനെ നടക്കണം തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും ചില മര്യാദകൾ പഠിപ്പിച്ച രീതി ഒരു വേള ഇസ്ലാമിന് മാത്രം അവകാശപെട്ടതാണ്.. അക്കൂട്ടത്തിൽ വിശദമായി മനസ്സിലാക്കേണ്ടതും ദൈനം ദിന ജീവിതത്തിൽ മനുഷ്യാവകാശവും സാമൂഹികനീതിയും ഉറപ്പ്‌ വരുത്തുന്നതുമായ ഒന്നത്രേ ഇസ്ലാമിലെ സന്ദർശന മര്യാദകൾ..

ഒരു വിശ്വാസി തന്റെ സഹോദരന്റെ വീട്ടിൽ ചെല്ലുമ്പോൾ അതു ഏതൊക്കെ മര്യാദകൾ പാലിച്ചു കൊണ്ടാകണമെന്നു ഖുർആൻ വിശദമാക്കിയിട്ടുണ്ട്… എന്ന് മാത്രമല്ല ഈ മര്യാദകൾ പാലിക്കാത്ത പക്ഷം അതു മറ്റുള്ളവരുടെ സ്വകാര്യതയ്ക്കും സൗകര്യതയ്ക്കും ഏതു തരത്തിലുള്ള ആഘാതം സൃഷ്ടിക്കുമെന്നും പ്രസ്തുത വാക്യങ്ങളിൽ നിന്നു ഗ്രഹിക്കാം..
” അല്ലയോ വിശ്വസിച്ചവരെ, നിങ്ങളുടേതല്ലാത്ത വീടുകളുടെ അകത്തു പ്രവേശിക്കാതിരിക്കുവിൻ, ആ വീട്ടുകാരുടെ തൃപ്തി അറിയുകയും അവർക്കു സലാം പറയുകയും ചെയ്യുന്നത് വരെ. ഈ സമ്പ്രദായമാകുന്നു നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത്. ഇതു നിങ്ങൾ ശ്രദ്ധിക്കുമല്ലോ.. അന്യ വീട്ടിൽ ആരെയും കണ്ടില്ലെങ്കിലും സമ്മതം കിട്ടുന്നത് വരെ പ്രവേശിക്കരുത്. നിങ്ങളോട് തിരിച്ചു പോകാൻ ആവശ്യപെട്ടാൽ തിരിച്ചു പോകണം. അതാണ് നിങ്ങൾക്കേറ്റവും ഉചിതമായ സംസ്കാരം. നിങ്ങൾ പ്രവർത്തിക്കുന്നതെന്തും അല്ലാഹു അറിയുന്നുണ്ട്.. എന്നാൽ ആൾപ്പാർപ്പില്ലാത്തതും നിങ്ങൾക്ക് ആവശ്യമുള്ളതുമാ യ വസ്തുക്കൾ (പൊതു സ്ഥലങ്ങൾ) ഉള്ളതുമായ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ വിരോധമൊന്നുമില്ല. നിങ്ങൾ വെളിവാക്കുന്നതും ഒളിച്ചു വെക്കുന്നതുമായതെല്ലാം അല്ലാഹു അറിയുന്നു.. (സൂറത്തുൽ നൂർ.. 27… 29).

Also read: കുട്ടിക്ക് പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മറ്റുള്ളവരുടെ വീട്ടിൽ പ്രവേശിക്കുന്ന സമയത്തു ആ വീട്ടുകാർക്ക് സലാം പറയുകയും അവർക്ക് നിങ്ങളെ അറിയില്ലെങ്കിൽ നിങ്ങളെ പരിചയപ്പെടുത്തുകയോ ഇനി അറിയുമെങ്കിൽ തന്നെ ആ സമയത്തുള്ള നിങ്ങളുടെ സന്ദർശനത്തിൽ അവർ തൃപ്തരാണ് എന്ന് ഉറപ്പു വരുത്തുകയോ വേണം. അവരുടെ കേവലമായ അനുവാദമല്ല ഇവിടെ ഉദ്ദേശിച്ചത്.. അങ്ങിനെയാണെങ്കിൽ മേൽപറഞ്ഞ ഖുർആൻ വാക്യത്തിൽ ആ പദം ഉപയോഗിക്കുമായിരുന്നു. മറിച്ചു മാനമില്ലാമനസ്സോടെയുള്ള അനുവാദം സന്ദര്ശകന് തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല. ആ വീട്ടുകാരൻ ഏതെങ്കിലും കാര്യത്തിൽ നിമഗ്നനോ അതല്ലെങ്കിൽ ഭാര്യയോടൊത്തു ശയിക്കുകയോ ഉറങ്ങുകയോ അതുമല്ലെങ്കിൽ വിശ്രമിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ ആയിരിക്കും നിങ്ങൾ അവിടെ ചെന്നിട്ടുണ്ടാവുക.. ഇത്തരം സമയങ്ങളിൽ അന്യ വീടുകളിൽ ചെല്ലാതിരിക്കുകയാണ് അഭികാമ്യം.. ഈ സമയത്തുള്ള നിങ്ങളുടെ സലാം ചൊല്ലലിനേക്കാളും അനുവാദം ചോദിക്കുന്നതിനേക്കാളും ഉത്തമം അതാണ്…

ഇതിന്റെ കാരണം വീട് എന്ന് പറയുന്നത് ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ ഒരാൾക്ക് അങ്ങേയറ്റത്തെ സ്വകാര്യതയും സമാധാനവും നൽകുന്ന സ്ഥലമാണ്… സൂറത്തുൽ നഹ്‌ലിലെ എൺപതാമത്തെ സൂക്തത്തിൽ അല്ലാഹു പറയുന്നു.. ” അല്ലാഹു നിങ്ങളുടെ ഭവനങ്ങളേ വിശ്രമ സങ്കേതങ്ങളാക്കിയിരിക്കുന്നു ”

ഒരാൾക്ക് സ്വകാര്യതയും സ്വാതന്ത്ര്യവും ഉണ്ടാകുമ്പോൾ മാത്രമാണ് ശാന്തതയുണ്ടാകുന്നത്. ഇതിൽ ഏതെങ്കിലുമൊന്നു ഹനിക്കപെട്ടാൽ അതു സമാധാനത്തെ നശിപ്പിക്കും. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഇസ്ലാം അനുവദിക്കുന്നില്ല.. അതു മനപ്പൂർവം അവരെ ബുദ്ധിമുട്ടിക്കുന്നതിനു തുല്യമാണ്. അതിനാൽ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ ഹറാമും….

ഇനി നമ്മൾ ഒരാളെ മുൻ‌കൂർ വിളിച്ചു അനുവാദം വാങ്ങി അയാളുടെ തൃപ്തിയോടെ അയാളുടെ വീട്ടിൽ പ്രവേശിച്ചാൽ നമ്മളെ അയാൾ നന്നായി സ്വീകരിക്കുന്നത് കാണാം. ഒരു പക്ഷെ അതിഥികൾക്ക് ലഘു പലഹാരങ്ങൾ വരെ അയാൾ ഒരുക്കി വെച്ചെന്നിരിക്കും. മറിച്ചു നിങ്ങളുടെ സന്ദർശനം അയാളുടെ അറിവോടെ അല്ലെങ്കിൽ അതും അസമയത്താണെങ്കിൽ അതൊരു തരത്തിലുള്ള കടന്നു കയറ്റമായിരിക്കും.. നിങ്ങളോട് അയാൾ തിരിച്ചു പോകാൻ പറയുന്നില്ല എന്നേയുള്ളൂ…

അതേ പോലെ വീട്ടുകാർക്ക് സലാം പറയുകയെന്നതും വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഒന്നാമത് സലാം ചൊല്ലുന്നതിൽ ഒരു പ്രാർത്ഥനയുണ്ട്.. കൂടാതെ സലാം ചൊല്ലി മടക്കുന്നതിലൂടെ ഇരുവരും സ്നേഹത്തിന്റെ ഒരു പാലം അവർക്കിടയിൽ നിർമ്മിച്ചു കഴിഞ്ഞു.. പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും അംഗീകാരത്തിന്റെയും അടയാളമത്രെ ഈ സലാം.. ഒരിക്കൽ സലാം ചൊല്ലാതെ വീട്ടിൽ കയറിയിരുന്ന ഒരു വ്യക്തിയോട് പുറത്തിറങ്ങി വീണ്ടും സലാം ചൊല്ലി കയറുവാൻ പ്രവാചകൻ നിർദേശിച്ചതായി ഹദീസിൽ കണ്ടിട്ടുണ്ട്… അതുപോലെ വീട്ടിലെത്തിയാൽ ബെല്ലടിച്ച ശേഷം വാതിലിന്റെ നേരെ മുൻപിൽ നിൽക്കുക എന്നതും പ്രവാചക മാതൃകയിലില്ല.. അദ്ദേഹം ഒരു ഭാഗത്തു മാറി നിൽക്കുകയായിരുന്നു പതിവ്. ഇതിൽ നിന്നൊക്കെ നമുക്ക് ഏറെ പഠിക്കാനും ചിന്തിക്കാനുമുണ്ട്…

Also read: ദേവീന്ദർ സിങും ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളും

ഇമാം മാലിക് തന്റെ “മുവത്വ”യിൽ അത്വാഅ ബിൻ യാസിർ റിപ്പോർട്ട്‌ ചെയ്ത ഒരു ഹദീസ് കാണുക.. ഒരാൾ വന്നു പ്രവാചകനോട് ചോദിച്ചു.. “ഞാൻ എന്റെ മാതാവിന്റെ വീട്ടിൽ പ്രവേശിക്കുന്നതിന് മുൻപും അനുവാദം വാങ്ങേണ്ടതുണ്ടോ “? . പ്രവാചകൻ പറഞ്ഞു. ” വേണം “. ഞാൻ ആ വീട്ടിൽ ഉമ്മയുടെ കൂടെയാണ് താമസം. എങ്കിലോ? ” പ്രവാചകൻ അപ്പോഴും പറഞ്ഞു “വേണം”. മൂന്നാമതായി അയാൾ ചോദിച്ചു. “ഞാൻ അധികസമയവും ഉമ്മയെ സേവിച്ചു കൊണ്ടു അവിടെ തന്നെയാണ് കഴിയാറു.. എങ്കിലോ? ” പ്രവാചകൻ തിരിച്ചു ചോദിച്ചു.. “നിങ്ങളുടെ ഉമ്മ നല്ല രീതിയിൽ വസ്ത്രം മറക്കാതെ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ? “അയാൾ പറഞ്ഞു.. “ഇല്ല”.. അപ്പോൾ പ്രവാചകൻ പറഞ്ഞു..” അതുകൊണ്ടാണ് പറഞ്ഞത് അനുവാദം ചോദിക്കാതെ നേരെ ചെന്നു കയറരുതെന്നു “.

ഇതു ഉമ്മയ്ക്ക് മാത്രം ബാധകമായ ഒന്നല്ല.. ഭാര്യയുടെ അടുത്ത് ചെല്ലുമ്പോഴും അവൾ മുൻകൂട്ടി നിങ്ങളുടെ വരവ് അറിയുന്നത് നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ അവളെ കാണുന്നതിൽ നിന്നു നിങ്ങളെ ഒഴിവാക്കിതരും. ഇന്ന് പലരും ഗൾഫിൽ നിന്നു പോലും വരുമ്പോൾ ഭാര്യമാരെ അറിയിക്കാതെ സർപ്രൈസ് വിസിറ്റ് ചെയ്യുന്ന രീതി കാണാറുണ്ട്… ഇസ്ലാം ഇതു അനുവദിക്കുന്നില്ല എന്ന് പലർക്കുമറിയില്ല.

സന്ദർശനത്തിനു വന്നവർ വീട്ടുകാരെ വിളിക്കേണ്ടത് അല്ലെങ്കിൽ ബെല്ലടിക്കേണ്ടത് പരമാവധി മൂന്നു തവണയാണ്.. പ്രതികരണമില്ലെങ്കിൽ തിരിച്ചു പോകാനാണ് ഖുർആൻ നമ്മോട് പറയുന്നത്… എന്നാൽ ചെരിപ്പ് ഉണ്ടെന്നും കാർ പുറത്തുണ്ടെന്നും കണ്ടു ജനലിന്റെ വിടവിലൂടെ പാളി നോക്കുന്നത് മുസ്‌ലിമിന്റെ സംസ്കാരത്തിന് ചേർന്നതല്ല. അകത്തു നിന്നു “പിന്നെ വരൂ ” എന്ന ശബ്ദം കേട്ടാൽ പിരിഞ്ഞു പോവുക.. അപ്പോൾ പോലും ആ വീട്ടുകാരോട് മനസ്സിൽ ഒരു ഈർഷ്യയും തോന്നരുത്… കാരണം അയാൾക്ക്‌ ഇസ്ലാം അനുവദിച്ച കാര്യം മാത്രമേ അയാൾ ചെയ്തിട്ടുള്ളു…

സ്വന്തം മക്കൾ വീട്ടിൽ രക്ഷിതാക്കളുടെ മുറിയിൽ പ്രവേശനം നിരോധിച്ച മൂന്നു സമയങ്ങൾ വരെ ഖുർആൻ സൂറത്തുൽ അഹ്കാഫിലൂടെ (15..18) വ്യക്തമാക്കിയിട്ടുണ്ട്.. അതു പ്രഭാതത്തിലും മധ്യാഹ്നത്തിലും രാത്രിയിലും അവർ വസ്ത്രം മാറുന്ന സമയങ്ങളിലത്രേ… രക്ഷിതാക്കൾ കുട്ടികൾക്ക്‌ ഈ പരിശീലനം വീട്ടിൽ വെച്ചു നൽകേണ്ടതുണ്ട്… വീട്ടിൽ നിന്നു തന്നെ ഈ മര്യാദ പഠിപ്പിക്കപ്പെടുമ്പോൾ അവർ മറ്റു വീടുകളിൽ ചെന്നാലും ഈ ശീലം തുടരുന്നതായി കാണാം..

 

Facebook Comments

എന്‍ കെ പി ഷാഹുല്‍ ഹമീദ്

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ മർഹൂം എം സി അബ്ദുല്ലയുടെയും എൻ കെ പി കദീജയുടെയും മൂത്ത മകനായി ജനനം. തങ്കയം എൽ പി സ്കൂൾ, തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, ഫാറൂഖ് കോളേജ് , സൗദി അറേബ്യായിലെ ഇമാം മുഹമ്മദ്‌ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം. സൗദിയിലെ റിയാദ് ബാങ്ക്, യു എ ഇ യിൽ അബുദാബി ഇസ്ലാമിക് ബാങ്ക് എന്നിവിടങ്ങളിൽ ജോലി നോക്കി. ഇപ്പോൾ നാട്ടിൽ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവം. യു എ ഇ റേഡിയോയിൽ അറബിക് ടീച്ചർ പ്രോഗ്രാം നടത്തിയിരുന്നു. ഭാര്യ : എൻ ഹഫ്‌സ, മക്കൾ : ഡോ. വഫ, ഹാനി, മുഹ്സിൻ, നുഹ, മരുമക്കൾ: ഫഹദ് പി.കെ, , ഡോ. ഷെഹ്‌സാദി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker