Current Date

Search
Close this search box.
Search
Close this search box.

റജബ് മാസം, മിഅ്‌റാജ്ദിനം, നോമ്പ്

ഇസ്രാഉം മിഅ്‌റാജും റജബ് മാസത്തിലാണ്, വിശിഷ്യാ 27-ാം രാവിലാണ് എന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ ചരിത്രപരമായി തെളിവില്ലാത്തതും ഹദീസുകള്‍ കൊണ്ടോ മറ്റു ആധികാരിക പ്രമാണങ്ങള്‍ കൊണ്ടോ സ്ഥിരപ്പെടാത്തതുമായ ഒരു അബദ്ധ ധാരണയാണിത്. ഇസ്രാഉം മിഅ്‌റാജും നടന്നത് എന്നാണെന്ന് തീര്‍ച്ചപ്പെടുത്താവുന്ന വിശ്വാസയോഗ്യമായ ഒരു തെളിവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതുസംബന്ധമായി ഇമാം ഇബ്‌നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പത്ത് അഭിപ്രായങ്ങളെങ്കിലും ഉദ്ധരിച്ചിട്ടുണ്ട്. വര്‍ഷത്തിന്റെ കാര്യത്തിലെന്നപോലെ ഏത് മാസത്തിലാണെന്നതിലും കടുത്ത അഭിപ്രായവ്യത്യാസങ്ങളാണുള്ളത്. ഇമാം ഇബ്‌നു കസീറും ഇമാം ഖുര്‍ത്വുബിയുമെല്ലാം അക്കാര്യം വിശദീകരിച്ചിട്ടുണ്ട് (അല്‍ ബിദായ വന്നിഹായ: 3/107, തഫ്‌സീര്‍ ഖുര്‍ത്വുബി 10/210). ഇമാം ഇബ്നു അബ്ദില്‍ബര്‍റ് പറയുന്നു: അബൂ ഇസ്ഹാഖുല്‍ ഹര്‍ബി പറഞ്ഞു: ‘ഹിജ്റക്ക് ഒരു വര്‍ഷം മുമ്പ് റബീഉല്‍ അവ്വല്‍ മാസം ഇരുപത്തിയേഴാം രാവായപ്പോള്‍ നബി(സ)യുടെ രാപ്രയാണം സംഭവിക്കുകയുണ്ടായി. തുടര്‍ന്ന് നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടതിനെപ്പറ്റി വിശദീകരിക്കുന്നുണ്ട്’ (അത്തംഹീദ്: 8/57). ഇമാം ഇബ്നു സഅ്ദിന്റെ ഒരു നിവേദനപ്രകാരം ഹിജ്റക്കു 18 മാസം മുമ്പ് റമദാന്‍ പതിനേഴാം രാവില്‍ എന്നു കാണാം. മറ്റൊരു നിവേദനത്തില്‍, ഹിജ്റക്കു ഒരു വര്‍ഷം മുമ്പ് റബീഉല്‍ അവ്വല്‍ 17-ാം രാവില്‍ എന്നാണുള്ളത് (അത്ത്വബഖാതുല്‍ കുബ്റാ: 499, 500). ഇതേ അഭിപ്രായം മഖ്‌രീസി ഇംതാഉല്‍ അസ്മാഇലും, ഇമാം സുയൂത്വി അല്‍ ഖസ്വാഇസ്വുല്‍ കുബ്റായിലും, ഇബ്നു സയ്യിദിന്നാസ് ഉയൂനുല്‍ അസറിലും, അല്ലാമാ ഇബ്നുല്‍ അസീര്‍ ഉസ്ദുല്‍ഗാബയിലും, ഇമാം ദഹബി താരീഖുല്‍ ഇസ്ലാമിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു സയ്യിദിന്നാസ് പറയുന്നത് ഇതാണ് പ്രസിദ്ധമെന്നാണ്.

അല്ലാമാ അബൂശാമ പറഞ്ഞു: ‘കെട്ടുകഥകള്‍ ചമയ്ക്കുന്ന ചിലര്‍ റജബിലാണ് ഇസ്രാഅ് ഉണ്ടായത് എന്ന് പറയുന്നുണ്ട്. അത് കളവാണ്'(അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദ്ഇ വല്‍ ഹവാദിസ്, പേജ് 116).

ഇമാം ഇബ്‌നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ സാദുല്‍ മആദ് എന്ന ഗ്രന്ഥത്തില്‍ ഇസ്രാഅ്-മിഅ്‌റാജിനെ കുറിച്ച് പറയുന്നത് കാണുക:
‘ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ് ഇസ്രാഇന്റെ രാവ് എന്ന് മുസ്‌ലിംകളിലാരും തന്നെ പറഞ്ഞിട്ടില്ല. ദീനുല്‍ ഇസ്ലാമില്‍ പെട്ടതല്ല എന്നത് സര്‍വസമ്മതവും അബദ്ധമാണെന്നത് എല്ലാവര്‍ക്കുമറിയാവുന്നതുമാണ്. ഇസ്രാഇന്റെ രാവ് എന്നാണെന്ന് കൃത്യമായി അറിയുമെങ്കിലാണിത്. എന്നാല്‍ അത് ഏതു മാസത്തിലാണെന്നോ, ഏതു പത്തിലാണെന്നോ, ഏതു രാവിലാണെന്നോ അറിയിക്കുന്ന ഒരു തെളിവും നിലനില്‍ക്കുന്നില്ലെങ്കില്‍ പിന്നെ പറയണോ?! കൂടാതെ, തദ്വിഷയകമായി ഉദ്ധരിക്കപ്പെടുന്നത് കണ്ണിമുറിഞ്ഞതും പരസ്പരവൈരുധ്യമുള്ളതുമാണ്. ഖണ്ഡിതമായി പറയാവുന്നതൊന്നും അവയിലില്ല. ലൈലത്തുല്‍ ഖദ്റില്‍നിന്ന് വ്യത്യസ്തമായി ലൈലത്തുല്‍ ഇസ്രാഅ് ആണെന്നു അനുമാനിക്കപ്പെടുന്ന രാവില്‍ പ്രത്യേകമായി ഒരു നമസ്‌കാരമോ മറ്റെന്തെങ്കിലുമോ മുസ്‌ലിംകള്‍ക്ക് ശര്‍ആക്കപ്പെട്ടിട്ടില്ല…… ഇത്തരം കാര്യങ്ങളില്‍ സംസാരിക്കണമെങ്കില്‍ കാര്യങ്ങളുടെ യാഥാര്‍ഥ്യങ്ങളെക്കുറിച്ചും, അനുഗ്രഹങ്ങളുടെ തോതിനെക്കുറിച്ചുമെല്ലാമുള്ള അറിവ് ആവശ്യമാണ്. അതാകട്ടെ വഹ്‌യിലൂടെയല്ലാതെ അറിയുകയുമില്ല. അതിനാല്‍ അറിവില്ലാതെ അതേക്കുറിച്ച് ആരും സംസാരിക്കാതിരിക്കണം. മുസ്‌ലിംകളില്‍പെട്ട ആരെങ്കിലും ഇസ്രാഇന്റെ രാവിന് മറ്റുളള രാവുകളേക്കാള്‍ എന്തെങ്കിലും ശ്രേഷ്ഠത കല്‍പ്പിച്ചതായി ആര്‍ക്കും അറിഞ്ഞുകൂടാ. വിശിഷ്യാ സ്വഹാബത്തോ, അവരെ ഏറ്റവും നല്ലനിലയില്‍ പിന്‍പറ്റിയ താബിഉകളോ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൊണ്ട് ഇസ്രാഇന്റെ രാവിനെ സവിശേഷമാക്കാന്‍ തുനിഞ്ഞതായും അറിയപ്പെട്ടിട്ടില്ല. അവരതിനെ ഓര്‍ക്കാറുമുണ്ടായിരുന്നില്ല. ഇസ്രാഅ് എന്നത് നബി(സ)യുടെ ഏറ്റവും മഹത്തായ ശ്രേഷ്ഠതകളില്‍ പെട്ടതായിട്ടു കൂടി, ആ സന്ദര്‍ഭത്തില്‍ എന്തെങ്കിലും പ്രത്യേക ആരാധനാകര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയുണ്ടായിട്ടില്ല. ഇക്കാരണത്താലാണ് ഏത് രാവിലാണ് അത് എന്ന കാര്യം അറിയാതെ പോയത്’ (സാദുല്‍ മആദ്).

ബുഖാരിയുടെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നു: ‘ഇസ്രാഅ്-മിഅ്‌റാജ് ദിനം നിര്‍ണയിക്കുന്നതില്‍ പത്തിലധികം അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. അത് റമദാനിലാണെന്നും ശവ്വാലിലാണെന്നും റജബിലാണെന്നും റബീഉല്‍ അവ്വലിലാണെന്നും റബീഉല്‍ ആഖറിലാണെന്നും അഭിപ്രായമുണ്ട്’ (നോക്കുക: ഫത്ഹുല്‍ബാരി, മിഅ്‌റാജിന്റെ അധ്യായം). സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമായ ഉംദത്തുല്‍ഖാരിയില്‍ ഇമാം ഐനിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ‘ഇസ്രാഇന്റെയും മിഅ്റാജിന്റെയും കാര്യത്തില്‍ വ്യത്യസ്ത വീക്ഷണങ്ങളാണുളളത്. സുദ്ദിയുടെ വീക്ഷണത്തില്‍ ദില്‍ഖഅ്ദയിലാണ്, സുഹ്‌രിയുടെ വീക്ഷണത്തില്‍ റബീഉല്‍ അവ്വലിലാണ്, റജബ് 27-ാം രാവിലാണെന്നും അഭിപ്രായമുണ്ട്…… ഹിജ്റക്കു ഒരുവര്‍ഷം മുമ്പ് നുബുവ്വത്തിന്റെ 13-ാം വര്‍ഷം റമദാന്‍ 17-നാണെന്നും, റജബിലാണെന്നുമൊക്കെ അഭിപ്രായമുണ്ട്’ (ഉംദത്തുല്‍ ഖാരി: 6/115).

ചുരുക്കത്തില്‍, ഇസ്രാഉം മിഅ്‌റാജും എന്നാണ് സംഭവിച്ചത് എന്നുപോലും കൃത്യമായ രേഖകള്‍ ഇല്ലാത്ത സ്ഥിതിക്ക് റജബ് മാസം 27-ന് പ്രത്യേകമായ പോരിശയും പുണ്യവുമൊക്കെയുണ്ട് എന്ന അടിസ്ഥാനത്തില്‍ അന്നേ ദിവസം പ്രത്യേകമായ നോമ്പനുഷ്ഠിക്കുന്നതിനോ ആ രാവില്‍ പ്രത്യേകമായി പ്രാര്‍ഥിക്കുന്നതിനോ യാതൊരടിസ്ഥാനവുമില്ല എന്നു മനസ്സിലാക്കാം.

റജബ് 27-ന് നോമ്പ് സുന്നത്തുണ്ടോ?
ഒരു കാര്യം സുന്നത്താണെന്നുപറയാന്‍ ളഈഫായ ഹദീസ് മതിയെന്നും, റജബ് 27-നു നോമ്പ് സുന്നത്താണെന്ന് മനസ്സിലാക്കാന്‍ അതു മതിയെന്നും അതിനാല്‍ സവിശേഷമായ ആ പ്രതിഫലം നഷ്ടപ്പെടുത്തിക്കൂടെന്നും ചിലര്‍ പറയുന്നതു കേട്ടു. വിശദീകരണം തേടുന്നു.

അല്ലാഹുവോ പ്രവാചകനോ നിയമമാക്കിയിട്ടില്ലാത്തതും സച്ചരിതരായ ഖലീഫമാരോ സ്വഹാബികളോ അനുഷ്ഠിച്ചിട്ടില്ലാത്തതുമായ ചില നോമ്പുകള്‍ ജനങ്ങള്‍ അവരുടെ ഇഛക്കനുസൃതമായി അനുഷ്ഠിക്കാറുണ്ട്. അത്തരം നിഷിദ്ധമായ നോമ്പുകളില്‍ പെട്ടതാണ് റജബ് ഇരുപത്തിയേഴിലെ ഇസ്രാഉം മിഅ്‌റാജുമായി ബന്ധപ്പെടുത്തിയിട്ടുള്ള നോമ്പ്.

പ്രവാചകന് അല്ലാഹു അരുളിയ മഹത്തായ അനുഗ്രഹങ്ങള്‍ പരിഗണിച്ച് റജബ് 27-നെ ഇസ്‌ലാമിക സുദിനമായി കാണുകയും പ്രസ്തുത ദിനത്തില്‍ നന്ദിസൂചകമായി നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ‘അല്ലാഹു പ്രവാചകന് ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ ഈ ഉമ്മത്തിലെ ഓരോ വ്യക്തിക്കും ലഭിച്ച അനുഗ്രഹങ്ങളാണ്. അതിന് നന്ദി പ്രകടിപ്പിക്കല്‍ നിര്‍ബന്ധമാണ്. പ്രസ്തുത നന്ദിപ്രകടനത്തിന്റെ രീതി മഹത്തായ ദിനത്തിന്റെ സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്ട് അന്ന് നോമ്പനുഷ്ഠിക്കലാണ്’ എന്നാണ് ഇതിന്റെ തെളിവായി അവര്‍ ഉദ്ധരിക്കുന്നത്.
എന്നാല്‍ നോമ്പിന്റെ നിയമസാധുതക്ക് ഇതൊന്നും തെളിവല്ല. സത്യവിശ്വാസികളുടെ മേല്‍ അല്ലാഹു ചൊരിഞ്ഞ നിരവധി അനുഗ്രഹങ്ങളെ ഓര്‍ക്കാന്‍ വേണ്ടി മുസ്‌ലിംകളോട് അല്ലാഹു കല്‍പിച്ചിട്ടുണ്ട്. അഹ്‌സാബ് യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ”സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറേ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു” (അഹ്‌സാബ് 9). എന്നാല്‍ ശവ്വാലില്‍ അതിന്റെ സുന്ദരസ്മരണകള്‍ പുതുക്കിക്കൊണ്ട് ആ ദിവസം കടന്നുവരുമ്പോഴെല്ലാം നന്ദിസൂചകമായി നോമ്പനുഷ്ഠിക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല.

യാതൊരു അടിസ്ഥാനവുമില്ലാത്ത ധാരാളം ഹദീസുകള്‍ ഉദ്ധരിക്കുന്ന ഇമാം ഗസ്സാലി തന്റെ ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഉദ്ധരിച്ചതാണ് ഈ ഹദീസ്. അവലംബനീയമായ ഒരൊറ്റ ഹദീസ് ഗ്രന്ഥത്തിലും ഇത് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സുന്നത്ത് നോമ്പുകള്‍ വിശദീകരിക്കുന്ന കൂട്ടത്തില്‍ ഇങ്ങനെയൊരു നോമ്പ് ഇമാം അവര്‍കള്‍ സൂചിപ്പിച്ചതു പോലുമില്ല. ശ്രേഷ്ഠമായ രാവുകളും പകലുകളും വിശദീകരിക്കുന്ന ഭാഗത്താണ് ഈ ഹദീസ് ഇമാം ഗസ്സാലി ഉദ്ധരിച്ചിട്ടുള്ളത്, എന്നാല്‍ അവിടെയും ഇങ്ങനെയൊരു നോമ്പ് സുന്നത്താണെന്ന് ഇമാം അവര്‍കള്‍ പറഞ്ഞിട്ടില്ല. മാത്രമല്ല ഈ ഹദീസിന്റെ അടിക്കുറിപ്പ് എഴുതിയ ഇമാം ഇറാഖി ഇത് സ്വീകാര്യയോഗ്യമല്ലാത്ത, ളഈഫും മൗഖൂഫുമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഇതാണ് ഇതിന്റെ സനദിന്റെ (നിവേദകപരമ്പര) അവസ്ഥ. ഇനി ഇതിന്റെ ഉള്ളടക്കം നോക്കിയാല്‍ ഒട്ടും സ്വീകാര്യമല്ല എന്നു കാണാവുന്നതാണ്. കാരണം പ്രവാചകത്വം സിദ്ധിച്ചത് അന്നാണ് എന്ന, ഖുര്‍ആനിനും സ്ഥിരപ്പെട്ട ഹദീസുകള്‍ക്കും തികച്ചും കടകവിരുദ്ധമായ ആശയമാണ് അതിലുള്ളത്. ഇമാം ഗസ്സാലി തന്നെ പറഞ്ഞതിനെതിരാണ് ഇത്. വ്യാജ ഹദീസുകള്‍ ഉദ്ധരിക്കുന്നതിലെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു:

”ചിലര്‍ ധരിച്ചുവെച്ചിരിക്കുകയാണ്, അതായത് സല്‍ക്കര്‍മങ്ങളുടെ ശ്രേഷ്ഠതകള്‍ വിവരിക്കാനും, തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നതിന്റെ ഗൗരവം സൂചിപ്പിക്കാനുമൊക്കെ ഹദീസുകള്‍ കള്ളമായി കെട്ടിച്ചമച്ചുണ്ടാക്കാമെന്ന്. അതിലൂടെയുള്ള തങ്ങളുടെ ഉദ്ദേശ്യം ശരിയാണെന്നാണ് അവര്‍ വാദിക്കുന്നത്. അതാകട്ടെ തനിയബദ്ധമാണു താനും. കാരണം നബി (സ) പറഞ്ഞിരിക്കുന്നു: ‘ആര്‍ എന്റെ മേല്‍ ബോധപൂര്‍വം കളവു പറഞ്ഞുവോ എങ്കില്‍ നരകത്തില്‍ തന്റെ ഇരിപ്പിടം അവന്‍ ഒരുക്കിക്കൊള്ളട്ടെ’. നുണ അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രം പറ്റുന്ന തിന്മയാണ്. എന്നാല്‍ ഇവിടെ അങ്ങനെ ഒരത്യാവശ്യവും ഇല്ല, കാരണം മറ്റൊന്നിനെയും ആശ്രയിക്കേണ്ടതില്ലാത്ത വിധം അവതീര്‍ണമായ ഖുര്‍ആന്‍ ആയത്തുകളും സ്ഥിരപ്പെട്ട ഹദീസുകളും തന്നെ ഉണ്ടായിരിക്കെ വ്യാജത്തെ ആശ്രയിക്കേണ്ട കാര്യമില്ല. ഖുര്‍ആനും ഹദീസും പല ആവൃത്തി കേട്ടതിനാല്‍ അതിന്റെ സ്വാധീനശേഷി നഷ്ടപ്പെട്ടു എന്നും പുതിയ കാര്യം ആകുമ്പോള്‍ അത് വലിയ സ്വാധീനം ചെലുത്തും എന്നാണ് ചിലരുടെ വാദം. ഇത് ഒരു മിഥ്യാഭാവനയാണ്. എന്തുകൊണ്ടെന്നാല്‍ ഈ വാദം റസൂലിന്റെ പേരിലോ അല്ലാഹുവിന്റെ പേരിലോ കളവുപറയാന്‍ പാടില്ല എന്ന വിലക്കിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ചെറുക്കാന്‍ മാത്രം പോന്നതല്ല. കൂടാതെ ആ കവാടം തുറക്കുന്നത് ശരീഅത്തിനെതന്നെ വികലമാക്കുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയാണ് ചെയ്യുക. അല്ലാഹുവിന്റെയും നബി(സ)യുടെയും പേരില്‍ കളവു പറയുന്നതിലൂടെ ഉണ്ടായേക്കാവുന്ന നന്മ അതിനാലുണ്ടാവുന്ന മൗലികമായ തിന്മയോട് കിടപിടിക്കാവുന്നതല്ല. അല്ലാഹുവിന്റെ റസൂലിന്റെ മേല്‍ കളവ് പറയുക എന്നുപറഞ്ഞാല്‍ മറ്റൊന്ന് കൊണ്ടും തടുക്കാനാവാത്ത വന്‍പാപമത്രെ” (ഇഹ്‌യാ ഉലൂമിദ്ദീന്‍: കളവിന്റെ പ്രത്യാഘാതങ്ങള്‍ വിവരിക്കുന്ന അധ്യായം).

അബൂഹുറയ്റ നിവേദനം ചെയ്യുന്നു: ‘ആരെങ്കിലും റജബ് ഇരുപത്തിയേഴിന് നോമ്പനുഷ്ഠിച്ചാല്‍ അല്ലാഹു അവന് അറുപത് മാസത്തെ നോമ്പിന്റെ പ്രതിഫലം രേഖപ്പെടുത്തുന്നതാണ്. രിസാലത്തുമായി ജിബ്‌രീല്‍ നബി(സ)യുടെ അടുത്ത് ഇറങ്ങിയ ദ ിവസമാണത്’ (ഇഹ്‌യാ ഉലൂമിദ്ദീന്‍). ഇതുപോലുള്ള ഹദീസുകള്‍ ഇഹ്‌യാഇല്‍ ഇമാം ഗസ്സാലി ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ അവയിലെല്ലാം ദുര്‍ബലമായവയും വ്യാജമായവയുമുണ്ട്. മിഅ്റാജ് ദിനത്തിലെ നോമ്പ് സുന്നത്താണെന്നതിനു തെളിവായി കൊണ്ടുവരുന്ന ഈ ഹദീസിനെപ്പറ്റി ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി ഇത് സ്വീകാര്യയോഗ്യമല്ലാത്ത, ളഈഫും മൗഖൂഫുമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.

ഇമാം ഗസ്സാലി ദുര്‍ബല – വ്യാജ ഹദീസുകളെപ്പറ്റി പറഞ്ഞ കാര്യം പക്ഷേ അദ്ദേഹത്തിന് പ്രയോഗതലത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഒരടിസ്ഥാനവുമില്ലാത്ത ധാരാളം ഹദീസുകള്‍ അദ്ദേഹം തന്റെ ഇഹ്‌യാഇല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കട്ടെ. പിന്നീട് ശാഫിഈ മദ്ഹബിന്റെ തന്നെ മഹാ പണ്ഡിതന്മാരായ ഇമാം ഇറാഖി, ഇമാം സുബ്കി തുടങ്ങിയവര്‍ അതിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ കഠിനാധ്വാനം ചെയ്തു. ആ ഇനത്തില്‍പെട്ട ഒരു ദുര്‍ബല ഹദീസാണ് ഇത്. ഇഹ്‌യാഇല്‍ വന്നിട്ടുള്ള അടിസ്ഥാനരഹിതമായ ഇത്തരം കാര്യങ്ങള്‍ ശാഫിഈ മദ്ഹബിലെതന്നെ പണ്ഡിതന്മാര്‍ നിസ്സങ്കോചം തള്ളിക്കളഞ്ഞതായി നമുക്കു കാണാം. ഉദാ: ഇമാം ഗസ്സാലി പറഞ്ഞതിനെ ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി തളളുന്നതു കാണുക:
‘റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിന്റെയും ശഅ്ബാന്‍ 15-ാം രാവിന്റെയും ശ്രേഷ്ഠതകളുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന സകല ഹദീസുകളും ബാത്വിലും യാതൊരടിസ്ഥാനവുമില്ലാത്ത കള്ളവുമാണ്; ഇമാം ഗസ്സാലിയുടെ ഇഹ്‌യാഇലും മറ്റു ചില മഹാന്മാരുടെ ഗ്രന്ഥങ്ങളിലും അവ കാണപ്പെടുന്നുണ്ടെങ്കിലും’ (അല്‍ഫതാവല്‍ ഫിഖ്ഹിയ്യല്‍ കുബ്റാ: 1/184).

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles