Current Date

Search
Close this search box.
Search
Close this search box.

പ്രവാചക ജനനത്തെ ആഘോഷിക്കുന്ന വിശ്വാസി നിര്‍വഹിക്കേണ്ടത്‌

മുഹമ്മദ് നബി(സ)യുടെ ജനനത്തെ ആഘോഷമാക്കുന്നതിന് പ്രത്യേകതയും സവിശേഷ പ്രാധാന്യവുമുണ്ട്. അത് പ്രവാചകന്‍ മുഹമ്മദ്(സ) വിശ്വാസികള്‍ക്ക് കാഴ്ചവെച്ച ധാര്‍മിക മൂല്യങ്ങള്‍, സന്മാര്‍ഗം മുഖേനയുള്ള ഉന്നത പദവി, അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച മാതൃക എന്നിവയാണ്. പാശ്ചാത്യര്‍ പ്രവാചക വിരുദ്ധ പ്രചരണത്തിലൂടെ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ വിശ്വാസികളുടെ വികാരം ശക്തിപ്പെടുകയും, ഐക്യത്തോടെ മുന്നേറുകയും, വിശ്വാസം നിരന്തരം വര്‍ധിപ്പിക്കുകയും, പ്രവാചക സ്‌നേഹം മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യേണ്ടതുണ്ട്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമങ്ങള്‍ ശത്രുക്കളില്‍നിന്ന് ഉണ്ടാകുമ്പോള്‍ അത് വശ്വാസികളില്‍ പ്രവാചകനെ സംബന്ധിച്ച വൈവിധ്യപൂര്‍ണവും ഗുണപരവുമായ ഫലമാണ് സൃഷ്ടിക്കുന്നത്.

പ്രവാചകനെ സ്തുതിക്കുക, പ്രവാചകന്റെ പദവിയും അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനവും എടുത്തുപറയുക എന്നിവയാണ് പ്രവാചക ജനനത്തെ ആഘോഷിക്കുമ്പോള്‍ സാധാരണയായി നടക്കാറുളളത്. ഒരുപക്ഷേ, പ്രവാചകനെ ഓര്‍ക്കുന്ന സമയത്ത് പ്രവാചക സ്വഭാവ ശീലങ്ങള്‍, പ്രവാചക മാതൃകകള്‍ തുടങ്ങിയവ കൂടുതല്‍ ഉദ്‌ബോധിപ്പിക്കുന്നതിനേക്കാള്‍, പ്രവാചക സ്തുതി ഗീതങ്ങളും, അല്ലാഹുവിന്റെയടുക്കലുളള പ്രവാചക സ്ഥാന-പദവികളാണ് പ്രഭാഷകരുടെ സംസാരത്തില്‍ വരാറുളളത്. എന്നാല്‍, ലോകത്തുളള വിശ്വാസികളെല്ലാം പ്രവാചക ജനനത്തെ സ്വീകരിക്കുന്ന ഈ സമയത്ത് വിശ്വാസപരമായ വശത്തിനാണ് വളരെ പ്രാധാന്യം കൊടുക്കേണ്ടത്. അത് വിശ്വാസികളുടെ വിശ്വാസത്തെ നിരന്തരം പുതിക്കി പണിയുകയും, പ്രവാചക സ്‌നേഹം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഈമാനിക വശമെന്നത് കൊണ്ട് അര്‍ഥമാക്കുന്നത് കേവലമായി മനസ്സില്‍ പ്രതിഫലിക്കുന്ന സ്‌നേഹമോ, വിശ്വാസമോ അല്ല. മറിച്ച്, സ്വാഭാവ ശീലങ്ങളും ധാര്‍മിക മൂല്യങ്ങളും നിരന്തരം പരിഷ്‌കരിക്കുന്ന വിശാലമായ അര്‍ഥത്തിലുളള വിശ്വാസരൂപമാണ്.

വിശ്വാസത്തെ പരിഷ്‌കരിക്കുകയെന്നതാണ് പ്രവാചക ജനനത്തെ ആഘോഷിക്കുന്ന വിശ്വാസി നിര്‍വഹിക്കേണ്ട പ്രധാനപ്പെട്ട കാര്യം. അതോടെപ്പം, പ്രവാചകനെ സാക്ഷ്യംവഹിച്ച വിശ്വാസികള്‍ പ്രവാചകന് നല്‍കിയ കരാര്‍ പാലിക്കുന്നുണ്ടോയെന്ന് സ്വയം പരിശോധിക്കുകയും, പ്രവാചകനെ അനുധാവനം ചെയ്ത് പ്രവാചക മാതൃക ഉള്‍കൊള്ളുകയും, പ്രവാചക സന്ദേശം ലോകത്തിന് അറിയിച്ചുകൊടുക്കുകയുമാണ് ചെയ്യേണ്ടത്. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: ‘മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണ് അവന്‍ സത്യം! ഈ സമുദായത്തില്‍നിന്ന് തന്നെ കേവലമായി ആരും കേള്‍ക്കുകയില്ല(പൂര്‍ണമായി അനുസരിക്കാതിരിക്കില്ല). എന്നാല്‍, ജൂതന്മാരും ക്രസ്ത്യാനികളും എനിക്ക് നല്‍കപ്പെട്ട വേദത്തില്‍ വിശ്വസിച്ചില്ല. അവര്‍ നരകത്തിന്റെ ആളുകളാണ്’.

പ്രവാചക ജനനം ആഘോഷിക്കുന്ന സമയത്ത് പ്രവാചകനോടുള്ള സ്‌നേഹം എല്ലാവിധത്തിലും വര്‍ധിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. ഇപ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ പ്രവാചക സ്‌നേഹം നിറഞ്ഞുനില്‍ക്കുകയാണ്. പണ്ഡിതന്മാരും പ്രബോധകരും ഈ സന്ദര്‍ഭത്തില്‍ പ്രവാചക ചരിത്രത്തെ വിശ്വാസികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. മക്കാ കാലഘട്ടത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും തുടര്‍ന്ന് ഹിജ്‌റ ചെയ്ത് മദീനയെന്ന സമാധാന ദേശത്തിലെത്തിയ പ്രവാചക ചരിത്രങ്ങള്‍ വിശ്വാസികളോട് ഈ അവസരത്തില്‍ എന്തിന് പറയുന്നു? സമൂഹം സന്മാര്‍ഗം പ്രാപിക്കാനും അതുമുഖേന നരകത്തില്‍ നിന്ന് രക്ഷനേടുന്നതിനുമാണത്. ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുകയെന്ന പ്രധാന ലക്ഷ്യമാണ് അതിന് പിന്നിലുള്ളത്. ‘നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അതുമുഖേന സമാധാനത്തിന്റെ വഴിയിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു’ (അല്‍മാഇദ: 15,16). അനസ്ബിന്‍ മാലിക്ക്(റ)വില്‍ നിന്ന് നിവേദനം: പ്രവാചാകന്‍(സ) പറയുന്നു: മാതാപിതാക്കളേക്കാളും, മക്കളേക്കാളും, മറ്റുള്ളവരേക്കാളും തന്നെ ഇഷ്ടപ്പെടുന്നതുവരെ ഒരാളും വിശ്വാസിയാവുകയില്ല.

പ്രവാചക ജനനം മനുഷ്യകുലത്തിന് പുതിയ ജനനമാണ് സമ്മാനിക്കുന്നത്. കേവലം മനുഷ്യനെന്ന ഉപരിപ്ലവമായ നാമമല്ല, മറിച്ച് ധാര്‍മകത, ഉന്നതമായ പദവി, ദൈവത്തിന്റെ ഉത്തമ സൃഷ്ടി, ദൈവം ആദിരച്ച സൃഷ്ടി, മലക്കുകള്‍ സുജൂദ് ചെയ്ത സൃഷ്ടി, പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവം കീഴ്‌പ്പെടുത്തികൊടുത്ത സൃഷ്ടി തുടങ്ങിയ വിശേഷണങ്ങള്‍ പ്രവാചക വിശ്വാസത്തിലൂടെ മനുഷ്യന് കൈവന്നിരിക്കുകയാണ്. കൂടാതെ, പവിത്രതയും, ഉത്തരവാദിത്തവും, മാനുഷിക മൂല്യങ്ങളുമെല്ലാം വന്നുചേരുന്നു. പ്രവാചകന്‍ മുഹമ്മദി(സ)ലൂടെ- പ്രവാചക സന്ദേശത്തിലൂടെ മനുഷ്യകുലത്തിന് പുതിയ ജനനമാണ് സംഭവിക്കുന്നത്.

അതുപോലെ, മുഹമ്മദ് നബി(സ)യുടെ ജനനത്തിലൂടെ ദേശങ്ങള്‍ക്ക് പുതിയ ജനനവും കൈവന്നിരിക്കുന്നു. അഥവാ, പ്രവാചക കാല്‍സ്പര്‍ശമേറ്റ മക്കക്കും മദീനക്കും ഇത് പുതിയൊരു ജനനമാണ്. മക്കയും മദീനയും മറ്റുളള ദേശങ്ങളെപോലെയല്ല, അവക്ക് പ്രത്യേകതയുണ്ട്. വിശ്വാസികള്‍ക്ക് ഈ ദേശങ്ങള്‍ ഏകദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആത്മീയ തലമാണ് സമ്മാനിക്കുന്നത്. എതൊരുവനാണ് ഒരു ദേശത്തിലൂടെ നടക്കുന്നത് ആ മനുഷ്യന്റെ പ്രത്യേകതയും, ആ ദേശത്തില്‍ നിലനില്‍ക്കുന്ന മഹോന്നത മൂല്യങ്ങള്‍കൊണ്ടുമല്ലാതെ ഒരു ദേശത്തിനും സവിശേഷ പ്രാധാന്യം ലഭിക്കുന്നില്ല. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ എത്യോപക്ക് ചരിത്രത്തില്‍ പ്രത്യേകം സ്ഥാനമുണ്ടാകുമായുരുന്നില്ല. പ്രവാചകന്‍ പറഞ്ഞത് അവിടെ മഹത്തായ മൂല്യങ്ങളുണ്ടെന്നായിരുന്നു. പ്രവാചകന്‍ മുഹമ്മദ്(സ) വിശ്വാസികളോട് പറയുന്നു: നിങ്ങള്‍ എതോപ്യയിലേക്ക് പുറപ്പെടുകയാണെങ്കില്‍, അവിടെയുളളത് ആരോടും അക്രമം കാണിക്കാത്ത ഭരണാധികാരിയാണ്. അല്ലാഹു മറ്റൊരു മാര്‍ഗം കാണിച്ച് തരുന്നതുവരെ നിങ്ങള്‍ക്കത് സുരക്ഷിതമായ ഭൂമിയാണ്.

പ്രവാചക ജന്മദിനത്തോട് അനുബന്ധിച്ച് കാണാന്‍ കഴിയുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രത്യേകത പുതിയ കാലത്തിന്റെ ജനനമാണെന്നതാണ്. പ്രവാചക ജനനം കൊണ്ടാണ് പ്രവാചക ജനിച്ച മാസത്തിന് പ്രത്യേകത കൈവരുന്നത്. അതുപോലെ കാലത്തിന് പത്യേകത കൈവരുന്നത് ആ കാലഘട്ടത്തിലെ സുപ്രധാന ചരിത്ര സംഭവങ്ങള്‍ കൊണ്ടുമാണ്. അതുമല്ലെങ്കില്‍, സവിശേഷ പ്രാധാന്യമുള്ള കാര്യമാവുകയും ചെയ്യുമ്പോഴാണ് കാലത്തിന് സവിശേഷ പ്രാധാന്യം ലഭ്യമാകുന്നത. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് കൊണ്ടും, ലൈലതുല്‍ ഖദര്‍ ഇറങ്ങുന്നതുകൊണ്ടുമാണ് റമദാന്‍ മാസം പ്രത്യേക മാസമായി തീരുന്നത്. മനുഷ്യകുലത്തെ മാറ്റി മറിച്ച മുഹമ്മദ് നബി(സ) ജനിച്ച ദിവസത്തേക്കാള്‍ മഹത്തായ മറ്റൊന്നുമില്ല!

അവലംബം: mugtama.com
മൊഴിമാറ്റം: അര്‍ശദ് കാരക്കാട്

Related Articles