Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുര്‍ആന്‍ അനശ്വര ജീവിത യാഥാര്‍ത്ഥ്യം

എന്നെന്നും നിലനില്‍ക്കുന്ന അനശ്വരനായ ദൈവത്തിന്‍റെ വചനങ്ങളാണ് ഖുര്‍ആന്‍. എക്കാലത്തേയും വരാനിരിക്കുന്ന മനുഷ്യന് മാര്‍ഗദര്‍ശനമായി അവതരിച്ച ഗ്രന്ഥമാണത്. അത്പോലെ മറ്റൊരു ഗ്രന്ഥവുമില്ല. ഖുര്‍ആനിലേക്ക് നിങ്ങള്‍ വരുമ്പോള്‍ അല്ലാഹു നിങ്ങളോട് സംസാരിക്കുന്നു. ഖുര്‍ആന്‍ വായിക്കുക എന്നാല്‍ അല്ലാഹുവിനെ കേള്‍ക്കലാണ്. അവനുമായി സംസാരത്തിലാവുകയാണ്. അവന്‍റെ വഴിയിലൂടെ അനുഗമിക്കലാണ്. ജീവിതം നല്‍കിയവനുമായുള്ള സംഗമമാണത്. “അല്ലാഹു, അവനല്ലാതെ ദൈവമില്ലതന്നെ. അഖില പ്രപഞ്ചത്തെയും അടക്കിഭരിക്കുന്നവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാകുന്നു, അവന്‍. പ്രവാചകാ, അവനാകുന്നു, സത്യമുള്‍ക്കോണ്ടതും മുന്‍വേദങ്ങളെ സത്യപ്പെടുത്തുന്നതുമായ ഈ വേദം നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ളത്.” ( 3:2,3 )

നബി(സ)യുടെ അധരങ്ങളില്‍ നിന്ന് ആദ്യമായി ഖുര്‍ആന്‍ കേട്ടവര്‍ക്ക് അത് ജീവിക്കുന്ന യാഥാര്‍ത്ഥ്യമായിരുന്നു. പ്രവാചകനിലൂടെ അല്ലാഹു തങ്ങളോടു സംസാരിക്കുകയാണെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമില്ലായിരുന്നു. അതിനാല്‍ അവരുടെ ഹൃദയവും മനസ്സും അത് കീഴടക്കി. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ശരീരം വിറച്ചു. അതിലെ ഓരോ വാക്കും അവരുടെ ആശങ്കകള്‍ക്കും അനുഭവങ്ങള്‍ക്കും വളരെ പ്രസക്തമാണെന്ന് അവര്‍ കണ്ടത്തെി, അത് അവരുടെ ജീവിതത്തിലേക്ക് പൂര്‍ണ്ണമായി സമന്വയിപ്പിച്ചു. വ്യക്തികള്‍ എന്ന നിലയിലും ഒരു കോര്‍പ്പറേറ്റ് ബോഡി എന്ന നിലയിലും അവര്‍ പൂര്‍ണ്ണമായും പുതിയതും ജീവനുള്ളതും ജീവതം നല്‍കുന്നതുമായ ഒരു സ്ഥാപനമായി രൂപാന്തരപ്പെട്ടു. അങ്ങനെ ആടുകളെ മേയ്ക്കുന്നവരും ഒട്ടകങ്ങളെ മേയിക്കുന്നവരും ചെറുകിട കച്ചവടം നടത്തുന്നവരും മനുഷ്യരാശിയുടെ നേതാക്കന്മാരായി.

ഇന്ന് അതേ ഖുര്‍ആന്‍ നമ്മോടൊപ്പമുണ്ട്. അതിന്‍റെ ദശലക്ഷക്കണക്കിന് കോപ്പികള്‍ പ്രചാരത്തിലിരിക്കുന്നു. രാപകല്‍ ഭേദമന്യേ വീടുകളിലും പള്ളികളിലും പ്രസംഗപീഠങ്ങളിലും അത് പാരായണം ചെയ്യപ്പെടുന്നു. അതിന്‍റെ അര്‍ത്ഥം വിശദീകരിക്കുന്ന ബൃഹ്ദ് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ നിലവിലുണ്ട്. അതിന്‍റെ അധ്യാപനങ്ങള്‍ പഠിപ്പിക്കാനും വിശദീകരിക്കാനും അതനുസരിച്ച് ജീവിക്കാനും നമ്മെ ഉദ്ബോധിപ്പിക്കാനും വാക്കുകള്‍ ഇടതടവില്ലാതെ ഒഴുകുന്നു. എന്നിട്ടും കണ്ണുകള്‍ വരണ്ടുകിടക്കുന്നു, ഹൃദയങ്ങള്‍ അനങ്ങാതെ, മനസ്സുകള്‍ സ്പന്ദിക്കാതെ, ജീവിതം മാറ്റമില്ലാതെ തുടരുന്നു. അവഹേളനവും അധഃപതനവും ഖുര്‍ആനിന്‍റെ അനുയായികളുടെ കാര്യമായി മാറിയിരിക്കുന്നു. എന്തുകൊണ്ട്? കാരണം ജീവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി നാം ഇപ്പോള്‍ ഖുര്‍ആന്‍ വായിക്കുന്നില്ല. ഇതൊരു വിശുദ്ധ ഗ്രന്ഥമാണ്. എന്നാല്‍ അത് മുസ്ലിംങ്ങളുടേയും അമുസ്ലിംങ്ങളുടേയും, ജൂതന്മാരുടേയും ക്രിസ്ത്യാനികളുടേയും, വിശ്വാസികളുടേയും കപടവിശ്വാസികളുടേയും, ഒരിക്കല്‍ നിലനിന്നിരുന്ന, ഭൂതകാലത്തെ കുറിച്ച് അത് നമ്മോട് പറയുന്നു.

1,400 വര്‍ഷങ്ങള്‍ക്ക് ശേഷം, ഖുര്‍ആന്, അന്നത്തെപ്പോലെ ഇന്നും, സജീവവും പ്രസക്തവുമായ ഒരു ശക്തിയാകാന്‍ കഴിയുമോ? ഖുര്‍ആനിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം നമ്മുടെ വിധി പുതുതായി രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാം ഉത്തരം നല്‍കേണ്ട ഏറ്റവും നിര്‍ണായകമായ ചോദ്യമാണിത്. എന്നിരുന്നാലും, ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് തോന്നുന്നു. ഖുര്‍ആന്‍ ഒരു നിശ്ചിത സമയത്താണ് അവതരിച്ചത് എന്ന വസ്തുതയുമായി അതിന് യാതൊരു ബന്ധവുമില്ല. അതിനുശേഷം, നമ്മള്‍ ബഹുദൂരം സഞ്ചരിച്ചു. സാങ്കേതിക അറിവില്‍ വമ്പിച്ച കുതിച്ചുചാട്ടം നടത്തി. മനുഷ്യ സമൂഹത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിന് സാക്ഷിയായി. മാത്രമല്ല, ഇന്ന്, ഖുര്‍ആനിന്‍റെ അനുയായികളില്‍ ഭൂരിഭാഗത്തിനും അറബി അറിയില്ല; ഖുര്‍ആനിന്‍റെ ജീവനുള്ള ഭാഷയെക്കുറിച്ച് വലിയ ധാരണയില്ല. ഖുര്‍ആനിക അര്‍ത്ഥത്തിന്‍റെ ആഴങ്ങളില്‍ ഗവേഷണം ചെയ്യന്നതിനും ആഗിരണം ചെയ്യന്നതിനും അത്യന്താപേക്ഷിതമായ അതിന്‍റെ ഭാഷയും രൂപകവും അവര്‍ ഉള്‍കൊള്ളുമെന്ന് പ്രതീക്ഷിക്കാനാവില്ല.

എന്നിരുന്നാലും ഖുര്‍ആന്‍ അവകാശപ്പെടുന്നത് പോലെ, അനശ്വരനായ ദൈവിക വചനമെന്ന നിലയില്‍ അത് സാര്‍വലൗകികമാണ്. ഈ അവകാശവാദത്തിന്‍റെ സത്യം പരിഗണിച്ച്, ഖുര്‍ആനിന്‍റെ ആദ്യകാല സ്വീകര്‍ത്താക്കളെ പോലെ, അത് സ്വീകരിക്കാനും, അനുഭവിക്കാനും, ഗ്രഹിക്കാനും, ഒരു പരിധിവരെ ഒരളവോളം, നമുക്കും സാധ്യമാവണം എന്നാണ് ഞാന്‍ കരുതുന്നത്. ദൈവത്തിന്‍റെ മാര്‍ഗനിര്‍ദേശം അതിന്‍റെ പൂര്‍ണ്ണതയിലും അതിന്‍റെ എല്ലാ ഐശ്വര്യങ്ങളോടും സന്തോഷത്തോടും കൂടി സ്വീകരിക്കുന്നതിനുള്ള ഈ സാധ്യതയില്‍ നമുക്ക് ഏതാണ്ട് അവകാശമുണ്ടെന്ന് തോന്നുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു പ്രത്യകേ ഭാഷയില്‍ ഒരു പ്രത്യകേ സമയത്തും സ്ഥലത്തും വെളിപാടിന്‍റെ ചരിത്രപരമായ സംഭവങ്ങള്‍ ഉണ്ടായിരുന്നിട്ടും, നമുക്ക് ഇപ്പോള്‍ ഖുര്‍ആന്‍ സ്വീകരിക്കാന്‍ കഴിയണം (കാരണം അതിന്‍റെ സന്ദശേം ശാശ്വതമാണ്), അതിന്‍റെ സന്ദശേം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. ആദ്യ വിശ്വാസികള്‍ക്കുള്ളത് പോലെ തന്നെ നമ്മുടെ ജീവിതത്തിന്‍റെ ഭാഗവും, നമ്മുടെ ഇപ്പോഴത്തെ എല്ലാ ആശങ്കകള്‍ക്കും അനുഭവങ്ങള്‍ക്കും അതേ അടിയന്തിരവും അഗാധവുമായ പ്രസക്തി.

എന്നാല്‍ നമ്മള്‍ ഇത് എങ്ങനെ ചെയ്യം? വ്യക്തമായി പറഞ്ഞാല്‍, അല്ലാഹു ഇന്നും നമ്മോട് സംസാരിക്കുന്നതുപോലെ ഖുര്‍ആനിന്‍റെ ലോകത്തേക്ക് പ്രവേശിച്ച് അത്തരമൊരു ഏറ്റുമുട്ടലിന് ആവശ്യമായ വ്യവസ്ഥകള്‍ നിറവേറ്റുന്നതിലൂടെ മാത്രം.

ഒന്നാമതായി, ദൈവവചനമെന്ന നിലയില്‍ ഖുര്‍ആന്‍ എന്താണെന്നും നമുക്ക് അത് അര്‍ത്ഥമാക്കുന്നത് എന്താണെന്നും നാം മനസ്സിലാക്കുകയും ഈ തിരിച്ചറിവ് ആവശ്യപ്പെടുന്ന എല്ലാ ആദരവും സ്നേഹവും ആഗ്രഹവും പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയും കൊണ്ടുവരികയും വേണം.

രണ്ടാമതായി, അത് വായിക്കാന്‍ ആവശ്യപ്പെടുന്നതുപോലെ, അല്ലാഹുവിന്‍്റെ ദൂതന്‍ നമ്മോട് നിര്‍ദ്ദേശിച്ചതുപോലെ, അവനും അവന്‍റെ അനുചരന്മാരും അത് വായിക്കുന്നതുപോലെ നാം വായിക്കണം.

മൂന്നാമതായി, കാലം, സംസ്കാരം, മാറ്റം എന്നിവയുടെ വേലിക്കെട്ടുകള്‍ മറികടന്ന് നമ്മുടെ സ്വന്തം യാഥാര്‍ത്ഥ്യങ്ങളെയും ആശങ്കകളെയും ഉള്‍ക്കൊള്ളാന്‍ ഖുര്‍ആനിലെ ഓരോ വാക്കും നാം കൊണ്ടുവരണം.

ഖുര്‍ആനിന്‍റെ ആദ്യകാല സംബോധിതര്‍ക്ക്, അത് ഒരു സമകാലിക സംഭവമായിരുന്നു. അതിന്‍റെ ഭാഷയും ശൈലിയും, വാക്ചാതുര്യവും യുക്തിയും, പ്രയോഗവും രൂപകവും, അതിന്‍റെ പ്രതീകങ്ങളും ഉപമകളും, അതിന്‍റെ നിമിഷങ്ങളും സംഭവങ്ങളും എല്ലാം അവരുടെ സ്വന്തം ക്രമീകരണത്തില്‍ വേരൂന്നിയതാണ്. ഈ ആളുകള്‍ തങ്ങളുടെ കാലഘട്ടത്തില്‍ വെളിപ്പെട്ട മുഴുവന്‍ പ്രവൃത്തിയുടെയും സാക്ഷികളും ഒരര്‍ത്ഥത്തില്‍ പങ്കാളികളുമായിരുന്നു. ആ പദവി നമുക്കില്ല; എങ്കിലും, ഒരു പരിധവരെ നമുക്കും അതിന്നു സാദ്യമായിരിക്കണം.

ഖുര്‍ആനെ നമ്മുടെ സ്വന്തം സാഹചര്യത്തില്‍ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യന്നതിലൂടെ, സാധ്യമാകുന്നിടത്തോളം, അന്നത്തെപ്പോലെ ഇന്നും നമുക്ക് അത് ഒരു സമകാലിക സംഭവമായി കണ്ടത്തൊന്‍ കഴിയും. മനുഷ്യന്‍റെ സത്ത മാറിയിട്ടില്ല; അത് മാറ്റമില്ലാത്തതാണ്. മനുഷ്യന്‍റെ ബാഹ്യരൂപങ്ങള്‍ – രൂപങ്ങള്‍, രീതികള്‍, സാങ്കതേികവിദ്യകള്‍ – മാത്രം മാറിയിരിക്കുന്നു. മക്കയിലെ ബഹുദൈവവിശ്വാസികളോ, യസ് രിബിലെ ജൂതന്മാരോ, നജ്റാനിലെ ക്രിസ്ത്യാനികളോ, മദീനയിലെ വിശ്വാസികളോ അവിശ്വസികളുമായ സമൂഹം പോലും ഇനിയുണ്ടാകില്ല. എന്നാല്‍ നമുക്ക് ചുറ്റും അതേ സ്വഭാവത്തിലുള്ളവരുണ്ട്. വളരെ ലളിതമായ ഈ സത്യത്തിന്‍റെ ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ പലര്‍ക്കും വളരെ പ്രയാസമാണെങ്കിലും, ഖുര്‍ആനിന്‍റെ ആദ്യകാല സ്വീകര്‍ത്താക്കളെ പോലെ നമ്മളും മനുഷ്യരാണ്.

ഒരിക്കല്‍ നിങ്ങള്‍ ഈ സത്യങ്ങള്‍ മനസ്സിലാക്കുകയും അവ പിന്‍പറ്റുകയും ചെയ്താല്‍, ആദ്യത്തെ വിശ്വാസികള്‍ ചെയ്തതുപോലെ നിങ്ങള്‍ ഖുര്‍ആനിലേക്ക് വന്നാല്‍, അത് അവര്‍ക്ക് വെളിപ്പെട്ടത് പോലെ നിങ്ങള്‍ക്കും വെളിപ്പെടും. അത് അവരെപ്പോലെ നിങ്ങളെയും പങ്കാളികളാക്കും. അപ്പോള്‍ മാത്രമേ, കേവലം ആദരണീയമായ ഒരു ഗ്രന്ഥമോ, വിശുദ്ധമായ ഫോസിലൊ, അല്ലങ്കെില്‍ മാന്ത്രികാനുഗ്രഹത്തിന്‍റെ ഉറവിടമോ ആകുന്നതിനുപകരം, അത് മാറ്റത്തിന്‍റെ കരുത്തുറ്റ ശക്തിയായി മാറും. മുമ്പ് ഖുര്‍ആന്‍ ചെയ്തതു പോലെ അത് നമ്മെ സ്വാധീനിക്കുകയും ഇളക്കിവിടുകയും ചലിപ്പിക്കുകയും ആഴത്തിലുള്ളതും ഉന്നതവുമായ നേട്ടങ്ങളിലേക്ക് നമ്മെ നയിക്കുകയും ചെയ്യം.

വിവ: ഇബ്റാഹീം ശംനാട്

Related Articles