Current Date

Search
Close this search box.
Search
Close this search box.

ആരെയും അത്ഭുതപ്പെടുത്തുന്ന താക്കോൽ

ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഹിറാ ഗുഹ സന്ദർശിച്ചിട്ടുള്ളു. അത് ആദ്യത്തെ ഹജ്ജ് യാത്രാ വേളയിലായിരുന്നു. ജബലുന്നൂറിൽ കയറി ഗുഹ സന്ദർശിച്ച് പുറത്തിറങ്ങി തൊട്ടടുത്ത പാറക്കല്ലിലിരുന്നപ്പോൾ അതേ സ്ഥലത്തിരുന്ന് വിശ്വവിഖ്യാത പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ മൗലാനാ അബുൽ ഹസൻ അലി നദവി നടത്തിയ കാവ്യാത്മകമായ ആത്മ സംവാദം മനസ്സിൽ നിറഞ്ഞു നിന്നു. അതിങ്ങനെ കുറിക്കാം:

“ജീവിതം മുഴുവൻ പൂട്ടിയ താഴുകളും അടഞ്ഞ കവാടങ്ങളുമായിരുന്നു. താഴിട്ടു പൂട്ടിയ മനുഷ്യ ധിഷണ; അതു തുറക്കുന്നതിൽ ചിന്തകന്മാരും തത്വജ്ഞാനികളും പരാജയപ്പെട്ടു. അടഞ്ഞു കിടന്ന മനുഷ്യ മനസ്സാക്ഷി; ഉപദേശകരും മാർഗ്ഗദർശകരും അത് തുറക്കാൻ അശക്തരായിരുന്നു… ഇതാ, ഇവിടെ നാഗരികതയുടെ ലോകത്തു നിന്നും അകന്ന വിനീതമായ ഈ സ്ഥലത്ത്, ഫലപൂയിഷ്ഠമോ ഉത്തുംഗമോ അല്ലാത്ത ഈ കുന്നിൻ പുറത്ത്, വലിയ ലോകത്തിൻറെ തലസ്ഥാന കേന്ദ്രങ്ങളിലോ, അതിൻറെ ഭീമാകാരങ്ങളായ വിദ്യാകേന്ദ്രങ്ങളിലോ ഗ്രന്ഥാലയങ്ങളിലോ സംഭവിക്കാത്ത ഒന്നുണ്ടായി. മുഹമ്മദ് നബിക്ക് ദിവ്യസന്ദേശം അയച്ചു കൊടുത്തു കൊണ്ട് അല്ലാഹു ലോകജനതയെ അനുഗ്രഹിച്ചു. ആ സന്ദേശത്തിലൂടെ ലോകജനതയ്ക്ക്, കൈ മോശം വന്നിരുന്ന ആ താക്കോൽ തിരിച്ചു നൽകി.

Also read: ചോര തന്നെ കൊതുകിന്നു കൗതുകം

അല്ലാഹുവിലും അവൻറെ ദൂതനിലും അന്ത്യദിനത്തിലുമുള്ള വിശ്വാസമായിരുന്നു ആ താക്കോൽ. അതുപയോഗിച്ച് അദ്ദേഹം തുറക്കാൻ അസാധ്യമായിരുന്നു താഴുകൾ ഓരോന്നോരോന്നായി തുറന്നു. കവാടങ്ങൾ ഓരോന്നോരോന്നായി മലർത്തി വെച്ചു.ഉണങ്ങി ചുരുണ്ട് കിടന്നിരുന്ന ധിഷണക്കുമേൽ ആ താക്കോലിട്ടപ്പോൾ അത് പുതുജീവൻ ആർജ്ജിച്ച് ചൈതന്യവത്തായി.ചക്രവാള സീമ കളിലും സ്വശരീരത്തിലുള്ള അസംഖ്യം ദിവ്യ ദൃഷ്ടാന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ പ്രാപ്തമായിത്തീർന്നു. അതോടെ ലോകത്തോടൊപ്പം അതിൻറെ സൃഷ്ടാവിലേക്കും അവൻറെ നാനാത്വത്തിൽ നിന്ന് ഏകത്വത്തിലേക്കും എത്തിപ്പെടാനും ബഹുദൈവത്വത്തിൻറെയും വിഗ്രഹാരാധനയടെയും അന്ധവിശ്വാസങ്ങളുടെയും മിഥ്യാ സങ്കല്പങ്ങളുടെയും അർത്ഥശൂന്യത മനസ്സിലാക്കാനും മനുഷ്യബുദ്ധിക്കു സാധിച്ചു. അതിനുമുമ്പ് അത് സത്യമോ അസത്യമോ ആയ സകല കേസുകളിലും വാദിക്കുന്ന ഒരു വാടക വക്കീലായിരുന്നു. ആ താക്കോൽ ഉറങ്ങിക്കിടക്കുന്ന മനുഷ്യമനസ്സാക്ഷിയുടെ താഴിലിട്ടപ്പോൾ അതുണർന്നു. മരവിച്ച അവബോധത്തെ സ്പർശിച്ചപ്പോൾ അത് ചേതന പൂണ്ടു. പാപ പ്രവണമായ മനസ്സ് പാപം പൊറുപ്പിക്കാത്ത; അസത്യത്തെ സഹിക്കാത്ത മനസ്സായി മാറി..”(ഉദ്ധരണം: ഹജ്ജ് ചര്യ ചരിത്രം ചൈതന്യം. പുറം: 113′ 114.)

Related Articles