Current Date

Search
Close this search box.
Search
Close this search box.

അമിതവ്യയം: ഇസ്‌ലാമിന്റെ ധാര്‍മ്മിക കാഴ്ചപ്പാടുകള്‍

കൃത്യമായൊരു പരിഹാരം കാണാനാകാത്ത വിധം അധിക പേരും വിലക്കയറ്റത്തിന്റെയും അമിതവ്യയത്തിന്റെയും കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇസ്‌ലാമിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുകയെന്നുള്ളതാണ്  അതിനുള്ള ശാശ്വത പരിഹാരം. ഇത്തരത്തിലുള്ള പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നും അതുമൂലം അസ്വസ്ഥ്യങ്ങളുടെ പിടിയിലകപ്പെടുന്നതില്‍ നിന്നും രക്ഷ നേടാനുള്ള ഉത്തമമായ മാര്‍ഗമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. യാതൊരു അവഗണനയും അതിക്രമവും ദുര്‍വ്യയവും കാണിക്കാതെത്തന്നെ ഐഹികവും പാരത്രികവുമായ ആവശ്യങ്ങള്‍ക്കിടയില്‍ മുസ്‌ലിം സമൂഹം മധ്യമ നിലപാട് സ്വീകരിക്കുന്നത് കാണാനാകും. അല്ലാഹു പറയുന്നു: ‘അല്ലാഹു കനിഞ്ഞേകിയിട്ടുള്ള ഭൗതിക വിഭവങ്ങളിലൂടെ നീ പാരത്രിക മോക്ഷം കാംക്ഷിക്കുക. ഐഹികജീവിതത്തിലുള്ള വിഹിതം നീ വിസ്മരിക്കരുത്. അല്ലാഹു നിനക്ക് നന്മ കനിഞ്ഞത് പോലെ ലോകര്‍ക്ക് നീയും പുണ്യം ചെയ്യുക; നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ തുനിയരുത്. വിനാശകാരികളെ അല്ലാഹു ഒട്ടുമേ സ്‌നേഹിക്കയില്ല'(അല്‍-ഖസ്വസ്: 77). മഹാനായ ഇബ്‌നു കസീര്‍ ഈ സൂക്തത്തിനുള്ള വിശദീകരണമായി എഴുതി: അഥവാ, അല്ലാഹു നിനക്ക് അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ നിന്ന് മാത്രം നീ ചെലവഴിക്കുക. ആരാധനയുടെ മാര്‍ഗമാണ് മനുഷ്യനെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതും അവന്റെ അനന്തമായ അനുഗ്രഹത്തിന് അവനെ പ്രാപ്തനാക്കുന്നതും. അന്നപാനീയങ്ങളില്‍ നിന്നും വൈവാഹിക ബന്ധങ്ങളില്‍ നിന്നും ഐഹിക ലോകത്ത് അല്ലാഹു നിനക്ക് നല്‍കിയ നിന്റെ വിഹിതം നീ മറക്കാതിരിക്കുക. അല്ലാഹുവിന് നിന്റെ മേലും നിനക്ക് അല്ലാഹുവിന്റെ മേലും ചില കടമകളുണ്ട്.

വിലക്കയറ്റം
വരുമാനക്കുറവ് മൂലമുണ്ടാകുന്ന വിലക്കയറ്റമാണ് ജനങ്ങളെ ഇപ്പോള്‍ അലോസരപ്പെടുത്തുന്ന പ്രധാന കാര്യം. അതുമൂലം ഉണ്ടായിത്തീരുന്ന ഭാരിച്ച ചുമതല ചിലരുടെ മുതുകൊടിക്കുകയും വിശ്വസത്തെത്തന്നെ ഇല്ലാതാക്കിക്കളയുകയും ചെയ്യും.
അനസ്(റ) പറയുന്നു: പ്രവാചകന്റെ കാലത്ത് ഒരിക്കല്‍ ശക്തമായ വിലക്കയറ്റമുണ്ടായി. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: റസൂലേ, ശക്തമായ വിലക്കയറ്റമാണ്, അത് കൊണ്ട് അങ്ങ് സാധനങ്ങള്‍ക്കെല്ലാം വിലയിട്ടു തരണം. ഇത് കേട്ട് പ്രവാചകന്‍(സ്വ) അവരോട് പറഞ്ഞു: ‘ഭക്ഷണം നല്‍കുന്നവനും അത് പിടിച്ച് വെക്കുന്നവനും അതിന് വില നിശ്ചയിക്കുന്നവനും അല്ലാഹുവാണ്. ഏതെങ്കിലും ചിലരുടെ രക്തത്തിലോ സമ്പത്തിലോ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവനായി അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.’ അല്ലാഹുവിനോടുള്ള മനുഷ്യന്റെ വിശ്വാസത്തിനും സാമീപ്യത്തിനും അനുസരിച്ചായിരിക്കും വിലക്കുറവും വിലക്കയറ്റവും സംഭവിക്കുന്നതെന്ന് സ്വഹാബത്തിനെ പഠിപ്പിക്കാന്‍ പ്രവാചര്‍ അവരുടെ ആവശ്യം നിരസിക്കുകയാണുണ്ടായത്. അല്ലാഹു പറയന്നു: ‘ആ നാട്ടില്‍ താമസിച്ചിരുന്നവര്‍ സത്യവിശ്വാസം കൈകൊള്ളുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തും ഭൂമിയിലും നിന്ന് അവര്‍ക്ക് നാം അനുഗ്രഹങ്ങള്‍ തുറന്ന് കൊടുത്തിരുന്നേനെ; പക്ഷേ, അവര്‍ വ്യാജമാക്കുകയാണ് ചെയ്തത്'(അല്‍-അഅ്‌റാഫ്: 96).

Also read: ചരിത്രത്തെ ഭയക്കുന്നവർ

മുഗ്നിയില്‍ പണ്ഡിതനായ ഇബ്‌നു ഖുദാമ പറയുന്നു: നമ്മുടെ ചില അസ്വ് ഹാബുകള്‍ പറഞ്ഞു: വിലനിരക്കാണ് വിലക്കയറ്റത്തിന് കാരണം. കച്ചവടത്തിന് വരുന്നവര്‍ ചില നാട്ടില്‍ വന്ന് അവര്‍ ഇഷ്ടപ്പെടുന്ന വിലക്കല്ലാതെ വില്‍പ്പന നടത്താന്‍ തയ്യാറാകില്ല. കയ്യില്‍ കൂടുതല്‍ ചരക്കുള്ളവന്‍ അത് വില്‍ക്കാതെ പൂഴ്ത്തിവെക്കും. പൂഴ്ത്തി വെച്ച ചരക്കിന് ആവശ്യക്കാര്‍ അധികരിക്കുന്നെന്ന് കാണുമ്പോള്‍ അവര്‍ അതിന് വില കുത്തനെ ഉയര്‍ത്തി വില്‍പ്പനക്ക് വെക്കും. അങ്ങനെയാണ് വിലക്കയറ്റമുണ്ടാകുന്നത്. കച്ചവടക്കാര്‍ വസ്തുക്കള്‍ വല്‍ക്കാതെ പിടിച്ചുവെക്കുകയും ആവശ്യക്കാര്‍ക്ക് അത് കിട്ടാതെ പോവുകയും ചെയ്യുന്നു.

അമിതവ്യയത്തിന്റെ മാനദണ്ഡം
ദുര്‍വ്യയത്തിന്റെ കാര്യത്തില്‍ ഇസ്‌ലാം ഒരുപാട് മാനദണ്ഡങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇസ്‌ലാമിക സമൂഹങ്ങളില്‍ അധിക പേരും നേരിടുന്ന പട്ടിണിയും പ്രതിസന്ധിയുമെല്ലാം ഇല്ലായ്മ ചെയ്യാനുതകുന്നതാണ് അതൊക്കെത്തന്നെയും.

1- അല്ലാഹു മനുഷ്യനു നല്‍കിയ അനുഗ്രഹം അതൊരു വിഭാഗത്തിന് മാത്രമുള്ളതല്ല. മറിച്ച്. ആ സമ്പത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സമ്പത്ത് അല്ലാഹുവിന്റെതാണ്. മനുഷ്യന്‍ അതില്‍ ഇടപാട് നടത്താനുള്ള പ്രതിനിധി മാത്രമാണ്. അതിനാല്‍ തന്നെ ഒരു മുസ്‌ലിമിനും തനിക്ക് ലഭിച്ച സമ്പത്തില്‍ അമിതവ്യയം നടത്താന്‍ അവകാശമില്ല.
2- ഉപഭോഗം ഒരു ആരാധനയാണെന്ന പോലെത്തന്നെ അതിലുള്ള ദൈവിക കല്‍പനയും പാലിക്കപ്പെടേണ്ടതാണ്. അല്ലാഹു നിര്‍ണ്ണിയിച്ച പരിധിക്കകത്ത് നിന്ന് അനുവദനീയമായ മാര്‍ഗത്തില്‍ മാത്രം ചെലവഴിക്കാന്‍ ശ്രമിക്കുക. അല്ലാഹു പറയുന്നു:’അന്നപാനാദികള്‍ കഴിക്കുക, എന്നാല്‍ ദുര്‍വ്യയം അരുത്. ദുര്‍വ്യയക്കാരെ അവന്‍ ഇഷ്ടപ്പെടുകയില്ല'(അല്‍-അഅ്‌റാഫ്: 31).
3- ശരീഅത്ത് നിര്‍ണ്ണയിച്ച രീതിയിലാകുന്നിടത്തോളം ഉപഭോഗം നല്ല കാര്യം തന്നെയാണ്. അതൊരിക്കലും സ്വന്തത്തിനോ മറ്റൊരാള്‍ക്കോ അപകടം വരുത്തിവെക്കുകയില്ല. ജീവിതത്തിന്റെ ആനന്ദത്തില്‍ നിന്നും നന്മകളില്‍ നിന്നും അല്ലാഹു അനുവദനീയമാക്കിയ കാര്യങ്ങള്‍ നിഷിദ്ധമാക്കുന്നവരെ ഖുര്‍ആന്‍ നിഷിധമായി വിമര്‍ശിക്കുന്നുണ്ട്: ‘നബിയേ, ചോദിക്കുക: തന്റെ അടിമകള്‍ക്കായി അല്ലാഹു ഉല്‍പാദിപ്പിച്ച അലങ്കാര വസ്തുക്കളും ഉത്തമാഹാരങ്ങളും ആരാണ് നിഷിദ്ധമാക്കിയത്? ഭൗതിക ലോകത്ത് അവ സത്യവിശ്വാസം കൈകൊണ്ടവര്‍ക്കവകാശപ്പെട്ടതാണ്; അന്ത്യനാളില്‍ അവര്‍ക്ക് മാത്രവും. വിവരമുള്ള ജനങ്ങള്‍ക്കായി ഇപ്രകാരം നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു'(അല്‍-അഅ്‌റാഫ്: 32).
4- സമ്പത്ത് ചെലവഴിക്കുമ്പോഴും ഇടപാട് നടത്തുമ്പോഴും മിതത്വം പാലിക്കാന്‍ ഇസ്‌ലാമെപ്പോഴും നിസ്‌കര്‍ഷിക്കുന്നുണ്ട്. അതുപോലെത്തന്നെ അമിതോഭയോഗത്തെ നിരുത്സാഹപ്പെടുത്തുന്നുമുണ്ട്. അല്ലാഹു പറയുന്നു: ‘അന്നപാനാദികള്‍ കഴിക്കുക, എന്നാല്‍ ദുര്‍വ്യയം അരുത്. ദുര്‍വ്യയക്കാരെ അവന്‍ ഇഷ്ടപ്പെടുകയില്ല'(അല്‍-അഅ്‌റാഫ്: 31). സംതൃപ്തികൊണ്ടും ഉള്‍പ്രചോദനം കൊണ്ടും മാത്രമേ ഇത് നേടിയെടുക്കാനാകൂ.
5- ഉപഭോഗത്തിന് ഒരുപാട് ചവിട്ടുപടികള്‍ ഇസ്‌ലാം പറഞ്ഞു തരുന്നുണ്ട്. സ്വന്തം ആവശ്യങ്ങളില്‍ മിതത്വം പാലിക്കുകയാണ് അതില്‍ ആദ്യത്തേത്. കുടുംബത്തിന്റെയും പിന്നീട് അടുപ്പക്കാരുടെയും ആവശ്യങ്ങളില്‍ മിതത്വം പാലിക്കലാണ് രണ്ടാമത്തേത്. പ്രവാചകന്‍(സ്വ) പറഞ്ഞു: ‘നിന്റെ ശരീരത്തില്‍ നിന്ന് തന്നെ നീ തുടങ്ങുക. അതിന് അത്യാവശ്യമായത് കൊടുക്കുക. ബാക്കി വരുന്നത് കുടംബത്തിന് കൊടുക്കുക. പിന്നെയും ബാക്കി വരുന്നത് അടുപ്പക്കാര്‍ക്ക് കൊടുക്കുക. പിന്നെയും ബാക്കി വരുന്നുവെങ്കില്‍ നിന്റെ വലത്തും ഇടത്തുമുള്ള പാവങ്ങള്‍ക്ക് നല്‍കുക.
6- ഉപഭോക്തവായ ഒരു മുസ്‌ലിമിനെ സംബന്ധിച്ചെടുത്തോളം തന്റെ അത്യാവശ്യ കാര്യങ്ങളാണ് ആദ്യം പരിഗണിക്കേണ്ടത്. പിന്നീട് ആവശ്യ വസ്തുക്കള്‍ പരിഗണിക്കുക ശേഷം നന്മുള്ള മറ്റു കാര്യങ്ങളും. ജീവന്‍ നിലനിര്‍ത്താനാവശ്യമായ അന്നപാനീയങ്ങളാണ് അതാവശ്യ കാര്യങ്ങളില്‍ വരുന്നത്. ജനങ്ങളെ ബുദ്ധിമുട്ടാക്കുന്നതില്‍ നിന്ന് തടയുന്നതാണ് രണ്ടാമത് പറഞ്ഞ ആവശ്യ വസ്തുക്കള്‍. ആഢംബരവും അമിതവ്യയവുമില്ലാതെ ജീവിതം ആസ്വദിക്കുന്നതാണ് മൂന്നാമത്തെ ഗണത്തില്‍ വരുന്നത്.
7- സ്വന്തത്തിനും കുടുംബത്തിനും വേണ്ടി സമ്പത്ത് ചെലവഴിക്കുന്നതിന് ഒരു നിശ്ചിത പരിധി നിര്‍ണ്ണയിക്കണം. എല്ലാവരോടും അവന് കഴിയുന്ന കാര്യങ്ങള്‍ കൊണ്ട് മാത്രമേ അല്ലാഹു കല്‍പ്പിക്കുന്നുള്ളൂ. അല്ലാഹു പറയുന്നു: ‘ധനികന്‍ തന്റെ സാമ്പത്തിക നിലയനുസരിച്ചും ദരിദ്രന്‍ തനിക്ക് അല്ലാഹു നല്‍കിയതനുസരിച്ചും ചെലവിനു കൊടുക്കണം. തനിക്ക് അല്ലാഹു നല്‍കിയതല്ലാതെ ചെലവു ചെയ്യാന്‍ ഒരാളെയും അവന്‍ നിര്‍ബന്ധിക്കുകയില്ല. പ്രയാസത്തിന് ശേഷം അവന്‍ ആയാസരാഹിത്യം ഉണ്ടാക്കിക്കൊടുക്കുന്നതാണ്'(അത്ത്വലാഖ്: 7).
8- അത്യാവശ്യ കാര്യമാണെങ്കില്‍ പോലും നഷിദ്ധമായ വഴികളില്‍ ഉപഭോഗം നടത്താതിരിക്കുക.

Also read: എന്‍.ഐ.എയും ഭരണഘടനാ സംരക്ഷണവും

പ്രവാചകന്‍(സ്വ) കാണിച്ചുതന്ന മിതത്വം
അമിതവ്യയത്തെത്തൊട്ട് പ്രവാചകന്‍ വിട്ടു നിന്നതും അതിനെ നിരുത്സാഹപ്പെടുത്തിയതുമായ ഒരുപാട് ഹദീസുകള്‍ കാണാനാകും. അബൂ ഹുറൈറ(റ) പറയുന്നു: തിരുനബി വഫാത്താകുന്നത് വരെ ഒരുപിടി ഭക്ഷണം കൊണ്ടാണ് പ്രവാചക കുടുംബം മൂന്ന് ദിവസം വിശപ്പടക്കിയത്. ആയിശ(റ) പറയുന്നു: മദീനയില്‍ വന്നതിന് ശേഷം തിരുനബി വഫാത്താകുന്നത് വരെ തുടര്‍ച്ചയായി മൂന്ന് ദിവസം ഗോതമ്പ് ഭക്ഷണം കൊണ്ടാണ് പ്രവാചക കുടുംബം വിശപ്പടക്കിയത്.  റസൂല്‍ പറയുന്നു: ‘മക്കാ മരുഭൂമി മുഴുവന്‍ താങ്കള്‍ക്ക് നാം സ്വര്‍ണമാക്കിത്തരട്ടെയോ എന്ന് അല്ലാഹു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: വേണ്ട റബ്ബേ, ഒരു ദിവസം വയറ് നിറച്ച് ഭക്ഷിക്കുകയും അടുത്ത ദിവസം പട്ടിണി കിടക്കുകയും ചെയ്യുന്ന രീതി മതിയെനിക്ക്. എനിക്ക് വിശക്കുമ്പോഴെല്ലാം ഞാന്‍ നിന്നെ ഓര്‍ക്കുകയും നിന്നില്‍ വിനയാന്വിതനാവുകയും ചെയ്യും. വയറ് നിറയുമ്പോഴെല്ലാം നിനക്ക് നന്ദിയര്‍പ്പിക്കും’.

മേല്‍പറഞ്ഞ ഹദീസുകളൊന്നും ദാരിദ്രത്തിന്റെ സ്രേഷ്ഠതയെയല്ല സൂചിപ്പിക്കുന്നത്. പ്രവാചകന്റെയും സ്വാഹാബത്തിന്റെയും ജീവിത രീതിയെയാണ് അത് ദ്യോദിപ്പിക്കുന്നത്. ഇക്കാലത്തും അതുപോലെത്തന്നെ ജിവിക്കണമെന്നല്ല ഈ പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, ഇത്തരം അവസ്ഥകളെല്ലാം മനസ്സിലാക്കി മേല്‍പറഞ്ഞ രീതിയില്‍ ജീവിക്കാന്‍ ശ്രമിക്കുകയും അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് അവനോട് നന്ദിയുള്ളവരാവുകയുമാണ് വേണ്ടത്.

പരസ്പര സഹകരണവും പ്രതിസന്ധി പരിഹാരവും
നന്മപൂര്‍ണ്ണമായ കാര്യങ്ങളില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും അത്തരം കാര്യങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും പ്രവാചകന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രവാചകന്‍(സ്വ) പറഞ്ഞു: ‘സല്‍പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ മുന്നേ നടക്കുക.’. ഐഹിക ലോകത്ത് നിന്ന് പാരത്രിക ലോകത്തേക്ക് യാത്ര പോകും മുമ്പോ സല്‍പ്രവര്‍ത്തികളുമായി ജോലിയിലാവാനാണ് പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നത്. സ്വന്തം ശരീരത്തിന് ഇഷ്ടമുള്ളത് തന്റെ സഹോദരനും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് വരെ ഒരാളും പരിപൂര്‍ണ്ണ വിശ്വാസിയാകുന്നില്ല. തങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ പോലും അത് മറ്റൊരുത്തന് നല്‍കുന്ന ഒരു കൂട്ടത്തെക്കുറിച്ച് ഖര്‍ആന്‍ വിവരിക്കുന്നുണ്ട്: ‘തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടെങ്കില്‍ പോലും മുഹാജിറുകള്‍ക്കാണ് അവര്‍ മുന്‍ഗണന നല്‍കുക. സ്വശരീരത്തിന്റെ പിശുക്കില്‍ നിന്ന് ആര് സുരക്ഷിതരായോ അവര്‍ തന്നെയാണ് ജേതാക്കള്‍'(അല്‍-ഹശ്ര്‍: 9). ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യ മണിയുടേതാണ്. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു; ഓരോന്നിലും നൂറുവീതം മണിയുണ്ട്. താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി അല്ലാഹു നല്‍കും. അവന്‍ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രെ'(അല്‍-ബഖറ: 261).
നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ക്കുള്ള ഭക്ഷണം രണ്ട് പേര്‍ക്കും മതിയാകും, രണ്ട് പേര്‍ക്കുള്ള ഭക്ഷണം നാലു പേര്‍ക്കും മതിയാകും’. ‘സ്വന്തം അയല്‍വാസി പട്ടിണി കിടക്കെ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ എന്നെക്കൊണ്ട് വിശ്വസിച്ചവനല്ല’. ‘ദുന്‍യാവില്‍ കഷ്ടതയനുഭവിക്കുന്നവന്റെ കഷ്ടതകള്‍ ആരെങ്കിലും നീക്കിക്കൊടുത്താല്‍ അന്ത്യനാളിലെ കഷ്ടതകളില്‍ നിന്ന് അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ്’. ‘ഒരു മനുഷ്യന്‍ തന്റെ സഹോദരന്റെ സംരക്ഷണ വലയത്തിലാകുന്ന കാലത്തോളം അവന്‍ അല്ലാഹുവിന്റെയും സംരക്ഷണ വലയത്തിലാണ്’. ‘ ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണ്. അതിലൊന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തും’.
ഇങ്ങനെയാണ് പ്രവാചകന്‍ പ്രവര്‍ത്തികളും അതില്‍ കാണിക്കേണ്ട മിതത്വവും നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട് തന്നെ സല്‍പ്രവര്‍ത്തികളുമായി കൂടുതല്‍ ഇടപഴകുക. നന്മയുടെ വഴികള്‍ മറ്റുള്ളവര്‍ക്കും തുറന്നുകൊടുക്കുക. നന്മയുടെ മാര്‍ഗത്തല്‍ കഴിയുന്ന രീതിയിലെല്ലാം ഇടപെടലുകള്‍ നടത്തുക.

 

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം. mugtama.com

Related Articles