Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തെ ഭയക്കുന്നവർ

അടുത്ത കൊല്ലം ഖിലാഫത്തു പ്രസ്ഥാനത്തിന്റെ നൂറാം വാർഷികമാണ്. അത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ചർച്ചകൾ നാം കൂടുതൽ പ്രതീക്ഷിക്കണം. പൗരത്വ നിയമത്തിന്റെ കാലത്തു ഖിലാഫത്തു ചർച്ചകൾ ഇനിയും വരിക സാധ്യമാണ്. ഒരു കാലത്തു സാമ്രാജ്യത്വ ശക്തികളോട് സമരം ചെയത സമൂഹമാണ് മുസ്ലിംകൾ. അവരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുപ്പോൾ തങ്ങളുടെ മുൻഗാമികളെ കുറിച്ച് പറയുകയും അവരുടെ പ്രവർത്തനങ്ങൾ ഓർക്കുകയും ചെയ്യുക എന്നത് സ്വാഭാവികം മാത്രം. ഖിലാഫത്തു പ്രസ്ഥാനം നമ്മുടെ കണ്മുന്നിൽ നടന്ന ചരിത്രമാണ്. അതൊരിക്കലും ഹിന്ദു മുസ്ലിം സംഘട്ടനമായിരുന്നില്ല. അത് കേരളത്തിൽ മാത്രം രൂപം കൊണ്ടതുമല്ല. അതിനൊരു ആഗോള സ്വഭാവമുണ്ട്.

ഒന്നാം ലോക യുദ്ധവും അനുബന്ധ ഘടകങ്ങളും രൂപപ്പെടുത്തിയ ഒരു സാഹചര്യമുണ്ട്. ലോക മുസ്ലിംകൾ ഖിലാഫത്തിനെ അവരുടെ വിശാസത്തിന്റെ ഭാഗമായി കാണുന്നു. തുർക്കിയിലെ ഉസ്മാനിയ ഖിലാഫത്തു പ്രവാചകനും അനുയായികളും വരച്ചു കാണിച്ച രീതിയിൽ അല്ലായിരുന്നെങ്കിലും പേരിനെങ്കിലും അതുണ്ട് എന്നത് ഒരാശ്വാസമായി അവർ മനസ്സിലാക്കിയിരുന്നു. യുദ്ധത്തിന് ശേഷം ബ്രിട്ടൻ ഖിലാഫത്തു വ്യവസ്ഥയെ ഇല്ലാതാക്കി. അതിന്റെ പേരിൽ ബ്രിട്ടനെതിരെ രോഷം ഉയർന്നു. ടിപ്പുവിന് ശേഷം മലബാറിലും ബ്രിട്ടീഷ് ആധിപത്യം നിലവിൽ വന്നിരുന്നു. അതെ സമയത്തു തന്നെ ജന്മി കൂടിയാണ് പ്രശ്നവും അന്ന് സജീവമായിരുന്നു. ഭൂമി മുഴുവൻ സവർണ ഹിന്ദുക്കളുടെ കയ്യിലായിരുന്നു.

Also read: ഭീരുക്കളല്ല; വാരിയംകുന്നത്തിന്റെ പേര് ഉച്ചരിക്കേണ്ടത്

1921 ആഗസ്ററ് മാസം മുതൽ 1922 ഫിബ്രവരി വരെ മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണിത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്‌തും കൂലിവേല ചെയ്‌തും മാപ്പിളമാർ ഇവിടെ ഉപജീവനം നടത്തിയിരുന്നത് . എന്നാൽ അടിക്കടി നേരിടേണ്ടി വന്ന കുടിയൊഴിപ്പിക്കൽ,അന്യായമായ നികുതി പിരിവ്,ഉയർന്ന പാട്ടം തുടങ്ങിയവ ഇവരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു. ഇത്തരം സാഹചര്യങ്ങൾ നിലനിന്നിരുന്ന അവസ്ഥയിലേക്കാണ് തുർക്കിയിലെ വിവരവും വരുന്നത്. തുർക്കിയുടെ കാര്യത്തിൽ എന്തിനു മുസ്ലിംകൾ ഇത്ര വ്യാകുലരാകുന്നു എന്ന ചോദ്യം ഇപ്പോൾ പലരും ചോദിച്ചിട്ടുണ്ട്. തുർക്കിയിൽ ഖിലാഫത്തിനെ ഇല്ലാതാക്കി എന്നത് മാത്രമല്ല അതിന്റെ പിന്നിലെ ശക്തികൾ നമ്മെയും ഭരിച്ചിരുന്നു. ഖിലാഫത്തു പ്രസ്ഥാനത്തെ സ്വാതന്ത്ര സമരവുമായി ബന്ധിപ്പിക്കാൻ ഗാന്ധിജിയും മറ്റു നേതാക്കളും ശ്രമിച്ചു. അന്ന് കാലത്തു അതിനു നേതൃത്വം നൽകിയത് മുസ്ലിം വിഭാഗത്തിലെ മത പണ്ഡിതന്മാർ തന്നെയായിരുന്നു.

മലബാർ കലാപത്തെ പല രീതിയിലും വായിച്ചവരുണ്ട് . മുഖ്യ ശത്രു ബ്രിട്ടൻ എന്ന നിലയിൽ അതിനെ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി അധികവും കാണുന്നു. ജന്മി കൂടിയാണ് പോരാട്ട വിഷയമായി മറ്റു ചിലർ നിരീക്ഷിക്കുന്നു. അതെ സമയം അതിനെ ഒരു ഹിന്ദു വിരുദ്ധ കലാപമായി സംഘ് പരിവാറും കണക്കാക്കുന്നു. രണ്ടു രീതിയിൽ ഹിന്ദുക്കൾ മറുപക്ഷത്തു വന്നിട്ടുണ്ട്. ഒന്ന് പ്രദേശത്തെ ജന്മിമാർ എന്ന നിലയിൽ. മറ്റൊന്ന് ബ്രിട്ടീഷ് വിരുദ്ധ കലാപത്തെ നേരിടാൻ ബ്രിട്ടീഷ് അധികാരികൾ ഹിന്ദു യുവാക്കളുടെ സൈന്യം രൂപീകരിച്ചു. അവിടെ നിന്നാണ് ആലി മുസ്ലിയാരും വാരിയം കുന്നത് കുഞ്ഞിമുഹമ്മദ് ഹാജിയും അവർക്കു ഭീകരരും കലാപകാരികളുമാകുന്നത്‌. നാട്ടിലെ അറിയപ്പെടുന്ന ക്രിമിനൽ എന്നതാണ് സംഘ് പരിവാർ ഹാജിക്ക് ചാർത്തി നൽകുന്ന പട്ടം. ചരിത്രത്തിൽ ഉടനീളം ബ്രിട്ടീഷ് സർക്കാരിന്റെ ചെരുപ്പ് നക്കുക എന്ന കർമ്മമാണ്‌ അവർക്കു ചെയ്യാനുണ്ടായിരുന്നത്. അതവർ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു.

പുതിയ പൗരത്വ വിഷയത്തിൽ മുസ്ലിം സമുദായത്തിലെ പഴയകാല പണ്ഡിതരും യോദ്ധാക്കളും ചെയ്ത സേവനങ്ങളെ മതേതര സമൂഹം കൂടുതൽ സ്മരിക്കുന്നു. മമ്പുറം തങ്ങന്മാരും ആലി മുസ്ലിയാരും മഖ്ദൂംകാരും വാരിയന്കുന്നതും ബഹുമാന പുരസ്‌കാരം സ്മരിക്കപ്പെടുമ്പോൾ തങ്ങളുടെ നേതാക്കളുടെ ചെയ്തികളെ പൊതു സമൂഹം കൂടുതൽ വിമർശിക്കുന്നു. മുസ്ലിം പണ്ഡിതരും നേതാക്കളും അന്നും മുഖ്യ ശത്രുവായി കണ്ടത് സാമ്രാജ്യത്വ ശക്തികളെയാണ്. സംഘ പരിവാർ അന്നും ഇന്നും മുഖ്യ ശത്രുവായി കാണുന്നത് ഇന്ത്യക്കാരെ തന്നെയാണ്. മലബാർ കലാപത്തിന് മാന്യത നൽകിയാൽ ഗുജറാത്തു കലാപത്തിനും മാന്യത നൽകേണ്ടി വരും എന്നതാണ് സംഘ പരിവാർ കണ്ടെത്തൽ. ഗുജറാത്തു കലാപം തുടക്കം മുതൽ ഒടുക്കം വരെ വംശീയമായിരുന്നു. അതെ സമയം മലബാർ തീർത്തും വെള്ളക്കാർക്ക് എതിരായിന്നു. വാരിയംകുന്നത്‌ ഒരിക്കൽ പോലും ഹിന്ദുക്കളാണ് തങ്ങളുടെ ശത്രുക്കൾ എന്ന് പറഞ്ഞിട്ടില്ല . അതെ സമയം സർക്കാരിനെ സഹായിച്ച ആളുകളെ വാരിയം കുന്നതിന്റെ സൈന്യം നേരിട്ടിട്ടുണ്ട്. അതിൽ മതത്തിനു അതീതമായി ആളുകളുണ്ട് എന്നത് വായിക്കാതെ പോകരുത്.

Also read: എന്‍.ഐ.എയും ഭരണഘടനാ സംരക്ഷണവും

മലപ്പുറം പണ്ട് മുതലേ സംഘ് പരിവാറിന്റെ നോട്ടസ്ഥലമാണ്. അവിടെ ഒരു സമുദായത്തിലെ ആളുകൾ കൂടുതലുണ്ട് എന്നതാണ് അടിസ്ഥാന കാരണം. കേരള ചരിത്രത്തിൽ ഇന്ത്യൻ സ്വാതന്ത്ര സമരവുമായി ചേർത്തു പറയാൻ കഴിയുന്ന അധികം സംഭവങ്ങളില്ല. അതിൽ മുഖ്യ സ്ഥാനത്തു വരുന്നത് ഖിലാഫത്തു പ്രക്ഷോഭം തന്നെയാണ്. നാടിനു വേണ്ടി ജീവൻ നൽകിയ പണ്ഡിതരും സാധാണക്കാരും ഇന്നും പൊതു സമൂഹത്തിൽ ഓർമ്മിക്കപ്പെടുന്നത് സംഘ പരിവാറിനെ വല്ലാതെ വിളറി പിടിപ്പിക്കുന്നു. അടുത്ത നാളുകളിൽ ഖിലാഫത്തു പ്രസ്ഥാനം കൂടുതൽ ചർച്ചകൾക്കു കാരണമാകും. അത് മുന്നിൽ കണ്ടു കൊണ്ടാണ് സംഘ് പരിവാർ കരുക്കൾ നീക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ ഒന്നും പറയാനില്ലാത്തവർ മറ്റുള്ളവർ തങ്ങളുടെ ഭാഗം പറയുന്നതിനെ ഭയപ്പെടുന്നു. ഇന്നും കേരളത്തിൽ ഹിന്ദു മുസ്ലിം ബന്ധം ഊഷ്മളമായ ഇടമാണ് മലപ്പുറം. അതിനെ തകർക്കലാണ് സംഘ് പരിവാർ ഉദ്ദേശ്യം.

Related Articles