Current Date

Search
Close this search box.
Search
Close this search box.

നീഗ്രോകൾക്കിവിടെ ഭക്ഷണമില്ല

ഇസ്ലാം സ്വീകരിച്ച് മുഹമ്മദലി ആകുന്നതിനു മുമ്പ് ‘ഇടിക്കൂട്ടിലെ പൂമ്പാറ്റ’എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എക്കാലത്തെയും ബോക്സിങ് ലോകത്തെ ഇതിഹാസമായ കാഷ്യസ് ക്ലേ തൻറെ ആത്മകഥയായ “പൂമ്പാറ്റയുടെ ആത്മാവിൽ” തിക്തമായ ഒരനുഭവം ഇങ്ങനെ കുറിക്കുന്നു:”എൻറെ സ്വർണമെഡൽ കുറേക്കൂടി മഹത്തരമായതെനിക്ക് നേടിത്തരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.നാട്ടിലെത്തിയ ശേഷമുള്ള ഏതാനും ദിവസങ്ങൾ ആ പ്രതീക്ഷയെ ബലപ്പെടുത്തുന്നതായിരുന്നു. എന്നാൽ വൈകാതെ ഞാൻ തിക്ത യാഥാർത്ഥ്യത്തിലേക്കണർന്നു.
ഒടുവിൽ അവർ ഡൗൺ ടൗണിൽ ഭക്ഷണം കഴിക്കാൻ എനിക്കും അനുവാദം നൽകാൻ പോവുകയാണെന്ന് ഞാൻ കരുതി.അക്കാലത്ത് ലൂയിസ് വില്ലേയുൾപ്പെടെ തെക്കിലെ മിക്കവാറും എല്ലാ ഹോട്ടലുകളിലും സിനിമാശാലകളിലും കറുത്തവർക്ക് വിലക്കോ പ്രത്യേക ഭാഗമോ ഉണ്ടായിരുന്നു. പക്ഷേ പക്ഷേ എൻറെ മെഡൽ ആ വാതിലുകളെല്ലാം എനിക്കു മുന്നിൽ തുറന്നു തരുമെന്ന് ഞാൻ കരുതി.

ഒരുനാൾ ഞാനും സുഹൃത്ത് റോണിയും ലൂയിസ് വില്ലേയിലൂടെ ചുറ്റിയടിക്കുകയായിരുന്നു. പെട്ടെന്ന് മഴ പെയ്തു. അതോടെ ബൈക്ക് പാർക്ക് ചെയ്ത് ഞങ്ങളൊരു കൊച്ചു റസ്റ്റോറൻറിലേക്ക് കയറി.കസേരയിൽ ഇരുന്ന് ഞങ്ങൾ രണ്ടു ചീസ് ബർഗറിനും വാനില മിൽക്ക് ഷേയ്ക്കിനും ഓർഡർ നൽകി.
കഴുത്തിൽ സ്വർണമെഡലുമണിഞ്ഞ് ഞാനവിടെയിരുന്നത് അഭിമാനത്തോടെയായിരുന്നു. വെയിറ്റേർസ് ഞങ്ങളിരുവരെയും നോക്കിക്കൊണ്ട് പറഞ്ഞു:”ഇവിടെ നീഗ്രോകൾക്ക് ഭക്ഷണം നൽകാറില്ല.”
“ഞങ്ങൾ കഴിക്കാറുമില്ല” ഞാൻ വിനയ പൂർവ്വം പറഞ്ഞു.

Also read: കൊലയറകളും ചോരപ്പാടങ്ങളും

ഒളിമ്പിക് ചാമ്പ്യൻ കാഷ്യസ് ക്ലേ ആണ് ഞാൻ എന്ന് അവരോട് പറഞ്ഞുകൊണ്ട് റോണി എൻറെ സ്വർണമെഡലിലേക്ക് ചൂണ്ടി.അവൾ പിന്നെയും എന്നെ നോക്കി മാനേജറുടെ സമീപത്തേക്ക് പോയി. അവർ പരസ്പരം മന്ത്രിച്ചു കൊണ്ട് ഞങ്ങളുടെ നേരെ നോക്കുന്നത് കണ്ടു. ഞാരാണെന്ന് അവർക്ക് മനസ്സിലായെന്നും ഇനി ഞങ്ങൾക്ക് ഭക്ഷണം വിളമ്പുമെന്നുമായിരുന്നു ഞങ്ങൾ കരുതിയത്. പക്ഷേ, അവൾ തിരികെയെത്തി ക്ഷമാപണ വാക്കുകളോടെ ഞങ്ങളോട് തിരിച്ചു പോകാനാണ് പറഞ്ഞത്. എഴുന്നേറ്റു വാതിലിനെ നടക്കുമ്പോൾ എൻറെ ഹൃദയം പിടിക്കുകയായിരുന്നു.”

ഇത്തരം നിരവധി അനുഭവങ്ങൾ ആവർത്തിച്ചപ്പോഴാണ് അദ്ദേഹം ഓഹിയോ നദിയുടെ കുറുകെയുള്ള പാലത്തിൻറെ മദ്ധ്യത്തിൽ ചെന്ന് കഴുത്തിൽ നിന്ന് സ്വർണ്ണ മെഡൽ ഊരിയെടുത്ത് നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞത്. അതിന്നും പ്രശസ്തമായ ആ പുഴയുടെ ആഴങ്ങളിലെവിടെയോ വെള്ള മേധാവിത്വത്തിൻറെ ദുഷ്ട ധാർഷ്ട്യത്തിന്നെതിരെ കറുത്തവൻറെ അടങ്ങാത്ത പ്രതിഷേധത്തിൻറെ നിത്യ സന്ദേശമായി നിലകൊള്ളുന്നു.

Related Articles