Current Date

Search
Close this search box.
Search
Close this search box.

കുരിശുയുദ്ധങ്ങളും ലൗജിഹാദും

കുരിശുയുദ്ധങ്ങൾക്ക് പ്രചോദനം മതമോ ആത്മീയതയോ ആയിരുന്നില്ലെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഹിസ്റ്ററി ഓഫ് ചർച്ച് പ്രൊഫസർ ഡയമെയിഡ് മാകുല്ല (Diarmaid MacCulloch) സമർത്ഥിക്കുന്നു. തോമസ് ഏസ്ബ്രിജിൻറെ The first crusade:A new History യും ജൊനാതൻ ഫിലിപ്സിൻറെ The Fourth Crusade and the the Sack of Constantinople എന്ന ഗ്രന്ഥവും ഇതുതന്നെ ചെയ്യുന്നു.

പോപ്പ് അർബൻ രണ്ടാമനാണ് ക്ലെയർമൊണ്ട് സമ്മേളനത്തിൽ പൂർവ്വ ദേശത്തെ ഇസ്ലാമിക ശക്തികളിൽ നിന്നും മോചിപ്പിക്കാൻ പാശ്ചാത്യരോട് ആവശ്യപ്പെട്ടത്. ജെറുസലേമിൽ തീർത്ഥാടനത്തിനെത്തുന്ന ക്രിസ്ത്യാനികളെ മുസ്ലിംകൾ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന വ്യാജ കഥപറഞ്ഞാണ് അദ്ദേഹം വിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിച്ചതെന്ന് തോമസ് ഏസ്ബ്രിജ് പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിലും അതിനു മുമ്പും മുസ്ലിംകൾ അങ്ങേയറ്റം സൗഹാർദത്തോടെയാണ് ക്രിസ്ത്യാനികളെ സമീപിച്ചിരുന്നതെന്ന് ഡയമെയിഡ് മകുല്ലയും വ്യക്തമാക്കുന്നു. സാത്വികമായ ക്രിസ്തു മതത്തെ നാലാം നൂറ്റാണ്ടുമുതലാണ് പുരോഹിതന്മാർ യുദ്ധോന്മുഖമാക്കി മാറ്റിയത്. പതിനൊന്നാം നൂറ്റാണ്ടിൽ അവിശ്വാസികൾക്കെതിരായ യുദ്ധം ദൈവഹിതമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. യുദ്ധത്തിൽ പങ്കെടുക്കുന്നവർക്ക് സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ ഇതൊന്നും മതത്തിൻറെയും ആത്മീയതയുടെയും പേരിലായിരുന്നില്ലെന്നും ഭൗതിക താൽപര്യങ്ങൾക്ക് വേണ്ടിയായിരുന്നുവെന്നും മുകളിൽ പരാമർശിച്ച ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു.

നാലാം കുരിശുയുദ്ധം പരിഹാസ്യമായ സാമ്പത്തിക രാഷ്ട്രീയ നാടകമായിരുന്നുവെന്ന് ജോനാഥൻ ഫിലിപ്സ് നിരീക്ഷിക്കുന്നു. ക്രിസ്തുമതത്തിന് മേധാവിത്വമുള്ള ബൈസൻറയിൻ കോൺസ്റ്റാൻറിനോപ്പിളിനു മേലുള്ള കുരിശുയുദ്ധക്കാരുടെ ആക്രമണം ഇന്നസെൻറ് മൂന്നാമൻ നിസ്സഹായനായി കണ്ടുനിന്നു. ആദ്യ ലാറ്റിൻ ചക്രവർത്തിയായ ഫ്ലാണ്ടേസിലെ ബാൽഡ് വിൻ കയ്യും കാലും ചോദിക്കപ്പെട്ട് രക്തംവാർന്ന് മൂന്നുദിവസം കൊണ്ട് ഒരു കുഴിയിൽ ഇഞ്ചിഞ്ചായി മരിക്കുകയായിരുന്നു.

ഇതുൾപ്പെടെയുള്ള കുരിശുയുദ്ധങ്ങളെല്ലാം സമ്പത്തിനും അധികാരത്തിനും വേണ്ടിയായിരുന്നുവെന്ന് മകുല്ലയും തോമസ് ഏസ്ബ്രിജും ജൊനാതൻ ഫിലിപ്സും സമർപ്പിക്കുന്നു.

കുരിശുയുദ്ധങ്ങളുടെ പിന്നിലെ ഈ പ്രചോദനം തന്നെയാണ് ലൗ ജിഹാദ് ഉൾപ്പെടെ കേരളത്തിലെ ഇസ്ലാംവിരുദ്ധ പ്രചാരണങ്ങളുടെയും പിന്നിലെന്ന് മനസ്സിലാക്കാൻ ഏറെയൊന്നും പ്രയാസപ്പെടേണ്ടതില്ല. കുരിശുയുദ്ധങ്ങളിലെന്ന പോലെ ഇവിടെയും വ്യാജപ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പുരോഹിത സൃഷ്ടിയായ സാമ്രാജ്യത്വ മതമാണ് ഇതിൻറെ പിന്നിലെന്ന് സാത്വികരായ ക്രിസ്തുമത വിശ്വാസികൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Related Articles