Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകളല്ലാത്തവരെല്ലാം കാഫിറുകളോ? 

കഴിഞ്ഞ ദിവസം ചിരകാല സുഹൃത്തായ, ബഹ്‌റൈനില്‍ ജോലിചെയ്യുന്ന വാഴക്കാട് സ്വദേശി അലി അശ്‌റഫ് ഓഫീസില്‍ വന്നു. കൂടെ തന്റെ മകള്‍ ഹനാ അശ്‌റഫുമുണ്ടായിരുന്നു. അവളുടെ വിവാഹത്തിന് ക്ഷണിക്കലായിരുന്നു ലക്ഷ്യം. ഹനാ ദല്‍ഹിയിലെ കമലാ നെഹ്‌റു കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. താമസിക്കുന്നത് ഡല്‍ഹി റോയല്‍ ഗേള്‍സ് പി.ജി. ഹോസ്റ്റലിലാണ്. മുപ്പത് വിദ്യാര്‍ഥിനികളാണ് അവിടെ അന്തേവാസികളായുള്ളത്. അക്കൂട്ടത്തിലെ ഏക മുസ്ലിം വിദ്യാര്‍ത്ഥിനിയാണ് ഹനാ അഷ്‌റഫ്. ആ ഹോസ്റ്റലില്‍ നേരത്തെ മുസ്ലിം വിദ്യാര്‍ഥിനികള്‍ ഉണ്ടായിരുന്നില്ല. ഇസ്ലാമിക വസ്ത്രധാരണവും ആരാധനാനുഷ്‌കഠാനങ്ങളും ചിഹ്നങ്ങളും സ്വഭാവ ചര്യകളും കൃത്യമായി അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ഹനാ. അവിടത്ത വിദ്യാര്‍ത്ഥിനികളില്‍ ആദ്യമായി ഒരു മുസ്ലിമിനോട് സംസാരിക്കുന്നത് ഹനയോടാണെന്ന് ചിലരെങ്കിലും പറയുകയുണ്ടായി. നേരത്തെ ഒരൊറ്റ മുസ്ലിമുമായി ഇടപഴകാനോ സംസാരിക്കാനോ അവര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല.

വംശീയ വിവേചനമോ വര്‍ഗീയ വിദ്വേഷമോ ഒരു വിദ്യാര്‍ത്ഥിനിയുടെ ഭാഗത്ത് നിന്നും ഇന്നോളം ഉണ്ടായിട്ടില്ലെന്ന ഹനായുടെ വാക്കുകള്‍ എന്നില്‍ വിസ്മയമുണര്‍ത്തി.നമസ്‌കരിക്കുമ്പോള്‍ റൂമിലെ കുട്ടികള്‍ സംസാരം നിര്‍ത്തി നിശ്ശബ്ദരാവുകയും കിടക്കുന്നവര്‍ എഴുന്നേറ്റിരിക്കുകയും ചെയ്യും.  ആദ്യത്തില്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുമായിരുന്നു. നമസ്‌കരിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് പറഞ്ഞതിനാല്‍ മാത്രമാണ് അതവസാനിപ്പിച്ചത്.  ഇസ്ലാമിക ജീവിത രീതി പിന്തുടരുന്നതില്‍ ആരും അല്പം പോലും അസ്‌ക്യത കാണിക്കാറില്ല. ക്ഷേത്രങ്ങളില്‍ പോയി ആരാധനകള്‍ നിര്‍വഹിക്കുന്ന ഹിന്ദു മതവിശ്വാസിനികളും വിശ്വാസിനികളല്ലാത്ത ഫെമിനിസ്റ്റുകളും അക്കൂട്ടത്തിലുണ്ട്. അവരെല്ലാം റമദാനില്‍ നോമ്പെടുക്കാന്‍ എല്ലാ സൗകര്യവും ചെയ്തു കൊടുക്കും. വിശപ്പും ദാഹവും സഹിച്ച് വ്രതമെടുക്കുമ്പോള്‍ അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യും. ഇസ്‌ലാമിനെയും അതിന്റെ ആരാധനാനുഷ്ഠാനങ്ങളെയും സംബന്ധിച്ച് ചോദിച്ചറിയുന്നവരും കുറവല്ല. എന്നാല്‍ മുസ്ലിംകളല്ലാത്തവരെല്ലാം കാഫിറുകളാണെന്നും ഇസ്ലാം അവരെ കൊല്ലാന്‍ കല്പിക്കുന്നുണ്ടെന്നും ധരിച്ച് വെച്ചിരുന്നവരാണ് പലരും. ചിലരെങ്കിലും അതേക്കുറിച്ച് ചോദിക്കുകയും ചെയ്തു. മുസ്ലിംകളല്ലാത്തവരെല്ലാം കാഫിറുകളാണെന്ന് കരുതുന്നവരാണല്ലോ മുസ്ലിംകളില്‍ പോലും പലരും. അത് തിരുത്താനുള്ള ശ്രമം മതപണ്ഡിതന്മാര്‍ നടത്താറുമില്ല.

യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്ത് കാഫിറുകള്‍ വളരെ വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണ്. ഇസ്ലാമിനെ ശരിയാം വിധം മനസ്സിലാക്കി ബോധപൂര്‍വം അതിനെ നിഷേധിക്കുന്നവര്‍ മാത്രമാണ് കാഫിറുകള്‍. സത്യ പ്രബോധകര്‍ക്ക് അവരോട് ഒന്നും പറയാനില്ല. അതിനാല്‍ ‘സത്യനിഷേധികളേ’ എന്ന് ഖുര്‍ആനില്‍ ഒരിടത്ത് മാത്രമേയുള്ളൂ. അത് സംഭാഷണം അവസാനിപ്പിച്ചു കൊണ്ടുള്ള വേര്‍പിരിയലിന്റെ വര്‍ത്തമാനമാണ്.(109:16)
‘സത്യത്തെ നിഷേധിച്ചവരേ’എന്നതും ഖുര്‍ആനില്‍ ഒരിടത്തേയുള്ളു. അത് പരലോകത്ത് സംഭവിക്കാനിരിക്കുന്ന സംബോധനയെ സംബന്ധിച്ചാണ്.(66:7) ഇസ്ലാമിക സമൂഹത്തിന് പുറത്തുള്ള പ്രബോധിതരെ ജനങ്ങളേ, മനുഷ്യരേ (അന്നാസ്) എന്നൊക്കെയാണ് ഖുര്‍ആന്‍ സംബോധന ചെയ്തത്. അതിനാല്‍ നമ്മുടെ രാജ്യത്തെ ന്യൂനാല്‍ ന്യൂനപക്ഷമൊഴിച്ച് ആരും കാഫിറുകളല്ല. ഈ വസ്തുത മുസ്ലിംകള്‍ മനസ്സിലാക്കകയും സഹോദര സമുദായങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. അതോടൊപ്പം കാഫിറുകളെ കൊല്ലാന്‍ ഇസ്ലാം കല്‍പിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന വസ്തുതയും സംശയരഹിതമായി വ്യക്തമാക്കപ്പെടുക തന്നെ വേണം.

 

Related Articles