Current Date

Search
Close this search box.
Search
Close this search box.

നാസ്തിക സുഹൃത്തിനൊരു കത്ത്

വാട്സാപ്പിലൂടെ നാസ്തിക സുഹൃത്തുമായി നടത്തിയ ദീർഘമായ കത്തിടപാടുകൾക്കൊടുവിൽ അയച്ച സന്ദേശം സത്യാന്വേഷണകർക്ക് ഉപകരിച്ചേക്കുമെന്ന പ്രതീക്ഷയോടെ ഇവിടെ ചേർക്കുന്നു.

“പ്രിയ സുഹൃത്തേ, സുഖമായിരിക്കട്ടെ. നമുക്കിടയിൽ നടന്ന സംഭാഷണത്തിൻറെ വെളിച്ചത്തിൽ താഴെ കുറിക്കുന്ന കാര്യങ്ങൾ കൂടി ശ്രദ്ധയിൽപ്പെടുത്തുന്നു.

1. ദൈവമുണ്ടെന്നോ ഇല്ലെന്നോ ഉള്ള തീർപ്പിലെത്താൻ ശാസ്ത്രത്തിന് സാധ്യമല്ല. അതു ശാസ്ത്രത്തിൻറെ മേഖലയല്ല.വിഷയവുമല്ല.

2. എന്തുകൊണ്ട്? എന്ന പല ചോദ്യങ്ങൾക്കും ശാസ്ത്രത്തിന് ഉത്തരം നൽകാനാവില്ല. ഉദാഹരണം:കത്തുകയും കത്താൻ സഹായിക്കുകയും ചെയ്യുന്ന ഹൈഡ്രജനും ഓക്സിജനും ചേർന്നാൽ കെടുത്തുന്ന വെള്ളമാകുന്നത് എന്തുകൊണ്ട്? പദാർത്ഥങ്ങൾ ചേർന്നുണ്ടാവുന്ന ശരീരത്തിൽ പദാർത്ഥാതീതമായ മനസ്സ് ഉണ്ടാവുന്നത് എന്തുകൊണ്ട്? എങ്ങനെ?

3. എന്താണ് മനസ്സ്? സ്നേഹം; വെറുപ്പ്; അഭിമാനം; അപമാനം തുടങ്ങിയ മനസ്സിൻറെ വികാരങ്ങൾ എന്താണ്? മാതാവിനോടും ഭാര്യയോടും മകളോടുമുള്ള സ്നേഹം എങ്ങനെ നിർവചിക്കും? ഓരോന്നും എത്ര ശതമാനമെന്ന് എങ്ങനെ കണക്കാക്കും; ഒരാൾക്ക് മറ്റൊരാളോട് സ്നേഹമുണ്ടോ ഇല്ലേയെന്ന് എങ്ങനെ ശാസ്ത്രീയമായി തെളിയിക്കും? ഇത്തരം സ്വന്തത്തെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മനുഷ്യന് സാധ്യമല്ല. അതൊന്നും ശാസ്ത്രം പറഞ്ഞു തരികയുമില്ല.

4. മനുഷ്യൻ എത്ര ശ്രമിച്ചാലും ഭൂമിയിൽ കൃത്യമായ നീതി നടപ്പാക്കാനാവില്ല. അതിനാൽ മനുഷ്യനനുനുഭവിക്കുന്ന അനീതിക്ക് ഇവിടെ പരിഹാരമില്ല. അതേസമയം എല്ലാവരും നീതി ആഗ്രഹിക്കുന്നു. ഇവിടെ നീതിയില്ലെങ്കിൽ നീതി പുലരുന്ന ഒരു ലോകമുണ്ടാകണമെന്ന് ഏതു മനുഷ്യനും കൊതിക്കുന്നു. അത്തരമൊരു ലോകമുണ്ടെന്ന് മതം തറപ്പിച്ച് പറയുന്നു.

5. ദൈവത്തെയും പരലോകത്തെയും സ്വർഗ്ഗത്തെയും നരകത്തെയും സംബന്ധിച്ച് അറിയാനും മനസ്സിലാക്കാനും മനുഷ്യൻറെ വശം ഒരു മാധ്യമമോ മാനദണ്ഡമോ ഇല്ല. വിശ്വാസികൾ പറയുന്ന പ്രവാചകന്മാർക്ക് ലഭിച്ച ദിവ്യബോധനങ്ങളിലൂടെയും ദിവ്യ സന്ദേശങ്ങളിലൂടെയും മാത്രമേ അഭൗതികമായ അറിവ് ലഭിക്കുകയുള്ളൂ. അത് അംഗീകരിക്കുന്നവർക്കേ വിശ്വാസികളാകാൻ കഴിയുകയുള്ളു. എല്ലാവരും അങ്ങനെ വിശ്വാസികളാകണമെന്നില്ല. അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തിൻറെയും ഇഷ്ടത്തിൻറെയും ഭാഗമാണ്.

6. പ്രണയത്തെ ശാസ്ത്രീയമായി എങ്ങനെ വിശദീകരിക്കും? യുക്തിയുടെ അടിസ്ഥാനത്തിൽ എങ്ങനെ വിശകലനം ചെയ്യും? കോടിക്കണക്കിന് സ്ത്രീകളുണ്ടായിരിക്കെ ഒരാളെ മാത്രം പ്രണയിക്കുന്നത് എന്തുകൊണ്ട്? അതിൻറെ പിന്നിലെ യുക്തി എന്ത്?

7. ഗർഭപാത്രത്തിൽ വെച്ച് മനുഷ്യനിൽ രൂപപ്പെടുന്ന കയ്യും കാലും കണ്ണും കാതും ഉപയോഗപ്പെടുന്നത് ഭൂമിയിലാണ്. ഭൂമിയിൽ മനുഷ്യനുണ്ടാകുന്ന നീതിബോധവും ആഗ്രഹാഭിലാഷങ്ങളും സാക്ഷാൽക്കരിക്കപ്പെടുന്ന ഒരു ലോകമുണ്ടാകുമെന്നതല്ലേ കൂടുതൽ യുക്തിഭദ്രം?

8. നാസ്തികത മനുഷ്യന് പരിമിതികൾ ഏർപ്പെടുത്തുന്നു.
സന്തോഷം, സൗന്ദര്യം, സുഖസൗകര്യങ്ങൾ പോലുള്ളവയിലെല്ലാം പൂർണ്ണതയിലെത്താൻ മനുഷ്യൻ ആഗ്രഹിക്കുന്നു. എന്നാൽ ഇവിടെ ലഭിക്കുന്നതേ ഉണ്ടാവുകയുള്ളൂ എന്ന് നാസ്തികത പറയുന്നു. മറുഭാഗത്ത് മതം മനുഷ്യന് പൂർണ്ണതയെ സംബന്ധിച്ച പ്രതീക്ഷ നൽകുന്നു. ആഗ്രഹിക്കുന്നതൊക്കെ ലഭിക്കുന്ന ഒരു ലോകത്തെക്കുറിച്ച ഉറപ്പും പ്രതീക്ഷയും നൽകുന്നു.

9. എല്ലാ മനുഷ്യരും അനശ്വരത ആഗ്രഹിക്കുന്നു. നാസ്തികത നശ്വരതയെക്കുറിച്ച് സംസാരിക്കുന്നു. മരണത്തോടെ എല്ലാം ഒീടുങ്ങുമെന്ന് പറയുന്നു. എന്നാൽ മതം മനുഷ്യന് നാശമില്ലെന്ന് ഉറപ്പിച്ച് പറയുന്നു. മരണം ആത്മാവിൻറ ഭൂമിയിലെ ശരീരത്തിൽ നിന്നുള്ള വിടപറയൽ മാത്രമാണ്. ആത്മാവിന് മരണമില്ല. മരണത്തോടെ അത് ഭൂമിയിലെ കർമ്മഫലം അനുഭവിക്കുന്നു. പുനരുത്ഥാന നാളിൽ ആത്മാവ് ശരീരത്തെ സ്വീകരിക്കുന്നു. അതിനാൽ മനുഷ്യന് മരണമില്ലെന്ന് മതം പറയുന്നു.

10. ജീവൻ നഷ്ടപ്പെടരുതെന്ന് മനുഷ്യൻ ആഗ്രഹിക്കുന്നു. അതിനാൽ അത് നിലനിർത്താൻ പാടുപെടുന്നു. മരണത്തോടെ നഷ്ടപ്പെടുമെന്ന് നാസ്തികത പറയുന്നു. നഷ്ടപ്പെടില്ലെന്ന് മതവും. ജീവൻ അനന്തമായി തുടരുമെന്ന് മതം ഉറപ്പുനൽകുന്നു.

ഇനി എനിക്ക് താങ്കളോടുള്ള വിനയപൂർവ്വമായ അഭ്യർത്ഥനയിതാണ്. നമ്മൾ ജീവിതത്തിൽ പ്രത്യേക പ്രയോജനമൊന്നും ലഭിക്കാത്ത പല കാര്യങ്ങളിലും മറ്റുള്ളവരെ അനുസരിക്കാറുണ്ട്. അതിനാൽ മനസ്സമാധാനം, ജീവിതവിശുദ്ധി, മുല്യ നിഷ്ഠ, ധർമ്മബോധം, ഉയർന്ന മാനവികത,സംതൃപ്ത കുടുംബം പോലുള്ളവ ഭൂമിയിലും പരലോകത്ത് ദൈവത്തിൻറെ പ്രീതിയും പ്രതിഫലവും മതം ഉറപ്പ് നൽകുന്നു. ഇക്കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കുന്നതല്ലേ നല്ലത്? വിശ്വാസികൾ ഉറപ്പിച്ചു പറയുന്ന പോലെ പരലോകമുണ്ടെങ്കിൽ നഷ്ടം സംഭവിക്കാതിരിക്കാൻ അതല്ലേ വേണ്ടത്?

മുൻവിധികൾ മാറ്റിവെച്ച് ശാന്തമായും സ്വസ്ഥമായും സ്വതന്ത്രമായും ചിന്തിച്ച് തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു പ്രപഞ്ച നാഥൻ സൗഭാഗ്യം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Related Articles