ജറൂസലമിൽ നിന്ന് ഐലാത് വഴി ഈജിപ്തിലേക്ക് പുറപ്പെടാൻ രാവിലെ ഏഴിന് ഒരുങ്ങുകയാണ് (26.11.2022 ശനി). ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ നിന്നാണ് പുറപ്പെടുന്നത്. 330 കിലോമീറ്ററാണ് അകലം. ഗസ്സയിലേക്ക് പോകാൻ ഞങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. മെഡിറ്ററേനിയൻ കടലിന്നടുത്ത് സ്ഥിതി ചെയ്യുന്ന ഗസ്സയുടെ ഒരു ഭാഗത്ത് ഇസ്രായേലാണെങ്കിൽ മറു ഭാഗം ഈജിപ്തിൻ്റെ സീനായ് മരുഭൂമിയാണ്. അതു വഴിയാണ് ഗസ്സക്കാർ അൽപമെങ്കിലും പുറം ലോകത്തിൻ്റെ കാറ്റും വെളിച്ചവുമേൽക്കുന്നത്.
ചാവുകടൽ (ഡെഡ് സീ)ഭാഗത്തേക്കാണ് ബസ് ഓടികൊണ്ടിരിക്കുന്നത്. ഇസ്രായേലിലെ മുസ്ലിംകൾ താമസിക്കുന്ന ലഖിയ മേഖലയിൽ അല്പനേരം വിശ്രമത്തിന് ബസ് നിർത്തുകയുണ്ടായി. അവിടെ പള്ളികളുടെ മിനാരങ്ങൾ വീടുകൾക്കിടയിലൂടെ ദൃശ്യമാണ്. 50 കിലോമീറ്റർ നീളവും 12 കി. ലോമീറ്റർ വീതിയുമാണ് ഇപ്പോൾ ചാവുകടലിനുള്ളത്. സാധാരണ100 ലിറ്റർ കടൽ വെള്ളം കുറുക്കിയാൽ മൂന്നര കിലോ ഉപ്പാണ് ലഭിക്കുക. എന്നാൽ ചാവുകടലിലെ 100 ലിറ്ററിൽ 33 കിലോ ഉപ്പുണ്ടാകും. അത്രയേറെ ഉപ്പിൻ്റെ സാന്ദ്രത കൂടുതലാണ് ചാവുകടൽ വെള്ളത്തിൽ . അതിൽ കിടക്കുന്നയാളുടെ തൂക്കവും ആ കിടക്കുന്ന സ്ഥലത്തെ വെള്ളത്തിൻ്റെ തൂക്കവും ഒരേ അളവിൽ പൂജ്യമായി വരുന്നതിനാലാണ് നാം താണുപോകാതെ പൊന്തി കിടക്കുന്നത്.


ചാവുകടലിൻ്റെ സമീപത്ത് വെച്ചാണ് സ്വവർഗഭോഗികളായ ലൂത്വ് നബിയുടെ ജനത നശിപ്പിക്കപ്പെട്ടത്. അവിടെയുള്ള ഒരു മലയുടെ പേര് ജബൽ സദോം എന്നാണ്. ഫലകത്തിൽ ആ പേര് പ്രദർശിപ്പിച്ചിട്ടുമുണ്ട്. ലൂത്വ് നബിയുടെ അരികെ മനുഷ്യരുടെ രൂപത്തിൽ വന്ന മലക്കുകളെ പോലും ആഗ്രഹപൂർത്തീകരണത്തിന്ന് സമീപിച്ച ജനതയാണ് സദോമികൾ. കളിമൺ കട്ടയുടെ മഴ കൊണ്ടും ഭൂമി കീഴ്മേൽ മറിച്ചുമാണ് ആ സ്വതന്ത്ര ലൈംഗിക വാദികളെ അല്ലാഹു നശിപ്പിച്ചത്. ലൂത്വിൻ്റ നിഷേധിയായിരുന്ന ഭാര്യയേയും അല്ലാഹു നശിപ്പിച്ചു. അവിടെ ഉപ്പ് തൂൺ പോലെ കാണപ്പെടുന്ന സ്തൂപം ആ സ്ത്രീയുടേതാണെന്ന് പറയപ്പെടുന്നു. അവിടുത്തെ മണ്ണിന് ഒരു ഗന്ധകമണമുണ്ട്. അതിൽ നിന്ന് നിർമിക്കപ്പെടുന്ന വസ്തുക്കൾ ഡെഡ് സീ പ്രൊഡക്ട് എന്നറിയപ്പെടുന്നു. അതിൻ്റെ ഫാക്ടറികൾ മാത്രം കടൽ തീരത്തുണ്ട്. ദൈവിക ശിക്ഷയിറങ്ങിയ മേഖലയിൽ പിന്നീട് ജനവാസമുണ്ടാകില്ലെന്നാണ് പ്രവാചക വചനം.


ഭുമിയിലെ ഏറ്റവും താഴ്ന്ന ഈ സ്ഥലത്ത് നിന്ന് 200 കി.മീറ്ററാണ് ഇനി ഐലാത്തിലേക്ക്. ചാവുക്കടലിൻ്റെ അക്കരെ വിദൂരതയിൽ ജോർദാൻ മലകൾ കാണാം. ചാവുകടൽ ചുരുളുകൾ എന്നറിയപ്പെടുന്ന ബൈബിളിൻ്റെ പഴയ കോപി ഇവിടെ നിന്നാണ് കണ്ടെടുക്കപ്പെട്ടത്. 1948 ൽ അബ്ദുല്ല ദീപ് എന്ന ആട്ടിടയനാണ് ഒരു ഗുഹയിൽ ആദ്യം അത് കണ്ടെത്തിയത്. ഇസ്രായേലിൻ്റെ മൂന്നിൽ രണ്ട് ഭാഗം കവരുന്ന നാഗേവ് മരുഭൂമിയാണ് ഇപ്പോൾ ബസ് താണ്ടിക്കടക്കുന്നത്. 2 ലക്ഷം ബദുക്കൾ ഈ മരുഭൂമിയിൽ താമസിക്കുന്നുണ്ട്. ഒട്ടകപക്ഷികളേയും മറ്റും വളർത്തുന്ന ഒരു ഓപൺ കാഴ്ച ബംഗ്ലാവിന്നടുത്തെത്തിയിരിക്കുന്നു ബസ്. വീണ്ടും മുന്നോട്ടോടുമ്പോൾ ഇസ്രായേലിനേയും ജോർദാനെയും വേർതിരിക്കുന്ന അന്താരാഷ്ട്ര അതിർത്തിയിലെ കമ്പിവേലികൾ കാണാം. അതിനപ്പുറത്ത് ജോർദാൻ്റെ അഖബ വിമാനത്താവളം.
ശനിയാഴ്ച ദിവസം മീൻ പിടിക്കരുതെന്ന് ദൈവം പറഞ്ഞപ്പോൾ അതിനെ മറികടന്ന് മത്സ്യം പിടിച്ച ജൂതന്മാർ അത് നടത്തിയത് ഐലാത്തിൽ അഖബ ഉൾക്കടലിൽ വെച്ചാണ്. ഞങ്ങളുടെ ബസ് ആ കടലിന്നടുത്തു കൂടെ ഇസ്രായേൽ എമിഗ്രേഷനിലേക്ക് അടുത്തിരിക്കുന്നു. ലഗേജുകൾ എടുത്ത് അവരുടെ ഓഫീസിലേക്ക് വരി വരിയായി നീങ്ങി. അവിടെ എക്സിറ്റ് ഫീ നൽകിയപ്പോൾ പുറത്ത് കടക്കാനുള്ള ഒരു സ്ലിപ് കൂടി ലഭിച്ചു. ഇസ്രായേലിൽ വെച്ച് നമ്മുടെ പാസ്പോർട്ടിൽ സീൽ പതിക്കുന്നില്ല. പകരം ഒരു സ്ലിപ് ആണ് ഉപയോഗിക്കുന്നത്. തുടർന്ന് ഈജിപ്തിൻ്റെ ത്വാ ബ എമിഗ്രേഷനിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ലഗേജ് ചെക്കിംഗിന് ശേഷം പാസ്പോർട്ടിൽ ഈജിപ്തിലേക്കുള്ള പ്രവേശന സീൽ പതിഞ്ഞു. തുടർന്നും ബസ് മാർഗം ഞങ്ങൾ താമസിക്കുന്ന സ്ട്രാൻ്റ് ഹോട്ടലിലേക്ക്. മുന്നിൽ ടൂറിസ്റ്റുകളെ കൊണ്ടുപോകാൻ ഈജിപ്ഷ്യൻ പോലീസിൻ്റെ ഒരു പൈലറ്റ് വാഹനവും നീങ്ങുന്നുണ്ട്. ഒരു മഹാ ലോകമാണ് ആ ഹോട്ടൽ. അവിടുത്തെ ഭക്ഷണമോ അതിനേക്കാൾ വൈവിധ്യവും രുചികരവും. നേരം ഇരുട്ടിയപ്പോൾ ഞങ്ങൾ പുറത്തിറങ്ങി. അഖബ ഉൾക്കടലിൻ്റെ കരയിലാണ് നിൽപ്. ഇങ്ങേക്കരയിൽ നിന്ന് നോക്കുമ്പോൾ അങ്ങകലെ മറുകരയിൽ സൗദി അറേബ്യ, ജോർദാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ വെളിച്ചം കാണാം. നയന മനോഹരം ആ ദൃശ്യം. നാളെ സീനായ് മരുഭൂമി വഴി കൈറോവിലേക്ക് (ഇ.അ) ( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5