41 രാഷ്ട്രങ്ങളുള്ള ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ നഗരമായ കൈറോവിൽ രണ്ടേകാൽ കോടി ജനങ്ങൾ താമസിക്കുന്നുണ്ട്. അൽഖാഹിറ എന്നാണ് അതിൻ്റെ അറബിനാമം. സമർഥയും കരുത്തുറ്റവളും എന്നർഥം. പുരാതന ഈജിപ്ഷ്യൻ നാഗരികത ഏറെ കരുത്തുറ്റതായിരുന്നുവെന്ന് ചരിത്രത്തിലൂടെ കണ്ണോടിച്ചാൽ വ്യക്തമാണ്. അവ അവിടുത്തെ ദേശീയ മ്യൂസിയത്തിൽ കൃത്യമായി അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. എന്നാൽ കൈറോ നഗരം അത്ര നിലവാരം പുലർത്തുന്നില്ല. പലേടങ്ങളിലും വൃത്തിക്കുറവ് ദൃശ്യമാണ്. ഒട്ടോറിക്ഷ, ടൂ വീലർ, പഴയ ടെംബോകൾ, പഴമ തോന്നിക്കുന്ന സിറ്റി ബസുകൾ എന്നിവയെല്ലാം നിരത്തിൽ പായുന്നുണ്ട്. മേന്മയേറിയ വാഹനങ്ങൾ പരിമിതമാണ്. കുറച്ച് വാഹനങ്ങളുടെ ഗ്ലാസുകൾക്ക് മീതെ പ്രമുഖ ഈജിപ്ഷ്യൻ ഇസ്ലാമിക പണ്ഡിതൻ മുഹമ്മദ് മുതവല്ലി ശഅറാവിയുടെ ചിത്രം പതിച്ചിട്ടുണ്ട്. നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ആധുനിക ഫ്ലാറ്റ് സമുച്ചയങ്ങൾ നീളത്തിലുണ്ടെങ്കിലും അല്പം ഉള്ളിലേക്ക് കയറുമ്പോൾ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കടകളും വീടുകളും ഓൾഡ് ഡൽഹിയെ അനുസ്മരിപ്പിക്കുന്നു. അവിടെ കഴുത വണ്ടികൾ ഓടുന്നുണ്ട്. കുതിരവണ്ടികളിൽ ജനം സഞ്ചരിക്കുന്നുണ്ട്. റോഡുവക്കിൽ ആടുകളും പശുക്കളും തീറ്റ ചവച്ച് കഴിയുന്നു. ഒരു ഡോളറിന് ടിഷ്യൂ പേപ്പർ വിൽക്കുന്ന മുതിർന്ന ആണുങ്ങളും പെണ്ണുങ്ങളും റോഡിന്നരികിലുണ്ട്. നിലവാരമുള്ള നഗരമാകാൻ കൈറോ ഇനിയും കുറെ മുന്നോട്ടോടണമെന്ന് സാരം.
2022 നവം 28 തിങ്കളാഴ്ച കൈറോവിലെ ചരിത്ര സ്ഥലങ്ങൾ കാണാൻ ഞങ്ങൾ പുറപ്പെടുകയാണ്. രണ്ട് ദിവസം മുമ്പ് ത്വാബയിൽ വെച്ച് ഞങ്ങളോടൊപ്പം ചേർന്ന 2020 മോഡൽ കമനീയ ബസും ഡ്രൈവർ ശരീഫ് മുഹമ്മദും ഗൈഡ് അഹ്മദുമാണ് എല്ലാ ദിവസും കൂടെയുള്ളത്. നല്ല സ്വഭാവക്കാർ. ഗൈഡാണ് പ്രവേശന ഫീസുകളടച്ച് ടിക്കറ്റുകളെടുത്ത് വീതം വെച്ച് തരുന്നത്. ഹോട്ടലുകളിൽ കയറ്റി ബൊഫെ സിസ്റ്റത്തിൽ ഭക്ഷണമേൽപിക്കുന്നതിലും കക്ഷി മുമ്പിലുണ്ടാവും. ഇടക്കിടെ ഇംഗ്ലീഷിൽ വിവരണങ്ങൾ.
കൈറോവിന്നടുത്ത ജീസ മേഖലയിലുള്ള ഈജിപ്ഷ്യൻ പിരമിഡുകളാണ് ആദ്യം സന്ദർശിക്കുന്നത്. ലോക മഹാത്ഭുതങ്ങളിലൊന്ന്. 23 ലക്ഷം കല്ലുകളാൽ ഒരു ലക്ഷം തൊഴിലാളികൾ 20 വർഷം കൊണ്ട് നിർമിച്ചതാണ് പ്രധാന പിരമിഡ്. ഒരോ കല്ലിനും ശരാശരി 2500 കിലോ ഭാരമുണ്ട്. ക്രെയിനുൾപ്പടെ യന്ത്രങ്ങളില്ലാത്ത കാലത്ത് വലിയൊരു മനുഷ്യാദ്ധാനത്തിൻ്റെ നിദർശനമാണ് 135 മുതൽ 147 വരേ മീറ്റർ ഉയരുമുള്ള പിരമിഡിൻ്റെ നിർമാണം. നിർമാണത്തിനിടെ നിരവധി തൊഴിലാളികൾ മരണപ്പെട്ടു. തൊഴിലാളികൾക്ക് പാർക്കാൻ സമീപം നിർമിക്കപ്പെട്ടിരുന്ന വീടുകളുടെ അവശിഷ്ടങ്ങളും അവിടെയുണ്ട്. ഓരോ ഭാഗത്തേക്കും 230 മീറ്റർ നീളം.കൈറോക്കടുത്ത ജബൽ മുഖത്ത്വം പർവ്വതത്തിൽ നിന്നാണ് ഇവിടേക്കുള്ള കല്ലുകൾ ശേഖരിച്ചത്. 4600 വർഷം മുമ്പ് ഖുഫു രാജാവാണ് പിരമിഡുകൾ നിർമിച്ചത്. മരണാനന്തജീവിതത്തിൽ വിശ്വാസമുള്ളയാളായിരുന്നു അയാൾ. ശരീരത്തിലേക്ക് ആത്മാവിൻ്റെ പുനപ്രവേശമുണ്ടാകണമെങ്കിൽ ബോഡി കേട് കൂടാതെ സൂക്ഷിക്കണമെന്നായിരുന്നു രാജാവിൻ്റെ വിശ്വാസം. അങ്ങിനെ തൻ്റെയും ഭാര്യയുടേയും ബോഡി സൂക്ഷിക്കാൻ നിർമിച്ചതാണ് പിരമിഡുകൾ. അവിടെ ഇറങ്ങി ഒറ്റക്കും കൂട്ടായും ഫോട്ടോ എടുത്തു. അവിടെ ഒട്ടക സവാരിക്കാരും കച്ചവടക്കാരും മറ്റും വായിൽ തോന്നുന്ന കാശ് ആവശ്യപ്പെടുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന നിർദേശം ലഭിച്ചിരുന്നു. അതിനാൽ അവരെയൊക്കെ ഭീതിയോടെ നോക്കി കൊണ്ടിരുന്നു. ഇടക്ക് ഒരു ഫോട്ടോയെടുക്കാൻ ഞാൻ റോഡിലേക്ക് ചേർന്നു നിന്നപ്പോൾ ഒരു ബദു ക്യാമറ വാങ്ങി ഫോട്ടോയെടുത്ത് തരാൻ മുന്നോട്ടുവന്നു. പല പോസുകളിൽ നിൽക്കാൻ അയാൾ ആവശ്യപ്പെടുന്നു. എൻ്റെ ക്യാമറയിൽ നിന്ന് പല ഫോട്ടോ ഓപ്ഷനുകളും എത്ര ഞ്ഞൊടിയിടയിലാണ് ആ ബദു കണ്ടെത്തുന്നത്. നമ്മെക്കാളും നടോടികൾക്കും പല കാര്യങ്ങളിലും പിടിപാടുണ്ടാകുമെന്ന് ബോധ്യപ്പെട്ട നിമിഷം. അയാളുടെ ചൂര് മണക്കുന്ന കഫിയ്യ എൻ്റെ തലയിൽ കെട്ടിയും കക്ഷി ഫോട്ടോയെടുത്തു തന്നു. ദൈവമേ ഇനി ഡോളറാണ് ആവശ്യപ്പെടുക? മനസ്സിൽ ആധി പടർന്നു. ഒടുവിൽ ഒരു ഡോളർ നൽകിയപ്പോൾ കക്ഷി സംതൃപ്തൻ. ഉപജീവനത്തിന് വേണ്ടി ഇങ്ങനെയുള്ള ഒരു കൂട്ടം മനുഷ്യർ പിരമിഡിന് ചുറ്റുമുണ്ട്.
മടങ്ങുമ്പാൾ സഹാറ മരുഭൂമി വ്യക്തമായി കാണാം. അല്ലം മുന്നോട്ട് നീങ്ങിയപ്പോൾ കാണുന്നത് സിംഹത്തിൻ്റെ തലയും മനുഷ്യൻ്റെ ഉടലുമുള്ള കല്ലിൽ കൊത്തിയ കൂറ്റൻ സ്പിംഗ്സ് പ്രതിമ. കരുത്തിൻ്റെ പ്രതീകമാണത്.


നൈൽ നദിക്ക് കുറുകെ നിർമിക്കപ്പെട്ട പാലം കടന്നാണ് ജീസയിലേക്ക് ഞങ്ങൾ പോയതും വന്നതും. ലോകത്തിലെ നീളം കൂടിയ നദികളിലൊന്നാണ് നൈൽ. എത്യോപ്യയിലെ താനയിൽ നിന്നും ഉഗാണ്ടക്കും റുവാണ്ടക്കുമിടയിൽ വിക്ടോറിയയിൽ നിന്നും രണ്ട് കൈവഴികളായി ഉദ്ഭവിച്ച് സുഡാനിലെ ഖാർത്തൂമിൽ സംഗമിച്ച് മുന്നോട്ട് ഒഴുകുന്നു. വിക്ടോറിയയിൽ നിന്നുത്ഭവിക്കുന്നത് വൈറ്റ് നൈൽ എന്നും താനെയിൽ നിന്നൊഴുകുന്നത് നീല നൈൽ എന്നും അറിയപ്പെടുന്നു. പിന്നീട് ഈജിപ്തിലെത്തി ആയിരം കിലോമീറ്റർ മുന്നോട്ടൊഴുകുന്നു. ഇടക്ക് നിർമിക്കപ്പെട്ട അസ് ഫാൻ അണകെട്ടിൽ കൃഷിക്കു വേണ്ടി കൂടതൽ വെള്ളം ശേഖരിക്കപ്പെടുന്നു. കൈറോവിൽ വെച്ച് നൈൽ വീണ്ടും രണ്ടായി പിരിഞ്ഞ് കടലിൽ ചേരുകയാണ്. ഈ നദിയിലാണ് മൂസ (അ)നെ ഉമ്മ പെട്ടിയിലാക്കി ഒഴുക്കിയത്. ഈജിപ്തിൻ്റെ കാർഷിക രംഗം സമൃദ്ധമാക്കുന്നത് നൈൽ നദിയാണ്. കടലും നദിയും ചേരുന്ന ഇവിടുത്തെ ടെൽറ്റ പ്രദേശങ്ങളിലെ മണ്ണ് ഫലഭൂഷ്ഠമായതിനാൽ കൃഷി ധാരാളമുണ്ട്. കൈറോവിൽ നിന്ന് അലക്സാണ്ട്രിയയിലേക്കുള്ള യാത്രയിൽ ഇത്തരം കൃഷികൾ ധാരാളം കാണാം. കൃഷികൾക്കിടയിൽ വരുമ്പുകൾ സൃഷ്ടിച്ച് സ്ഥലം തടസ്ത്തപ്പെടുത്താതെ ഒന്നിച്ചുള്ള കൂട്ടുകൃഷികളാണേറെയും. യന്ദ്രങ്ങളാൽ ജലസേചനം നടത്തപ്പെടുന്നു. ഉമർ(റ)വിൻ്റെ കാലം വരെ നൈൽ നദിയിലുണ്ടാകുന്ന വെള്ള പൊക്കം തടുക്കുവാൻ ഓരോ കന്യകയെ കുരുതി കൊടുക്കുന്ന ആചാരമുണ്ടായിരുന്നത്രെ. ഇക്കാര്യം ഈജിപ്ത് ഗവർണർ അംറുബ്നുൽ ആസ് ഉമറിനെ എഴുതി അറിയിച്ചപ്പോൾ അത് നിർത്തൽ ചെയ്യാൻ ഖലീഫ ഉത്തരവിട്ടു. അതിൽ പ്രതിഷേധമുയർന്നപ്പോൾ മറ്റൊരു കത്ത് ഉമർ വീണ്ടുമെഴുതി. അത് നൈലിൽ എറിയുവാനായിരുന്നു അദ്ദേഹത്തിൻ്റെ നിർദേശം. അല്ലാഹുവെ വെള്ള പൊക്കം മുഖേന എൻ്റെ ജനതയെ നീ പരീക്ഷിക്കരുതേ എന്ന പ്രാർഥനയായിരുന്നു അതിലെ ആശയം. പിന്നീട് വെള്ളം പൊക്കം കുറഞ്ഞെന്ന് പറയപ്പെടുന്നു. രാത്രിയിൽ നൈൽ നദിയിലൂടെ ബോട്ട് സവാരിയും ഞങ്ങൾ നടത്തി. രാത്രി ഭക്ഷണം ഒരുക്കിയിരുന്നതും ഇതേ ബോട്ടിലായിരുന്നു. സഞ്ചാരികൾക്ക് വേണ്ടി ബോട്ടിൽ മനോഹര നൃത്തം സംഗീതത്തിൻ്റെ അകമ്പടിയോടെ ഒരു ഈജിപ്ഷ്യൻ കലാകാരൻ അവതരിപ്പിച്ചത് ആ സഞ്ചാരത്തിന്ന് മിഴിവേകുകയുണ്ടായി.
അടുത്തത് ഈജിപ്ഷ്യൻ ദേശീയ മ്യൂസിയത്തിലേക്ക്. ഫിർഔനിൻ്റെ ജഡം (റംസിസ് രണ്ടാമൻ ) പിൻഗാമികളായി വരുന്ന ജനതക്ക് ദൃഷ്ടാന്തമായി സംരക്ഷിക്കുമെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആ ജഡം ഉൾപ്പടെ പുരാതന രാജാക്കന്മാരുടെ നിരവധി ശവശരീരങ്ങൾ കേടുപറ്റാതെ അതിന്നകത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഫിർഔൻ്റെ ജഡം ഡമ്മിയാണെന്ന വാദം ഇടക്ക് ഉയർത്തപ്പെട്ടിരുന്നു. എന്നാൽ അത് പാരീസിലെത്തിച്ച് ഡോക്ടറും ശസ്ത്രജ്ഞനുമായ മോറിസ് ബുക്കായി പ്രത്യേകം പരിശോധിച്ച് ഒർജിനൽ തന്നെ എന്ന് ഉറപ്പു വരുത്തുകയുണ്ടായി. ആ ഗവേഷണം അദ്ദേഹത്തിൻ്റെ ഇസ് ലാം സ്വീകരണത്തിന്ന് വഴിവെച്ചു. ഖുർആൻ ശാസ്ത്രം എന്ന പേരിലുള്ള അദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനം ശ്രദ്ധേയമാണ്.’ മ്യൂസിയം വളരെ ശാസത്രീയമായാണ് സംവിധാനിച്ചിരിക്കുന്നത്. നിരവധി സ്കൂൾ വിദ്യാർഥികളും ആ സമയത്ത് അവിടെ സന്ദർശിക്കാനെത്തിയിരുന്നു.


സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബി പതിനൊന്നാം നൂറ്റാണ്ടിൽ കൈറോവിൽ പണികഴിപ്പിച്ച കോട്ടയിലേക്കായിരുന്നു പിന്നീടുള്ള യാത്ര. വളരെ ഭദ്രമായ നിർമിതി. അതിൻ്റെ കല്ലുകൾ ശേഖരിച്ചതും മുഖത്തും മലയിൽ നിന്ന് തന്നെ. അതിന്നകത്ത് മസ്ജിദു ഇബ്നു ത്വൂലൂൻ എന്നൊ പള്ളിയുമുണ്ട്.
തൊട്ടടുത്തുള്ള മറ്റൊരു പ്രസിദ്ധ പള്ളി ആധുനിക ഈജിപ്തിൻ്റെ ശിൽപി മുഹമ്മദലി പാഷയുടെ നിർമിച്ചതാണ്. തുർകിയിലെ അയാസോഫിയ മസ്ജിദിൻ്റെ ആകൃതിയിലാണത് നിർമിക്കപ്പെട്ടത്. അതിൻ്റെ പുനർനിർമാണം 1939 ൽ ഫാറൂഖ് രാജാവ് നിർവഹിച്ചു. ഇവിടെ നിന്ന് പുരാതന കൈറോ സിറ്റിയുടെ ദൃശ്യം മനോഹരമായി കാണാം. ഈജിപ്തിനെ വിദ്യാഭ്യാസപരമായുൾപ്പടെ പുരോഗതിയിലേക്ക് നയിച്ച പാഷ പക്ഷെ തൻ്റെ ഭരണത്തിന്ന് എതിരു നിന്ന മംലൂക്കുകളിലെ 50 നേതാക്കളെ സദ്യക്ക് വേണ്ടി വിളിച്ചു വരുത്തി വെടിവെച്ചു കൊന്നുകളഞ്ഞ സ്ഥലവും പള്ളിയുടെ താഴെ ഭാഗത്ത് കാണാം. അതാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ കറുത്ത അധ്യായം. അതിൻ്റെ പേരിൽ പാഷയുടെ ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ച് പോയെന്ന് ചരിത്രം.
പ്രമുഖ മദ്ഹബീ ഇമാമും നവോത്ഥാന നായകനുമായ ഇമാം ശാഫിഈയുടെ ഖബ്റിടം കാണാനായിരുന്നു തുടർന്നുള്ള യാത്ര. വളരെ വൃത്തിഹീനമായാണ് ആ പ്രദേശമുള്ളത്. അദ്ദേഹത്തിൻ്റെ ഖബ്റിന്നരികെ മറ്റൊരു സുഹൃത്തിൻ്റെയും രാജാവിൻ്റെയും രണ്ട് ഖബ്റുകൾ കൂടിയുണ്ട്. ഖബ്റിന്നകത്തേക്ക് പണവും സ്ത്രീകളുടെ വസ്ത്രവ്യമുൾപ്പടെ എറിയപ്പെട്ടിരിക്കുന്നു. അവിടെ ഞങ്ങൾ അദ്ദേഹത്തിന്ന് സലാം പറഞ്ഞു പ്രാർഥിച്ചു. ഖബ്റിന്നരികെ പള്ളിയുമുണ്ട്. പുറത്ത് യാചകപ്പട. വൃത്തിഹീനമായ ആ പ്രദേശം ശുദ്ധികരിച്ചെങ്കിലെന്ന് ആശിച്ചു. ഫലസ്തീനിലെ ഗസ്സയിൽ ജനിച്ച മുഹമ്മദ് ഇദ് രീസു ശാഫിഈ ഇറാഖിലെ ഭരണാധികാരികൾ ന്യായാധിപ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് നിരസിച്ച പണ്ഡിതനാണ്. ഭരണാധികാരികൾക്ക് അനുകൂലമായി മാത്രം വിധിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. ഇറാഖിൽ നിന്ന് അദ്ദേഹത്തിനുണ്ടായിരുന്ന പല അഭിപ്രായങ്ങളും ഈജിപ്തിലെത്തിയപ്പോൾ മാറിയിട്ടുണ്ട്. അതാണ് ഇമാം ശാഫിഈയുടെ ഖദീമും ജദീദുമായ ഖൗൽ എന്നറിയപ്പെടുന്നത്. ഖറാഫ എന്ന സ്ഥലത്താണ് അവസാന കാലം അദ്ദേഹം താമസിച്ചിരുന്നത്. ഇന്ന് ഇമാം ശാഫിഈ ഏരിയ എന്ന് ആ സ്ഥലം അറിയപ്പെടുന്നു.


തഹ് രീർ സ്വകയർ കാണാനായിരുന്നു അടുത്ത യാത്ര. 32 വർഷം ഭരണം നടത്തിയ ഹുസ്നി മുബാറക്കിൻ്റെ ഏകാധിപത്യത്തിന്നെതിരെ 10 ലക്ഷം ജനങ്ങൾ ദിവസങ്ങളോളം ഒത്ത് ചേർന്ന് പ്രതിഷേധിച്ച ചത്വരം. ഒടുവിൽ ഈജിപ്തിൽ തെരെഞ്ഞെൂപ്പ് പ്രഖ്യാപിക്കപ്പെട്ടു. അതിലൂടെ ഇഖ് വാനുൽ മുസ് ലിമൂൻ നേതാവ് മുഹമ്മദ് മുർസി ഈജിപ്തിൻ്റെ ആദ്യ ജനകീയ ഭരണാധികാരിയായി തെരെഞ്ഞെടുക്കപ്പെട്ടു. നൈലിൻ്റെ നാട്ടിൽ അറബ് വസന്തം മൊട്ടിട്ട സന്തോഷ നാളുകൾ പക്ഷെ അധിക നാൾ നീണ്ടു നിന്നില്ല. ഒരു വർഷം പിന്നിട്ടപ്പോൾ സൈനിക നേതാവ് സീസി ഭരണം പിടിച്ചെടുത്ത് മുർസിയെ ജയിലിലടച്ചു. മുർസി കൈറോ ജയിലിൽ വെച്ച് രക്ത സാക്ഷ്യം വഹിച്ചു. സീസി ഇഖ് വാനെ നിരോധിച്ചു. പ്രതിഷേധക്കാരിൽ 800 പേരെ കൂട്ടക്കൊല ചെയ്തു. ആധുനിക ഈജിപ്തിലെ കറുത്ത അധ്യായമാണ് ഈ സൈനിക അട്ടിമറി. അതിനെല്ലാം തുടക്കമിട്ട മണ്ണാണ് ഞങ്ങൾ കണ്ട തഹ് രീർ സ്ക്വയർ. നഫീസത് മിസ് രിയ്യയുടെ ഖബ്റിടമാണ് പിന്നീട് സന്ദർശിച്ചത്.
കൈറോവിലെ അംറുബ്നുൽ ആസ്വ് മസ്ജിദിനരികിലേക്കാണ് ഇപ്പോൾ ബസ് നീങ്ങുന്നത്. ഈജിപ്തിലേക്ക് ഇസ്ലാം കടന്നു വന്നത് ആ പ്രമുഖ സഹാബിയിലൂടെയാണ്. ആഫ്രിക്കയിലെ ആദ്യ പള്ളിയായാണ് അദ്ദേഹം ഇത് നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൈറോവിന് മുമ്പ് ഫുസ്ത്വാത് എന്ന പേരിലറിയപ്പെടുന്ന ഈ പ്രദേശമായിരുന്നു. പട്ടണത്തിൻ്റെ ആദ്യ തലസ്ഥാനം. രാത്രിയോടെ താമസസ്ഥലത്തേക്ക് മടക്കം. അടുത്ത ദിനം അലക്സാണ്ട്രിയയിലേക്ക് (ഇ.അ) ( തുടരും )
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0