Current Date

Search
Close this search box.
Search
Close this search box.

കശ്മീരികള്‍ ഇസ്‌ലാമിനെ ആഘോഷിക്കുകയാണ്!

കാലങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന കശ്മീര്‍ യാത്രക്ക് വഴിയൊരുങ്ങിയത് ഈ റമദാനിന്റെ ആദ്യ ദിവസങ്ങളിലായിരുന്നു. എന്തുകൊണ്ടും റമദാന്‍ തന്നെയായിരുന്നു കശ്മീര്‍ യാത്രക്ക് ബെസ്റ്റ് ചോയ്‌സെന്ന് യാത്രതുടങ്ങിയപ്പോഴേ തിരിച്ചറിഞ്ഞു. ആഗ്രയിലെ രാത്രിഭക്ഷണവും ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയിലെ അത്താഴവും കഴിച്ച് കശ്മീരിലെ ആദ്യനോമ്പുതുറക്ക് വേണ്ടി ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ ആദ്യനോമ്പിന്റെയന്നാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പറന്നിറങ്ങിയത്.

കേട്ടറിഞ്ഞ കശ്മീരില്‍ നിന്ന് കണ്ടറിഞ്ഞ കശ്മീരിലേക്കുള്ള ദൂരം ചെറുതല്ലായിരുന്നു. ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായ, ഗുല്‍മര്‍ഗും പെഹല്‍ഗാമും ധൂദ്പത്രിയും സോനാമര്‍ഗുമൊക്കെയടങ്ങുന്ന കശ്മീരിനപ്പുറം മറ്റൊരു കശ്മീരുണ്ട്. അവിടത്തെ പ്രകൃതി പോലെത്തന്നെ, അല്ലെങ്കില്‍ അതിലേറെ സുന്ദരമായ ആള്‍ക്കാരുള്ള, അത്രതന്നെ സുന്ദരമായി മതത്തെ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന, സുന്ദരമായ ഹൃദയങ്ങളുള്ള ആള്‍ക്കാരുടെ കശ്മീര്‍. വഴിയിലുടനീളം വലിയ യുദ്ധത്തോക്കുകളേന്തി നില്‍ക്കുന്ന പട്ടാളത്തെയും കൂസാത്ത അവരുടെ മനക്കരുത്ത് ആ ഹൃദയങ്ങളുടേതായിരുന്നു. തോക്കിന്റെ തണലില്‍ ജീവിക്കുന്നൊരു സമൂഹമെന്ന് പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ ആലങ്കാരികമാവാത്തവിധം അവിടെ സൈന്യം വിഹരിച്ചിട്ടുണ്ട്, ഓരോ പത്തുമീറ്ററുകള്‍ ഇടവിട്ടും. കശ്മീരിനെക്കുറിച്ച് ഭീകരമാംവിധം ആദ്യനിമിഷങ്ങളില്‍ തന്നെ മനസ്സില്‍ കൊത്തിവെക്കപ്പെട്ട ചിത്രം ഇതായിരുന്നു.

പരമ്പരാഗതമായ കശ്മീരി ഫിറാൻ ധരിച്ച് ലേഖകൻ ( ഇടത്ത്)

കശ്മീരിയെന്നതിനപ്പുറം ഇസ്‌ലാം എന്ന പൊതുവികാരമായിരുന്നു അവരെയൊക്കെ ഒരുമിപ്പിച്ചത്. മുസ്‌ലിമാണെന്ന് വളരെയധികം ആവേശത്തോടെയും അഭിമാനത്തോടെയും അവര്‍ ആരോടും എപ്പോഴും വിളിച്ചുപറഞ്ഞു. അത്യധികം പരിഷ്‌കൃതവും സുഭിക്ഷവുമായ ജീവിതം നയിക്കുമ്പോഴും തങ്ങളുടെ ജീവിതമാര്‍ഗമായി ഇസ്‌ലാമിനെ അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്നതില്‍ അവര്‍ തെല്ലും അപകര്‍ഷത അനുഭവിച്ചില്ല. മതത്തെ വികലമാക്കുന്ന ലിബറല്‍ മൂല്യങ്ങള്‍ അവിടെ വിലപ്പോവാത്തതും അതിന്റെ ഫലമാണ്. ഒരാഴ്ച നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ക്കുപുറമെ, മുഴുവനല്ലെങ്കിലും പ്രധാന ഇസ്‌ലാമിക തീര്‍ഥാടനകേന്ദ്രങ്ങളും പള്ളികളും സന്ദര്‍ശിക്കാനും പലതരം ജനങ്ങളുമായി ഇടപഴകാനും ഭാഗ്യമുണ്ടായി. അവയെല്ലാത്തിലും ഹഠാദാകര്‍ഷിച്ചത് ജനങ്ങളൊക്കെ ഇസ്‌ലാമിനെ അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്ത രീതിയാണ്.

ജുമുഅ പാവപ്പെട്ടവന്റെ ഹജ്ജും വിശ്വാസിയുടെ പെരുന്നാളുമാണെന്ന് നമ്മുടെ നാടുകളില്‍ ജുമുഅക്ക് മുമ്പ് പ്രഘോഷണം ചെയ്യപ്പെടാറുണ്ട്. അത് പുലര്‍ന്നുകണ്ടത് കശ്മീരിലാണ്. നമ്മുടെ നാടുകളിലെ പെരുന്നാളിന്റെ അതേ മണവും രസവും സൗന്ദര്യവുമെല്ലാം കശ്മീരിലെ ജുമുഅ ദിവസത്തില്‍ കാണാം. ഉച്ചക്ക് രണ്ടരയോടടുത്ത് മാത്രം തുടങ്ങുന്ന ജുമുഅക്ക് വേണ്ടി രാവിലെ തന്നെ പള്ളികളില്‍ ആള്‍ക്കാര്‍ വന്നുതുടങ്ങും. ഖുര്‍ആന്‍ പാരായണവും സുന്നത്ത് നമസ്‌കാരവും ദിക്‌റുകളുമായി കഴിഞ്ഞുകൂടും. വളരെ ഹൃസ്വമായ ഖുത്വുബയും നിനമസ്‌കാരവും കഴിഞ്ഞാലും വീണ്ടും ദിക്‌റുകളും ദുആകളുമായി സദസ്സ് ചേരും. സുദീര്‍ഘമായ ഈ ഇരുത്തങ്ങളൊന്നും അവര്‍ക്കാര്‍ക്കും വിരസമായ അനുഭവങ്ങളായിരുന്നില്ല. മറിച്ച് ഓരോരുത്തരും അവരുടേതായ ആത്മീയലോകത്ത് ലയിച്ചുചേരുന്നുതുകാണാം. റസൂലിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന കശ്മീരി ഭാഷയിലുള്ള ബൈത്തുകള്‍ പാടി കണ്ണീരു വീഴ്ത്തുന്നതു കാണാം. ഭാഷയറിയില്ലെങ്കിലും അതിന്റെ സൗന്ദര്യത്തില്‍ നമ്മളും ലയിച്ചുപോയി.

കശ്മീര്‍ ശ്രീനഗറിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രവും പ്രധാന പള്ളികളിലൊന്നുമായ ഖാന്‍ഖാഹേ മൗലയിലായിരുന്നു അന്നത്തെ ജുമുഅ കൂടാന്‍ അവസരം ലഭിച്ചത്. ജമ്മു കശ്മീരിലെ ആദ്യ പള്ളി കൂടിയാണിത്. കശ്മീരി വാസ്തുനിര്‍മിതിയുടെ സുന്ദരായ മുഖം. ഝേലം നദിയുടെ ഓരത്തായി തലയുയര്‍ത്തി നില്‍ക്കുന്ന മനോഹരമായ പള്ളി. ആദ്യമായി 1395 ല്‍ സുല്‍ത്താന്‍ സിക്കന്ദര്‍, കശ്മീരിലെ ഇസ്‌ലാമിന്റെ മുഖമായ മിര്‍ സയ്യിദ് ഹമദാനിയുടെ ഓര്‍മക്കുവേണ്ടി നിര്‍മിച്ച പള്ളി. പതിനാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലെ ഹമദാനില്‍ നിന്ന് പ്രബോധനാര്‍ഥം കശ്മീരിലെത്തിയതാണ് ശൈഖ് ഹമദാനി. അവരിലൂടെയാണ് കശ്മീരില്‍ ഇസ്‌ലാമിന്റെ വെളിച്ചമെത്തുന്നത്. ആദ്യം കശ്മീരില്‍ വന്ന് അല്‍പകാലം പ്രദേശത്തെക്കുറിച്ച് പഠിച്ചും മനസ്സിലാക്കിയും തിരിച്ചുപോയ അദ്ദേഹം രണ്ടാമത് തിരിച്ചുവന്നത് കൂടെ എഴുനൂറോളം പേരുമായായിരുന്നു. ഇക്കൂട്ടത്തില്‍ വിദഗ്ധരായ കലാകാരും എഞ്ചിനീയര്‍മാരുമൊക്കെ പെടും. ഇവരാണ് നിര്‍മാണകലകളും വസ്ത്രനെയ്ത്തുമെല്ലാം പ്രാദേശികരെ പഠിപ്പിച്ചത്. ഇവരിലൂടെയാണ് കശ്മീരി വാസ്തുവും നെയ്ത്തും പ്രചാരം നേടിയതും. ഇന്നും വലിയൊരളവ് കശ്മീരികളുടെയും ഉപജീവമാര്‍ഗം ഈ വസ്ത്രനെയ്ത്തുതന്നെ. ഒരു നാടിന്റെ സ്പന്ദനമറിഞ്ഞുള്ളള മനോഹരമായൊരു പ്രബോധന മാതൃകയായിരുന്നു അദ്ദേഹം സ്വീകരിച്ചത്.

പില്‍ക്കാലത്തു കശ്മീരില്‍ ഉയര്‍ന്നുവന്നിട്ടുള്ള പള്ളികള്‍ക്കൊക്കെയും ഇതിന്റെ നിര്‍മാണവുമായി സാമ്യത കാണാം. ഏറ്റവും മുകളില്‍ പച്ചനിറത്തിലുള്ള കൂര്‍ത്ത തൃകോണാകൃതിയിലുളള്ള മിനാരവും മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാന്‍ പാകത്തിലുള്ള ചെരിഞ്ഞ എടുപ്പുകളും. സമ്പൂര്‍ണമായി മരത്താല്‍ നിര്‍മിതമായ പള്ളിയുടെ അകത്തളം അത്യധികം മനോഹരമായിരുന്നു. അലങ്കാരവിളക്കുകളും ഇസ്‌ലാമിക കലയുടെ സുന്ദരരൂപമായ കളര്‍ചില്ലുകള്‍ കൊണ്ടുള്ള ജാലകങ്ങളും ഇരുഭാഗങ്ങളിലുമായി കോണികള്‍ കയറിയുള്ള മച്ചുകളും പലവിധവര്‍ണങ്ങള്‍ കൊണ്ടലങ്കൃതമായ, മനോഹരമായ രീതിയില്‍ നിര്‍മിക്കപ്പെട്ട തൂണുകളും ചുവരുകളും മേല്‍ക്കൂരയുമെല്ലാം അതിനെ പതിന്മടങ്ങ് സൗന്ദര്യമുള്ളതാക്കുന്നു. അകത്തെ പള്ളിയുടെ ഒരുഭാഗത്ത് ശൈഖ് ഹമദാനിയുടെ ചില തിരുശേഷിപ്പുകളും ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് രാത്രി ഇഫ്താറിനുള്ള ഈത്തപ്പഴം നമസ്‌കരിക്കാന്‍ വന്നവര്‍ക്കൊക്കെ വിതരണം ചെയ്യുന്നവരെ ഒരുപാട് കാണാമായിരുന്നു പള്ളിയില്‍.

ഖാൻഖാഹെ മൗല പള്ളിയിലെ ജുമുഅ നമസ്കാര ശേഷം

പള്ളിയുടെ പുറംഭാഗത്തുള്ള വിശാലമായ തിണ്ണയിലും നമസ്‌കാരത്തിന് ആള്‍ക്കാര്‍ നിറഞ്ഞുനിന്നിരുന്നു. പള്ളിയുടെ പ്രവേശന ഭാഗത്തായി തന്നെ സ്ത്രീകള്‍ക്കു നമസ്‌കരിക്കാനുള്ള സൗകര്യവുമുണ്ട്. ഹസ്‌റത്ത് ബാല്‍ മസ്ജിദിലും സമാനമായ സൗകര്യം കണ്ടിട്ടുണ്ട്. നിര്‍ഭയപൂര്‍വം, ആരുടെയും ഫിത്‌നയോ മറ്റോ ഭയപ്പെടാതെ സ്വസ്ഥമായി നമസ്‌കരിച്ചു മടങ്ങിപ്പോവാനുള്ള സൗകര്യവും അവകാശവും സ്വാതന്ത്ര്യവും അവര്‍ക്കു ലഭിക്കുന്നു എന്നതുതന്നെ കാര്യം. നമസ്‌കാരശേഷം അകത്ത് ദിക്‌റുകള്‍ നടക്കുമ്പോള്‍ പുറത്ത് പള്ളിയുടെ തിണ്ണയില്‍ മകനെ പന്തുകൊണ്ടു കളിപ്പിക്കുന്ന ബാപ്പയെയും മോനെയും കാണാനിടയായി. അത്യധികം സുന്ദരമായ കാഴ്ച. ചെറുപ്രായത്തിലേ പള്ളിയെ മക്കള്‍ക്ക് പരിചിതമാക്കാന്‍ ശ്രമിക്കുന്ന ബാപ്പ. കണ്ടുനിന്നാല്‍ മടുപ്പുവരാത്ത കാഴ്ചയായിരുന്നു അത്. നമ്മുടെ നാട്ടിലെ പള്ളികളൊക്കെ എപ്പോഴാണ് ഇങ്ങനെ ശിശുസൗഹൃദമാവുക എന്നിങ്ങനെ വെറുതെ ആലോചിച്ചു പോയി. പള്ളിയോടു തന്നെ ചേര്‍ന്നുള്ള പാര്‍ക്കിലും ഒരുപാട് കുട്ടികള്‍ കളിക്കുന്നതു കാണാമായിരുന്നു. രക്ഷിതാക്കളോടൊപ്പം നമസ്‌കാരത്തിന് വന്ന ചെറിയ മക്കള്‍. മതത്തിന്റെ സൗന്ദര്യവും അനുഷ്ഠാനവും അവര്‍ കളിച്ചു തന്നെ കണ്ടുപഠിക്കുന്നു. ഇത്തരത്തിലുള്ള പാര്‍ക്കുകളും തോട്ടങ്ങളും പള്ളിയോടു ചേര്‍ന്ന് കശ്മീരില്‍ മിക്കയിടത്തും കാണാം. കുട്ടികള്‍ക്കു കളിക്കുകയും ദീര്‍ഘയാത്ര കഴിഞ്ഞുവരുന്നവര്‍ക്ക് വിശ്രമിക്കുകയും യോഗങ്ങള്‍ കൂടുകയും ഒക്കെ ചെയ്യാം. പാര്‍ക്കുകളില്‍ നമസ്‌കരിക്കുന്നവരുടെ എണ്ണവും കുറവല്ല. വരണ്ട ഇസ്‌ലാമിനെയല്ല, പൂന്തോട്ടങ്ങളുള്ള, ആറുകളൊഴുകുന്ന സ്വര്‍ഗത്തെക്കുറിച്ചുകൂടെ പറഞ്ഞ സുന്ദരമായ ഇസ്‌ലാമിനെയാണ് അവര്‍ മാലോകര്‍ക്കു കാണിച്ചുകൊടുക്കുന്നത്. ശ്രീനഗറിലെ പെഹല്‍ഗാമിലെ പ്രധാന ജുമാ മസ്ജിദിലായിരുന്നു അത്തരമൊരു സുന്ദരകാഴ്ച കണ്ടത്. സുന്ദരമായൊഴുകുന്ന അരുവിയോടു ചേര്‍ന്നൊരു പള്ളി. അതിന്റെ പുറത്തുമുണ്ട് മനോഹരമായ പാര്‍ക്കും പൂന്തോട്ടങ്ങളും. അവിടെ അരുവിയുടെ കരയില്‍, പ്രകൃതിയില്‍ അലിഞ്ഞ്, പ്രകൃതിയുടെ സ്രഷ്ടാവില്‍ അലിഞ്ഞ് നമസ്‌കരിക്കുന്ന ഒരുപാട്‌പേരെ കാണാമായിരുന്നു.

മറ്റൊരു പ്രധാന മുസ്‌ലിം കേന്ദ്രമായ ഹസ്‌റത്ത് ബാല്‍ മസ്ജിദില്‍ ജുമുഅക്കു മുമ്പേയായിരുന്നു കയറിയിറങ്ങിയത്. പത്തു മണി സമയം മുതല്‍ക്കേ പള്ളി നിറഞ്ഞു തുടങ്ങിയ കാഴ്ച. ചൂടില്‍ നിന്നു രക്ഷനേടാന്‍ പള്ളിയോടു ചേര്‍ന്നുള്ള വിശാലമായ പാര്‍ക്കിലെ മരച്ചുവട്ടില്‍ അഭയം തേടിയവര്‍. മുസ് ലിമാണോ എന്ന് മുഖത്ത് നോക്കി ചോദിച്ച് ആണെന്ന് പറഞ്ഞപ്പോള്‍ മാത്രം രാത്രി ഇഫ്താറിനുള്ള ഈത്തപ്പഴം കയ്യില്‍ വെച്ചുതന്നെ മധ്യവയസ്‌കയായ ഒരു സ്ത്രീ. ഈ ചോദ്യം പലപ്പോഴും പലയിടത്തും പല ഭാവങ്ങളിലും നേരിട്ടിട്ടുണ്ട്. എന്നാലും ബഹുസ്വര സമൂഹത്തിൻ്റെ എല്ലാവിധ മര്യാദകളും കാത്തുസൂക്ഷിക്കുന്നവർ. ന്യൂനപക്ഷം വരുന്ന സിഖുകാരും മറ്റും യാതൊരുവിധത്തിലുള്ള അവഗണനയും അനുഭവിക്കുന്നില്ല അവിടെ. അതുകൊണ്ടുതന്നെ, കശ്മീരി മുസ്‌ലിംകൾക്കെതിരെ എന്തു വിധത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാലും, അവരുടെ സ്വസ്ഥമായ ജീവിതത്തെ അസ്വസ്ഥമാക്കാനുള്ള എന്തു ശ്രമങ്ങൾ ഉണ്ടായാലും ആദ്യം മുന്നിലിറങ്ങി പ്രതിരോധിക്കുക സിഖുകാരടക്കമുള്ള സഹോദരങ്ങളാണെന്ന് പ്രദേശവാസികൾ പറയുന്നു.

നോമ്പുകാരന് എല്ലാവരും ചെറുതല്ലാത്ത ബഹുമാനം കല്‍പിച്ചിരുന്നു. ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നവരോട് നോമ്പാണെന്നു പറഞ്ഞാല്‍ ഒരുപാട് സോറിയും വണക്കവുമൊക്കെയായാണ് അവര്‍ പോയത്. നബി(സ) തങ്ങളുടെ തിരുകേശം സൂക്ഷിക്കപ്പെട്ടിട്ടുണ്ടന്ന് കരുതുന്ന ഈ പള്ളി ആധുനിക രൂപത്തിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ദാല്‍ നദിയുടെ വടക്കുഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന വെള്ളക്കൊട്ടാരം. ഇന്ത്യയില്‍ മുഗള്‍ ഭരണകൂടം കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന കാലത്ത് 1635 ലാണ് പ്രമുഖ സൂഫിവര്യനായ സയ്യിദ് അബ്ദുല്ലാ മദനിയാണ് തിരുകേശം ഇവിടെയെത്തിച്ചതെന്നും പറയുന്നു. അദ്ദേഹത്തിന്റെ വിയോഗശേഷം മകന്‍ സയ്യിദ് ഹമീദ് ഇതിന്റെ സൂക്ഷിപ്പുകാരനായി. പിന്നീട് ഈ സ്ഥലം മുഗളരുടെ കയ്യില്‍ വന്നതോടെ സ്ഥലംവിട്ട അദ്ദേഹം അവിടത്തെ സമ്പന്നനായ നൂറുദ്ദീന്‍ ഈസാക്ക് തിരുകേശം നല്‍കി. തിരുകേശത്തെക്കുറിച്ചുള്ള വിവരം കിട്ടിയ ഔറംഗസീബ് അദ്ദേഹത്തെ ഉപരോധിക്കുകയും തിരുകേശം അജ്മീര്‍ ഖാജയുടെ സവിധത്തിലെത്തിച്ച് അദ്ദേഹത്തെ ദല്‍ഹിയില്‍ ബന്ധനസ്ഥനാക്കുകയും ചെയ്തു. പിന്നീട് സ്വപ്‌നത്തില്‍ നബി തങ്ങളെയും നാലു ഖുലഫാക്കളെയും കണ്ട അദ്ദേഹത്തിന് അജ്മീരില്‍ നിന്ന് കശ്മീരിലേക്ക് തിരുകേശം എത്തിക്കാനുള്ള നിര്‍ദേശം ലഭിക്കുകയുണ്ടായി. അതിനിടെ നൂറുദ്ദീന്‍ ഈസ മരണപ്പെടുകയും അദ്ദേഹത്തിന്റെ മകള്‍ അതിന്റെ സംരക്ഷണം ഏറ്റെടുക്കുകയും സംരക്ഷണത്തിനായി ഷാജഹാന്റെ നേതൃത്വത്തില്‍ ഹസ്‌റത്ത് ബാല്‍ മസ്ജിദ് നിര്‍മിക്കുകയും ചെയ്തു. പിന്നീട് പരമ്പരാഗതമായി അവരാണ് അതിന്റെ സൂക്ഷിപ്പുകാര്‍. ഇതൊക്കെയാണ് ബാൽ മസ്ജിദുമായി ബന്ധപ്പെട്ട് കരുതിപ്പോരുന്നത്. പലഘട്ടങ്ങളിലായി പുതുക്കിപ്പണിത പള്ളി 1979ലാണ് ഇപ്പോള്‍ കാണുന്ന രൂപത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കപ്പെട്ടത്. പ്രധാന സന്ദര്‍ശന കേന്ദ്രമായതു കൊണ്ടുതന്നെ പട്ടാളത്തിന്റെ സുരക്ഷാസേന നേരത്തെത്തന്നെ പള്ളിയുടെ പല ഭാഗങ്ങളിലുമായി നിലയുറപ്പിച്ചതു കാണാം. വര്‍ഷത്തില്‍ തിരുനബിയുടെയും ഖലീഫമാരുടെയും ജന്മദിനം പോലോത്ത വിശേഷ ദിവസങ്ങളില്‍ മാത്രമാണ് അകത്തെ പള്ളിയില്‍ പ്രത്യേകമായി നിര്‍മിക്കപ്പെട്ട ഒരു കൂടിനകത്തു വച്ച് വിശുദ്ധ കേശം പ്രദര്‍ശിപ്പിക്കുന്നത്.

പ്രധാനപ്പെട്ട മറ്റൊരു സന്ദര്‍ശനകേന്ദ്രമായ ഐശ്മുഖാമില്‍ ഒരുദിവസം പൊരിവെയിലത്ത് ഏകദേശം നട്ടുച്ച സമയത്താണെത്തിയത്. ശ്രീനഗറില്‍ നിന്ന് പ്രധാന ടൂറിസ്റ്റു കേന്ദ്രമായ പെഹല്‍ഗാമിലേക്കുള്ള വഴിയില്‍ അനന്ദനാഗ് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. കുത്തിയൊഴുകുന്ന തോടുകളും മഞ്ഞുമലകളും വലിയ പാറക്കെട്ടുകളും വഴിയിലുടനീളം സുന്ദരകാഴ്ചകള്‍ തീര്‍ക്കുന്നു. ഇരുനൂറോളം പടികള്‍ കയറിവേണം 6200 ഫീറ്റ് ഉയരത്തില്‍ മലമുകളിലുള്ള ഈ മഖ്ബറയിലെത്താന്‍. പ്രായഭേദമില്ലാതെ ആയിരങ്ങള്‍ എന്നിട്ടും ഇവിടെ വന്ന് ആത്മശാന്തി കണ്ടെത്തുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ശൈഖ് സൈനുദ്ദീന്‍ വലി എന്നിവരുടെ വിശ്രമസ്ഥാനമാണിത്. ജമ്മുവിലെ കിഷ്ത്വാര്‍ എന്ന സ്ഥലത്തെ രാജാവായിരുന്നു യാഷ് സിങ്ങിന്റെ മകനായിരുന്നു അദ്ദേഹം. ചെറുപ്പകാലത്തു തന്നെ പിതാവ് മരണപ്പെട്ട അദ്ദേഹത്തിന് മാരകമായൊരു രോഗം വരികയും അതുവഴി കടന്നുപോയിരുന്ന ശൈഖ് നൂറുദ്ദീന്റെ പ്രാര്‍ഥന കൊണ്ട് രോഗം ഭേദമാവുകയും ചെയ്തു. രോഗം ഭേദമായാല്‍ കശ്മീരില്‍ ചെന്ന് അദ്ദേഹത്തെ കാണുമെന്ന വാഗ്ദാനത്തിനു പുറത്തായിരുന്നു അദ്ദേഹം പ്രാര്‍ഥിച്ചത്. രോഗം ഭേദമായതോടെ വാഗ്ദാനം ലംഘിക്കാന്‍ ശ്രമിച്ച അവര്‍ക്ക് രണ്ടാമതും രോഗം പിടിപെട്ടു. രണ്ടാമത് ഇനി വാഗ്ദാനം ലംഘിക്കില്ലെന്ന് സ്വപ്‌നത്തില്‍ വാക്കുകൊടുത്ത മാതാവ്, രോഗം ഭേദമായതോടെ മകനെക്കൂട്ടി ശൈഖ് നൂറുദ്ദീനെ ചെന്നു കാണുകയും ഇസ്‌ലാം സ്വീകരിക്കുകയും സൈനുദ്ദീന്‍ എന്ന് പേരു സ്വീകരിക്കുകയുമായിരുന്നു എന്നാണ് ചരിത്രം. ശൈഖിന്റെ നിര്‍ദേശപ്രകാരം ഐശ്മുഖാം എന്ന സ്ഥലത്തെ ഈ മലമുകളിലെ ഗുഹയിലാണ് സൈനുദ്ദീന്‍ വലി ആരാധനകള്‍ നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ ഖബ്‌റ് സ്ഥിതിചെയ്യുന്നതും അവിടെത്തന്നെ. പാറക്കെട്ടുകള്‍ തീര്‍ക്കുന്ന വഴിയിലൂടെ നടന്നുനീങ്ങിയാല്‍ കഷ്ടിച്ച് അഞ്ചാറുപേര്‍ക്ക് മാത്രം നില്‍ക്കാവുന്ന വിധത്തിലുള്ള ആ ഇടുങ്ങിയ സ്ഥലത്തെത്താം. ഹതാശരായ നിരവധിയാളുകള്‍ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഇവിടെയെത്തുന്നു. സ്ത്രീകളുടെ ഏങ്ങലടികള്‍ ഒരുപാട് കേള്‍ക്കാം. അദ്ദേഹം ആരാധനകള്‍ നിര്‍വഹിച്ച സ്ഥലത്ത് നമസ്‌കരിക്കാനും മറ്റും സൗകര്യവുമുണ്ട്. മഖ്ബറയോടു ചേര്‍ന്നുതന്നെ മനോഹരമായ പള്ളിയും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മലമുകള്‍ക്കിടയില്‍ സുന്ദരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇവിടെ വെച്ചാണ് വഴിതെറ്റി ഇന്ത്യയിലെത്തിയ ഊമയായ ഒരു പാക്കിസ്ഥാനി കുട്ടിയെ തിരിച്ച് നാട്ടിലെത്തിക്കുന്ന സ്‌നേഹത്തിന്റെ കഥപറയുന്ന ബജ്‌റംഗി ഭായ്ജാന്‍ സിനിമയുടെ ചിത്രീകരണം നടന്നത്.

ലളിതമാണ് കശ്മീരിലെ ഇഫ്താര്‍. രാവിലെ മുതല്‍ സജീവമാവുന്ന റൊട്ടിക്കടകള്‍ വൈകുന്നേരം വരെയുണ്ടാവും. റൊട്ടി തന്നെയാണ് കശ്മീരികളുടെ ജീവിതം. പലരൂപത്തിലും വലിപ്പത്തിലുമുള്ളത് ലഭിക്കും. അല്‍പം ഫ്രൂട്ട്‌സും പാലില്‍ തേങ്ങാപ്പീരയും കസ്‌കസും ചേര്‍ത്തുള്ള ഒരു പ്രത്യേക പാനീയവുമാണ് നോമ്പുതുറവിഭവം. നോമ്പുതുറക്കാനുള്ള അറിയിപ്പു മാത്രം നല്‍കിയശേഷം എല്ലാവരുടെയും കൂടെ നോമ്പുതുറന്ന ശേഷമാണ് മുഅദ്ദിന്‍ വാങ്കുവിളിക്കുക. തറാവീഹിന്റെ ഇടയിലെ ദിക്‌റുകള്‍ക്കും ഒരു പ്രത്യേക ഈണവും താളവും കാണാം. സുബ്ഹ് വാങ്കുവിളിച്ചു കഴിഞ്ഞാല്‍ നമസ്‌കാരത്തിനു മുമ്പായി അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളൊരു ദിക്‌റ് ദുആ ചടങ്ങുമുണ്ട്. സയ്യിദുല്‍ ഇസ്തിഗ്ഫാറും കശ്മീരി ഭാഷയിലെ കുറേ റസൂലിന്റെ അപദാനങ്ങളും മറ്റു ദിക്‌റുകളും. ആബാലവൃദ്ധം ജനങ്ങള്‍ ഇതില്‍ ഒരുപോലെ ഭാഗമാവുന്നുണ്ട്. നമസ്‌കാരശേഷവും കശ്മീരി ഭാഷയിലുള്ള ദുആയും സലാമുമുണ്ടാവും.

പുലര്‍ച്ചയിലെ കശ്മീരിലെ കാഴ്ച നമ്മുടെ നാടുകളിലെയൊക്കെ പോലെ സുന്ദരമാണ്. ചിലപ്പോള്‍ അതിലേറെ സുന്ദരം. ഉത്തരേന്ത്യയെക്കുറിച്ചൊക്കെ പറയുന്ന ദാരിദ്ര്യത്തിന്റെയും പാടത്തുപണിക്കു പോവുന്ന മക്കളുടെയൊന്നും കഥകളോ കാഴ്ചകളോ ഇവിടെയില്ല. എല്ലാവരും സ്‌കൂളില്‍ പോകുന്നവര്‍. എല്ലാ ഗ്രാമങ്ങളിലും കൃത്യമായി നടക്കുന്ന സ്‌കൂളുകളുമുണ്ട്. ദുര്‍ഘടമായ വഴികള്‍ താണ്ടിപ്പോലും സ്‌കൂളില്‍ പോവുന്ന മക്കളെ കണ്ടിട്ടുണ്ട്. പെഹല്‍ഗാമില്‍ ചെങ്കുത്തായ താഴ്‌വാരങ്ങള്‍ അള്ളിപ്പിടിച്ച് ജീവന്‍ പണയംവെച്ച് സ്‌കൂളില്‍ നിന്ന് തിരിച്ചുവരുന്നതായി കണ്ട മക്കളുടെ കാഴ്ച ഓര്‍മകളില്‍ മായാതെകിടക്കുന്നുണ്ട്. സ്വന്തമായി തോണിതുഴഞ്ഞും കുടുംബസമേതം തോണിതുഴഞ്ഞും സ്‌കൂളിലേക്ക് പോവുന്ന കാഴ്ചകള്‍ ദാല്‍ തടാകത്തില്‍ ഒത്തിരി കാണാം. 65 കിലോമീറ്റർ ചുറ്റളവിൽ രണ്ടുലക്ഷം പേർ വസിക്കുന്ന ദാൽ തടാകം അല്ലെങ്കിലും അത്ഭുതങ്ങളുടെ കലവറയാണ്. ഇത്രയും ജനങ്ങളുടെ രാപകലുകൾ മുഴുവൻ തടാകത്തിൽ തന്നെ. മാർക്കറ്റും സ്കൂളും ഉറക്കവും എല്ലാം. രാവിലെ തന്നെ ചെന്നാൽ തോണികളിൽ പരസ്പരം സാധനങ്ങൾ കൈമാറുന്ന, കച്ചവടം ചെയ്യുന്ന ഫ്ലോട്ടിങ് മാർക്കറ്റുകൾ കാണാം. അക്കൂട്ടത്തിലാണ് സ്കൂളിൽ തോണി തുഴഞ്ഞു പോവുന്ന മക്കളുടെ കാഴ്ച കണ്ടത്. എല്ലാം സുന്ദരമായ കാഴ്ചകള്‍ മാത്രം. മതവിദ്യാഭ്യാസം നല്‍കുന്ന പ്രാഥമിക മക്തബുകളുടെയും ശരീഅത്ത് കോളേജുകളുടെയും അവസ്ഥമാത്രമാണ് അല്‍പം ശുഷ്‌കിച്ചു കിടക്കുന്നത്. ദാറുല്‍ ഹുദാ പൂര്‍വവിദ്യാര്‍ഥി സംഘടന ഹാദിയ തങ്ങളുടെ ദേശീയവിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി ഇത്തരമൊരു വിടവാണ് കശ്മീരില്‍ നികത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ഏഴു റേഞ്ചുകളിലെ 145 മക്തബുകളിലായി ആരായിരത്തിലധികം വിദ്യാര്‍ഥികള്‍ ഹാദിയ സിസ്റ്റത്തില്‍ പഠിച്ചുപോരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ശരീഅത്ത് കോളേജുകളും സിസ്റ്റത്തിനു കീഴില്‍ വരികയും ചെയ്യും.

യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ഒരു ഗ്രാമത്തെ അടുത്തറിയാന്‍ ലഭിച്ച സമയമായിരുന്നു. ഗ്രാമക്കാഴ്ചകള്‍ അടുത്തറിയാന്‍ ആഗ്രഹമറിയിച്ചപ്പോള്‍ ശ്രീനഗറിലെ ഹാദിയ കോഡിനേറ്റര്‍ കൂടിയായ സുഹൃത്ത് ശിബിലി ഹുദവിയാണ് അനന്ദനാഗ് ജില്ലയിലെ ഷാങ്കസ് പ്രദേശത്തെ ബസന്‍ എന്ന ഗ്രാമത്തിലെ ശരീഅത്ത് കോളേജിലേക്കുള്ളവഴി ഞങ്ങള്‍ക്കായി തുറന്നുതന്നത്. വഴിയിലുടനീളം മരങ്ങള്‍ തണലുവിരിച്ച അത്യധികം മനോഹരമായ പ്രദേശം. റോഡിന്റെ ഇരുവശത്തും അക്രോട്ട് മരങ്ങളാണ്. ഇടക്കിടെ വെള്ളപ്പൂവിട്ടു നില്‍ക്കുന്ന ആപ്പിള്‍തോട്ടങ്ങളും കാണാം. കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞനിറമുള്ള കടുക്പാടങ്ങളും. ദൂരദേശത്തുനിന്നുപോലുമുള്ള വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ പഠിക്കുന്നു. വിദ്യാര്‍ഥികളോട് സംസാരിച്ചും കശ്മീരി നഅ്തുകള്‍ കേട്ടും നേരം പോയതറിഞ്ഞില്ല. ഉയര്‍ന്നപ്രദേശങ്ങളായ വട്‌വ പോലുള്ള പ്രദേശത്തെ കുട്ടികളും ഇവിടെയുണ്ട്. ആറുമാസം സമ്പൂര്‍ണമായി മഞ്ഞിലാകുന്ന ഈ പ്രദേശത്തെ കുട്ടികള്‍ വര്‍ഷത്തില്‍ ഒരുതവണയൊക്കെ മാത്രമാണത്രെ വീടണയുക. വൈകുന്നേരമായപ്പോള്‍ തന്നെ കുട്ടികളൊക്കെ ഫിറാനിന്റെ അകത്തേക്കു കയറി. ചൂടുകാലത്തും രാത്രിയില്‍ തണുപ്പനുഭവപ്പെടുന്ന പ്രദേശമാണിത്. തണുപ്പുകാലത്തെ പ്രത്യേക കശ്മീരി വസ്ത്രമാണ് ഫിറാന്‍. ശരീരം മുഴുവന്‍ മൂടുന്ന ഇവയുടെ കൈകകള്‍ വളരെ വീതിയുള്ളതാവും. ഏതുനിമിഷവും സൗകര്യപൂര്‍വം കൈകള്‍ മുഴുവനായി അകത്തേക്കുവലിക്കാം. കൗതുകത്തിന് ഞങ്ങളും ധരിച്ചുനോക്കി. പിറ്റേന്ന് രാവിലെ പുതുതായി കിട്ടിയ കശ്മീരി സുഹൃത്തിനൊപ്പം ഗ്രാമം നടന്നുകണ്ടു. ആടുമേയ്ക്കല്‍ ജീവിതവൃത്തിയാക്കിയ ഗുജ്ജറുകളടക്കമുള്ള പാവങ്ങളുടെ ഗ്രാമമാണെങ്കിലും ഉള്ളതുവെച്ച് ജീവിതനിലവാരം കാത്തുസൂക്ഷിക്കുന്നവര്‍. വീടിനോടു ചേര്‍ന്ന് ധാന്യങ്ങളൊക്കെ സൂക്ഷിക്കാനുള്ള പുരകള്‍ കാണാം. മിക്കവീട്ടുകാരും നെയ്ത്ത് തൊഴിലാക്കിയവരാണ്. അതിശൈത്യകാലത്ത് മാസങ്ങളോളം പുറത്തിറങ്ങാന്‍ സാധിക്കാതെവരും. വീട്ടിലിരുന്ന് ഷാളുകളും കാര്‍പറ്റുകളും ഉണ്ടാക്കുകയാണ് അക്കാലത്തെ പ്രധാനജോലി. അക്കാലത്ത് വീട്ടിലിരുന്ന് നിര്‍മിക്കുന്ന കശ്മീരി ഷാളുകളും കാര്‍പറ്റുകളുമാണ് പിന്നീട് മാര്‍ക്കറ്റിലെത്തുന്നത്. ഒരാഴ്ച നീണ്ടുനിന്ന യാത്ര ബാക്കിയാക്കിയത് സുന്ദരമായ ഓര്‍മകള്‍ മാത്രമാണ്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന കശ്മീരികളുടെ ഓര്‍മകള്‍. എല്ലാം കഴിയുമ്പോള്‍ മനസ്സ് മന്ത്രിക്കും; ബേശക്ക് യെ ദുനിയാ കാ ജന്നത്ത് ഹീ ഹേ! സംശയം വേണ്ട, ഇത് ദുനിയാവിലെ സ്വര്‍ഗംതന്നെ!

Related Articles