2022 നവം.22 ചൊവ്വ പുലർച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദൈവനാമത്തിൽ ഞങ്ങൾ ആ യാത്ര ആരംഭിച്ചു. ഞങ്ങൾ എന്നാൽ കൊടിയത്തൂർ ദാറുസ്സലാം ട്രാവൽസിൻ്റെ നേതൃത്വത്തിൽ ഖുർആൻ്റെ ചരിത്ര ഭൂമികൾ സന്ദർശിക്കാൻ പുറപ്പെട്ട 47 അംഗങ്ങൾ. കുവൈത് വിമാന കമ്പനിയായ അൽ ജസീറയിൽ ആദ്യം കുവൈത്തിലേക്കും അവിടെ നിന്ന് അതേ കമ്പനിയുടെ മറ്റൊരു വിമാനത്തിൽ ജോർദാൻ തലസ്ഥാനമായ അമ്മാനിലേക്കുമായിരുന്നു യാത്ര. ജോർദാൻ സമയം ഉച്ചയോടെ അമ്മാനിലെ ആലിയ ഇൻറർനാഷനൽ എയർപോർട്ടിൽ ഞങ്ങളിറങ്ങുന്നു. ജോർദാൻ ഭരണാധികാരി ഹുസൈൻ രാജാവിൻ്റെ പത്നിയായിരുന്നു ആലിയ. വിമാനാപകടത്തിൽ മരണപ്പെട്ട അവരുടെ സ്മരണാർഥമാണ് എയർപോർട്ടിന് അവരുടെ പേരിട്ടത്. അവിടെ എമിഗ്രേഷൻ നടപടികൾ വളരെ എളുപ്പത്തിലാണ് നടന്നത്.ഏറെ നേരം വരിനിൽക്കേണ്ടി വന്നില്ല. എല്ലാവരുടേയു പാസ്പോർട്ടുകൾ ഒരു ഉദ്യോഗസ്ഥൻ കൈപ്പറ്റുന്നു. ഒഫീസിന്നകത്തേക്ക് അവ കൊണ്ടുപോയി സീൽ പതിച്ച് താഴെ നിലയിൽ ലഗേജ് കൈപ്പറ്റുന്ന ഞങ്ങൾക്കടുത്തേക്ക് അവ എത്തിച്ചു തരുന്നു. പല എയർപോർട്ട് അധികൃതർക്കം മാതൃകയാക്കാവുന്ന നടപടി. 47 പേരുണ്ടെങ്കിലും 44 പേരാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്.3 പേർ അമ്മാൻ എയർപോർട്ടിലേക്ക് എത്തിച്ചേരുകയായിരുന്നു. അതിൽ ഒരാൾ വളരെ പ്രധാനിയായ ഞങ്ങളുടെ ഗ്രൂപ് ഗൈഡും പണ്ഡിതനുമായ ഡോ.അബ്ദുർ റസാഖ് സുല്ലമി തന്നെ. ഇത്തരം ഒരു സഞ്ചാരത്തിന്ന് പ്രൊഫ.കമാൽ പാഷയോടൊപ്പം തുടക്കമിട്ട സാരഥി. വയസ്സ് 70 പിന്നിട്ടെങ്കിലും അപാര ഓർമശക്തിയും അറിവും അനുഭവങ്ങളും സമ്മേളിക്കപ്പെട്ട വ്യക്തിത്വം. മറ്റ് രണ്ട് പേർ ദുബൈയിൽ നിന്ന് അമ്മാനിലേക്കെത്തിച്ചേർന്ന ഉർദു ഭാഷാ സുഹൃത്തുക്കൾ.


പുറത്ത് ഞങ്ങളുടെ ജോർദാൻ ഗൈഡ് കമാൽ കാത്തുനില്പുണ്ട്. ഇംഗ്ലീഷ് ഭാഷയിലാണ് കക്ഷിയുടെ വിവരണം.വൈകാതെ ബസ്സുമായി തലാലുമെത്തി. ആദ്യം ഭക്ഷണം.അതിന്ന് അമ്മാൻ നഗരത്തിലെ ഒരു ഹോട്ടലിനു മുമ്പിൽ ബസ് ചെന്നു നിന്നു. സമൃധ വിഭവങ്ങൾ. സാധാരണക്കാരുടെ പട്ടണമായ അമ്മാനിൽ തെരുവ് കച്ചവടക്കാരുണ്ട്. സോക്സ് വിൽപനക്കാരനായ ഒരു കുട്ടിയും മറ്റൊരാളും ഞങ്ങൾക്കൊപ്പം കൂടിയിട്ടുണ്ട്. ഡോളറിലാണ് തുക പറയുന്നത്. ജോർദാൻ ദീനാറായാലും കുഴപ്പമില്ല. ലോഡ്ജിലേക്ക് പോകാതെ ഞങ്ങൾ പ്രധാന സന്ദർശന സ്ഥലങ്ങളിലൊന്നായ അമ്മാൻ നഗരത്തിൽ നിന്ന് അത്രയൊന്നും അകലമില്ലാത്ത അസ്ഹാബുൽ കഹ്ഫിൻ്റെ ഗുഹ ലക്ഷ്യമാക്കിയാണ് പോയ് കൊണ്ടിരിക്കുന്നത്. അമ്മാൻ പട്ടണം മനോഹരമാണ്. ഒലിവ് മരങ്ങൾ തലയാട്ടി കൊണ്ടിരുന്ന കൃഷിയിടങ്ങൾ . ബസ് കടന്നു പോകുന്ന റോഡിൻ്റെ പാർശഞളിൽ ആട്ടിൻ പറ്റങ്ങളും ഇടയന്മാരും.
ഡോ. സുല്ലമി സംസാരമാരംഭിച്ചിട്ടുണ്ട്. ആദ്യം ജോർദാനെന്ന നാടിനെ സംബന്ധിച്ചും തുടർന്ന് അസ്ഹാബുൽ കഹ്ഫിനെ കുറിച്ചുമാണത്. അതിൻ്റെ സംഗ്രഹമിങ്ങനെ: നബിവചനങ്ങളിലും ക്ലാസിക് ഗ്രന്ഥങ്ങളിലും ശാം എന്ന് പരിജയപ്പെടുത്തപ്പെട്ട നാടുകളിലൊന്നാണ് ജോർദാൻ. അതിന്ന് പുറമെ ലബനാൻ ,സിറിയ, ഫലസ്തീൻ, ഇസ്രയേൽ തുടങ്ങിയ വിശാല പ്രദേശങ്ങളാണ് ബിലാദുശ്ശാം എന്നറിയപ്പെട്ടത്. ഉർദുൻ എന്നാണ് ജോർദാൻ്റെ അറബിനാമം. ദ കിംഗ്ഡം ഓഫ് ഹാശിമൈറ്റ് ജോർദാൻ എന്ന് ആധുനിക യുഗത്തിൽ അറിയപ്പെടുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ഖുറൈശി വംശത്തിലെ ഹാശിമി ( ബനൂ ഹാശിം) പരമ്പരയിലേക്ക് ഇവിടുത്തെ ഭരണാധികാരികളുടെ വംശാവലി വന്നുച്ചേരുന്നതിനാലാണ് ഹാശി മൈറ്റ് എന്നറിയപ്പെട്ടത്. സമ്പന്ന രാജ്യമല്ല ജോർദാൻ. അഴിഞ്ഞാട്ടങ്ങളില്ല. വെള്ളത്തിന്ന് ദാരിദ്യ മനുഭവപ്പെടുന്നു. ജോർദാൻ നദി വറ്റിവരണ്ട നിലയിലാണ്. അയൽപക്ക രാജ്യങ്ങളോട് സൗഹാർദപരമായ സമീപനമാണ് നയം. ജോർദാനികളും ഫലസ്തീനികളും ചേർന്ന് ഒരു കോടി മുപ്പത് ലക്ഷമാണ് ജനസംഖ്യ. എല്ലാവർക്കും തുല്യാവകാശങ്ങൾ .തൊട്ടടുത്ത് കിടക്കുന്നതിനാൽ ഇരുകൂട്ടരുടേയും സംസ്കാരവുമൊന്നാണ്. എന്നല്ല 1948 ൽ ഇസ്രയേൽ നിലവിൽ വരും മുമ്പ് ജോർദാൻ്റെ കീഴിലുള്ള പ്രദേശമായിരുന്നു ഫലസ്തീൻ .നിരവധി സിറിയൻ അഭയാർഥികൾക്കും ഈ രാജ്യം താമസമേകിയിട്ടുണ്ട്. അമ്മാൻ ഉൾപ്പടെ എല്ലാ നഗരങ്ങളും കുന്നിൻ ചരിവിലാണ്. മലകൾക്ക് വെള്ള കലർന്ന ചാര നിറം. അതിനാൽ കെട്ടിടങ്ങൾക്കും ഇതേ വർണമാണ് അമ്മാനിൽ. 6000 വർഷത്തിലധികം പഴക്കമുള്ള ഈ നഗരത്തിന് ഇടക്ക് ഫിലാഡൽഫിയ എന്നും പേരുണ്ടായിരുന്നു.
വിശുദ്ധ ഖുർആൻ സൂറതുൽ കഹ്ഫിൽ ഒമ്പത് മുതൽ 26 വരെയുള്ള സൂക്തങ്ങളിൽ പ്രതിപാധിക്കുന്ന അസ്ഹാബുൽ കഹ്ഫിൻ്റെ ഗുഹയാണ് ഇവിടുത്തെ പ്രധാന ചരിത്ര സ്ഥലം. അല്ലാഹുവിൻ്റെ ശക്തിക്കും ഉയർത്തെഴുന്നേൽപ് വസ്തുതകൾക്കും വലിയ ദൃഷ്ടാന്തമാണത്. മുമ്പത്തേതിൽ നിന്ന് ഭിന്നമായി സ്ഥല സൂചക ബോർഡുകളിൽ അസ്ഹാബുൽ കഹ്ഫ് എന്ന പ്രയോഗം ദൃശ്യമാണ്.
2014ൽ നിർമിക്കപ്പെട്ട പുതിയ പള്ളിയിൽ നിന്ന് മഗ് രിബ് ബാങ്ക് മുഴങ്ങുന്നു. അതിൻ്റെ മിഹ്റാബിൽ സൂറതുൽ കഹ്ഫിലെ ആയത്തുകളാണ്. മിഹാറാബിൻ്റെ പുറം ഭാഗത്ത് കൊത്തിവെച്ചതാകട്ടെ ഇന്ന ഹും ഫിത് യതുൻ ആമനൂ ബി റബ്ബിഹിം വ സിദ്നാഹും ഹുദാ ( തങ്ങളുടെ നാഥനിൽ വിശ്വസിച്ച ഒരു പറ്റം യുവാക്കളാണവർ. അവർക്ക് നാം സന്മാർഗം വർധിപ്പിച്ചിരിക്കുന്നു) എന്നും. അവിടുത്തെ ഇമാമിനോടൊപ്പം മഗ് രിബ് നമസ്ക്കരിച്ച ഞങ്ങൾ ഇശാ കൂടി ജംആക്കി നിർവഹിച്ചു. ഞങ്ങളുടെ വഴികാട്ടി ഡോ. സുല്ലമി ഇശാ നമസ്ക്കാരത്തിൽ കഹ്ഫിലെ ആയത്തുകളാണ് പാരായണം ചെയ്തത്. അസ്ഹാബുൽ കഹ്ഫിൻ്റെ നാട്ടിൽ വെച്ച് അവരെ സംബന്ധിച്ച സൂക്തങ്ങൾ ശ്രവിച്ചുകൊണ്ടുള്ള നമസ്ക്കാരം ഏറെ ഹൃദയ സാന്നിധ്യമേകുന്നതായി. പള്ളിയിൽ നിന്ന് മടങ്ങി വരവെ കൽപ്പടവുകളിൽ നിന്ന് നോക്കുമ്പോൾ അമ്മാൻ നഗരം കാണുന്നുണ്ട്. രാത്രി വിശ്രമത്തിന്ന് വേണ്ടി ബസ് ഇപ്പോൾ അമ്മാനിലെ ഹോട്ടൽ അൽ ഫനാറിലേക്കാണ് ഓടികൊണ്ടിരിക്കുന്നത്. ( തുടരും)
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5