പ്രവാചകന്മാരുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പട്ടണമാണ് ജറൂസലമിലെ ഹെബ്രോൺ. അറബിയിൽ അൽഖലീൽ എന്നാണ് ആ നഗരത്തിൻ്റെ പേര്. മഹാനായ പ്രവാചകൻ ഇബ്റാഹിം (അ)ൻ്റെ നാമധേയത്തിൽ അവിടെ വിശാലവും പുരാതനവുമായൊരു പള്ളിയുണ്ട്. അതാണ് മസ്ജിദ് ഇബ്റാഹീമി. അദ്ദേഹവും,പത്നി സാറ; മകൻ ഇസ്ഹാഖ്;ഭാര്യ റഫ് ഖ എന്നിവർ ഈ പള്ളിക്കകത്തായാണ് ഇപ്പോൾ നോക്കുമ്പോൾ അന്ത്യവിശ്രമം കൊള്ളുന്നത്. നേരത്തെ ഒരു ഗുഹയായിരുന്നു അവിടെ. പേര് മഖ്ഫില. പള്ളിക്കകത്ത് അൽഗാർ അശ്ശരീഫ് (വിശുദ്ധ ഗുഹ )എന്ന് രേഖപ്പെത്തിയ സ്ഥലമുണ്ട്. അതിൻ്റെ മുകൾഭാഗം അടച്ചിട്ടിരിക്കുകയാണ്.അതിന്നകത്താണ് ആദ്യം മരണപ്പെട്ട സാറയെ ഇബ്രാഹിം (അ) ഖബ്റsക്കിയത്. അതിനാൽ പള്ളിയുടെ 15 അടി താഴ്ചയിലാണ് ഖബറുകൾ. ശീഈ വിഭാഗമായ ഈജിപ്തിലെ ഫാതിമികൾ ആണ് അവക്ക് മീതെ സൗധം പണിതത്.


ഇബ്റാഹിമിനെ അല്ലാഹു തൻ്റെ ഇഷ്ടതോഴൻ അഥവാ അൽഖലീൽ എന്ന് വിളിച്ചിട്ടുണ്ട്. അക്കാരണത്താലാണ് അദ്ദേഹത്തിൻ്റെ പ്രധാന പ്രബോധന മേഖലയായ ഈ പട്ടണം അൽഖലീൽ എന്നറിയപ്പെട്ടത്. ഉമർ(റ) ആണ് പട്ടണത്തിന്ന് ആ പേരിട്ടത്. ജറുസലമിൽ മുസ് ലിംകൾ ഏറെ തിങ്ങി പാർക്കുന്ന പ്രദേശമാണ് ഇത്. മസ്ജിദുൽ അഖ്സയിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് അൽ ഖലീൽ. പല കാരണങ്ങളാൽ നിരവധി തീർഥാടക സംഘങ്ങൾക്ക് അവിടുത്തെ പള്ളിക്കകത്തേക്ക് പ്രവേശനം കിട്ടാറില്ല. അങ്ങനെ സംഭവിച്ചാൽ പുറത്ത് നിന്നെങ്കിലും അത് കണ്ടു മടങ്ങാം എന്ന നിശ്ചയത്തോടെയായിരുന്നു ഞങ്ങളുടെ പ്രയാണം. എന്നാൽ അത് കാണുവാനും മഗ് രിബ്, ഇശാ നമസ്ക്കാരങ്ങൾ അവിടെ വെച്ച് നിർവഹിക്കുവാനും അല്ലാഹു അവസരമൊരുക്കി. പ്രവാചകന്മാരുടേയും കുടുംബാംഗങ്ങളുടേയും ഖബ്റുകൾക്കരികെ നിന്ന് അവർക്കു വേണ്ടി അല്ലാഹുവോട് പ്രാർഥിച്ചു. അൽഹംദുലില്ല.
പള്ളിക്കകത്തേക്ക് ഒരോരുത്തരേയും രണ്ടിടങ്ങളിലായി മെറ്റൽ ഡിറ്റക്ടറിലൂടെ തോക്കുധാരികളായ ഇസ്രയേൽ പട്ടാളം പരിശോധിച്ചാണ് കടത്തിവിടുന്നത്. പോരാത്തതിന്ന് പള്ളിക്കടുത്ത് എത്തുമ്പോൾ മൂന്നാമത്തെ സൈനിക വ്യൂഹവും പരിശോധനക്ക് തയ്യാറായി നില്പുണ്ട്. ഞങ്ങളുടെ ഗൈഡ് നേരത്തെ വിചാരിച്ചതുപോലെ ആയിരുന്നില്ല. പട്ടാളക്കാരോട് അദ്ദേഹം ധൈര്യസമേതം ഇടപഴകിയതിനാൽ കൂടിയാണ് ഞങ്ങൾക്കകത്ത് കയറാനായത്. കറങ്ങുന്ന ഇരുമ്പ് ഗേറ്റിലൂടെയാണ് പ്രവേശം. തൊട്ടടുത്തുള്ള ബിൽഡിംഗുകളുടെ മുകൾ നിലയിലെല്ലാം ഇസ്രായേലീ പട്ടാളക്കാർ നിലയുറപ്പിച്ചിട്ടുണ്ട്. അവർക്ക് നേരെ വലിയ കല്ലെടുത്തെറിയൽ ഫലസ്തീനി ചെറുപ്പക്കാരുടെ പ്രകൃതമാണ്. ഞങ്ങൾ നടന്നു പോകുമ്പോഴും അങ്ങിനെ സംഭവിച്ചു. ഉടനെ ഇസ്രയേൽ പോലിസ് സംഭവസ്ഥലത്തെത്തിയപ്പോൾ ചെറുപ്പക്കാർ പിൻവാങ്ങുകയായിരുന്നു. ഞങ്ങൾ തിരിച്ചു വരുമ്പോഴും കുറെ ഫലസ്തീനി മക്കൾ സംഭാവന ചോദിച്ചു കൊണ്ടിരുന്നു. ദാരിദ്ര്യം അവരെ പ്രയാസപ്പെടുത്തുന്നുണ്ടാകണം. പള്ളിക്ക് ചുറ്റും മുസ്ലിം വീടുകളും കടകളുമാണ്. ഇതേ ചെക്കിംഗ് കടന്നേ അവർക്കും സഞ്ചരിക്കാനാവൂ.
ഇറാഖിലെ ബാബിലോണിയൻ പട്ടണമായ ഊറിൽ നിന്ന് ഇന്നീ ദാഹിബുൻ ഇലാ റബ്ബീ (ഞാൻ എൻ്റെ രക്ഷിതാവിൻ്റെ മാർഗത്തിൽ പുറപ്പെടുകയാണ് ) എന്ന് പ്രഖ്യാപിച്ച് തുർകി, സിറിയ, ഈജിപ്ത് വഴിയാണ് ഇബ്രാഹിം (അ) ഇവിടെ എത്തിയത്. കൂടെ ജേഷ്ഠ പുത്രൻ ലൂത്വും ഉണ്ടായിരുന്നു. ഫലസ്തീനിൽ ബൈതുൽ ഐൻ, ബീർ ശേവ, അൽ ഖലീൽ എന്നീ മൂന്ന് സ്ഥലങ്ങളിലാണ് അദ്ദേഹത്തിൻ്റെ പ്രബോധന കേന്ദ്രങ്ങളുണ്ടായിരുന്നത്. ഇസ്ഹാഖ് നബിയുടെ പുത്രൻ യഅകൂബ്, മറ്റൊരു ഭാര്യയിലെ രണ്ടു മക്കളായ യൂസുഫ്, ബിൻയാമീൻ , മറ്റു സഹോദരങ്ങൾ തുടങ്ങി ഇസ്രായേൽ വംശം താമസിച്ചിരുന്നതും അൽ ഖലീലിലായിരുന്നു. ഇവിടുന്നാണ് യൂസുഫ്(അ)നെ സഹോദരക്കൾ ആടുമേക്കുന്നേടത്ത് കൊണ്ടുപോയി പൊട്ടകിണറ്റിലിട്ടത്. ഒടുവിൽ യൂസുഫ് ഈജിപ്തിലെ ഭരണ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ അടുത്തേക്ക് റേഷൻ വാങ്ങാൻ സഹോദരങ്ങളെത്തിയതും ഹെബ്രോണിൽ നിന്ന്. അവസാനം തൻ്റെ പിതാവ് ഉൾപ്പടെയുള്ള 800 അംഗ കൂടുംബത്തെ ഹെബ്രോണിൽ നിന്നാണ് യൂസുഫ് ഈജിപ്തിലെക്ക് കൊണ്ടുപോയത്.


ഇതേ പള്ളിയിൽ 1994 ഫെബ്രു 29 ന് ഗോൾഡ് സ്റ്റയിൻ എന്ന ഒരു ജൂത ഭീകരൻ നടത്തിയ വെടിവെപ്പാണ് ആധുനിക ഫലസ്തീനിൽ നടന്ന കൂട്ടക്കൊലകളിലൊന്ന്. റമദാൻ മാസത്തിൽ വിശ്വാസികൾ നമസ്ക്കാരത്തിലായിരിക്കെയാണ് അയാൾ യന്ത്രത്തോക്കിൽ നിന്ന് തുരുതുരാ നിറയൊഴിച്ചത്. പട്ടാളവേഷം ധരിച്ചാണ് അയാൾ പള്ളിക്കകത്ത് കയറി കൂടിയത്.മുൻനിരയിൽ നമസ്ക്കരിച്ചിരുന്ന 29 പേർ പള്ളിക്കകത്ത് രക്തസാക്ഷികളായി.125 പേർക്ക് ഗുരുതര പരിക്കേറ്റു. അയാളെ ആളുകൾ അപ്പോൾ തന്നെ അടിച്ചു കൊന്നു. പള്ളിയുടെ മിഹ്റാബിന്നകത്ത് വെടിയുണ്ട തുളച്ച അടയാളം ഇപ്പോഴുമുണ്ട്. വെടിവെപ്പിനെ തുടർന്ന് ഒരാഴ്ച പള്ളിയടച്ചിട്ടു. പിന്നീട് കോടതി വിധിയിലൂടെ പള്ളി തുറന്നപ്പോൾ അതിൻ്റെ 60% ഭാഗം ജൂതന്മാർക്കും 40% മുസ് ലിംകൾക്കും എന്ന് വീതിക്കപ്പെട്ടു. ഇന്നും പള്ളി അങ്ങിനെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ നാല് ഖബ്റകളൂം മുസ്ലിം ഭാഗത്താണ്. ഇബ്രാഹിം നബിയുടെ ഖബർ കാണാൻ ജൂത ഭാഗത്തും ജനൽ നിർമിക്കപ്പെട്ടിട്ടുണ്ട്. ഇടക്ക് ഇരുകൂട്ടരുടേയും ആഘോഷം വരുമ്പോൾ മറു വിഭാഗത്തിൻ്റെ ഏരിയയും പരസ്പരം വിട്ടു കൊടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ സാറയുടെ പേരിൽ ജൂതന്മാർ ആഘോഷം നടത്തുമ്പോൾ പള്ളി അടച്ചിട്ടിരുന്നു. ഇപ്പോൾ മസ്ജിദ് തുറന്നതിനാലാണ് 2022 നവം 25 വെള്ളി ഞങ്ങൾക്ക് പ്രവേശം സാധ്യമായത്.
രാത്രിയോടെ ഹെബ്രോണിൽ നിന്ന് ബെത് ലഹേമിലേക്ക് മടങ്ങുകയാണ് ഞങ്ങൾ. അവിടെ യേശു പിറന്ന പുൽകുടിലിനോട് ചേർന്ന ചർച്ചും സന്ദർശിച്ചു. ഡിസംമ്പറിൻ്റെ ഒരുക്കങ്ങൾ ദൃശ്യമാണ്. നക്ഷത്ര വിളക്കുകൾ തെളിയാനൊരുങ്ങുന്നു.അതിന്ന് തൊട്ടടുത്തായിരുന്നു ഞങ്ങൾ താമസിക്കുന്ന അറാറത് ഹോട്ടൽ. ( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5