Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാനിലേക്കുള്ള പാത

jordan.jpg

ഡോ. സഅ്ദ് അബൂ രിദയും ഞാനും ഹോട്ടലില്‍ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. അവിടെ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഞങ്ങള്‍ സമപ്രായക്കാരാണ്. ഞങ്ങളിരുവര്‍ക്കും പ്രായാധിക്യത്തിന്റെ അവശതകള്‍ ഉണ്ടായിരുന്നെങ്കിലും എന്നേക്കാള്‍ ഉന്മേഷവാനായിരുന്നു അദ്ദേഹം. എഴുത്തിലും വായനയിലുമാണ്  അദ്ദേഹം അധിക സമയും ചെലവഴിച്ചത്. തനിക്ക് പ്രാധാന്യമുള്ളതെന്ന് തോന്നുന്നതെല്ലാം അയാള്‍ എഴുതി സൂക്ഷിക്കുമായിരുന്നു. ടെലിവിഷനും വാര്‍ത്താ പ്രസിദ്ധീകരണങ്ങളും ഒന്നും അയാള്‍ ശ്രദ്ധിച്ചിരുന്നില്ല. വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ ജറശിലെ ഓറിയന്റല്‍ ഗ്രൂപ്പിന്റെ ഹോട്ടലില്‍ പോയി തിരിച്ച് വന്നപ്പോഴെക്കും ഞാന്‍ അവശനായിരുന്നു. എനിക്ക് വയറുവേദനയും ചുമയും കൂടി.  മഗ്‌രിബും ഇശായും ജംഉം ഖസ്‌റും ആക്കി നമസ്‌കരിച്ച് ബാക്കിയുള്ള സമയം ഹോട്ടലില്‍ തന്നെ കഴിച്ച് കൂട്ടി.

ഇര്‍ബദ് പട്ടണം
രണ്ടാം ദിവസം ഞങ്ങളുടെ സംഘം ഒമാനില്‍ നിന്നും വടക്കോട്ട് 60 കി.മി ദൂരമുള്ള ഇര്‍ബദിലേക്കാണ് പോയത്. അവിടെ യര്‍മൂക്ക് സര്‍വ്വകലാശാലയില്‍ ഒരു പരിപാടിയുണ്ടായിരുന്നു. പരിപാടിയില്‍ ക്രിത്യസമയത്ത് പങ്കെടുക്കാനായി ഞങ്ങള്‍ നേരത്തെ പുറപ്പെട്ടിരുന്നു. യാത്രക്കിടയില്‍ നാട്ടുകാരായ ഞങ്ങളുടെ സഹയാത്രികര്‍ യര്‍മൂക്ക് സര്‍വ്വകലാശാലയെക്കുറിച്ചും അവിടത്തെ വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം പൊതുവായ കാര്യങ്ങള്‍ പറഞ്ഞ് തന്നു.  കൂടാതെ അവരില്‍ ചിലര്‍ ഞങ്ങള്‍ യാത്ര ചെയ്യുന്ന ഇടങ്ങളെക്കുറിച്ചും അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞ് കൊണ്ടിരുന്നു.

ഞങ്ങളുടെ കൂട്ടത്തില്‍ വൃദ്ധനായ ഒരു കവിയുണ്ടായിരുന്നു. വൃദ്ധനാണെങ്കിലും  അയാള്‍ നല്ല ഉന്മേഷവാനായിരുന്നു. യാത്രക്കിടയില്‍ ദേശീയവും ഇസ്‌ലാമികവുമായ കവിതകള്‍ ആലപിച്ച് അയാള്‍ ഞങ്ങളെ രസിപ്പിച്ചു. ഐക്യം, പരസ്പര സഹകരണം, ആക്ഷേപം, ദൈവനിന്ദ തുടങ്ങിയ വിഷയങ്ങള്‍ക്ക് പുറമെ ഫലസ്തീനിന്റെയും ഖുദ്‌സിന്റെയും മോചനത്തിനായി ജിഹാദിന് പ്രേരിപ്പിക്കുന്ന വരികളും അയാളുടെ കവിതകളിലുണ്ടായിരുന്നു. ഈ കവിതകളില്‍ മുഴുകിയുള്ള ഞങ്ങളുടെ യാത്രയില്‍ സമയം പോയതറിഞ്ഞില്ല.

പത്തുമണിയാകുന്നതിന് മുമ്പ് ഞങ്ങള്‍ യര്‍മൂക്ക് സര്‍വകലാശാലയിലെത്തി. അവിടെ കുന്നിന് മുകളില്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന വ്യത്യസ്ത കോളേജുകള്‍ നയനസുന്ദരമായിരുന്നു. ഞങ്ങള്‍ സര്‍വ്വകലാശാലയിലെത്തുമ്പോള്‍ അവിടെ വിദ്യാര്‍ത്ഥിയൂണിയന്‍ തെരെഞ്ഞടുപ്പ് കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ക്യാംപസ് ചുമരുകളില്‍ നിറയെ പോസ്റ്ററുകളായിരുന്നു. കോളേജ് റെക്ടറും സംഘവും ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. എന്നാല്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി വിഭാഗം ഡീനിന് തെരെഞ്ഞെടുപ്പ് കാരണം ഞങ്ങളെ സ്വീകരിക്കാന്‍ വരാന്‍ കഴിഞ്ഞില്ല. അതില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. രാഷ്ട്രീയ തെരെഞ്ഞെടുപ്പല്ലെങ്കിലും അതിന് രാഷ്ട്രീയ തെരഞ്ഞടുപ്പിന്റെ ചൂടുണ്ടായിരുന്നു. തെരെഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ തോറ്റവിവരം വൈകുന്നേരമാണ് ഞങ്ങള്‍ അറിയുന്നത്. ഇശാ നമസ്‌കാര സമയത്ത് വിദ്യാര്‍ത്ഥികളെല്ലാം പള്ളികളിലുണ്ടായിരുന്നു. അവര്‍ തെരെഞ്ഞടുപ്പില്‍ തോറ്റതിന്റെ കാരണങ്ങളെക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.  ആകെയുള്ള അറുപത് സീറ്റില്‍ അവര്‍ക്ക് ചുരുക്കം സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളു.

അറബി സാഹിത്യ നിരൂപണ ചര്‍ച്ച
അറബി സാഹിത്യവുമായി ബന്ധപ്പെട്ട പ്രബന്ധവാതരണങ്ങളും ചര്‍ച്ചകളുമായിരുന്നു ഈ പരിപാടിയിലെ മുഖ്യ ഇനം. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ചെറുകഥകളുടെ നിരൂപണങ്ങള്‍, സ്ത്രീ കഥാ സാഹിത്യവുമായി ബന്ധപ്പെട്ട നിരൂപണ പഠനങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളെ അധികരിച്ച പ്രബന്ധാവതരങ്ങളാണ് ചര്‍ച്ചയുടെ ഒന്നാം ഘട്ടത്തിലുണ്ടായിരുന്നത്.

ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തില്‍ ഇസ്‌ലാമിസ്‌ററുകളായ കവയത്രികളുടെ കവിതകളെ സംബന്ധിച്ചുള്ള നിരൂപണ പഠനങ്ങളായിരുന്നു. ഈ ഘട്ടത്തില്‍ അറബ് ഇസ്‌ലാമിക സാഹിത്യത്തിന്റെ ചരിത്രം, പ്രസിദ്ധ അറബി കവയത്രിയായ ജലീല രിദയുടെ വെള്ളച്ചിറകുകള്‍ (അല്‍ അജ്‌നിഹതുല്‍ ബൈദാഅ്) എന്ന കൃതിയെക്കുറിച്ചുള്ള പഠനം, മുതല്‍ ഇന്ത്യന്‍ കവയത്രിയായിരുന്ന കമലാ സുറയ്യയുടെ ‘യാ അല്ലാ’ എന്ന കാവ്യ സമാഹാരത്തെക്കുറിച്ച പഠനങ്ങളുമുണ്ടായിരുന്നു.

രണ്ടു ദിവസത്തെ സുദീര്‍ഘമായ ചര്‍ച്ചാ പരിപാടിയില്‍ ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള മുസ്‌ലിം കവയത്രികളുടെ പുതിയ കവിതകളെക്കുറിച്ചുള്ള പഠനങ്ങള്‍ ശ്രദ്ധേയമായിരുന്നു. അറബി സാഹിത്യത്തിന് ആധുനിക മുസ്‌ലിം സ്ത്രീയുടെ സംഭാവനകളെക്കുറിച്ച് അറിവ് നല്‍കുന്നതായിരുന്ന ഓരോ ചര്‍ച്ചകളും. അതില്‍ സിറിയക്കാരനായ മുഹമ്മദുല്‍ഹസ്‌നാവിയുടെ വിധവയുടെ സാഹിത്യ സംഭാവനയെക്കുറിച്ചുള്ള അവതരണം എന്നെ വല്ലാതെ സ്വാധീനിച്ചു. സിറിയന്‍ ഫാഷിസ്റ്റുകളായ ബഅസിനെതിരെ പോരാടുകയും പീഡനങ്ങളേല്‍ക്കുകയും ചെയ്ത രക്ത സാക്ഷിയാണ് മുഹമ്മദുല്‍ഹസ്‌നാവി. അദ്ദേഹത്തെ നാടുകടത്തുകയും അജ്ഞാത വാസത്തിലാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭവഭങ്ങളെല്ലാം ഇവരുടെ കവിതകളിലും കാണാം. അവര്‍ക്ക് ഗദ്യസാഹിത്യത്തിലും പദ്യ സാഹിത്യത്തിലുമായി നിരവധി സമാഹാരങ്ങളുണ്ട്. അവരുടെ വലിയ നോവലായ രാത്രിയിലെ കാല്‍പാടുകള്‍ (ഖുതുവാതുന്‍ ഫി ല്ലൈല്‍) എന്ന പുസ്തകത്തിന് ഞാന്‍ വിശദമായ നിരൂപണം എഴുതിയിട്ടുണ്ട്.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles