Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യത്തിന്റെ വില

freedom1.jpg

എന്റെ ചെറിയ മകന്‍  കുറച്ച് പക്ഷികളെ വളര്‍ത്താന്‍ വേണ്ടി വാങ്ങുകയും കൂട്ടിലിടുകയും ചെയ്തു. അവയെ അവന്‍ എപ്പോഴും വീക്ഷിക്കുകയും ആവശ്യമായ വെള്ളവും ധാന്യവും വെച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം ആ കൂട് അടക്കാന്‍ അവന്‍ മറന്നു. ഉടനെ കൂടും വെള്ളവും ധാന്യവുമെല്ലാം ഉപേക്ഷിച്ചുകൊണ്ട് പക്ഷികള്‍ പറന്നുയര്‍ന്നു. അത് സ്വാതന്ത്ര്യത്തിന്റെ സ്വഛവായു തേടിക്കൊണ്ടുള്ള പുറപ്പാടായിരുന്നു. ‘സ്വാതന്ത്ര്യം ജീവനേക്കാക്കാള്‍ വിലപ്പെട്ടതാണെ’ന്ന് ആ പറവകള്‍ അവനോട് പറയുന്നുണ്ടായിരുന്നു.

മാനസികമായ സ്വാതന്ത്ര്യം എന്നത് മനുഷ്യന്റെ അന്തരംഗത്തെ എല്ലാ സമ്മര്‍ദ്ധങ്ങളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും മോചനം തേടലാണ്. എല്ലാ സ്വാന്ത്ര്യവും ഞാന്‍ പൂര്‍ണമായി ആസ്വദിക്കുന്നു എന്ന് ആരെങ്കിലും വാദിക്കുന്നുണ്ടെങ്കില്‍ അവന്‍ തികഞ്ഞ തെറ്റിദ്ധാരണയിലാണ്. അവന്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും നിരവധി ബന്ധനങ്ങള്‍ക്കടിപ്പെട്ടു കിടക്കുകയാണ്. മനുഷ്യന്റെ ചലനങ്ങള്‍ തന്നെ അവന്റെ നിയന്ത്രണത്തിലല്ല എന്നതാണ് യാഥാര്‍ഥ്യം.

സ്വാതന്ത്ര്യം ഓരോരുത്തരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അവ നേടിയെടുക്കാനും സാക്ഷാല്‍കരിക്കാനും പരിശ്രമക്കുന്നതനുസരിച്ചാണ് അതില്‍ വ്യത്യാസപ്പെടുന്നത്. ഓരോരുത്തരും അവരുടെ അവരുടെ കാഴ്ചപ്പാടനുസരിച്ച് അവരുടെ നിലപാടുകള്‍ പ്രഖ്യാപിക്കകയാണ് ചെയ്യുന്നത്. മനുഷ്യരില്‍ ബന്ധനങ്ങള്‍ ആഗ്രഹിക്കുകയും അവക്ക് കീഴ്‌പ്പെടുകയും ചെയ്യുന്നവരുണ്ട്. ദീര്‍ഘകാലത്തെ അടിമത്വത്തിന് ശേഷം മോചിപ്പിക്കപ്പെട്ട അടിമകളില്‍ ചിലര്‍ യജമാനന്റെ അടിമത്വത്തില്‍ തന്നെ കഴിയാന്‍ താല്‍പര്യപ്പെട്ടത് ഇതിനാലാണ്. സ്വാതന്ത്ര്യം എന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബോധപൂര്‍വം എതിര്‍ക്കലോ ബഹളം വെക്കലോ അല്ല. അല്ലെങ്കില്‍ ഒരു സംഗതി പുതുതായത് കൊണ്ടോ, വ്യക്തിയോടോ സംഘടനയോടോ ഭരണകൂടത്തോടോ പ്രകടിപ്പിക്കുന്ന കേവല പ്രതികരണങ്ങളും സ്വാതന്ത്ര്യത്തില്‍ പെടുകയില്ല.

വൈവാഹികമായ ബന്ധനങ്ങള്‍, ജോലിയുടെയ ബന്ധനം, വൈജ്ഞാനികവും ചിന്താപരവും പ്രബോധനപരവുമായ ചിന്താധാരകളുടെ ബന്ധനം, ഭരണത്തിന്റെയും അണികളുടെയും ഭൂരിപക്ഷത്തിന്റെയും സുഹൃത്തുക്കളുടെയും ബന്ധനങ്ങള്‍, ഇപ്രകാരം നിരവധി  ബന്ധനങ്ങളുമായിട്ടാണ് മനുഷ്യജീവിതം മുന്നോട്ടു പോകുന്നത്. അതിനു പുറമെയാണ് മനസ്സിന്റെ ഉള്ളിലെ നിരവധി ബന്ധനങ്ങള്‍… മനസിന്റെ പിശുക്കില്‍ നിന്നും രക്ഷ പ്രാപിച്ചവര്‍ ആരോ അവരാണ് വിജയികള്‍ എന്ന് അല്ലാഹു വിവരിച്ചത് അതിനാലാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി ധാരാളം ആളുകള്‍ പ്രക്ഷോഭം നയിക്കുന്നു, എന്നാല്‍ അതില്‍ നിന്ന് അത് ആസ്വദിക്കാന്‍ വളരെ കുറച്ച് പേര്‍ക്കേ സാധിക്കുന്നുള്ളൂ.

അല്ലാഹുവിന് പൂര്‍ണമായ അടിമത്വം അര്‍പിക്കുന്നതോടെ മനുഷ്യന്‍ മറ്റെല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തമാകുന്നു. പിന്നീട് അവന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഇഛക്കനുസൃതമായിരിക്കും. ആ സമര്‍പ്പണത്തിലൂടെ മറ്റെല്ലാ  ബന്ധനങ്ങളെയും അതിജയിച്ചുകൊണ്ട് മുന്നോട്ട് പോകാനും മാനുഷികമായ സ്വാതന്ത്ര്യം അനുഭവിക്കാനും സാധിക്കുന്നതാണ്. ഇത്തരത്തില്‍ മനുഷ്യര്‍ തന്നെ പോലെയുള്ള മനുഷ്യരെ അടിമപ്പെടുത്തിയ എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചിപ്പിച്ചുകൊണ്ട് ഇഹപര വിജയം സാക്ഷാല്‍കരിക്കാനാണ് പ്രവാചകന്മാര്‍ ആഗതമായത്.

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles