Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ സ്ഥാനം എവിടെയായിരിക്കും !?

അഹ്‍നഫ്ബ്‍നു ഖൈസ് ഒരു പ്രമുഖ താബിഈ പണ്ഡിതനും അറേബ്യയുടെ നേതാവുമായിരുന്നു. അദ്ദേഹം ഇരിക്കുന്നിടത്ത് വച്ച് ഒരാൾ ഖുർആനിലെ ഈ സൂക്തം പാരായണം ചെയ്തു: “ലഖദ് അൻസൽനാ ഇലൈക്കും…… “തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുണ്ട്‌. നിങ്ങള്‍ക്കുള്ള ഉദ്ബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ”, (അൽ അമ്പിയാ:10). ഈ ഭാഗം ഓതി കേട്ടപ്പോൾ അഹ്‍നഫ്ബ്‍നു ഖൈസ് പാരായണം നടത്തിയ ആളോട് ആ ഖുർആൻ ഒന്നിങ്ങ് തരാമോ എന്ന് ചോദിച്ചു.

ഇതിൽ എനിക്കുള്ള ഉദ്‍ബോധനം എവിടെയെന്ന് നോക്കട്ടെ. ഞാൻ ആരോടൊപ്പമാണ്, ആരുമായാണ് ഞാൻ ചേരുക? അദ്ദേഹം ഖുർആൻ തുറന്നു. ചില ആളുകളെ അദ്ദേഹം കണ്ടു. അതേ, കാനൂ ഖലീലൻ മിനല്ലൈലി… “രാത്രിയില്‍ അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും ആശ്രയമറ്റവനും അവകാശമുണ്ടായിരിക്കുകയും ചെയ്യും.”
(അദ്ദാരിയാത്ത് 17 – 19).

വേറെ ചിലരെ കാണുന്നു. അവരുടെ സ്ഥിതിയോ, ഖുർആൻ പറയുന്നു: “തതജാഫാ ജുനൂബുഹും…”അവര്‍ ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും”, (അസ്സജദ:16). ഖുർആനിൽ മറ്റു ചില ആളുകളെ പരിചയപ്പെട്ടു. “വല്ലദീന യബീതൂന ലിറബ്ബിഹിം”…”തങ്ങളുടെ രക്ഷിതാവിന് സുജൂദ് ചെയ്യുന്നവരായിക്കൊണ്ടും, നിന്ന് നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍”, (അൽഫുർഖാൻ:64).

വേറെ ചിലരെ കണ്ടുമുട്ടി. അവരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “അല്ലദീന യുൻഫിഖൂന ഫിസ്സർറാഇ”… ” സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍. സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു”, (3:134). പിന്നെ മറ്റു ചിലരെ കണ്ടുമുട്ടി. അവരുടെ സ്ഥിതി ഇതത്രെ. “വയുഅ്സിറൂന അലാ അൻഫുസിഹിം” …..”തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍”, (59:9).

പിന്നീട് കുറച്ച് ആളുകളെ കണ്ടുമുട്ടാനായി. അവരുടെ സ്വഭാവം ഇതാണ്.
“വല്ലദീന സ്തജാബൂ”…”തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യങ്ങൾ പരസ്പരം കൂടിയാലോചിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവർ”, (42:38). ഇവിടെയെത്തിയപ്പോൾ അദ്ദേഹം വിറകൊണ്ടു നാഥാ ഇവിടെയെങ്ങും ഞാനില്ലല്ലോ! എനിക്കിടമില്ലല്ലോ !!

പിന്നെയും നടന്നുനീങ്ങി. വേറെ ചിലരെ കാണാനിടയായി. “ഇന്നഹും കാനൂ ഇദാ ഖീല ലഹും”….”അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു. ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ചു കളയണമോ എന്ന് അവർ ചോദിക്കുകയും ചെയ്യുമായിരുന്നു”, (37:36,37). പിന്നീട് മറ്റൊരു കൂട്ടരെ കണ്ടുമുട്ടിയപ്പോൾ അവരുടെ സ്ഥിതി ഇതായിരുന്നു.
“വഇദാ ദുകില്ലാഹു വഹ്ദഹൂ”….”അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു”,(39:45).

ഇനിയുമൊരു കൂട്ടരുടെ അടുക്കലൂടെ പോയപ്പോൾ അവർ ചോദിക്കുകയാണ്.
“മാസലകകും ഫീ സഖർ”….? “നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണ് ? അവര്‍ മറുപടി പറയും: “ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ഞങ്ങള്‍ അഗതിക്ക് ആഹാരംനല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു. അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി”, (74:42-47). ഇവിടെ എത്തിയപ്പോൾ ആ പണ്ഡിതൻ സ്തബ്ധനായി. ഒരു ഞെട്ടലോടെ നിന്നു. ചെവി പൊത്തി കൊണ്ടദ്ദേഹം പറഞ്ഞു. നാഥാ! ഇത്തരം കുറ്റവാളികളിൽ എന്നെ പെടുത്തരുതേ…

പിന്നെയും അദ്ദേഹം വിശുദ്ധ ഖുർആൻ്റെ പേജുകൾ മറിച്ചു കൊണ്ടിരുന്നു. എനിക്കുള്ള ഉദ്ബോധനം ഇതിൽ എവിടെ, എന്തായിരിക്കുമത്? അവസാനം ഈ സൂക്തത്തിൽ അദ്ദേഹത്തിൻ്റെ കണ്ണുടക്കി.
“വ ആഖറൂനഅ്തറഫൂ”…..”സ്വന്തം കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്. അവരുടെ കര്‍മങ്ങള്‍ കൂടിക്കലര്‍ന്നതാകുന്നു; ചിലതു നന്മയും ചിലതു തിന്മയും. അല്ലാഹു അവരോട് ദയ കാട്ടിക്കൂടായ്കയില്ല. എന്തുകൊണ്ടെന്നാല്‍ അവന്‍ മാപ്പരുളുന്നവനും കരുണാവാരിധിയുമാകുന്നു”, (അത്തൗബ: 102). ഈ സൂക്തം കണ്ടപ്പോൾ അഹ്‍നഫ്ബ്‍നു ഖൈസിൻ്റെ നാവിൽ നിന്ന് അറിയാതെ പുറത്ത് വന്നു. ങ്ങ്ഹാ! ഇവിടെ നിർത്താം. ഇവിടെയാണ് എൻ്റെ സ്ഥാനം.! ഇതാണെൻ്റെ സ്ഥിതി!!

(മുഹദ്ദിസ് അബൂ അബ്ദുല്ല മുഹമ്മദ് ബ്‍നു നസ്ർ മറൂസി അൽബഗ്ദാദി അദ്ദേഹത്തിൻ്റെ ഖിയാമുല്ലൈൽ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഒരു സംഭവമാണിത്. അഹ്‍നഫ്ബ്‍നു ഖൈസ് ഹിജ്റക്ക് 3 വർഷം മുമ്പ് ജനിച്ചു. നബി (സ) യുടെ കാലത്ത് ജീവിച്ചെങ്കിലും തിരുനബിയെ കണ്ടു മുട്ടാനായില്ല. എന്നാൽ തിരുമേനി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചതായി ചരിത്രരേഖകളിൽ കാണാം.. ഹിജ്റ: 67 ൽ മരണപ്പെട്ടു).

Related Articles